•  28 Nov 2024
  •  ദീപം 57
  •  നാളം 38
സിനിമ

മിന്നല്‍ മുരളി

ഇംഗ്ലീഷ് സൂപ്പര്‍ ഹീറോ മൂവീസ് കാണുമ്പോള്‍ എന്നും മലയാളികള്‍ ആഗ്രഹിക്കുന്നതാണ് മലയാളിക്കും ഒരു സൂപ്പര്‍ ഹീറോ ഉണ്ടായിരുന്നെങ്കിലെന്ന്. ഈ ആഗ്രഹത്തെ തൃപ്തിപ്പെടുത്തുംവിധം സംവിധായകന്‍ ബേസില്‍ ജോസഫ് അധികം ബോറടിപ്പിക്കാതെ തികച്ചും വിശ്വസനീയമായ രീതിയില്‍ ഒരു കഥ പറഞ്ഞുവച്ചിരിക്കുന്നു. സൂപ്പര്‍ ഹീറോ ചിത്രമാണെങ്കില്‍ക്കൂടി മലയാളികള്‍ക്കു ദഹിക്കുന്ന രീതിയിലുള്ള അതിമാനുഷികതയേ ചിത്രത്തില്‍ മുരളി കാണിക്കുന്നുള്ളൂ എന്നതാണ് സിനിമയുടെ ഏറ്റവും വലിയ വിജയഘടകം.
ജയ്‌സണ്‍ എന്ന തയ്യല്‍ക്കാരനു മിന്നലേല്ക്കുന്നതും സൂപ്പര്‍ പവര്‍ ലഭിക്കുന്നതുമാണ് ചിത്രത്തിന്റെ അടിസ്ഥാനകഥ. ജയ്‌സന്റെ മിന്നല്‍മുരളിയായുള്ള പരിണാമമാണ് ചിത്രം പിന്നീടു പറയുന്നത്. പ്രണയവും നിരാശയും നഷ്ടപ്പെടുത്തലുകളുമെല്ലാം ജയ്‌സന്റെ വളര്‍ച്ചയ്ക്കു ബലമാകുന്നുണ്ട്. ജെയ്‌സണ്‍ എന്ന തയ്യല്‍ക്കാരന്‍ എങ്ങനെ സൂപ്പര്‍ ഹീറോ ആവുന്നുവെന്നതും നല്ലവനായ അയാള്‍ എങ്ങനെ ഗ്രാമത്തില്‍ വെറുക്കപ്പെട്ടവനാകുന്നുവെന്നതും വിശ്വസനീയമായി ചിത്രീകരിക്കാന്‍ ബേസിലിനു കഴിഞ്ഞിട്ടുണ്ട്. കുറുക്കന്‍മൂല എന്നുപേരുള്ള സാങ്കല്പികഗ്രാമമാണ് മിന്നല്‍മുരളിയുടെ വിളനിലം. മുണ്ടുടുത്ത് അതിമാനുഷികത കാണിക്കുന്ന തനി നാടന്‍ സൂപ്പര്‍ ഹീറോയായാണ് മിന്നല്‍മുരളി എത്തുന്നത്. കുറുക്കന്‍മൂല എന്ന നാട്ടിന്‍പുറത്തെ ഒരു വിഡ്ഢിയുവാവിനെ ഉത്തരവാദിത്വമുള്ള ആളായി വളര്‍ത്തിയെടുക്കുമ്പോള്‍ സംവിധായകന്‍ ബേസില്‍ ജോസഫ് ആളുകളുടെ പള്‍സ് മനസ്സിലാക്കുന്നുണ്ട്. നായകനു മിന്നലേല്ക്കുന്ന അതേദിവസം ഗ്രാമത്തില്‍ മറ്റൊരാള്‍ക്കുകൂടി മിന്നലേല്‍ക്കുന്നുണ്ട്, അന്യസംസ്ഥാനത്തൊഴിലാളിയായ ഷിബുവിന്. ചില  മാനസികപ്രശ്‌നങ്ങളുള്ള അയാളെ നാട്ടുകാര്‍ എല്ലായിടങ്ങളിലുംനിന്ന് മാറ്റിനിര്‍ത്തുന്നു. ഷിബു എന്ന കഥാപാത്രത്തിന്റെ പ്രേമത്തെക്കുറിച്ച്  പുളകം കൊള്ളാന്‍ മാത്രമൊന്നുമില്ല. ഒന്നാന്തരം സൈക്കോ കാമുകനാണയാള്‍. സ്‌നേഹത്തിനു തടസ്സമായി നില്‍ക്കുന്നവരെയെല്ലാം കൊന്നുതള്ളുന്ന ഒരാള്‍. സൂപ്പര്‍ പവര്‍ കിട്ടിയശേഷം ഉഷയും അയാളെ തിരസ്‌കരിച്ചെങ്കില്‍, ആദ്യത്തെ ഒന്നുമല്ലാതിരുന്ന, പാര്‍ശ്വവത്കരിക്കപ്പെട്ടവനായിരുന്ന ഷിബുവിനെപ്പോലെ ആയിരിക്കില്ല അയാളുടെ പ്രതികരണം. തനിക്കു കിട്ടാത്തത് മറ്റൊരാളുടേതാകുന്നത് അയാള്‍ക്കൊരിക്കലും നോക്കിയിരിക്കാന്‍ കഴിയില്ല. ഉഷയെയും അയാള്‍ കൊന്നുകളയാനാണു സാധ്യത. ഒരു മനുഷ്യനെ മാറ്റിനിര്‍ത്തലുകളിലൂടെയും കളിയാക്കലുകളിലൂടെയും എങ്ങനെ സമൂഹത്തിന് എതിരാക്കി മാറ്റാമെന്ന് ഷിബുവിന്റെ കഥാപാത്രം കാണിച്ചുതരുന്നുണ്ട്. ഒരു വില്ലന് ഇത്രയധികം നിഷ്‌കളങ്കനും അതേസമയം പ്രതികാരദാഹിയുമാകാന്‍ സാധിക്കുമോ എന്നു സംശയം തോന്നുംവിധമാണ് ഷിബുവിനെ അവതരിപ്പിക്കുന്ന സോമസുന്ദരത്തിന്റെ പ്രകടനം. ഭ്രാന്തനെന്നും ഭ്രാന്തിയുടെ മകനെന്നും വിളിച്ച് സമൂഹം  അവഗണിച്ചപ്പോഴും അവനെ ജീവിക്കാന്‍ പ്രേരിപ്പിക്കുന്നതായിരുന്നു അവന്റെ ഉള്ളിലുണ്ടായിരുന്ന പ്രണയം. സാധാരണഗതിയില്‍ ഒരു വില്ലനോടു തോന്നുന്ന വെറുപ്പ് ഒരിടത്തുപോലും ഈ കഥാപാത്രത്തോടു തോന്നില്ല എന്നതാണു വാസ്തവം.
