•  21 Nov 2024
  •  ദീപം 57
  •  നാളം 37
സിനിമ

നന്‍പകല്‍ നേരത്ത് മയക്കം

ന്‍പകല്‍ നേരത്ത് മയക്കം എന്ന സിനിമ തിയേറ്ററില്‍ പോയി കണ്ടിട്ട് രണ്ടാഴ്ചയായി. അപൂര്‍വ വിസ്മയങ്ങള്‍ പലതും സമ്മാനിച്ച നന്‍പകലിനെപ്പറ്റി ഒന്നും എഴുതണ്ട എന്നു തീരുമാനിച്ചതായിരുന്നു. വേറൊന്നുംകൊണ്ടല്ല, സിനിമ നല്‍കിയ അനുഭവങ്ങളും അനുഭൂതികളും എന്നെ അകമേ പുതുക്കിയതിന്റെ ചാരുത എഴുതിയാല്‍ ചോര്‍ന്നുപോകുമെന്നു ഭയപ്പെട്ടു. ഈ ചലച്ചിത്രത്തെപ്പറ്റി എന്തെഴുതിയാലും  എങ്ങനെ എഴുതിയാലും അതുണ്ടാക്കിയ അദ്ഭുതവും ഉള്ളുണര്‍വും വാക്കില്‍ പകരാനാവില്ല. തീര്‍ച്ച.
എന്നാല്‍, ദിവസം ഇത്രയായിട്ടും ഏതെല്ലാമോ തരത്തില്‍ ആ മാസ്മരികമയക്കം മറ്റു പലരെയുംപോലെ എന്നെയും പിന്തുടരുന്നു. ഉറക്കില്‍നിന്നുണരുമ്പോഴും തിരക്കില്‍ ഓടുമ്പോഴും ഉറങ്ങാന്‍ കിടക്കുമ്പോഴും അതിലെ രംഗങ്ങളും കഥാപാത്രങ്ങളും അനുവാദമില്ലാതെ ഉള്ളിലേക്കു കടന്നുവരുന്നു. രണ്ടു വര്‍ഷംമുമ്പു കാണാതായ സുന്ദരത്തിന്റെ ആത്മാവ് ജെയിംസില്‍ കയറിക്കൂടിയതുപോലെ, സിനിമ ശരിക്കും ആവേശിച്ചു. ഒറ്റദിനംകൊണ്ട് മയക്കംവിട്ടുണരാന്‍ ജെയിംസിനു കഴിഞ്ഞിരിക്കാം - ആസ്വാദകര്‍ക്ക് പക്ഷേ, മോചനം എളുപ്പമല്ല. കല എന്ന നിലയില്‍ ഈ സിനിമ ഉയര്‍ന്ന വിതാനത്തില്‍ എത്തിയതിനു കാരണം പ്രതിഭാവിലാസങ്ങളുടെ അനേകം അടരുകള്‍ - തിരക്കഥ, ഛായാഗ്രഹണം, അഭിനയം, സംവിധാനം - സമഞ്ജസമായി പ്രവര്‍ത്തിച്ചതാണ്.
മലയാളിപ്രേക്ഷകരുടെ അബോധത്തോട് ഈ സിനിമ എന്തെങ്കിലും പറയുന്നുണ്ടാവുമോ എന്നാണ് വടകര കീര്‍ത്തി ടാക്കീസ് വിട്ടിറങ്ങുമ്പോള്‍ ഞാനോര്‍ത്തത്. വംശപരമ്പരയുടെ സ്മൃതിസംസ്‌കാരം ഉറങ്ങിക്കിടക്കുന്ന സംഘകാലനാട്ടുവഴിയിലേക്ക് ഇറങ്ങാനുള്ള നമ്മുടെ മനസ്സിന്റെ ത്വരയിലേക്കാണ് വാസ്തവത്തില്‍ ലിജോ ജോസ് ക്യാമറ ചലിപ്പിക്കാതെ ചലിപ്പിച്ചത്. ഭാഷ, ദേശം, ചരിത്രം, കാവ്യസംസ്‌കാരം - ഒക്കെ പൊതുവായി പങ്കുവയ്ക്കാവുന്ന ഒരു അതീതകാലത്തിലേക്കുതന്നെയാണ് ജെയിംസ് ചുവടുവച്ചത്. മലയാളമായും തമിഴായും വ്യത്യസ്ത സന്ദര്‍ഭങ്ങളില്‍ വേര്‍പിരിഞ്ഞതിനുമുമ്പുള്ള ആദിദ്രാവിഡ ഭാഷാ - സംസ്‌കാരഭൂമികയിലേക്കുള്ള പകര്‍ന്നാട്ടം നമ്മുടെ ചിരകാല സ്വപ്നസാക്ഷാത്കാരമായിരിക്കാം. ചലച്ചിത്രത്തിലുടനീളം തമിഴും മലയാളവും ഇടകലര്‍ന്ന സംഭാഷണങ്ങള്‍ പരസ്പരം ഉള്‍ക്കൊള്ളുന്നത് പ്രാക്തനസ്മൃതിയുടെ ഉള്‍ബലത്തിലൂടെയാണ്. രണ്ട് ദേശം ഒറ്റ ഊരായി പുനര്‍ജനിക്കുന്നു. സുന്ദരത്തിലൂടെ ജെയിംസും ജെയിംസിലൂടെ സുന്ദരവും ആ അമ്മത്തമിഴിന്റെ മടിയില്‍ മയങ്ങാന്‍ പോയതിന്റെ സാംഗത്യം ഇതാവാം.
