സിനിമാതിയേറ്ററുകളിലേക്കു പ്രവേശനം കിട്ടിയ പ്രേക്ഷകര്‍ക്ക് ഉത്സാഹം പകരുന്ന ചിത്രങ്ങളാണു വന്നുകൊണ്ടിരിക്കുന്നത്. കനത്ത കാശുമുടക്കില്‍ പ്രതീക്ഷകള്‍ വാരിവിതറി വന്നെത്തിയ, ബ്രഹ്‌മാണ്ഡമെന്നു വിശേഷിപ്പിക്കപ്പെട്ട ചിത്രങ്ങള്‍ വിമര്‍ശനങ്ങളേറ്റുവാങ്ങുമ്പോഴാണ് ജാന്‍-എ-മന്‍ എന്ന സിനിമ കാഴ്ചക്കാരുടെ മനംനിറച്ച് ശ്രദ്ധ നേടുന്നത്. ചിദംബരം ആദ്യമായി സംവിധാനം ചെയ്‌തൊരുക്കിയ ചിത്രം പ്രേക്ഷകക്കാഴ്ചകൊണ്ടു വിജയമായി എന്നുതന്നെ പറയാം. ബാലതാരമായി വന്ന ഗണപതിയുടെ സഹോദരനാണ് ചിദംബരം. ലാല്‍, ബേസില്‍ ജോസഫ്, അര്‍ജുന്‍ അശോകന്‍, ബാലു വര്‍ഗീസ്, ഗണപതി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളാവുന്നത്. ചുരുങ്ങിയ സമയത്തിലെത്തുന്ന ചെറിയ വേഷക്കാര്‍പോലും ശ്രദ്ധേയരായി എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. ചുരുക്കിപ്പറഞ്ഞാല്‍, രണ്ടര മണിക്കൂര്‍ ബോറടിയില്ലാതെ കണ്ടിരിക്കാന്‍ പറ്റിയ നല്ല ചിത്രം.
ഒരു റോഡിനിരുവശവുമുള്ള രണ്ടു വീടുകളിലെ വ്യത്യസ്തസംഭവങ്ങളും അതിലുള്ള പ്രത്യേകതകളുമാണ് ജാന്‍-എ-മന്‍ പ്രേക്ഷകര്‍ക്കു വിളമ്പുന്നത്.
തിരക്കഥാരചനയില്‍ സംവിധായകന്‍ ചിദംബരത്തോടൊപ്പം ഗണപതിയും സപ്‌നേഷ് വരച്ചലും ചേരുന്നു. രസകരമായ ഒട്ടേറെ സന്ദര്‍ഭങ്ങളില്‍ പ്രേക്ഷകര്‍ക്ക് ആനന്ദം പകരുന്ന ജാന്‍ എ-മന്‍ ആ അര്‍ത്ഥത്തില്‍തന്നെ മികച്ച എന്റര്‍ടെയ്‌നറാകുന്നു.
അവസരത്തിനൊത്ത തമാശകളും കഥയില്‍ അതിന്റെ പകര്‍ച്ചകളും നമുക്ക് ആസ്വദിക്കാനാവും. പാലക്കാട്ടെ നാടന്‍ സംസാരരീതികളുമായെത്തുന്ന കഥാപാത്രവും ബേസിലിന്റെ ജോയ്‌മോനും പ്രിയപ്പെട്ടതായി.
തമാശകള്‍ക്കിടയിലും കുടുംബബന്ധങ്ങളുടെ ഇഴയകലങ്ങളും അതിന്റെ സംഘര്‍ഷങ്ങളും ഉള്ളിലൂറുന്ന സ്‌നേഹനൊമ്പരങ്ങളും ഒടുവിലൊരു പ്രണയനഷ്ടവുമൊക്കെയായി സാധാരണ പ്രേക്ഷകര്‍ക്ക് വിരുന്നൊരുക്കുന്നുണ്ട് ഈ ചിത്രം.
