ബംഗാരക്കാഴ്ചകളും തിണ്ണക്കരദ്വീപും മറ്റു കടല്‍ക്കാഴ്ചകളും കണ്ടശേഷം ഞങ്ങള്‍ അഗത്തിയിലെ റിസോര്‍ട്ടിലെത്തിയപ്പോള്‍ ത്രിസന്ധ്യ. കടല്‍ക്കുളി വേഗം പാസ്സാക്കി. സ്വകീയമായ സ്വയംപ്രേരിതപ്രാര്‍ത്ഥനയ്ക്കുശേഷം അത്താഴപൂജ. വെള്ളച്ചോറും ചപ്പാത്തിയും ചിക്കന്‍കറിയും ചൂര അഥവാ ടൂണയുടെ ലക്ഷദ്വീപു സ്റ്റൈലിലുള്ള കറിയും ഫ്രൈയുമൊക്കെയായി സ്ഥിരം വിഭവങ്ങള്‍ ഡൈനിങ് ടേബിളില്‍ നിരക്കുകയാണ്. കരിങ്ങാലിവെള്ളത്തിന്റെ ചൂടു കുറഞ്ഞിട്ടില്ല. ഫ്രൂട്ട് സലാഡിനുമേലേ തണ്ണിമത്തനും ഫോര്‍ക്കുമൊക്കെ കൂനയാവുന്ന കാഴ്ച!
അപ്പോഴാണ് ഒരു കാര്യമറിഞ്ഞത്. ലക്ഷദ്വീപുകാരില്‍ സാധാരണക്കാരും പാവങ്ങളും ചൂരമീന്‍ മാത്രമേ കഴിക്കാറുള്ളൂ. മറ്റു മീനുകളൊന്നും അവരുടെ നിത്യജീവിതമെനുവിലില്ലത്രേ! റിസോര്‍ട്ട് കിച്ചണില്‍ ലക്ഷദ്വീപുകാരായ സാധാരണ പാചകക്കാരാണുള്ളത്. അവര്‍ക്ക് ലക്ഷദ്വീപ് നാടന്‍വിഭവങ്ങളേ പാചകം ചെയ്യാനറിയൂ. ടൂര്‍പാക്കേജിനപ്പുറമുള്ള ചെലവിനങ്ങള്‍ കൂട്ടാനും പ്ലാനില്ലെന്നു സാരം.
ഇന്നിപ്പോള്‍ പ്രഭാതഭക്ഷണശേഷം കവരത്തി യാത്രതന്നെ. ഇന്നും നാളെയും തിരക്കിട്ട യാത്രകള്‍. മറ്റന്നാള്‍ ഞങ്ങള്‍ക്കു മടങ്ങണം. കവരത്തി ലക്ഷദ്വീപിന്റെ തലസ്ഥാനമാണ്. കവരത്തി ദ്വീപിനിരുവശത്തുമായാണ് അഗത്തി, ആന്ത്രോത്ത് ദ്വീപുകള്‍ കിടക്കുന്നത്. ലക്ഷദ്വീപുസമൂഹത്തിലെ ഏറ്റവും വലിയ ദ്വീപാണ് ആന്ത്രോത്ത്. കവരത്തിയില്‍നിന്ന് 119 കി.മീറ്ററും കൊച്ചിയില്‍നിന്ന് 293 കിലോമീറ്ററും ദൂരം. ലഗൂണ്‍മേഖല കുറവാണിവിടെ. ലക്ഷദ്വീപുകളില്‍ ഇസ്ലാംമതം പ്രചരിപ്പിച്ചു എന്നു കരുതപ്പെടുന്ന വിശുദ്ധ ഉബൈദുള്ളയുടെ കബറിടം സ്ഥിതി ചെയ്യുന്നത് ആന്ത്രോത്തിലെ പള്ളിയിലാണ്. ഉബൈദുള്ളയുടെ പിന്‍തലമുറക്കാര്‍ ഇപ്പോഴും ദ്വീപിലുണ്ട്. ഉബൈദുള്ളയെക്കുറിച്ചുള്ള നിരവധി കഥകളും ഐതിഹ്യങ്ങളും ദ്വീപുനിവാസികളുടെ ഇടയില്‍ പ്രചാരത്തിലുണ്ട്. ഖാസിമാര്‍ എന്നാണ് ഇവരെ ബഹുമാനപുരസ്സരം വിളിക്കുക.
