അഗത്തിദ്വീപിലെ ഡീസല്‍ വൈദ്യുതിനിലയത്തില്‍നിന്നു ഞങ്ങള്‍ കടല്‍ജലശുദ്ധീകരണപ്ലാന്റിലേക്കാണു പോയത്. അടുത്തുതന്നെയാണ് ആ സ്ഥാപനം. വീടുകളില്‍ കിണറുണ്ടെങ്കിലും കുടിക്കാനും പാചകത്തിനുമൊന്നും ആ വെള്ളം പറ്റിയതല്ല. കടല്‍സാമീപ്യംകൊണ്ടാണ് കിണറുകളിലെ വെള്ളം പാചകത്തിനുപയുക്തമാകാത്തത്. ശുദ്ധീകരിച്ച കടല്‍വെള്ളം പൈപ്പുകളിലൂടെ വിതരണം ചെയ്യുന്നു. ഒരു ദിവസം ഒരു മണിക്കൂര്‍ ശുദ്ധജലം സപ്ലൈ ചെയ്യുന്നുണ്ട്. പ്ലാന്റിനോടു ചേര്‍ന്ന് കടലിലേക്കു നീണ്ടുകിടക്കുന്ന നീളന്‍പാലത്തിലൂടെ ഞങ്ങള്‍ നടന്നു.
താഴെ തീരത്തു മുതിര്‍ന്ന കുട്ടികള്‍ ഫുട്‌ബോള്‍ കളിക്കുന്നു. ചില കുട്ടികള്‍ ചൂണ്ടയിട്ടു മീന്‍പിടിക്കുന്നുമുണ്ട്. തീരത്തെ ചെറുവീടുകളുടെ മുറ്റത്തു തട്ടമിട്ടതും ഇടാത്തതുമായ സ്ത്രീകള്‍ സൊറ പറഞ്ഞിരിക്കുന്നു. ഞങ്ങളിനി അടുത്ത കാഴ്ചയിലേക്കു നീങ്ങുകയാണ്. വളക്കൂറില്ലാത്ത മണ്ണും ശുദ്ധജലത്തിന്റെ അഭാവവും നിമിത്തം വളരെ കുറഞ്ഞ എണ്ണം സസ്യങ്ങളും മരങ്ങളുമേ ലക്ഷദ്വീപില്‍ വളരുന്നുള്ളൂ. വാഴ, ചേമ്പ്, മുരിങ്ങ, കടപ്ലാവ്, പ്ലാവ്, കൈത, പുന്ന, പൂവരശ്, വേപ്പ്, ആല്‍, പുളി, മാവ്, തെങ്ങ് - തീര്‍ന്നു ലക്ഷദ്വീപിലെ വൃക്ഷക്കാഴ്ച. ലക്ഷദ്വീപില്‍ നെല്‍ക്കൃഷി അസാധ്യമാണ്. തെങ്ങാണു പ്രധാന കൃഷിയെങ്കിലും കടപ്ലാവാണ് സംസ്ഥാനമരമായി അംഗീകാരം നേടിയത്. കണ്ടല്‍ച്ചെടികളും ലഗൂണുകളില്‍ വെള്ളത്തിനടിയില്‍ വളരുന്ന ആല്‍ഗകളും കടല്‍പ്പുല്ലുകളുമൊക്കെ ലക്ഷദ്വീപിലെ സസ്യജാലത്തില്‍ ഉള്‍പ്പെടുത്താതെ വയ്യ.
പിന്നെ ഞങ്ങള്‍ ഫിഷറീസ് വകുപ്പിന്റെ സ്ഥാപനം കാണുകയായിരുന്നു. ഫിഷ് ഹാച്ചറിയുടെ പ്രവര്‍ത്തനം, വംശനാശം വരുന്ന മീനുകളുടെ സംരക്ഷണം, പുതുജനുസില്‍ കണ്ടെത്തുന്ന മത്സ്യങ്ങള്‍, ഇതരജലജീവികളുടെ സഹജീവിതം - അങ്ങനെ കാഴ്ചകള്‍ നീളുന്നു.
സന്ന്യാസിഞണ്ടുകളുടെ കാര്യം പറയാതെ വയ്യ. മറ്റു ഞണ്ടുകളെപ്പോലെയല്ല. പുറന്തോടിനു കട്ടിയില്ലാത്ത ഇവ ഒഴിഞ്ഞ ശംഖുകള്‍ക്കുള്ളിലാണു കഴിയുക. വളരുന്തോറും തങ്ങള്‍ക്കുപറ്റിയ ശംഖ് തേടിപ്പിടിച്ച് അതിനുള്ളിലാവും വാസം. വാടകവീട്ടില്‍ താമസിച്ചുകൊണ്ട് വാടകഗുണ്ടകളുമായാണു നടക്കുക. പേരില്‍ സന്ന്യാസിയുണ്ടെങ്കിലും സ്വഭാവത്തില്‍ അങ്ങനെയല്ല. തന്നെ ആക്രമിക്കാന്‍ വരുന്നവരെ തുരത്താന്‍ വിഷമുള്ളുകളുള്ള കടല്‍പ്പൂവുകള്‍ എന്ന ജീവിക്കുകൂടി സന്ന്യാസിഞണ്ട് തന്റെ വാടകപുറന്തോടിനുള്ളില്‍ താമസിക്കാനിടംകൊടുക്കുന്നു.
