സമസ്തപദനിര്‍മിതികള്‍ പലപ്പോഴും ക്ലേശകരമാണ്. പദങ്ങളെ ശ്രദ്ധയോടെ കൂട്ടിച്ചേര്‍ക്കണം. ഇല്ലെങ്കില്‍ വിവക്ഷിതം അപ്പാടെ മാറിപ്പോകും. സ്വഭാഷയിലെ പദങ്ങള്‍ തമ്മിലും അന്യഭാഷാപദങ്ങള്‍തമ്മിലും സ്വഭാഷയിലെയും അന്യഭാഷയിലെയും പദങ്ങള്‍ പരസ്പരവും സമാസിക്കേണ്ടതായി വരാം. പൂര്‍വ്വോത്തരപദങ്ങളുടെ ചേര്‍ച്ച അസുന്ദരമാകാതെ നോക്കിയാല്‍ മാത്രം പോരാ, അര്‍ത്ഥവ്യക്തതയും ഉണ്ടാകണം. ഇക്കാര്യത്തില്‍ ഭാഷാപരിചയവും പദപരിചയവും അനിവാര്യമാണ്. പ്രയോഗപരിചയവും തുണയാകാം.
വിദേശമന്ത്രി, വിദേശകാര്യമന്ത്രി, വിദേശകാര്യവകുപ്പുമന്ത്രി - ഇങ്ങനെയൊക്കെ മാധ്യങ്ങളില്‍ പ്രയോഗിച്ചു കാണാമല്ലോ. ഒറ്റനോട്ടത്തില്‍ എല്ലാം ശരിയെന്നുതോന്നാം. എന്നാല്‍, വിവക്ഷിതങ്ങള്‍ക്ക് ഈഷദ്‌ഭേദങ്ങളുണ്ടെന്ന് നിപുണരായ വായനക്കാര്‍ മനസ്സിലാക്കും. വിദേശമന്ത്രിയെ വിദേശത്തുള്ള മന്ത്രിയെന്നേ വിഗ്രഹിക്കാനാവൂ. വിദേശവകുപ്പു കൈകാര്യം ചെയ്യുന്ന മന്ത്രിയാവുകയില്ല. വിദേശമദ്യം വിദേശത്തുനിന്ന് ഇറക്കുമതി ചെയ്യുന്ന മദ്യമാണല്ലോ. വിദേശകാര്യവകുപ്പുമന്ത്രി എന്നായാലും അര്‍ത്ഥം വ്യക്തമാകണമെന്നില്ല. കാരണം, മന്ത്രാലയവും (മന്ത്രികാര്യാലയം) വകുപ്പും (വിഭാഗം) ഒന്നല്ല. ഒരു മന്ത്രാലയത്തിന്റെ കീഴില്‍ ഒന്നിലധികം വകുപ്പുകള്‍ ഉണ്ടാകും. അങ്ങനെയെങ്കില്‍ വിദേശകാര്യമന്ത്രി എന്നെഴുതിയാല്‍ മൊഴിയും പൊരുളും ശുദ്ധമാകും. ഏകപദത്വപ്രതീതിക്കായി വിദേശകാര്യമന്ത്രി എന്നു ചേര്‍ത്തെഴുതണം. അകലമിട്ടെഴുതിയാല്‍ അര്‍ത്ഥക്ലേശത്തിനു വഴിവയ്ക്കും. ഡോ. ടി.ആര്‍. ശങ്കുണ്ണി വ്യക്തമാക്കുന്നു: ''വിദേശകാര്യവകുപ്പുമന്ത്രി എന്നല്ലേ ശരിയായി പ്രയോഗിക്കേണ്ടത്? അതില്ലെങ്കില്‍ത്തന്നെ വിദേശകാര്യമന്ത്രി എന്നെങ്കിലും ഉപയോഗിക്കണം. അല്ലേ?... വിദേശകാര്യമന്ത്രി എന്നുതന്നെയാണ് പറയേണ്ടത്. വിദേശകാര്യവകുപ്പുമന്ത്രി എന്നുവേണ്ട; കാരണം, മന്ത്രാലയവും വകുപ്പും ഒന്നല്ല, ഒരു മന്ത്രാലയത്തിനു കീഴില്‍ പല വകുപ്പുകളുണ്ടാകും.'' ഇന്ത്യ - ചൈന വിദേശകാര്യമന്ത്രിതല ചര്‍ച്ച എന്നെഴുതിയാല്‍ സമാസവും വിവക്ഷിതവും ശരിയാകും. ദിനംപ്രതി വാര്‍ത്താനിവേദനം ചെയ്യുന്ന മാധ്യമപ്രവര്‍ത്തകര്‍ ഇക്കാര്യത്തില്‍ ജാഗ്രത പുലര്‍ത്തണം. ശുദ്ധഗദ്യപരിപോഷണം അവരുടെ ധര്‍മ്മമല്ലെങ്കിലും വായനവിഭവങ്ങള്‍ അലങ്കോലപ്പെടാതിരിക്കുമല്ലോ.
* ശങ്കുണ്ണി, ടി.ആര്‍., ഭാഷാപ്രയോഗത്തിലെ തെറ്റും ശരിയും, എച്ച്&സി ബുക്‌സ്, തൃശൂര്‍, 2012, പുറം - 46.