സിനിമയുടെ ഒടുവില്‍ മയക്കം വിട്ടുണര്‍ന്ന ജയിംസ് ഭാര്യയോടു പോകാം എന്നുപറയുമ്പോള്‍ പോകണ്ട എന്ന് ഉള്ളിലാരോ തേങ്ങുന്നുണ്ടായിരുന്നു. ഇത് എന്റെ ഊര് - എന്ന ജെയിംസിന്റെ - അല്ല, സുന്ദരത്തിന്റെ ഉള്ളുരുക്കുന്ന കരച്ചില്‍ പുറപ്പെട്ടത് ആ വംശപരമ്പരയുടെ അടിവേരില്‍നിന്നാവുമോ? ജയിംസ് ഉണരുന്നതു കാത്തിരിക്കുമ്പോള്‍ തമിഴരും - മലയാളികളും (തമിഴ്-മലയാള മനസ്) ഊരില്‍ സൃഷ്ടിച്ച പാരസ്പര്യം ആഴത്തില്‍ പടര്‍ന്നേറിയ പൈതൃകവേരിനെ കാണിച്ചു തരുന്നു. അപ്രതീക്ഷിതമായി ഒത്തുചേര്‍ന്ന ഏറ്റവും പ്രാക്തനമായ കുടുംബക്കൂട്ടായ്മപോലെ തോന്നി അത്.
മനഃശാസ്ത്രപരവും സാമൂഹികശാസ്ത്രപരവുമായ അനേകം തലങ്ങളിലൂടെ തിരിച്ചറിയാവുന്ന പല പ്രമേയങ്ങള്‍ തെഴുത്തിരിക്കുന്ന സിനിമ തീര്‍ച്ചയായും ഒറ്റത്തടി വൃക്ഷമല്ല. ശാഖകളായി പച്ചയിലേക്കും പടര്‍പ്പിലേക്കും അതു വ്യാപ്തികൊള്ളുന്നു. വൈചിത്ര്യവും വൈവിധ്യവും നിറഞ്ഞ സംഭവപരമ്പരകളിലൂടെ ഏറ്റവും സരളമനോഹരമായി, സ്വപ്നതുല്യമായി ഇങ്ങനെ പ്രേക്ഷകരെ ആനയിക്കുന്ന ചലച്ചിത്രകലയുടെ മാന്ത്രികത മുമ്പ് നമ്മള്‍ അധികം കണ്ടിട്ടില്ല. മയങ്ങുന്നത് ജെയിംസും കൂട്ടരും മാത്രമല്ല, കാണികളൊന്നാകെയാണ്. സര്‍ഗശക്തിയുടെ മഹേന്ദ്രജാലം.
