•  28 Nov 2024
  •  ദീപം 57
  •  നാളം 38
ലക്ഷദ്വീപ് വിശേഷങ്ങള്‍

അപ്പര്‍കുട്ടനാടുപോലെ അഗത്തി

ക്ഷദ്വീപ് വാര്‍ത്തകളില്‍ നിറഞ്ഞുനില്ക്കുകയാണ്. ജനവാസമുള്ള പത്തു ദ്വീപുകളിലും നടന്ന 12 മണിക്കൂര്‍ നിരാഹാരസമരത്തില്‍ ആയിരങ്ങള്‍ പങ്കെടുത്തതായി വാര്‍ത്ത കണ്ടു. ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററുടെ തുഗ്ലക് പരിഷ്‌കാരങ്ങള്‍ക്കെതിരേയാണത്. അഗത്തിയില്‍ സേവ് ലക്ഷദ്വീപ് പോസ്റ്ററുകളുമായി കടലിനടിയില്‍ സേവ് ലക്ഷദ്വീപ്  ഫോറത്തിന്റെ പ്രവര്‍ത്തകര്‍ തികച്ചും വ്യത്യസ്തമായ പ്രതിഷേധം നടത്തിയതും ശ്രദ്ധേയമായി. ടൂറിസത്തിന്റെ പേരിലായാലും വികസനത്തിന്റെ പേരിലായാലും രാഷ്ട്രീയത്തിന്റെ പേരിലായാലും ലക്ഷദ്വീപ് ഇന്നിപ്പോള്‍ സമരമുഖത്താണ്.  ഇന്ത്യയുടെ കേന്ദ്രഭരണപ്രദേശങ്ങളില്‍ ഏറ്റവും ചെറുതാണ് ലക്ഷദ്വീപ്.
ഇന്നത്തെപ്പോലെ സമരത്തിന്റെയും കൊറോണവൈറസിന്റെയും ഭൂമികയായിരുന്നില്ല ഞങ്ങള്‍ പോയപ്പോള്‍ ലക്ഷദ്വീപിന്റേത്. തികച്ചും സ്വച്ഛമായിരുന്നു ആ പ്രകൃതി. കൊറോണവൈറസ് ലോകത്ത് പൊട്ടിപ്പടരുന്നതിന്റെ തൊട്ടുമുമ്പുള്ള സമയം. 2019 മാര്‍ച്ച് പത്തിനായിരുന്നു ഞങ്ങളുടെ ലക്ഷദ്വീപ് യാത്ര. ബാങ്കില്‍നിന്നും മറ്റു സര്‍വീസുകളില്‍നിന്നും റിട്ടയര്‍ ചെയ്ത 17 പേരടങ്ങുന്ന സംഘം. കൊച്ചി വിമാനത്താവളത്തില്‍നിന്ന് 8.10 നായിരുന്നു ലക്ഷദ്വീപിനുള്ള എയര്‍  ഇന്ത്യ ഫ്‌ളൈറ്റ്. രാവിലെ ആറു മണിക്കു നെടുമ്പാശേരിയില്‍ എത്തേണ്ടിയിരുന്നു. ദിവസേന അങ്ങോട്ടും ഇങ്ങോട്ടും ഒരു ഫ്‌ളൈറ്റ് സര്‍വ്വീസേയുള്ളൂ. ബാംഗ്ലൂരില്‍നിന്നു ചാര്‍ട്ട് ചെയ്യുന്ന ഫ്‌ളൈറ്റ് കൊച്ചി വഴി ലക്ഷദ്വീപിലേക്കു പോകുന്നു. ഇതരസംസ്ഥാനയാത്രികരെക്കൂടി പരിഗണിച്ചാണത്. കൃത്യസമയത്തുതന്നെ നെടുമ്പാശേരി വിമാനത്താവളത്തില്‍നിന്നു ഞങ്ങള്‍ കയറിയ എയര്‍ഇന്ത്യാ വിമാനം ടേക് ഓഫ് ചെയ്തു. ആയിടയ്ക്കു വണ്‍സൈഡ് യാത്രയ്ക്കുള്ള ഫ്‌ളൈറ്റ് ടിക്കറ്റ് നിരക്ക് ആറായിരത്തില്‍ത്താഴെ രൂപയായിരുന്നു.
ഒരു മാസംമുമ്പേ ഞങ്ങള്‍ യാത്രയ്ക്കുള്ള മുന്നൊരുക്കം തുടങ്ങിയിരുന്നു. ലക്ഷദ്വീപ് ഇന്ത്യയുടെ ഭാഗമായതിനാല്‍ അവിടെപ്പോകുന്നതിനു പാസ്‌പോര്‍ട്ടോ വിസയോ ആവശ്യമില്ല. ലക്ഷദ്വീപുയാത്ര ചെയ്യാനുദ്ദേശിക്കുന്ന ആളിന്റെ പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് (പി.സി.സി.) വേണം. കൊച്ചി ഐലന്റിലുള്ള ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററുടെ അനുമതിയും വേണം. അനുമതി ലഭിക്കണമെങ്കില്‍ ലക്ഷദ്വീപില്‍ ഒരു സ്‌പോണ്‍സര്‍ ഉണ്ടാവണം. ഇന്ത്യയുടെ കേന്ദ്രഭരണപ്രദേശങ്ങളിലൊക്കെ യാത്ര ചെയ്യാനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ മിക്കവാറും ഇതൊക്കെത്തന്നെയാണ്. ഞാന്‍ പോലീസ് സ്റ്റേഷനില്‍ അപേക്ഷ നല്‍കി പിറ്റേന്നുതന്നെ എനിക്കു പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചു. ഇപ്പോള്‍ ഓണ്‍ലൈന്‍ സിസ്റ്റമുള്ളതിനാല്‍ പോലീസുകാര്‍ക്ക് അപേക്ഷകന്റെ പേരില്‍ കേസെന്തെിങ്കിലുമുണ്ടോ എന്നറിയാല്‍ എളുപ്പത്തില്‍ സാധിക്കുന്നു.
