•  22 May 2025
  •  ദീപം 58
  •  നാളം 11
സിനിമ

ഒരു പിറവിയുടെ ഓര്‍മ്മ

  ഈയിടെ അന്തരിച്ച വിഖ്യാതചലച്ചിത്രകാരന്‍  ഷാജി എന്‍ കരുണിനെക്കുറിച്ച്

   ഇന്നത്തേതുപോലെ ടിവി ചാനലുകളോ ഒടിടികളോ യൂട്യൂബോ ഇല്ലാതിരുന്നകാലം. വല്ലപ്പോഴുമൊരിക്കല്‍ ഡല്‍ഹിദൂരദര്‍ശനില്‍നിന്നു സംപ്രേഷണം ചെയ്യുന്ന മലയാളംസിനിമകളായിരുന്നു ഏകആശ്വാസം. ഹിന്ദിഭാഷ അന്നും ഇന്നും അജ്ഞാതവന്‍കരയായതുകൊണ്ട്  ഹിന്ദിസിനിമകള്‍ ആകര്‍ഷിച്ചിരുന്നതേയില്ല. അങ്ങനെയിരിക്കെയാണ് ഒരു ഞായറാഴ്ച ടിവിയില്‍ ഒരു മലയാളംസിനിമ വരുന്നതായി അറിഞ്ഞത്. അത് സിനിമാപ്രേമികളായ ഞങ്ങളെ സംബന്ധിച്ചിടത്തോളം സന്തോഷത്തിന്റെ പൂക്കാലംപോലെയായിരുന്നു. അതിനുവേണ്ടിയുള്ള കാത്തിരിപ്പുകള്‍ക്കൊടുവില്‍ ആ ദിവസമെത്തി.
   തൊട്ടയല്‍വക്കത്തെ ടിവിയുള്ള ഏകവീട്ടില്‍ അന്ന് ഞങ്ങള്‍ അയല്‍ക്കാരെല്ലാം ഒരുമിച്ചുകൂടി. ആദ്യംവരുന്നവര്‍ക്ക് അകത്തുകയറിയിരിക്കാം, സ്ഥലലഭ്യത അനുസരിച്ച്. ചിലര്‍ക്ക് സോഫ, മറ്റുചിലര്‍ക്ക് തറ, വൈകിവരുന്നവര്‍ മുറ്റത്തുനിന്ന് ജനാലയിലൂടെ സിനിമ കാണും. അതാണ് പൊതുരീതി. അങ്ങനെ ആകാംക്ഷാപൂര്‍വ്വം ടിവി സ്‌ക്രീനിലേക്കു നോക്കിയിരിക്കുമ്പോള്‍ സിനിമയുടെ ടൈറ്റില്‍ തെളിയുന്നു-പിറവി. അന്നും തിരക്കഥാകൃത്തുക്കളുടെയും സംവിധായകരുടെയും പേരുകള്‍ ശ്രദ്ധിക്കുന്ന ആളായതുകൊണ്ട് അവസാനം എഴുതി വന്ന പേരും ശ്രദ്ധിച്ചു - ഷാജി എന്‍ കരുണ്‍.
വര്‍ഷങ്ങള്‍ക്കുശേഷം  ഇന്നലെ (ഏപ്രില്‍ 28, 2025) ഷാജി എന്‍ കരുണ്‍ ദീര്‍ഘകാലമായുണ്ടായിരുന്ന അസുഖങ്ങളെത്തുടര്‍ന്ന് മരിച്ചുവെന്ന് അറിഞ്ഞപ്പോള്‍ മനസ്സിലേക്കു കടന്നുവന്നത് അയല്‍വക്കത്തെ അന്നത്തെ ആ ടിവിക്കാഴ്ചയും എഴുതിവന്ന പേരുമായിരുന്നു.  കാഴ്ചക്കാര്‍ക്കിടയില്‍ ഭൂരിപക്ഷത്തിനും പിറവി ഹൃദ്യമായ അനുഭവമായിരുന്നില്ലെന്നാണ് സത്യസന്ധമായ അഭിപ്രായം. അത് അവരുടെ കുറ്റമോ ഷാജിയുടെ കുറവോ ആയിരുന്നില്ല. കാരണം, പുതിയൊരു ഭാവുകത്വമായിരുന്നുവല്ലോ പിറവി!
പക്ഷേ, സിനിമകളെക്കുറിച്ചോ അതിന്റെ ഗൗരവപൂര്‍ണമായ ആസ്വാദനത്തെക്കുറിച്ചോ വേണ്ടത്ര അറിവില്ലാതിരുന്നിട്ടും എന്റെ കൗമാരമനസ്സിനെ ആ സിനിമ ആഴത്തില്‍ തൊട്ടു എന്നതായിരുന്നു സത്യം.