ക്ലൈമാക്‌സിലെ സംഘട്ടനരംഗത്തെക്കുറിച്ചു പറയാതെവയ്യ. മലയാളസിനിമയില്‍ അടുത്തകാലത്തു വന്നിട്ടുള്ള ആക്ഷന്‍ രംഗങ്ങളില്‍ മുന്‍പന്തിയിലുണ്ടാകും വ്‌ളാഡ് റിംബര്‍ഗ് ഒരുക്കിയ സംഘട്ടനരംഗം. തിയേറ്റര്‍ കാഴ്ചയുടെ നഷ്ടം എന്നു വിശേഷിപ്പിക്കാവുന്ന ചിത്രങ്ങളില്‍ മിന്നല്‍മുരളിയുമുണ്ടാകും. ആയിരത്തഞ്ഞൂറുമുതല്‍ മൂവായിരത്തഞ്ഞൂറ് കോടിവരെ നിര്‍മാണച്ചെലവുള്ള ഒരു മാര്‍വെല്‍ ചിത്രവുമായി കേവലം മുപ്പത്തഞ്ചു കോടി ബജറ്റ് മാത്രമുള്ള ഒരു കൊച്ചുചിത്രത്തെ (ആപേക്ഷികമായി) ഒരു നിമിഷത്തേക്കെങ്കിലും താരതമ്യം ചെയ്യാന്‍ പ്രേക്ഷകര്‍ മുതിരുന്നുണ്ടെങ്കില്‍ അതുതന്നെയാണ് മിന്നല്‍മുരളിക്കു കിട്ടാവുന്ന ഏറ്റവും മികച്ച അംഗീകാരം. ഒ.ടി.ടിയില്‍ ലോകമെമ്പാടും കണ്ട ഇംഗ്ലീഷേതരസിനിമകളില്‍ നാലാം സ്ഥാനത്താണ് 'മിന്നല്‍ മുരളി'. നെറ്റ്ഫ്‌ളിക്‌സിലെ ഇംഗ്ലീഷേതര സിനിമകള്‍ക്കായുള്ള ആഗോള ടോപ് ടെന്‍ ലിസ്റ്റില്‍ നാലാം സ്ഥാനത്താണ് ട്രെന്‍ഡിങ്.  നെറ്റ്ഫ്‌ളിക്‌സിലെ പതിനൊന്നു രാജ്യങ്ങളിലെ സിനിമകളില്‍ മികച്ച പത്തിലും മിന്നല്‍ മുരളി ഉള്‍പ്പെട്ടിട്ടുണ്ട്.
ഗോദ എന്ന ചിത്രത്തിനുശേഷം ബേസില്‍ ജോസഫ് സംവിധാനം ചെയ്ത് 2021 ഡിസംബറില്‍ പ്രദര്‍ശനത്തിനെത്തിയ സിനിമയാണ് മിന്നല്‍ മുരളി. ബാംഗ്ലൂര്‍ ഡേയ്‌സ്, മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍, പടയോട്ടം എന്നീ ചിത്രങ്ങള്‍ക്കുശേഷം വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്‌സിന്റെ ബാനറില്‍ സോഫിയ പോളാണ് ഈ ചിത്രം നിര്‍മിക്കുന്നത്. ടൊവിനോ തോമസ് പ്രധാന കഥാപാത്രമായ മിന്നല്‍ മുരളിയെ അവതരിപ്പിക്കുന്ന ഈ ചിത്രം മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി എന്നീ നാലു ഭാഷകളിലായാണ് പുറത്തിറങ്ങിയത്. ജിഗര്‍ത്തണ്ട, ജോക്കര്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളികള്‍ക്കു പരിചിതനായ തമിഴ് താരം ഗുരു സോമസുന്ദരം ചിത്രത്തിലെ വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. അജു വര്‍ഗീസ്, ബൈജു, ഹരിശ്രീ അശോകന്‍, ഫെമിന ജോര്‍ജ് എന്നിവരാണ് മറ്റ് അഭിനേതാക്കള്‍. ചിത്രത്തിലെ രണ്ടു സംഘട്ടനരംഗങ്ങള്‍ സംവിധാനം ചെയ്യുന്നത് ബാറ്റ്മാന്‍, ബാഹുബലി, സുല്‍ത്താന്‍ തുടങ്ങിയ ചിത്രങ്ങള്‍ക്കു സംഘട്ടനമൊരുക്കിയ വ്‌ളാഡ് റിംബര്‍ഗാണ്. ഷാന്‍ റഹ്‌മാന്‍ ഈ ചിത്രത്തിന്റെ സംഗീതസംവിധാനം നിര്‍വഹിക്കുന്നു.

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)