കൂട്ടുകാര്‍ ദസ്‌തേവ്‌സ്‌കി എന്നു വിളിക്കുന്ന, യു.എയില്‍ പ്രവാസജീവിതം നയിക്കുന്ന ദസ്തകീറിന്റെയും (സൗബിന്‍ ഷാഹിര്‍) മക്കളുടെയും അവര്‍ കുടുംബാംഗത്തെപ്പോലെ കരുതുന്ന ചന്ദ്രേട്ടന്റെയും രസകരമായ ദൈനംദിനജീവിതം പറഞ്ഞുകൊണ്ടാണ് മ്യാവു സിനിമ പ്രേക്ഷകശ്രദ്ധ നേടുന്നത്. പ്രവാസജീവിതത്തിലെ കുടുംബം, തൊഴില്‍ബന്ധങ്ങള്‍, പ്രതിസന്ധികള്‍, കുട്ടികളുടെ ജീവിതം എന്നിവ സിനിമയ്ക്കു പ്രമേയമാകുന്നു. ഭാര്യ സുലു (മംമ്ത മോഹന്‍ദാസ്) പിണങ്ങി, ദാമ്പത്യജീവിതത്തില്‍നിന്ന് ഒരു ബ്രേക്ക് എടുത്ത് സ്വന്തം വീട്ടില്‍ നില്‍ക്കുന്നുവെങ്കിലും ദസ്തകീറും ഭാര്യയുമായുള്ള വഴക്കുപോലും അവര്‍ തമ്മിലുള്ള ഹൃദയബന്ധത്തിന്റെ സൂചനകളാണെന്നു സിനിമയുടെ പിന്നീടുള്ള കാഴ്ചകള്‍ നമ്മളോടു പറയുന്നു. ചന്ദ്രേട്ടനായി വരുന്ന ഹരിശ്രീ യൂസഫിന്റെ കഥാപാത്രം പ്രേക്ഷകമനസ്സില്‍ സൗമ്യസാന്നിധ്യമായി സിനിമ കഴിയുമ്പോഴും നിറഞ്ഞുനില്‍ക്കും. ദസ്തകീറിന്റെ മക്കളായി വന്ന കുട്ടികളും മികച്ച പ്രകടനം കാഴ്ചവച്ചിരിക്കുന്നു. അസര്‍ബൈജാന്‍ സ്വദേശിയായ വേലക്കാരി പെണ്‍കുട്ടിയുടെ ജീവിതം ഒരു വിങ്ങലായി പ്രേക്ഷകരെ പിന്തുടരും. സിനിമയിലുടനീളം കാണുന്ന പൂച്ച പ്രവാസജീവിതത്തിന്റെയും പറിച്ചുനടലിന്റെയും വിഹ്വലതയത്രയും പറഞ്ഞുവയ്ക്കുന്നുണ്ട്. പക്ഷേ, തന്റെ യൗവനത്തില്‍ ജീവിതം ആഘോഷപൂര്‍വം ആസ്വദിച്ച ദസ്തകീര്‍ മദ്യപിച്ചു വാഹനമോടിക്കുന്നതിനിടയില്‍ സംഭവിക്കുന്ന ആക്‌സിഡന്റിനെത്തുടര്‍ന്ന് അടിമുടി മാറുന്നുണ്ട്. തന്റെ മനസ്സിന്റെ നന്മകളെ മറന്നുപോകാതെ മക്കളോടും ജീവനക്കാരോടുമെല്ലാം കരുതലോടും മാനുഷികമായും പെരുമാറുന്ന ദസ്തകീറിനെ, അയാളുടെ വസ്ത്രവും രൂപവും കണ്ട് തെറ്റിദ്ധരിച്ച് മതത്തിന്റെ വക്താവായി ചുരുക്കാന്‍ നടത്തുന്ന ശ്രമങ്ങളും നമുക്കു കാണാം. മതത്തെ മറയാക്കി സാധാരണ മനുഷ്യന്റെ ദൗര്‍ബല്യങ്ങളെ കൃത്യമായി ചൂഷണം ചെയ്തുകൊണ്ട് ജീവിക്കുന്ന ചുരുക്കം ചില പുരോഹിതര്‍ എങ്ങനെയാണ് അവന്റെ സ്വാഭാവികമായ ജീവിതകാഴ്ചപ്പാടുകള്‍ തകിടം മറിക്കുന്നതെന്ന്, ദസ്തകീറിന് അപകടം പറ്റിയശേഷം അവന്റെ ജീവിതത്തില്‍ നിര്‍ണായകമായ ഇടപെടലുകള്‍ നടത്തുന്ന ഉസ്താദ് (സലിം കുമാര്‍) കാണിച്ചുതരുന്നു. മുതിര്‍ന്ന മനുഷ്യരുടെ ഇടുങ്ങിയ കാഴ്ചപ്പാടുകള്‍ അതേപോലെ പിന്‍തുടരുന്നവരല്ല കുട്ടികളെന്നും ദസ്തകീറിന്റെ മക്കളുടെ ജീവിതത്തിലെ വിവിധ സംഭവങ്ങള്‍ നമ്മളോടു പറയുന്നു.
ഡോ. ഇക്ബാല്‍ കുറ്റിപ്പുറത്തിന്റെ തിരക്കഥയില്‍ ലാല്‍ ജോസ് സംവിധാനം ചെയ്ത ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത് അജ്മല്‍ സാബുവാണ്. ഗാനങ്ങളൊരുക്കിയിരിക്കുന്നത് ജസ്റ്റിന്‍ വര്‍ഗീസാണ്. ആദീഫ് മുഹമ്മദ് ആലപിച്ച ഹിജാബി എന്ന ഗാനം സിനിമയിറങ്ങുംമുമ്പേ ഹിറ്റ്‌ലിസ്റ്റില്‍ സ്ഥാനം പിടിച്ചിട്ടുണ്ട്.