അഗത്തിദ്വീപില്‍ രണ്ടു ജെട്ടികളുണ്ട്. ഈസ്റ്റേണ്‍ ജെട്ടിയും വെസ്റ്റേണ്‍ ജെട്ടിയും. ഈസ്റ്റേണ്‍ ജെട്ടി കപ്പലുകള്‍ അടുക്കുന്ന വമ്പന്‍ ജെട്ടിയാണ്. വെസ്റ്റേണ്‍ ജെട്ടിയാകട്ടെ മീന്‍പിടിത്തക്കാര്‍ക്കുള്ളതാണ്. ഫിഷിങ് ബോട്ടുകള്‍ക്കുപയോഗിക്കാന്‍. ഞങ്ങള്‍ വെസ്റ്റേണ്‍ ജെട്ടിയിലേക്കാണ് ഇപ്പോള്‍ പൊയ്‌ക്കൊണ്ടിരിക്കുന്നത്.
ചൂരമത്സ്യമാര്‍ക്കറ്റാണ് സമ്പദ്‌വ്യവസ്ഥയെ നിയന്ത്രിക്കുന്ന പ്രധാന ഘടകം. ഈ മേഖലയില്‍ ധാരാളമായി കാണുന്ന മീനാണ് ചൂര. 'കടല്‍ചിക്കന്‍' എന്നുകൂടി വിളിപ്പേരുള്ള ചൂര പിടിക്കുന്നവരാണ് ദ്വീപുനിവാസികളില്‍ ഭൂരിഭാഗവും. 'മാസ്' എന്നു വിളിക്കുന്ന ഉണങ്ങിയ ചൂര ലക്ഷദ്വീപിന്റെ പ്രത്യേക ഉത്പന്നങ്ങളിലൊന്നാണ്. കടലില്‍നിന്നു പിടിക്കുന്ന ചൂരമത്സ്യം വിശേഷാല്‍രീതിയില്‍ സംസ്‌കരിച്ചാണു വില്‍ക്കുക.
ചൂര എങ്ങനെയാണു സംസ്‌കരിക്കുന്നതെന്നുകൂടി പറയാം. ചൂരമീന്‍ ക്ലീന്‍ചെയ്ത് വലിയ പാത്രങ്ങളിലാക്കി ആവശ്യാനുസരണം ഉപ്പുചേര്‍ത്തു വേവിക്കുന്നു. തുടര്‍ന്ന് അടുപ്പിനുമുകളില്‍ ക്രമീകരിച്ചിട്ടുള്ള പ്രത്യേകസംവിധാനം ഉപയോഗപ്പെടുത്തി രാത്രി മുഴുവന്‍ പുക കയറ്റുകയാണു ചെയ്യുക. പിന്നെ വെയിലത്ത് ഉണക്കിയെടുക്കുന്നു. കിലോയ്ക്ക് ശരാശരി 200 രൂപ വില വരുന്നു. ലക്ഷദ്വീപിന്റെ പ്രധാന കയറ്റുമതിയുത്പന്നമാണിത്.
ആദ്യകാലത്തു കട്ടമരം ഉപയോഗിച്ചിരുന്ന ലക്ഷദ്വീപിലെ മീന്‍പിടിത്തക്കാര്‍ ഇന്നിപ്പോള്‍ ആധുനികരീതിയിലുള്ള ബോട്ടുകളില്‍ മത്സ്യബന്ധനം നടത്തുന്നു. 38 മുതല്‍ 55 വരെ അടി നീളമുള്ള മോഡേണ്‍ ബോട്ടുകള്‍ ഉപയോഗിക്കുന്നു.
ഓരോയിനം മീന്‍ പിടിക്കുന്നതിനും ദ്വീപുനിവാസികള്‍ക്കു പ്രത്യേക രീതികളുണ്ട്. അതിനൊക്കെ പ്രത്യേക ഉപകരണങ്ങളുമുണ്ട്. വീശുവല, അടിവല, കറക്കിയിടുന്ന വല, ചാടുവാം, ചൂട്ടുകത്തിച്ചു കുത്തല്‍, അപ്പല്‍കുത്തല്‍, ചൂണ്ടയിടീല്‍ എന്നിവയാണു മത്സ്യബന്ധനരീതികള്‍. ഈ മീന്‍പിടിത്തരീതികളില്‍ ചിലതൊക്കെ ഒറ്റയ്ക്കു ചെയ്യാവുന്നവയാണ്. മറ്റു ചിലതിന് ഒന്നില്‍ക്കുടുതല്‍പേര്‍ വേണം. വീശുവല വിരിച്ചുള്ള മീന്‍പിടിത്തത്തിനു മുപ്പതോളം പേര്‍ വേണ്ടിവരും.
മീന്‍പിടിത്തക്കാര്‍ ആശ്രയിക്കുന്ന വെസ്റ്റേണ്‍ ജെട്ടിയില്‍നിന്നു പോകേണ്ട സമയമായി. മീന്‍പിടിക്കാന്‍ പോയ ചെറിയൊരു ബോട്ടു മടങ്ങുന്ന ദൂരക്കാഴ്ച. ഡീസല്‍ ഡ്രമ്മുകള്‍ ജെട്ടിയില്‍ അടുക്കിവച്ചിരിക്കുന്നു. ഞങ്ങള്‍ വാഹനത്തിലേക്കു കയറി. നിക്കര്‍ മാത്രം ധരിച്ച ഏതാനും മുക്കുവക്കുട്ടികള്‍ അങ്ങോട്ടോടി വന്നു, സഞ്ചാരികളെ കാണാന്‍. ഞങ്ങള്‍ക്കിനി സായാഹ്നം ചെലവഴിക്കേണ്ടത് ലഗൂണ്‍ ബീച്ചിലാണ്. പത്തോ പതിനഞ്ചോ മിനിട്ട് യാത്രയേയുള്ളൂ, ലഗൂണ്‍ ബീച്ചിലേക്ക്.
(തുടരും)