ചില ചലച്ചിത്രങ്ങള്‍ പ്രേക്ഷകരെ വളരെയേറെ ആകര്‍ഷിക്കും. അവയുടെ പ്രദര്‍ശനം മാസങ്ങളോളം നീളും. സ്വാഭാവികമായും അവയിലെ ഗാനങ്ങളും ആസ്വാദകര്‍ പാടിനടക്കും. എന്നാല്‍, അത്തരം പാട്ടുകളിലെ അപഭ്രംശങ്ങളെക്കുറിച്ചോ തലതിരിഞ്ഞ പ്രയോഗങ്ങളെക്കുറിച്ചോ ആരും ചിന്തിച്ചെന്നു വരില്ല. ഉദാഹരണത്തിന് 1993 ഡിസംബര്‍ 24 ന് പുറത്തുവന്ന 'മണിച്ചിത്രത്താഴ്' എന്ന ചിത്രത്തിന്റെ കാര്യംതന്നെയെടുക്കുക. ചിത്രം വന്‍വിജയമായിരുന്നു. അതിലെ നായികയായ ഗംഗയെ അനശ്വരമാക്കിയ ശോഭന മികച്ച നടിക്കുള്ള ദേശീയപുരസ്‌കാരം നേടുകയും ചെയ്തു. ആ ചിത്രത്തിലെ ഒരു ഗാനമിതാണ്.
''പഴന്തമിഴ് പാട്ടിഴയും ശ്രുതിയില്‍
പഴയൊരു തംബുരു തേങ്ങി
മണിച്ചിത്രത്താഴിനുള്ളില്‍ വെറുതേ
നിലവറമൈന മയങ്ങി
സരസസുന്ദരീമണീ നീ
അലസമായ് ഉറങ്ങിയോ
കനവുനെയ്‌തൊരാത്മരാഗം
മിഴികളില്‍ പൊലിഞ്ഞുവോ
വിരലില്‍നിന്നും വഴുതിവീണു
വിരസമായൊരാദിതാളം'' (രചന - ബിച്ചു തിരുമല, സംഗീതം - എം.ജി. രാധാകൃഷ്ണന്‍, ആലാപനം - യേശുദാസ്)
തമിഴ്പാട്ടു മാത്രമല്ല തംബുരുവും പഴയതാണെന്ന വെളിപ്പെടുത്തല്‍ കഥാഘടനയ്ക്കനുസൃതമായിട്ടാവാം രചയിതാവ് നടത്തിയത്. നമുക്കതില്‍ പരാതിയില്ല. ഗാനരചയിതാക്കള്‍ക്ക് അങ്ങനെ ചില വിട്ടുവീഴ്ചകള്‍ ചെയ്യേണ്ടതായി വരും. എന്നാല്‍, മണിച്ചിത്രത്താഴിനുള്ളില്‍ വെറുതേ നിലവറമൈന (നിലവറയ്ക്കുള്ളിലെ മൈന) മയങ്ങുന്നതോര്‍ത്ത് നാം മൂക്കത്തു വിരല്‍വച്ചുപോകും. മണിച്ചിത്രത്താഴിനുള്ളില്‍ കഷ്ടിച്ച് ഒരു ഉറുമ്പിനു കടന്നുകൂടാം. പൂട്ടിനുളളില്‍ മൈന മയങ്ങുന്നതിന്റെ യുക്തി എത്ര ചിന്തിച്ചിട്ടും പിടികിട്ടുന്നില്ല. മണിച്ചിത്രത്താഴിട്ടു പൂട്ടിയ നിലവറയ്ക്കുള്ളില്‍ മയങ്ങുന്നതായി സങ്കല്പിച്ചിരിക്കുന്നത് വിനയപ്രസാദ് അവതരിപ്പിച്ച ശ്രീദേവി എന്ന കഥാപാത്രത്തെയാണ്. എന്നിട്ടും എഴുതിവന്നപ്പോള്‍ മൈന മയങ്ങിയത് നിലവറയിലെ മണിച്ചിത്രത്താഴിനുള്ളിലായിപ്പോയി. ഇതിനെയാണ് അശ്രദ്ധ എന്നു പറയുന്നത്.
