•  28 Nov 2024
  •  ദീപം 57
  •  നാളം 38
സിനിമ

നിസ്സഹായരുടെ നിലവിളികളുമായി അഞ്ചു സിനിമകള്‍

മാറിമാറി വരുന്ന കുടുംബ - സാമൂഹിക പശ്ചാത്തലങ്ങളിലകപ്പെട്ടു ജീവിക്കുന്ന മനുഷ്യരുടെ സ്വാതന്ത്ര്യബോധം, സാമ്പത്തികമായ ഏറ്റക്കുറച്ചിലുകള്‍, ആരോഗ്യകരമായ തൊഴില്‍പരിസരങ്ങള്‍ക്കുവേണ്ടിയുള്ള പോരാട്ടങ്ങള്‍, ആള്‍ക്കൂട്ടത്തില്‍ ഒറ്റപ്പെട്ടുപോകുന്ന മനുഷ്യര്‍ എന്നിവയെക്കുറിച്ചു പറയുന്ന അഞ്ചു സിനിമകളുടെ കൂടിച്ചേരലാണ്  ഫ്രീഡം ഫൈറ്റ്‌സ് എന്ന സിനിമ.
ഗീതു  അണ്‍ചെയിന്‍ഡ് എന്ന സിനിമ,  പ്രണയത്തിനും വിവാഹത്തിനുമിടയില്‍ എങ്ങനെ കുടുംബബന്ധങ്ങള്‍, സമൂഹത്തില്‍ നിലവിലുള്ള വ്യവസ്ഥകള്‍, പാരമ്പര്യത്തിന്റെ പിന്തുടര്‍ച്ചകള്‍ എന്നിവ കടന്നുവരുന്നു എന്നതിനെപ്പറ്റി  പറയുന്നു. ആണ്‍ - പെണ്‍ ബന്ധങ്ങള്‍ക്കിടയില്‍ ആണ്‍കോയ്മ എങ്ങനെയാണ് ആധിപത്യമനോഭാവത്തോടെ  പെണ്ണിടങ്ങളെ ഒതുക്കിനിര്‍ത്താന്‍ ശ്രമിക്കുന്നതെന്നും ചിത്രം ചൂണ്ടിക്കാട്ടുന്നു. വിദ്യാഭ്യാസം നേടി തന്റേതായ ഇടം കണ്ടെത്താന്‍ പരിശ്രമിച്ചുകൊണ്ടിരിക്കുന്ന, തുല്യവ്യക്തിത്വങ്ങളായി പരിഗണിക്കേണ്ട സ്ത്രീകളെ അവഗണിക്കുന്ന കാലം കഴിഞ്ഞെന്ന സന്ദേശമാണ് ഈ സിനിമ നല്കുന്നത്. രജീഷാ വിജയന്റെ സ്വാഭാവികമായ അഭിനയം അകൃത്രിമമായ കഥാപരിസരങ്ങളുടെ അനുഭവം പ്രേക്ഷകനു സമ്മാനിക്കുന്നു.  അഖില്‍ അനില്‍കുമാറാണ് സിനിമയുടെ സംവിധായകന്‍.  