കാനഡയില്‍ നഴ്‌സായി ജോലിയെടുക്കുന്ന ജോയ്‌മോനില്‍നിന്നാണു സിനിമ തുടങ്ങുന്നത്. അന്യനാട്ടിലെ ഒറ്റപ്പെട്ട ജോലിയും ജീവിതവും മടുത്ത ജോയ്‌മോന്‍ തന്റെ മുപ്പതാം പിറന്നാള്‍ നാട്ടില്‍വച്ച് ആഘോഷിക്കാനെത്തുന്നതും തുടര്‍ന്നുള്ള സംഭവപരമ്പരകളുമാണ് സിനിമയുടെ കഥ. കൈവിട്ട ബന്ധങ്ങളും അടുപ്പങ്ങളും തിരിച്ചുപിടിക്കാന്‍ പത്താംക്ലാസ് സഹപാഠികളെ ജോയ്‌മോന്‍, പിറന്നാളാഘോഷങ്ങളിലേക്കു ക്ഷണിക്കുന്നു. എന്നാല്‍, ആഘോഷങ്ങള്‍ തുടങ്ങുന്നതിനുമുമ്പായി എതിര്‍വീട്ടിലെ വൃദ്ധന്‍ പെട്ടെന്നു മരിക്കുന്നു. ഒരു വശത്ത് പിറന്നാളാഘോഷവും മറുവശത്ത് മരണാനന്തരച്ചടങ്ങുകളും... രണ്ടിന്റെയും സങ്കീര്‍ണതകളും വൈജാത്യങ്ങളുമാണ് സിനിമയില്‍ പടക്കംപൊട്ടലുകളായി ഉയരുന്നതും; സിനിമയില്‍ തുടര്‍ച്ചയായ രസമുഹൂര്‍ത്തങ്ങള്‍ സൃഷ്ടിക്കുന്നതും.
ബേസിലിന്റെ കഥാപാത്രത്തിന്റെ അന്തംകെട്ട പെരുമാറ്റങ്ങളും അതിനിടയില്‍ വന്നുപെടുന്ന മറ്റുള്ളവരുംചേര്‍ന്ന് തിയേറ്റര്‍ ചിരിയില്‍ മുക്കുന്നു. തീ കൊണ്ട പൂക്കുറ്റി കത്തിപ്പൊങ്ങിച്ചിതറുംപോലെ.
ബാലു വര്‍ഗീസ് അവതരിപ്പിച്ച മോനച്ചന്‍ പ്രത്യേക പരാമര്‍ശമര്‍ഹിക്കുന്നു. ഈ രംഗങ്ങളത്രയുമൊരുക്കിയതില്‍ സംവിധായകനഭിമാനിക്കാം, പ്രത്യേകിച്ചും ഇത് അദ്ദേഹത്തിന്റെ ആദ്യചിത്രമെന്നിരിക്കേ.
ചിത്രത്തിലെ ലാല്‍ ഉള്‍പ്പെടെയുള്ളവരുടെ അഭിനയം സ്വാഭാവികത ഉള്‍ച്ചേര്‍ന്ന് ആകര്‍ഷകമായി എന്നു പറയാം.
വിഷ്ണു താമരശേരിയാണ് കുറ്റമറ്റ രീതിയില്‍ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. കരണ്‍ ദാസിന്റെ എഡിറ്റിങ്ങും ചിത്രത്തിന്റെ വിജയത്തെ കാര്യമായി സഹായിച്ചു. ബിജി ബാലാണ് സംഗീതസംവിധായകന്‍.
ക്ലീനായ, രസകരമായ ഒരു ചിത്രമൊരുക്കി പ്രേക്ഷകമനസ്സിലേക്കു കുടിയേറാന്‍ സംവിധായകന്‍ ചിദംബരത്തിനു കഴിഞ്ഞിട്ടുണ്ട്. ആദ്യചിത്രത്തിനുള്ള ഈ അംഗീകാരം സംവിധായകനെന്ന നിലയില്‍ കൂടുതല്‍ മികച്ച സിനിമകളൊരുക്കാന്‍ ചിദംബരത്തിനു സഹായമാകും. മലയാളസിനിമയില്‍ തന്റെ പേരും വരവുമറിയിക്കാന്‍ ജാന്‍ എമന്‍ അണിയിച്ചൊരുക്കിയ ചിദംബരത്തിനു കഴിഞ്ഞു; ഒപ്പം, ആകുലതകളും മസിലുപിടിത്തങ്ങളുമില്ലാതെ ഒരു എന്റര്‍ടെയിനിങ് അനുഭവം മലയാളിപ്രേക്ഷകര്‍ക്കും ലഭിച്ചു.