ലക്ഷദ്വീപിലെ റിസോര്‍ട്ടിലെത്തിയ ഞങ്ങളെ ഇളനീര്‍ നല്കി സ്വീകരിച്ചു. റിസോര്‍ട്ടിന്റെ അങ്കണത്തോടു ചേര്‍ന്നുകിടക്കുന്ന കടലിലായിരുന്നു ഞങ്ങളുടെ കണ്ണുകള്‍. പതിനേഴംഗസംഘത്തില്‍ രണ്ടുപേരൊഴിച്ചുള്ളവര്‍ മുതിര്‍ന്ന പൗരന്മാര്‍, ഏഴു സ്ത്രീകളുള്‍പ്പെടെ.
ഒറ്റമുറി കോണ്‍ക്രീറ്റ്‌കോട്ടേജുകളുടെ നിര. ബാത്അറ്റാച്ച്ഡ്. ഒരു കോട്ടേജില്‍ രണ്ടുപേര്‍ വീതം താമസം. ഞാനുള്‍പ്പെടെ ചിലര്‍ കടലില്‍ കുളിച്ചു. തീരത്തു ചിലയിടങ്ങളില്‍ കടലാക്രമണം തടയാനായി തടയണയായി കരിങ്കല്ലുകള്‍ നിരത്തിയിട്ടിരിക്കുന്നു.
കടല്‍ ഏതാണ്ടു ശാന്തം. ലക്ഷദ്വീപ് ആകെക്കൂടി 32 ചതുരശ്രകിലോമീറ്റര്‍ ചുറ്റളവുള്ള, മനോഹരപ്രകൃതിയോടുകൂടിയ കരഭൂമിയാണെങ്കിലും ലക്ഷദ്വീപിന്റെ കടലിനാണ് കരയെക്കാള്‍ പതിന്മടങ്ങ് ഭംഗി! ആഴംകുറഞ്ഞ കടലില്‍ മിക്കയിടത്തും തെളിഞ്ഞ വെള്ളത്തിനടിയില്‍ സമുദ്രമൊരുക്കുന്ന പവിഴപ്പുറ്റുകളും പകിട്ടാര്‍ന്ന കടല്‍ച്ചെടികളും ചേര്‍ന്നൊരുക്കുന്ന പൂവാടി!...
ലക്ഷം ദ്വീപുകളില്ലാത്ത ലക്ഷദ്വീപ്. ഇന്ത്യയുടെ തെക്കുപടിഞ്ഞാറായി കിടക്കുന്ന മാലിദ്വീപുസമൂഹത്തെയും ലക്ഷദ്വീപ് സമൂഹത്തെയും ഒരുമിച്ചുചേര്‍ത്തു ലക്ഷം ദ്വീപുണ്ടെന്ന വിശ്വാസത്തിലെടുത്തു പ്രാചീനസഞ്ചാരികള്‍ കൊടുത്ത വിളിപ്പേരാണ് ലക്ഷദ്വീപെന്നൊരു ഐതിഹ്യമുണ്ട്.
മുപ്പത്താറു ദ്വീപുകളുണ്ടെങ്കിലും പത്തെണ്ണത്തില്‍മാത്രമേ ആള്‍ത്താമസമുള്ളൂ. കവരത്തി, അഗത്തി, അമിനി, കടമത്ത്, കില്‍ത്തന്‍, ചെത്‌ലത്, ബിത്ര, കല്‍പേനി, ആന്ത്രോത്ത്, മിനിക്കോയ് എന്നിങ്ങനെ ആ പത്തു ദ്വീപുകള്‍. ബിത്ര ദ്വീപാണ് ഇവയില്‍ ഏറ്റവും ചെറുത്. നാനൂറില്‍ത്താഴെയാണ് അവിടത്തെ സ്ഥിരതാമസക്കാര്‍. വീതികുറഞ്ഞ് നീളത്തിലാണ് ഒട്ടുമിക്ക ദ്വീപുകളുടെയും കിടപ്പ്. ഏറ്റവും ഉയരമുള്ള ഭാഗത്തിനു സമുദ്രനിരപ്പില്‍നിന്ന് 30 അടിവരെ മാത്രമേ ഉയരംകാണൂ. ഏറ്റവും വലിപ്പമുള്ളത് ആന്ത്രോത്ത് ദ്വീപിനാണ്. ഏതാണ്ട് അഞ്ചു ചതുരശ്ര കിലോമീറ്റര്‍ മാത്രമാണ് അതിന്റെ വിസ്തീര്‍ണം.
