ഉണ്ണീരിയമ്മയുടെ വീടിനു മുറ്റത്ത് ഒരു പൂന്തോട്ടമുണ്ടായിരുന്നു. പിച്ചിയും മുല്ലയും വാടാമല്ലിയും തെച്ചിയും ജമന്തിയുമെല്ലാം പൂത്തുനില്‍ക്കുന്ന മനോഹരമായ ഒരു പൂന്തോട്ടം.
സൂര്യന്‍ പടിഞ്ഞാറു തലചായ്ക്കാനൊരുങ്ങുന്ന ഒരു സായാഹ്നത്തില്‍ ഉണ്ണീരിയമ്മ ചെടികള്‍ക്കു വെള്ളമൊഴിക്കുകയായിരുന്നു. അപ്പോഴാണ് അമ്മാളു അതുവഴി വരുന്നത്. ഒരു കഥ കേട്ടിട്ടു തന്നെ കാര്യം. അമ്മാളു കുണുങ്ങിക്കുണുങ്ങി ഉണ്ണീരിയമ്മയുടെ അരികത്തെത്തി.
''ഉണ്ണിയമ്മേ.... ഒരു കഥ...''
ഉണ്ണീരിയമ്മ ചിരിച്ചുകൊണ്ടു പറഞ്ഞു:
''ശരി ഒരു കഥ പറയാം. ശ്രീനാരായണഗുരുവിനെക്കുറിച്ചാണു പറയാന്‍ പോകുന്നത്.''
ഒരിക്കല്‍ സമ്പന്നനായ ഒരു ഭക്തന്‍ ഗുരുവിനെ കാണാനായി ആശ്രമത്തില്‍ എത്തി. കുറെ സ്വര്‍ണനാണയങ്ങള്‍ അയാള്‍ ഗുരുവിനു സമര്‍പ്പിച്ചു.
''എന്തിനാണ് എനിക്കീ സ്വര്‍ണനാണയങ്ങള്‍? ദയവായി നിങ്ങള്‍ ഇതു തിരിച്ചു കൊണ്ടുപോകൂ.'' ഗുരു പറഞ്ഞു.
പക്ഷേ, ഭക്തനാകട്ടെ ആ സ്വര്‍ണനാണയങ്ങള്‍ ആശ്രമത്തിലെ നേര്‍ച്ചപ്പെട്ടിയില്‍ നിക്ഷേപിച്ചു മടങ്ങി.
തൊട്ടടുത്ത ദിവസം നേര്‍ച്ചപ്പെട്ടി തുറക്കുമ്പോഴല്ലേ അദ്ഭുതം! സ്വര്‍ണനാണയങ്ങള്‍ നേര്‍ച്ചപ്പെട്ടിയില്‍ കാണുന്നില്ല. നാണയങ്ങളെപ്പറ്റി ആകെക്കൂടി അറിയാവുന്നത് ആശ്രമവാസികള്‍ക്കാണ്. അപ്പോള്‍ അവരില്‍ ആരെങ്കിലുമാവും നാണയം മോഷ്ടിച്ചത് എന്ന് ഉറപ്പ്.
ഞാനെന്നും എന്റേതെന്നുമുള്ള എല്ലാ ചിന്തകളും വെടിഞ്ഞ് മോക്ഷമാര്‍ഗത്തില്‍ സഞ്ചരിക്കുന്നവരാണല്ലോ ആശ്രമവാസികള്‍. അവരില്‍ ആര്‍ക്കോ തിന്മയുടെ പ്രലോഭനം ഉണ്ടായിരിക്കുന്നു. ഗുരുവിനും സങ്കടമായി.
മോഷ്ടാവിനെ കണ്ടുപിടിച്ചല്ലേ മതിയാവൂ. ആശ്രമവാസികളെ എല്ലാവരെയും ഗുരു അടുത്തേക്കു വിളിപ്പിച്ചു.