ഉറക്കത്തെയും മരണത്തെയും ഏറ്റവും കാവ്യാത്മകമായി നിര്‍വചിച്ചത് കവി കെ.വി. ബേബിയാണ്. ഉറക്കം - അനന്തതയിലേക്ക് ഒരു എത്തിനോട്ടം ്യു മരണം - അനന്തതയിലേക്ക് ഒരെടുത്തുചാട്ടം. എത്തിനോട്ടത്തിനും എടുത്തുചാട്ടത്തിനുമിടയിലൂടെ അത്യദ്ഭുതകരമായ വാഴ്‌വിന്റെ ആനുഭൂതിക ആവിഷ്‌കാരമായി ചലച്ചിത്രം മാറുന്നു. പൊയ്യേത് - ഉണ്‍മയേത് എന്ന സന്ദിഗ്ധാവസ്ഥയുടെ അഭ്രാഖ്യാനം. ബിന്ദുവില്‍നിന്ന് ബിന്ദുവിലേക്കുള്ള പെന്‍ഡുലച്ചാഞ്ചാട്ടംപോലെ മനസ്സിന്റെ ഒടിമറിച്ചില്‍ യുക്തിപൂര്‍ണമായി വ്യാഖ്യാനിക്കാന്‍ കഴിഞ്ഞെന്നുവരില്ല. ഒരു വളവിനപ്പുറം കാത്തുനില്‍ക്കുന്ന വിസ്മയങ്ങളെ അതായി സ്വീകരിക്കാനേ, പരിമിതിയും പരിധിയുമുള്ള മനുഷ്യന്റെ പ്രജ്ഞയ്ക്കു മാര്‍ഗമുള്ളൂ.
നടന്‍ എന്ന നിലയില്‍ മമ്മൂട്ടി എത്തിച്ചേര്‍ന്ന ഉയരം ജെയിംസ് - സുന്ദര പരകായപ്രവേശത്തില്‍നിന്ന് ആര്‍ക്കും തിരിച്ചറിയാവുന്നതാണ്. താരം നടനിലേക്കു പ്രബുദ്ധമാവുന്നതിന്റെ സര്‍ഗവിക്ഷുബ്ധതയും അനായാസപകര്‍ന്നാട്ടത്തിന്റെ ഭംഗിയും കണ്ട് നമ്മള്‍ അമ്പരക്കുന്നു. അസാമാന്യപ്രതിഭകൊണ്ടും സമാനതകളില്ലാത്ത പരിശ്രമംകൊണ്ടും ഈ നടന്‍ മുമ്പു സൃഷ്ടിച്ച സകല കഥാപാത്രങ്ങളെയും അഭിനയമുഹൂര്‍ത്തങ്ങളെയും ഈ ചലച്ചിത്രത്തിലൂടെ മറികടക്കുന്നു. തേച്ചുതേച്ചു മിനുക്കിയെടുത്തതാണ് തന്റെ അഭിനയകലയെന്നും ശ്രമിച്ചാല്‍ ഇനിയും മിനുക്കിയെടുക്കാമെന്നും അദ്ദേഹം പുഴു എന്ന സിനിമ ഇറങ്ങിയ സന്ദര്‍ഭത്തില്‍ പറഞ്ഞത് എത്രമേല്‍ അര്‍ഥപൂര്‍ണമാണെന്ന് നന്‍പകലിലെത്തുമ്പോള്‍ തെളിയുന്നുണ്ട്. ഉടല്‍പൂണ്ട നടനവൈഭവമെന്ന് ഒറ്റവാക്യത്തില്‍ നിര്‍വചിക്കാവുന്ന മമ്മൂട്ടിമാജിക് ഇനിയും നമ്മെ അദ്ഭുതപ്പെടുത്തിക്കൊണ്ടേയിരിക്കും എന്നതിന്റെ സാക്ഷ്യപത്രമാണ് നന്‍പകല്‍.
ഓരോ സര്‍ഗസംരംഭവും ചലച്ചിത്രകലയോടും തന്നോടുതന്നെയുമുള്ള മത്സരമായിക്കണ്ട് മനുഷ്യാനുഭവങ്ങളെ സാക്ഷാത്കരിക്കുന്ന അത്യസാധാരണപ്രതിഭയായ ലിജോ ജോസ് പെല്ലിശ്ശേരിയെ അഭിവാദ്യം ചെയ്യുന്നു. സിനിമയുടെ സൂക്ഷ്മകോശത്തെവരെ രചനാത്മകമായി പരിചരിച്ചതിന്റെ മേന്മയാണ് ചിത്രത്തിന്റെ വിജയം. മലയാളസിനിമയിലെ താജ് എന്നു വിളിക്കാവുന്ന ഈ ചലച്ചിത്രകാവ്യം സാധ്യമാക്കിയ തേനി ഈശ്വര്‍, എസ്. ഹരീഷ് തുടങ്ങി എല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍.

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)