രണ്ടു വാഹനങ്ങളിലായി ഞങ്ങള്‍ അഗത്തിദ്വീപിലെ പോലീസ് സ്റ്റേഷനിലെത്തി. അവിടെ കൊടുക്കേണ്ട പേപ്പറുകള്‍ നേരത്തേ എത്തിച്ചു, ക്രമീകരണം നടത്തിയിരുന്നു. ഓരോരുത്തരായി അവിടുത്തെ രജിസ്റ്ററില്‍ ഒപ്പിട്ടു മടങ്ങി. അപ്പോഴേക്കും ഉച്ചവെയില്‍ നെറുകയിലെത്തി. ഇനി ഉച്ചഭക്ഷണം കഴിച്ചിട്ട് അഗത്തി ദ്വീപിലൂടെ സവാരി.
ലക്ഷദ്വീപിലെ ജനസംഖ്യ 2011 സെന്‍സസ് പ്രകാരം 64,429 ആണ്. ജനസാന്ദ്രത ച. കിലോമീറ്ററില്‍ 2013. ഭരണകേന്ദ്രവും തലസ്ഥാനവും കവരത്തി. താപനില കൂടിയത് 32 ഡിഗ്രി സെല്‍ഷ്യസ്. കുറഞ്ഞത് 28 ഡിഗ്രി സെല്‍ഷ്യസും. ലക്ഷദ്വീപുകളിലെ 90 ശതമാനം പേരും പരമ്പരാഗതമായി അവിടെത്തന്നെ താമസിച്ചുവരുന്നവരാണ്. ബഹുഭൂരിപക്ഷം ആള്‍ക്കാരും മുസ്ലീംമതവിഭാഗത്തില്‍പ്പെട്ടവരാണ്. മലയാളമാണ് സംസാരഭാഷ. മിനിക്കോയി ദ്വീപില്‍ മാത്രം മഹല്‍ എന്ന ഭാഷയാണ് സംസാരിക്കുക. മാലിദ്വീപിന്റെ സംസാരഭാഷയാണത്. മിനിക്കോയ് ദ്വീപ് മാലിദ്വീപിനോടടുത്തുകിടക്കുന്നതിനാലാണ് മഹില്‍ഭാഷ അവിടെ കുടിയേറിയത്.
പട്ടിണിയില്ലാത്ത, യാചകരില്ലാത്ത സമാധാനപ്രേമികളായ പാവപ്പെട്ട ജനങ്ങളുടെ ഭൂമിക! ഒറ്റനോട്ടത്തില്‍ ലക്ഷദ്വീപിന്റെ മുഖം അതാണ്. കടല്‍ വേര്‍തിരിക്കുന്നുവെങ്കിലും കേരളീയരുടെ അയല്‍ക്കാരാണ് ലക്ഷദ്വീപുകാര്‍. കേരളത്തില്‍നിന്നു കുടിയേറിപ്പാര്‍ത്ത മലയാളം സംസാരിക്കുന്ന സഹോദരങ്ങള്‍.
കടല്‍ത്തീരത്തു ക്രമീകരിച്ച പ്ലാസ്റ്റിക് ഡൈനിങ് ടേബിളുകള്‍, കസേരകള്‍. അങ്ങോട്ട് റിസോര്‍ട്ട് കിച്ചണില്‍നിന്നു ഭക്ഷണമെത്തി. വെള്ളച്ചോറും മീന്‍കറിയും മീന്‍വറുത്തതുമൊക്കെയുണ്ട്. വെജ് വേണ്ടവര്‍ക്ക് അതും. മീന്‍ ടൂണ. കേരയുടെയും ചൂരയുടെയും വര്‍ഗത്തില്‍പ്പെടുന്ന മേല്‍ത്തരം ടൂണയുടെ നാടുകൂടിയാണ് ലക്ഷദ്വീപ്. കറികള്‍ക്കു മലബാറിച്ചുവയുള്ളതുപോലെ.
ഭക്ഷണവും അല്പം വിശ്രമവും കഴിഞ്ഞ് യാത്രാസംഘം രണ്ടു വാഹനങ്ങളിലായി പുറപ്പെട്ടു. അഗത്തിദ്വീപ് വിസ്തരിച്ചൊന്നു കാണാന്‍.
(തുടരും)