''നാണയം എടുത്തയാള്‍ സ്വന്തംതെറ്റു മനസ്സിലാക്കി മാപ്പു പറഞ്ഞാല്‍ ഞാന്‍ തിന്മയില്‍നിന്നും മോചിപ്പിക്കാം. ഒപ്പം ആശ്രമത്തില്‍ തുടരാന്‍ അനുവദിക്കുകയും ചെയ്യാം.'' ഗുരു പറഞ്ഞു.
പക്ഷേ, ആരും മുന്നോട്ടു വന്നില്ല.
''എങ്കില്‍ ശരി പോലീസിനെ വിളിക്കാം.'' ഗുരു അഭിപ്രായപ്പെട്ടു.
ആശ്രമത്തില്‍ പോലീസ് എത്തുന്നതും എല്ലാവരെയും ചോദ്യം ചെയ്യുന്നതുമൊക്കെ ആശ്രമത്തിന്റെ ശാന്തത തകര്‍ക്കുമല്ലോ എന്ന് എല്ലാവരും ആശങ്കപ്പെട്ടു. ആരും കുറ്റം ഏറ്റെടുക്കാത്ത സാഹചര്യത്തില്‍ പോലീസിനെ വിളിക്കാമെന്ന തീരുമാനത്തില്‍ ഗുരു ഉറച്ചുനിന്നു. ആശ്രമവാസികളില്‍ ഒരാളെ ഗുരു പോലീസിനെ വിളിക്കാന്‍ പറഞ്ഞുവിട്ടു. എന്നിട്ട് ഗുരു ധ്യാനനിമഗ്‌നനായി.
സമയം വൈകുന്നേരമായിട്ടും പോലീസിനെ വിളിക്കാന്‍ പോയ ആള്‍ തിരിച്ചെത്തിയില്ല.
ആശ്രമവാസികള്‍ ഗുരുവിന്റെ അടുത്തുചെന്നു. ഗുരു ധ്യാനത്തിലായിരുന്നു. ഗുരു കണ്ണുതുറന്ന് അവരോടായി പറഞ്ഞു:
''ഇനി അയാള്‍ ആശ്രമത്തിലേക്കു തിരികെ വരില്ല.'' ഇത്രയും പറഞ്ഞ് വീണ്ടും ഗുരു കണ്ണുകളടച്ചു.
ആശ്രമവാസികള്‍ക്കു കാര്യങ്ങള്‍ വ്യക്തമായി. സ്വര്‍ണനാണയം മോഷ്ടിച്ചത് ആരെന്ന് ഗുരുവിന് ഒറ്റനോട്ടത്തില്‍ത്തന്നെ തിരിച്ചറിയാന്‍ കഴിഞ്ഞു. അയാളെ ത്തന്നെയാണ് പോലീസിനെ വിളിക്കാന്‍ പറഞ്ഞുവിട്ടത്. സത്യത്തില്‍ ആശ്രമത്തില്‍നിന്നു മോഷ്ടാവിനെ ഗുരു പുറത്താക്കിയതാണ്. തെറ്റുപറ്റാത്ത മനുഷ്യരില്ല. ആ തെറ്റില്‍ പശ്ചാത്തപിക്കുകയും പ്രായശ്ചിത്തം ചെയ്യുകയും ചെയ്യുമ്പോഴാണ് വീണ്ടും ശരിയിലേക്കു വരുന്നത്. ശുദ്ധമായ മനസ്സാണ് സംസാരസാഗരം തരണം ചെയ്യുവാനുള്ള ആയുധം.
ഉണ്ണീരിയമ്മ കഥ പറഞ്ഞുതീര്‍ന്നപ്പോഴേക്കും പതിയെ ഇരുട്ടുമൂടിയിരുന്നു. ഒരു നല്ല കഥ കേട്ട സന്തോഷത്തില്‍ അമ്മാളു അവളുടെ വീട്ടിലേക്കു മടങ്ങി.