യഥാര്‍ത്ഥസംഭവങ്ങളുടെ പശ്ചാത്തലത്തില്‍ കുഞ്ഞില മസിലമണി ഒരുക്കിയിരിക്കുന്ന അസംഘടിതര്‍ എന്ന ചിത്രം ഒരു ഡോക്യുഫിക്ഷനാണ്. സെയില്‍സ് ഗേളായി എത്തുന്ന സിന്‍ഡ്രയാണ് ചിത്രത്തിലെ പ്രധാന മുഖങ്ങളിലൊന്ന്. തൊഴിലിടങ്ങളില്‍ തുച്ഛവേതനത്തിനു പണിയെടുക്കുന്നതിനു നിര്‍ബന്ധിതരാകുന്ന അസംഘടിതരായ സ്ത്രീകള്‍ അവരുടെ പ്രാഥമികാവശ്യങ്ങള്‍ക്കുവേണ്ടി നടത്തുന്ന പോരാട്ടങ്ങളുടെ കഥയാണ് അസംഘടിതര്‍ എന്ന ചിത്രത്തിന്റെ പ്രമേയം. സ്ത്രീകള്‍ അനുഭവിക്കുന്ന തൊഴില്‍പരമായ വിവേചനങ്ങള്‍, ലിംഗപരമായ വ്യത്യാസങ്ങളോടുള്ള പൊതുസമൂഹത്തിന്റെ സമീപനങ്ങള്‍ എന്നിവ സിനിമ ചര്‍ച്ച ചെയ്യുന്നു. പെണ്‍കൂട്ട് എന്ന സംഘടനയിലൂടെ പ്രശസ്തയായ വിജി പള്ളിത്തൊടി, ആക്ടിവിസ്റ്റുകളായ അജിത, കബനി എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്നു.
ഫ്രാന്‍സിസ് ലൂയിസ് സംവിധാനം ചെയ്ത റേഷന്‍ ക്ലിപ്തവിഹിതം എന്ന ചിത്രം സാമ്പത്തികമായ ഏറ്റക്കുറച്ചിലുകള്‍ എങ്ങനെയാണു മനുഷ്യന്റെ കാഴ്ചപ്പാടുകളും ജീവിതത്തോടുള്ള സമീപനങ്ങളും നിര്‍ണയിക്കുന്നത് എന്നതിനെപ്പറ്റി പറഞ്ഞുതരുന്നു. ആഹാരമെന്നതു വിശപ്പടക്കാനോ ജീവന്‍ നിലനിര്‍ത്താനോ ഉള്ള അടിസ്ഥാനഘടകം എന്നതിലുപരിയായി മനുഷ്യന്റെ പുറംപൂച്ചുകള്‍ക്കോ ആഡംബരപ്രകടനങ്ങള്‍ക്കോ കാരണമാകുന്നതെങ്ങനെയെന്നു വ്യത്യസ്തമായ കുടുംബപശ്ചാത്തലങ്ങള്‍ തുലനം ചെയ്തുകൊണ്ട്, മനുഷ്യന്റെ അഭിമാനബോധം, പണത്തിന്റെ ക്രയവിക്രയങ്ങള്‍, ജീവിതത്തിലെ ആവശ്യങ്ങള്‍ക്കും അത്യാവശ്യങ്ങള്‍ക്കും കൊടുക്കുന്ന മുന്‍ഗണനകള്‍ എന്നിവ ചൂണ്ടിക്കാട്ടി പറഞ്ഞുവയ്ക്കുന്നു. ചിത്രത്തിലെ പ്രധാന വേഷങ്ങളിലെത്തുന്നത് ജിയോ ബേബിയും കബനി ഹരിദാസുമാണ്.
