•  28 Mar 2024
  •  ദീപം 57
  •  നാളം 4
ശ്രേഷ്ഠമലയാളം

സ്വാദിഷ്ഠം

''പറയുന്നു മാതേവന്‍: ഈ ഞാലിപ്പൂവന്റെ
പഴമെത്ര സാദൊള്ളതായിരിക്കും'' -  ചങ്ങമ്പുഴയുടെ വാഴക്കുല എന്ന കാവ്യത്തിലെ വരികളാണിത്. സ്വാദ് എന്ന ശുദ്ധപദം പുലയഭാഷണത്തില്‍ ''സാദ്'' എന്നാകുന്നു. അവിടെ ''സാദി''നെ സ്വാദ് ആക്കിയാല്‍ അനൗചിത്യമാകും. മാനകമലയാളത്തില്‍ സ്വാദ് എന്നുതന്നെ എഴുതണം. സ്വാദ് എന്ന സംസ്‌കൃതശബ്ദത്തിനു രുചി എന്നര്‍ത്ഥം.
സ്വാദ് എന്ന പദത്തിന്റെ വിധിരൂപം (positive) സ്വാദ് എന്നുതന്നെയാണ്. സ്വാദീയസ് എന്നാണതിന്റെ താരതമ്യരൂപം (comparitive). തമരൂപമാകട്ടെ (superlative), സ്വാദിഷ്ഠം എന്നുവരും. സ്വാദ് -- സ്വാദീയസ് -- സ്വാദിഷ്ഠം. സംസ്‌കൃതവ്യാകരണത്തില്‍ ഇവയെ അതിശായനരൂപങ്ങള്‍ എന്നു വ്യവഹരിക്കുന്നു. ഇംഗ്ലീഷില്‍ ഇതിന് ഡിഗ്രീസ് ഓഫ് കംപാരിസണ്‍ എന്നു പറയും (er - est).

''അതിശായനേ തമബിഷ്ഠനൗ''*  എന്ന സൂത്രപ്രകാരം സ്വാദിഷ്ഠം ആണ് ശുദ്ധരൂപം. ഏറ്റവും കൂടുതല്‍ സ്വാദുള്ളത് എന്നാണ് സ്വാദിഷ്ഠത്തിന് അര്‍ത്ഥം. സാദിഷ്ഠം, സ്വാദിഷ്ടം, സാദിഷ്ടം എന്നിവയെല്ലാം തെറ്റായ പദങ്ങളാകുന്നു. എഴുത്തുഭാഷയില്‍ ഇവയെ വര്‍ജിക്കണം. ങീേെ റലഹശരശീൗ െഎന്നര്‍ത്ഥമുള്ള ഒരു സംസ്‌കൃതപദമാണ് സ്വാദിഷ്ഠം. ഏറ്റവും കൂടുതല്‍ സ്വാദുള്ളത് എന്നാണ് അര്‍ത്ഥം. ഈ വാക്ക് സ്വാദിന്റെ കൂടെ ഇഷ്ടം ചേര്‍ന്നുണ്ടായതാണെന്നു തെറ്റിദ്ധരിച്ച് സ്വാദിഷ്ടം എന്ന് പലരും എഴുതുന്നു.** ഇങ്ങനെയുള്ള തെറ്റുകള്‍ ഒഴിവാകാന്‍ അവശ്യം വേണ്ട സംസ്‌കൃതപരിജ്ഞാനം കൂടിയേ തീരൂ.
ഗുരു -- ഗരീസയ് -- ഗരിഷ്ഠ; അണു -- അണീയസ് -- അണിഷ്ഠ; ലഘു -- ലഘീയസ് --ലഘിഷ്ഠ എന്നിങ്ങനെ സമാനരൂപങ്ങള്‍ സൃഷ്ടിക്കാം. രൂപപരവും അര്‍ത്ഥപരവുമായ സ്ഖലിതങ്ങള്‍ അസംഖ്യേയങ്ങളാണ്. നിത്യമായി ഉപയോഗത്തില്‍ വരുന്ന വാക്കുകളിലെ തെറ്റുകള്‍ കണ്ടെത്തി സ്വയം പരിഹരിക്കാന്‍ ഓരോരുത്തരും തയ്യാറാകണം. എങ്കിലേ ഭാഷ കുറ്റമറ്റതാകൂ. ഭാഷ വികലമായി പ്രയോഗിക്കാന്‍ ആര്‍ക്കും അധികാരമില്ലല്ലോ.

* ദാമോദരന്‍ നായര്‍, പി., അപശബ്ദബോധിനി, കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം, 2013, പുറം - 687.
** ഗോപി, ആദിനാട്, മലയാളം(ശൈലി, പ്രയോഗം, ലിപി), രചന ബുക്‌സ്, കൊല്ലം, 2009, പുറം - 74

 

Login log record inserted successfully!