വിശ്വസ്തത എന്നര്‍ത്ഥമുള്ള 'അമീന്‍' എന്ന അറബിവാക്കില്‍നിന്നാണ് അമിനി എന്ന പേര് അമിനിദ്വീപിനുണ്ടായത്. അമിനിദ്വീപിന്റെ നടുഭാഗം കുഴിഞ്ഞു കാണപ്പെടുന്നു. പവിഴപ്പുറ്റും ഇഷ്ടികയും ഉപയോഗിച്ചാണ് ഇവിടത്തുകാരുടെ വീടുനിര്‍മാണം. ഊന്നുവടികളുടെയും ആമത്തോട്, ചിരട്ട എന്നിവ ഉപയോഗിച്ചുള്ള കരകൗശലവസ്തുക്കളുടെയും കൗതുകമാര്‍ന്ന നിര്‍മാണം കാണേണ്ടതുതന്നെ. കല്ലിലെ കൊത്തുപണികളുടെയും നാടന്‍പാട്ടിന്റെയും പേരില്‍ പ്രശസ്തമത്രേ അമിനിദ്വീപുകള്‍.
ലക്ഷദ്വീപിനു പുറത്തുനിന്നു വന്നവര്‍ ഏറ്റവും കൂടുതലുള്ളത് കവരത്തിയിലാണ്. ലക്ഷദ്വീപുസമൂഹത്തില്‍ ഏറ്റവുമധികം മുസ്ലീംപള്ളികളുള്ള ദ്വീപ് കവരത്തിതന്നെ. 52 പള്ളികളാണ് ഇവിടെയുള്ളത്. കവരത്തിദ്വീപിലെ ഉജ്ര പള്ളിയോടുചേര്‍ന്നുള്ള വലിയ അക്വേറിയം ഞങ്ങള്‍ സന്ദര്‍ശിച്ചു. സ്രാവും നീരാളിയും നാനാജാതി അപൂര്‍വവര്‍ണമത്സ്യങ്ങളും മറ്റു ജലജീവികളും അക്വേറിയത്തില്‍ ഒരുമിച്ചുകഴിയുന്ന മനോഹരകാഴ്ച!
ദ്വീപുനിവാസികളുടെ പ്രധാന കൃഷി തെങ്ങുതന്നെ. തേങ്ങയും കൊപ്രയും കയറും ഓലപ്പായയുമൊക്കെ കയറ്റിയയച്ചു പകരം അരിയും വസ്ത്രങ്ങളും ഇറക്കുമതി ചെയ്യുകയാണ്. കേരളത്തിലെ ജന്മി-കുടിയാന്‍ സമ്പ്രദായമൊക്കെ ലക്ഷദ്വീപിലുമുണ്ടായിരുന്നു. ഉയര്‍ന്ന ജാതിക്കാര്‍ കോയമാരെന്നും കീഴാളര്‍ മേലാച്ചേരികളെന്നും അറിയപ്പെട്ടു. കൃഷി ചെയ്യാനും വള്ളം നന്നാക്കാനും പുര മേയാനുമെല്ലാം മേലാച്ചേരികള്‍ക്കു പ്രത്യക കഴിവുണ്ടായിരുന്നു. ഇന്നും ദ്വീപുനിവാസികളില്‍ വലിയൊരു വിഭാഗം തെങ്ങുകൃഷിയെ ആശ്രയിച്ചു കഴിയുന്നു.