ജിയോ ബേബി സംവിധാനം ചെയ്ത ഓള്‍ഡ് ഏജ് ഹോം എന്ന സിനിമ, ഒരുമിച്ചു കഴിയുമ്പോഴും ഒറ്റപ്പെട്ടു പോകുന്ന കുറെ മനുഷ്യരുടെ കഥയാണ്. ഒരുപക്ഷേ, വര്‍ത്തമാനത്തില്‍ അനുഭവിച്ചുകൊണ്ടിരിക്കുന്നതും ഭാവിയില്‍ മനുഷ്യര്‍  കൂടുതല്‍ വിനാശകരമായി നേരിടേണ്ടിവരുന്ന ഒന്നുമായിരിക്കുമിതെന്ന സന്ദേശംകൂടി സിനിമ നല്‍കുന്നു. റിട്ടയര്‍മെന്റിനുശേഷം വിശ്രമജീവിതത്തിനിടയില്‍ മറവിരോഗം ബാധിക്കുന്ന ബേബിയുടെയും(ജോജു ജോര്‍ജ്) അയാളുടെ ഭാര്യ ലാലിയുടെയും ഷാജിയെ പരിചരിക്കാനെത്തുന്ന ധനലക്ഷ്മിയുടെയും ജീവിതമാണ് സിനിമയുടെ കഥ. കുടുംബം എന്ന സംവിധാനത്തിന്റെ പശ്ചാത്തലത്തില്‍ വ്യക്തികള്‍ നേരിടുന്ന ആന്തരികമായ പ്രതിസന്ധികളെക്കൂടി സിനിമ സ്പര്‍ശിക്കുന്നു. സൂക്ഷ്മാഭിനയത്തിന്റെ മികവിലൂടെ ജോജു പ്രേക്ഷകരെ വിസ്മയിപ്പിക്കുന്നുണ്ട്. ജീവിതത്തിന്റെ ഭിന്നതലങ്ങളെ പ്രതിനിധാനം ചെയ്യുന്ന സ്ത്രീകഥാപാത്രങ്ങളായി ധനലക്ഷ്മി(രോഹിണി)യും ലാലിയും മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നു.
സമൂഹത്തിന്റെ മുഖ്യധാരയുടെ പരിഗണന ലഭിക്കാത്ത മനുഷ്യരോടുള്ള അധികാരകേന്ദ്രങ്ങളുടെ നീചമായ സമീപനം ആവിഷ്‌കരിക്കുന്നതാണ് പ്ര.തു.മു. എന്ന ജിതിന്‍ ഐസക് തോമസ് ചിത്രം. മന്ത്രിയുടെ വീട്ടില്‍ സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്ന ജോലിയില്‍ ഏര്‍പ്പെട്ടുവരവേ സംഭവിക്കുന്ന പ്രശ്‌നങ്ങളിലൂടെ അരികുവത്കരിക്കപ്പെട്ടു പോകുന്ന മനുഷ്യര്‍ നേരിടുന്ന  ക്രൂരമായ വേട്ടയാടലാണ് പ്ര.തു.മു എന്ന ചിത്രത്തിന്റെ പ്രമേയം. ഉണ്ണി ലാലു, സിദ്ധാര്‍ത്ഥ് ശിവ, പ്രതാപന്‍ എന്നിവരാണ് ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നിസ്സഹായരായിപ്പോകുന്ന മനുഷ്യരുടെ പ്രശ്‌നങ്ങളോടുള്ള പൊതുസമൂഹത്തിന്റെ നിലപാടുകളാണ് ഈ സിനിമ എടുത്തു പറയുന്നത്.
അഞ്ചു സിനിമകളും വ്യത്യസ്തമായ രാഷ്ട്രീയമാണു പറയുന്നത്. ഇവ ഒന്നിനൊന്നു മികച്ചുനില്‍ക്കുന്നു. കാലികസംഭവങ്ങളോടുള്ള സൂക്ഷ്മമായ നിരീക്ഷണവും തിരക്കഥയിലെ ഒതുക്കവും 'ഫ്രീഡം ഫൈറ്റി'നെ മികച്ച ഒരനുഭവമാക്കി മാറ്റുന്നു. അടുത്തിടെ വന്ന ആന്തോളജി ചിത്രങ്ങളില്‍ മികച്ചുനില്‍ക്കുന്ന ഒന്നാണ് 'ഫ്രീഡം ഫൈറ്റ്.' തിരഞ്ഞെടുത്ത വിഷയങ്ങളും അവതരത്തിലൂടെ മുന്നോട്ടു വയ്ക്കുന്ന രാഷ്ട്രീയവും 'ഫ്രീഡം ഫൈറ്റി'ലെ ഓരോ ചിത്രത്തെയും ശ്രദ്ധേയമാക്കുന്നുണ്ട്.

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)