അന്ന് ഈച്ചരവാര്യര്‍ ആരാണെന്ന് അറിയില്ല. രാജന്‍ ആരാണെന്നറിയില്ല. അടിയന്തരാവസ്ഥ എന്താണെന്നറിയില്ല. ഷാജി എന്‍ കരുണ്‍ ആരാണെന്നറിയില്ല. എന്നിട്ടും ഒരു മനുഷ്യന്‍, ഒരു അച്ഛന്‍ അനുഭവിക്കുന്ന ആത്മസംഘര്‍ഷങ്ങളും അന്തഃക്ഷോഭങ്ങളും നിസ്സഹായതയും വേദനയായി നെഞ്ചില്‍ എവിടെയോ കനയ്ക്കുന്നുണ്ടായിരുന്നു. മഴ നനഞ്ഞുവരുന്ന അച്ഛന്‍ ഞാന്‍തന്നെയാണെന്നു തോന്നി. ഒരിക്കലും മടങ്ങിവരാത്ത മകനുവേണ്ടിയുളള ആ അച്ഛന്റെ കാത്തിരിപ്പ് എന്റേതുകൂടിയാണെന്നു തോന്നി. അന്നുവരെ കണ്ടുശീലിച്ചുപോന്നിരുന്ന സിനിമകളില്‍നിന്നെല്ലാം വ്യത്യസ്തമായ ദൃശ്യവിരുന്നും ആത്മാനുഭവവും കഥാപാത്രസൃഷ്ടിയും. അതായിരുന്നു പിറവി. അതൊരുപക്ഷേ എന്റെതന്നെ മറ്റൊരു പിറവിയായിരുന്നുവെന്ന്, സിനിമാസ്വാദനത്തിന്റെ പുതിയ ലോകമായിരുന്നുവെന്ന് എനിക്കു പിന്നീട് തോന്നിയിട്ടുണ്ട്..
നായകനെന്നാല്‍ വെളുത്തുതുടുത്ത ചെറുപ്പക്കാരനും ആടിപ്പാടാന്‍ കഴിവുള്ളവനുമായിരിക്കണമെന്നു കരുതിയിരുന്ന സങ്കല്പത്തെയാണ് പ്രേംജി എന്ന വൃദ്ധന്‍ പിടിച്ചുകുലുക്കിയത്. ഷാജി എന്‍ കരുണ്‍ ഒരു വിസ്മയമായി മനസ്സില്‍ കടന്നുകൂടിയത് അങ്ങനെയായിരുന്നു. എല്ലാവരും നടന്നുപോകുന്ന വഴിയേ നടന്നുപോകാന്‍ എളുപ്പമാണ്. എന്നാല്‍, സ്വന്തം വഴി വെട്ടിത്തുറന്നു നടന്നുപോകുക എന്നത് അത്ര എളുപ്പമല്ല. പക്ഷേ, അത്തരമൊരു വഴി വെട്ടിത്തുറന്ന വ്യക്തിയായിരുന്നു ഷാജി എന്‍ കരുണ്‍.
മുതിര്‍ന്നതിനുശേഷമാണ് അദ്ദേഹം ആരാണെന്നും അദ്ദേഹത്തിന്റെ വലുപ്പമെന്താണെന്നും മനസ്സിലാക്കാനായത്.   സാജന്റെയും പി ജി വിശ്വംഭരന്റെയും ശശികുമാറിന്റെയും സിനിമകള്‍ക്കപ്പുറം മറ്റൊരു സിനിമാലോകമുണ്ടെന്ന ആഴപ്പെട്ട അറിവ് ആദ്യം പകര്‍ന്നുനല്കിയത് ഒരുപക്ഷേ ഷാജി എന്‍ കരുണായിരുന്നുവെന്നു തോന്നുന്നു. മലയാളസിനിമ കുറച്ചുകാലം മുമ്പുവരെ മൂന്നു വിഭാഗങ്ങളായി വര്‍ഗീകരിക്കപ്പെട്ടിരിക്കുകയായിരുന്നു. ആര്‍ട് സിനിമ, മധ്യവര്‍ത്തിസിനിമ, കച്ചവടസിനിമ. ഇതില്‍ മധ്യവര്‍ത്തി-ആര്‍ട് സിനിമകളുടെ അനുഭാവിയായിരുന്നു ഷാജി. സംവിധാനത്തിലേക്കു തിരിയുന്നതിനുമുമ്പ് ഛായാഗ്രാഹകനായി പ്രവര്‍ത്തിച്ച സിനിമകളെല്ലാം അങ്ങനെയുള്ളവയായിരുന്നു. ശേഷം സംവിധാനത്തിലേക്കു തിരിഞ്ഞപ്പോഴാവട്ടെ തന്റെ സഹപ്രവര്‍ത്തകര്‍ക്കാര്‍ക്കും സൃഷ്ടിച്ചെടുക്കാന്‍ കഴിയാത്ത മഹത്തായ നേട്ടങ്ങള്‍ പിറവി എന്ന ഒറ്റസിനിമ കൊണ്ടുതന്നെ നേടിയെടുക്കാന്‍ ഷാജിക്കു സാധിച്ചു. പിറവി എന്ന സിനിമയുടെ പേരിലുള്ള ക്രെഡിറ്റുകള്‍തന്നെ ഇതിനുദാഹരണമാണ്.