ഇന്നിപ്പോള്‍ ദ്വീപുനിവാസികള്‍ കറികളില്‍ തേങ്ങാ ചേര്‍ക്കാറില്ലപോലും! കൊപ്രയാട്ടി വെളിച്ചെണ്ണയെടുക്കാറില്ല. പാംഓയിലാണ് പ്രിയം. ചൂരമീനും. ചിലര്‍ തെങ്ങു കൃഷി ചെയ്യുന്നില്ല. പല തെങ്ങുകളുടെയും ചുവട്ടില്‍ തേങ്ങ വീണു മുളച്ചു വളര്‍ന്നു കാടുപിടിച്ചുനില്ക്കുന്ന കാഴ്ച! അന്ധവിശ്വാസങ്ങളും അലസതയും കൊണ്ടെത്തിച്ചതാവാം ഈ സ്ഥിതിയില്‍. ഗുണമേന്മയുള്ള വെളിച്ചെണ്ണയെക്കാള്‍ പാംഓയിലില്‍ ഇമ്പമുറപ്പിക്കുന്ന ജനവിഭാഗങ്ങള്‍! തൈക്കൂട്ടങ്ങളാകുന്ന തെങ്ങിന്‍ചുവടുകള്‍! പ്രധാന കൃഷി തെങ്ങാണെങ്കിലും തെങ്ങിനും തേങ്ങായ്ക്കും തീരെ വിലയില്ല. മീനിനും തഥൈവ. ഫ്രഷ്ചൂരയ്ക്കും ഉണക്കച്ചൂരയ്ക്കും ഒഴികെ.
പായ്‌വഞ്ചികളില്‍, നക്ഷത്രങ്ങളെ നോക്കി കടലിലൂടെ യാത്ര ചെയ്തിരുന്ന ദ്വീപുനിവാസികള്‍ ഇന്നേറെ പുരോഗമിച്ചു എന്ന കാര്യം മറന്നുകൂടാ. ലക്ഷദ്വീപിന്റെ തനതു ജീവിതശൈലികളൊന്നും ഇവര്‍ പൂര്‍ണമായും ഉപേക്ഷിച്ചിട്ടില്ലെന്നതാണ് വാസ്തവം. നാട്ടുവൈദ്യന്മാരായിരുന്നു ദ്വീപുനിവാസികളെ മുമ്പ് ചികിത്സിച്ചിരുന്നത്. ഇവരുടെ പ്രത്യേക ചികിത്സയാണ് കൊമ്പുവയ്ക്കല്‍. വിട്ടുമാറാത്ത തലവേദനയ്ക്കാണ് ഈ ചികിത്സ. തലയില്‍ ദുഷിച്ച രക്തം കെട്ടിക്കിടക്കുന്ന ഭാഗം കണ്ടെത്തി അവിടെ കാളക്കൊമ്പുകൊണ്ട് കുത്തിമുറിവുണ്ടാക്കി രക്തം പുറത്തുകളയുന്ന ചികിത്സാരീതി. വിദഗ്ധരായ നാട്ടുവൈദ്യന്മാര്‍ ദ്വീപിലുണ്ടായിരുന്നു. ദ്വീപുനിവാസികളെ സംവരണവിഭാഗത്തില്‍പ്പെട്ടവരായാണ് ഭരണകൂടം കണക്കാക്കിയിരിക്കുന്നത്. സാമൂഹികവും സാമ്പത്തികവുമായ പിന്നാക്കാവസ്ഥയില്‍പ്പെട്ടവര്‍ക്കുള്ള എല്ലാ ആനുകൂല്യങ്ങളും ഇവര്‍ക്കു നല്‍കിവരുന്നുണ്ട്.
ഞങ്ങള്‍ അഗത്തിയിലെ റിസോര്‍ട്ടിലേക്കുള്ള മടക്കയാത്രയിലായിരുന്നു. നാലു മണിക്കുള്ള ടീബ്രേക്ക് അവിടെ. പഴംപൊരിയും ബോണ്ടയും ചായയും.
തീരനിവാസികളുടെ ആട്ടിന്‍കുട്ടികളും കോഴികളുമൊക്കെ റിസോര്‍ട്ടിനപ്പുറം ഓടിനടക്കുന്ന കാഴ്ച. പവിഴപ്പുറ്റുകളെ തഴുകി ഓടിയെത്തുന്ന കടല്‍ത്തിരകളുടെ ചടുലവിന്യാസം.
(തുടരും)