ആഹിരിരാഗത്തിലാണ് എം.ജി. രാധാകൃഷ്ണന്‍ ഈ ഗാനം ചിട്ടപ്പെടുത്തിയത്. മാത്രവുമല്ല, ഇതേ ചിത്രത്തിലെ 'ഒരു മുറൈ വന്ത് പാറായോ' എന്ന ഗാനവും സ്വരപ്പെടുത്താന്‍ അദ്ദേഹം ഇതേ രാഗമാണ് ഉപയോഗിച്ചത്. സംസ്ഥാന ചലച്ചിത്രപുരസ്‌കാരത്തിന് മണിച്ചിത്രത്താഴിലെ ഗാനങ്ങള്‍ പരിഗണിക്കുമെന്ന് പലരും കരുതിയെങ്കിലും ഇതിന്റെ പേരില്‍ മികച്ച സംഗീതസംവിധായകനായി എം.ജി. രാധാകൃഷ്ണന്‍ തിരഞ്ഞെടുക്കപ്പെട്ടില്ല. പകരം 'പഴന്തമിഴ് പാട്ടിഴയും' എന്ന പാട്ടുപാടിയ യേശുദാസ് മാത്രം അക്കൊല്ലത്തെ മികച്ച ഗായകനായി. അന്ന് പുരസ്‌കാരനിര്‍ണയസമിതിയില്‍ ഉണ്ടായിരുന്ന കമുകറ പുരുഷോത്തമനോട്, പ്രത്യേകിച്ച്, അദ്ദേഹം ഗായകനും സംഗീതജ്ഞനുമായതിനാല്‍ പത്രലേഖകര്‍ 'മണിച്ചിത്രത്താഴിലെ' സംഗീതസംവിധാനത്തെ അവഗണിച്ചതിനെക്കുറിച്ചു ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞ മറുപടി 'രണ്ടു ഗാനങ്ങള്‍ക്കും ഒരേ രാഗമായിപ്പോയി' എന്നാണ്. ഇതിന്റെ പേരില്‍ എം.ജി. രാധാകൃഷ്ണനും കമുകറ പുരുഷോത്തമനും തമ്മില്‍ കുറെക്കാലത്തേക്കെങ്കിലും നീരസം നിലനിന്നിരുന്നു എന്നതും നേരാണ്.
'ആഹിരി പാടിയാല്‍ അന്നം മുട്ടും' എന്നൊരു ചൊല്ല് നിലവിലുണ്ട്. അതുകൊണ്ടാവാം ഇതു സന്ധ്യാസമയങ്ങളില്‍ പാടാറില്ല. ഈ രാഗം കച്ചേരികളില്‍ അധികം ഉപയോഗിക്കാറുമില്ല. എന്തായാലും എം.ജി. രാധാകൃഷ്ണന് അവാര്‍ഡ് കിട്ടാതായതോടെ പലരും ഈ ചൊല്ല് അദ്ദേഹത്തെ ഓര്‍മിപ്പിച്ചു. ചിലര്‍ പത്രത്താളുകളില്‍ എഴുതുകയും ചെയ്തു. പൊതുവേ ദൈവവിശ്വാസിയായ എം.ജി. രാധാകൃഷ്ണന്‍ അതിനൊന്നും മറുപടി പറഞ്ഞില്ല. ആഹിരിരാഗം അന്നം മുടക്കിയില്ലെങ്കിലും അവാര്‍ഡ് മുടക്കി എന്ന യാഥാര്‍ത്ഥ്യം ഇപ്പോഴും അവശേഷിക്കുന്നു.