ഞങ്ങളുടെ യാത്രയുടെ കാര്യങ്ങളൊക്കെ നിയന്ത്രിച്ചിരുന്നത് പാലക്കാട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ത്രിവേണി ടൂര്‍സ് ആന്‍ഡ് ട്രാവല്‍സായിരുന്നു. അതിന്റെ പ്രൊപ്രൈറ്റര്‍ മുരളീധരനു പിസിസി യുടെയും ആധാറിന്റെയും കോപ്പി അയച്ചുകൊടുത്തിരുന്നു. യാത്രയ്ക്കുള്ള സമയമായപ്പോള്‍ കൊറോണ വൈറസിന്റെ പ്രതിസന്ധി ഡമോക്ലീസിന്റെ വാളുപോലെ തലയ്ക്കുമീതെ തൂങ്ങിക്കിടന്നു. ഇന്ത്യയില്‍  വൈറസ്  താണ്ഡവം തുടങ്ങിയിട്ടില്ലാത്ത സാഹചര്യത്തില്‍ ഞങ്ങളുടെ യാത്രയ്ക്കു തടസ്സമുണ്ടായില്ലെന്നു മാത്രം.
എഴുപതോളം പേര്‍ക്കു യാത്ര ചെയ്യാവുന്ന ചെറിയ വിമാനം അറബിക്കടലിനു മീതേ പറക്കുകയായിരുന്നു. ഒരു മണിക്കൂര്‍ ഫ്‌ളൈറ്റ് ടൈം. ഒന്‍പതേകാലായപ്പോള്‍ ലക്ഷദ്വീപിന്റെ എയര്‍പോര്‍ട്ടില്‍ ചെറിയൊരു കുലുക്കത്തോടെ  വിമാനം ലാന്‍ഡു ചെയ്തു. അഗത്തിദ്വീപിലുള്ള എയര്‍പോര്‍ട്ടിന് ഒരു സവിശേഷതകൂടിയുണ്ട്, മൂന്നുവശവും കടലാല്‍ ചുറ്റപ്പെട്ടു കിടക്കുന്നു. ലക്ഷദ്വീപില്‍ ഈ ദ്വീപില്‍ മാത്രമേ  വിമാനത്താവളമുള്ളൂ.
എയര്‍പോര്‍ട്ട് അതോറിട്ടിയുടെ കാര്യാലയം ചെറിയൊരു ബില്‍ഡിങ്ങാണ്. ടെമ്പറേച്ചര്‍ ടെസ്റ്റു ചെയ്തു യാത്രികരെ അങ്ങോട്ടു പ്രവേശിപ്പിക്കും. പിന്നെ ആധാര്‍കാര്‍ഡും ട്രാവല്‍ പെര്‍മിറ്റും പരിശോധനയും. എല്ലാവരുടെയും പരിശോധനയും വിമാനത്തില്‍നിന്നു ലഗേജ് കിട്ടാനുള്ള താമസവും കൂടിയായപ്പോള്‍ ഒരു മണിക്കൂര്‍ കഴിഞ്ഞു. ഒരു കിലോമീറ്റര്‍ ദൂരെയാണ് താമസത്തിന് ഏര്‍പ്പാടു ചെയ്തിരിക്കുന്ന റിസോര്‍ട്ട്.
നേര്‍രേഖയില്‍ നീണ്ടുപോകുന്ന വീതികുറഞ്ഞ ടാര്‍ റോഡ്. ഇരുവശങ്ങളിലും തെങ്ങുകള്‍. ഒതളവും മറ്റു ചെടികളും തലനീട്ടി നില്‍ക്കുന്നു. പഞ്ചസാരമണലുള്ള അപ്പര്‍ കുട്ടനാടിന്റെ പ്രകൃതി. അഗത്തി ദ്വീപിനു കഷ്ടിച്ച് ഒന്‍പതു കിലോമീറ്റര്‍ നീളമാണുള്ളത്. വീതിയാകട്ടെ ശരാശരി ഒരു കിലോമീറ്ററും. ചിലയിടത്തു നാലു കിലോമീറ്റര്‍ നീളമുണ്ടെങ്കില്‍ മറ്റിടങ്ങളില്‍ ഒന്നോ ഒന്നരയോ കിലോമീറ്ററാവും വീതി. എയര്‍പോര്‍ട്ടിന്റെ ഭാഗത്ത് അറുപതു മീറ്റര്‍ മാത്രം കരഭൂമിയുടെ വീതി.
പത്തരയോടെ ഞങ്ങള്‍ പതിനേഴംഗസംഘം റിസോര്‍ട്ടിലെത്തി. ഇനി അവിടെ താമസിച്ചുകൊണ്ടുവേണം ലക്ഷദ്വീപ് നേര്‍ക്കാഴ്ചകളിലേക്കു പോകാന്‍. കടലോളങ്ങളുടെ ശബ്ദം കാതിലിരമ്പി. കടല്‍ക്കാറ്റ് ഒരസുലഭ ബീച്ച് ഫാന്‍ ആയി മാറുന്ന അനുഭൂതി!
(തുടരും)

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)