•  25 Apr 2024
  •  ദീപം 57
  •  നാളം 7
പാട്ടെഴുത്തിലെ പാഠഭേദങ്ങള്‍

തോലനെ തോല്പിച്ച വികടരചന

ഈ ലേഖകന്‍ കലാലയത്തില്‍ പഠിക്കുമ്പോഴാണ്' 'ചട്ടക്കാരി' എന്ന ചിത്രം പ്രദര്‍ശനശാലകളില്‍ വന്നത്. മലയാളം ഐച്ഛികവിഷയമായെടുത്തു പഠിച്ചിരുന്ന ഞങ്ങളെ അന്ന് ഏറെ ആകര്‍ഷിച്ച ഒരു ഗാനം അതിലുണ്ട്:
''മന്ദസമീരനില്‍ ഒഴുകിയൊഴുകിയെത്തും
ഇന്ദ്രചാപം നീ
മന്ദസ്മിതങ്ങള്‍ മാടിവിളിക്കും
ഇന്ദുഗോപം നീ''
വയലാര്‍ രാമവര്‍മ്മ എഴുതി ജി. ദേവരാജന്‍ സംഗീതം നല്കി യേശുദാസ് പാടി അനശ്വരമാക്കിയ ഈ ഗാനത്തിന്റെ വരികള്‍ അന്ന് ഞങ്ങള്‍ ഉച്ചഭക്ഷണത്തിന്റെ ഇടവേളസമയത്ത് ക്ലാസില്‍ ചര്‍ച്ച ചെയ്യുകയുണ്ടായി. മന്ദസമീരന്‍ ഇളംകാറ്റാണെന്നും ഇന്ദ്രചാപം മഴിവില്ലാണെന്നും  മന്ദസ്മിതം പുഞ്ചിരിയാണെന്നും അറിയാവുന്ന ഞങ്ങള്‍ക്ക് ഈ വരികളിലെ ഒരു വാക്കു മാത്രം അന്യംനിന്നു-'ഇന്ദുഗോപം.' എത്ര ആലോചിച്ചിട്ടും ഇതിന്റെയര്‍ത്ഥം ആര്‍ക്കും പിടികിട്ടിയില്ല. ഉച്ചയ്ക്കുശേഷമുള്ള ക്ലാസ്സില്‍ കവിയും സരസനുമായ കുളത്തൂര്‍ കൃഷ്ണന്‍നായര്‍സാറിനോട് ഞങ്ങള്‍ ആ വാക്കിന്റെയര്‍ത്ഥം  ചോദിച്ചു. മിന്നാമിനുങ്ങ് എന്നാണ് അതിന്റെ അര്‍ത്ഥമെന്ന് അറിയിക്കുക മാത്രമല്ല, വയലാറിന്റെ ഈ നാലു വരികളുടെ സ്വാരസ്യവും ഞങ്ങളില്‍ വിസ്മയമുണര്‍ത്തുംവിധം അദ്ദേഹം വിശദമാക്കിത്തന്നു. ഗാനത്തെക്കുറിച്ച് സാര്‍ പറഞ്ഞ വാക്കുകള്‍ ഇന്നും എന്റെ കാതുകളില്‍ മുഴങ്ങുന്നു.
കാലം മാറിയതോടെ എന്തു വിടുവായത്തവും ഗാനങ്ങളില്‍ ആകാമെന്ന സ്ഥിതിവന്നു. ഇതാ നോക്കുക:
''മൊഞ്ചത്തിപ്പെണ്ണേ ഉണ്ണി മായേ
തഞ്ചത്തിലൊപ്പന പാടി വായോ
തേനൂറുമെന്റെ പ്രേമം നീയേ
പാലിട്ട പഞ്ചസാര ചായ   നീയേ
ഉപ്പിലിട്ട മാങ്ങ നീയേ
തെങ്ങിന്‍മേലെ തേങ്ങ   നീയേ
നിരത്തിന്‍മേലെ മത്തി  നീയേ
റോട്ടിന്‍മേലെ ടാറു നീയേ'' (ചിത്രം - മണിയറയിലെ അശോകന്‍; രചന-ഷിഹാസ് അമ്മദ് കോയ; സംഗീതം - ശ്രീഹരി കെ. നായര്‍; ആലാപനം - ദുല്‍ഖര്‍ സല്‍മാന്‍, ജേക്കബ് ഗ്രിഗറി.)
നായികയെ വര്‍ണിക്കാന്‍ ശ്രമിക്കുകയാണ് നായകനുവേണ്ടി തൂലികയെടുത്ത ഗാനരചയിതാവ്. പാലൊഴിച്ച ചായ (പാല്‍ച്ചായ) എന്നും പഞ്ചസാരയിട്ട ചായ എന്നും നാം കേട്ടിട്ടുണ്ട്. ഇവിടെ ചായയില്‍ പാലിടുന്നു, പഞ്ചസാര ഒഴിക്കുന്നു. ഈ തല തിരിഞ്ഞ ഏര്‍പ്പാടിന് പാട്ടെഴുത്തുകാരനെ പ്രേരിപ്പിച്ച ചേതോവികാരം എന്താണാവോ?