ഇത്രയും നീണ്ട സിനിമാജീവിതത്തിനിടയില്‍ വെറും ഏഴു സിനിമകള്‍ മാത്രമേ അദ്ദേഹം സംവിധാനം ചെയ്തിട്ടുള്ളൂവെന്നതാണ് അതിശയകരമായ കാര്യം. സ്വം, വാനപ്രസ്ഥം, കുട്ടിസ്രാങ്ക്, സോപാനം, നിഷാദ്, ഓള്.. ഇതില്‍ പിറവിയും വാനപ്രസ്ഥവും കുട്ടിസ്രാങ്കും മാത്രമേ കൂടുതലായി ശ്രദ്ധിക്കപ്പെടുകയും ചെയ്തിട്ടുള്ളൂ. എണ്ണത്തെക്കാള്‍ ഗുണത്തിന് അദ്ദേഹം പ്രാധാന്യം നല്കിയെന്നതാണു വാസ്തവം. വര്‍ഷങ്ങള്‍ നീണ്ട ധ്യാനത്തിനും ചിന്തയ്ക്കും ശേഷമായിരുന്നു അദ്ദേഹം ഓരോ സിനിമയും ചെയ്തത്. കാരണം, അദ്ദേഹത്തിന് സിനിമ ജീവിതംതന്നെയായിരുന്നു.
വൃദ്ധനായ പ്രേംജിയെ മികച്ച നടനായി രൂപപ്പെടുത്തിയെടുത്ത അതേ സംവിധാനമികവുതന്നെയാണ്, കഥകളി അറിയാത്ത  മോഹന്‍ലാലിനെ മികച്ച കഥകളിനടനെപ്പോലും അതിശയിപ്പിക്കുന്ന രീതിയിലുള്ള കഥാപാത്രമായി വാനപ്രസ്ഥത്തില്‍ മാറ്റിയെടുത്തതിനു പിന്നിലുള്ളതും. പിറവി, വാനപ്രസ്ഥം, കുട്ടിസ്രാങ്ക് - ഈ മൂന്നുസിനിമകളിലും പ്രേക്ഷകര്‍ കണ്ടെത്തുന്നത് ഒരേതരം കഥാപാത്രങ്ങളെയാണ്. വ്യത്യസ്തകാരണങ്ങളാല്‍ ആത്മസംഘര്‍ഷങ്ങളില്‍പെട്ടുഴലുന്ന കഥാപാത്രങ്ങള്‍. പിറവിയിലെ അച്ഛനും വാനപ്രസ്ഥത്തിലെ കഥകളിനടനും കുട്ടിസ്രാങ്കിലെ ചവിട്ടുനാടകക്കാരനും എല്ലാം സ്വന്തം സങ്കടങ്ങളുടെ തടവറകളിലെ നെരിപ്പോടുകളില്‍ എരിയുന്നവരാണ്. അതുകൊണ്ടുതന്നെ ഷാജി എന്‍ കരുണിന്റെ സിനിമകളുടെ കേന്ദ്രഭാവവും ഇത്തരത്തിലുള്ള വ്യക്തി സാമൂഹികസംഘര്‍ഷങ്ങള്‍തന്നെയാണെന്നു പറയേണ്ടിവരും.
അടൂരിനെ അവശേഷിപ്പിച്ചുകൊണ്ട്  അദ്ദേഹത്തിനു സമശീര്‍ഷരോ മധ്യവര്‍ത്തിസിനിമയുടെ പ്രയോക്താക്കളോ ആയ ഒരുകാലത്തെ പ്രതിഭാധനരായ സംവിധായകരെല്ലാം അരങ്ങൊഴിഞ്ഞുപൊയ്ക്കൊണ്ടിരിക്കുകയാണ്. അരവിന്ദന്‍, ജോണ്‍ എബ്രഹാം, കെ ജി ജോര്‍ജ്, ഭരതന്‍, പത്മരാജന്‍.. ഇപ്പോഴിതാ ഷാജി എന്‍ കരുണും. മരണം എല്ലാവരെയും പിടികൂടുമെങ്കിലും മരണത്തിനപ്പുറവും ജീവിതമുള്ളത് അപൂര്‍വം ചിലര്‍ക്കുമാത്രമാണ്. അവരില്‍ ഒരു വിഭാഗമാണ് കലാകാരന്മാര്‍. അവര്‍ തങ്ങളുടെ പ്രതിഭയുടെ-അഭിനയം, സംവിധാനം, എഴുത്ത്-പൊന്‍വെളിച്ചം ഇരുട്ടിലെവിടേക്കോ വലിച്ചെറിഞ്ഞിട്ടാണ് കടന്നുപോകുന്നത്. ഇരുട്ടില്‍ അതു പ്രകാശിച്ചുകൊണ്ടേയിരിക്കും. പിന്നാലെവരുന്നവര്‍ക്കു വഴികാട്ടിയായും വഴിവെട്ടമായും. അങ്ങനെയൊരാളാണ് ഷാജി എന്‍ കരുണ്‍. മരിച്ചാലും തന്റെ സിനിമകളിലൂടെ അദ്ദേഹം ജീവിക്കും.

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)