ഉപ്പിലിട്ട മാങ്ങ കണ്ടിട്ടില്ലേ? നന്നേ ചുക്കിച്ചുളിഞ്ഞിരിക്കും. പ്രായം ചെന്ന മുത്തശ്ശിമാരല്ലാതെ മറ്റാരെങ്കിലും ഇപ്രകാരം ചുക്കിച്ചുളിഞ്ഞിരിക്കുമോ? ഉപ്പിലിട്ട മാങ്ങയായി വിശേഷിപ്പിച്ചിട്ടും  നായിക പരിഭവിക്കാത്തതാണ് എന്നില്‍ അദ്ഭുതമുളവാക്കുന്നത്. മാങ്ങ വന്നാല്‍ പിന്നെ ഗാനത്തില്‍ കണിശമായും തേങ്ങയും വരണമല്ലോ. പ്രത്യേകിച്ചു പ്രാസമൊപ്പിക്കാന്‍ പാടുപെടുന്ന പാട്ടെഴുത്തുകാരന്റെ ഭാഗത്തുനിന്നാവുമ്പോള്‍. തേങ്ങയെന്നു വെറുതേ പ്രയോഗിച്ചെന്നുവേണ്ട തെങ്ങിന്‍മേലെയുള്ളതുതന്നെ ആയിക്കൊള്ളട്ടെ എന്നു കരുതി കരുതലുള്ള അദ്ദേഹം. നിരത്തും റോഡും രണ്ടാണെന്നു ധരിച്ചുവച്ചിരിക്കുന്നു  മാതൃഭാഷയോടു വലിയ പ്രതിപത്തിയൊന്നുമില്ലാത്ത ഈ ഗാനരചയിതാവ്. നിരത്തിന്‍മേലെയുള്ള മത്തി എന്നു പറയുന്നതിന്റെ യുക്തി എത്ര ചിന്തിച്ചിട്ടും എനിക്കു പിടികിട്ടുന്നില്ല. 'റോട്ടിന്‍ മേലെ ടാറ് നീയേ' എന്നു കൂടി എഴുതിയിട്ടേ ഇന്നത്തെ ഭാഷ കടമെടുത്തു പറഞ്ഞാല്‍ പാട്ടെഴുത്തുകാരന്റെ കലിപ്പു തീരുന്നുള്ളൂ. വികടകാവ്യങ്ങള്‍ നിമിഷനേരംകൊണ്ട് അവതരിപ്പിക്കാനുള്ള  കഴിവ് (അതു കഴിവാണെങ്കില്‍) പ്രകടിപ്പിച്ച, ഫലിതരസികനും മലയാള-സംസ്‌കൃതകവിയുമായ തോലന്‍പോലും എഴുതാന്‍ മടിച്ച, ഇന്ന് അദ്ദേഹം ജീവിച്ചിരുന്നെങ്കില്‍ ലജ്ജിച്ചു തല താഴ്ത്തുമായിരുന്ന തരത്തിലുള്ള വരികളാണ് ഷിഹാസ് അമ്മദ് കോയയുടെ ഭാഗത്തുനിന്നു പുറത്തുവന്നിരിക്കുന്നത്.
കാവ്യരചനയും ഗാനരചനയുമൊക്കെ പലരുടെയും മോഹമാണ്. അതിനു കവിത്വം വേണം, പദസ്വാധീനമുണ്ടായിരിക്കണം, കുറച്ചെങ്കിലും വിജ്ഞാനമാര്‍ജ്ജിച്ചിരിക്കണം. ഇവയൊന്നുമില്ലാതെ തൂലികയും നീട്ടിപ്പിടിച്ച് ഇറങ്ങിത്തിരിച്ചാല്‍ ഇങ്ങനെയിരിക്കും. 'പാലിട്ട പഞ്ചസാര ചായ' ആസ്വാദകര്‍ക്ക് പകര്‍ന്നുകൊടുക്കേണ്ടിവരും. അവര്‍  എന്തും തൊണ്ട തൊടാതെ വിഴുങ്ങുമെന്നു കരുതുന്നത് അങ്ങേയറ്റം മൗഢ്യമാണ് എന്നു മാത്രം പറഞ്ഞുകൊള്ളട്ടെ.

 

Login log record inserted successfully!