ലക്ഷദ്വീപിന്റെ കവാടം എന്നു വിളിക്കുന്ന അഗത്തിദ്വീപിലെ ഒട്ടേറെ കാഴ്ചകള്‍ക്കുശേഷം ഞങ്ങള്‍ എത്തിനില്‍ക്കുന്നത് ലഗൂണ്‍ ബീച്ചിലാണ്, ഇവിടത്തെ ആദ്യസായാഹ്നം ചെലവഴിക്കാന്‍. ലക്ഷദ്വീപസമൂഹത്തില്‍ ഏറ്റവും പടിഞ്ഞാറേയറ്റത്തുള്ള അഗത്തിദ്വീപിലെ ചന്തമാര്‍ന്ന ബീച്ചാണിത്.
ഞങ്ങള്‍ ലഗൂണ്‍ ബീച്ചിലെത്തിയപ്പോള്‍ ആറു മണിയായി. ഏതാനും ടൂറിസ്റ്റുകളും ദ്വീപുനിവാസികളും അവിടെ സായന്തനസല്ലാപത്തിലാണ്. ലഗൂണ്‍ ബീച്ച് പ്രകൃത്യാ നയനമനോഹരമാണെങ്കിലും ടൂറിസത്തിന്റെ കേമത്തങ്ങളൊന്നും അവിടെ കാണാനില്ല. രണ്ടുമൂന്നു ബീച്ച് കുടകളും ബെഞ്ചുകളും മാത്രം. ജൂസും സ്‌നാക്‌സും വില്ക്കുന്ന ചെറുകടകളും ചെറിയ സുവനീര്‍ഷോപ്പുകളും, തീര്‍ന്നു. അവിടെ വികസനം കൊണ്ടുവരേണ്ടതുണ്ട്. ലഗൂണ്‍ ബീച്ചിനെ കൈപിടിച്ചുയര്‍ത്തേണ്ടതുണ്ട്. അവിടെ നിന്നാല്‍ ബംഗാരംദ്വീപ് പൊട്ടുപോലെ കാണാം. ദൂരെ ഫിഷിങ് ബോട്ടുകള്‍ ഓളത്തില്‍ ചാഞ്ചാടുന്നതു കാണാം.
ലഗൂണ്‍ ബീച്ച് സണ്‍സെറ്റ് ചേതോഹരമാണ്. സൂര്യന്‍ സ്വര്‍ണത്തളികയായി സുവര്‍ണശോഭയില്‍ ബീച്ചിലേക്കിറങ്ങി വരുന്ന ദൃശ്യം. ടൂറിസ്റ്റുകളും അതിഥികളും ആ അസുലഭമായ കാഴ്ചയില്‍ മതിമറന്നുനില്ക്കുന്നു. ഇളംകാറ്റിന്റെ ശീല്‍ക്കാരമുണ്ട്, കടലോളങ്ങളുടെ പ്രകൃതിയൊരുക്കുന്ന സംഗീതമുണ്ട്.
ലക്ഷദ്വീപുകളുടെ 4200 ച.കിലോമീറ്റര്‍ ഭാഗവും ലഗൂണുകളാണ്. പ്രധാനമായും മൂന്നു തരത്തിലുള്ള ദ്വീപുകളാണ് ലക്ഷദ്വീപ് സമൂഹത്തിലുള്ളത്. ആഴം കുറഞ്ഞ തീരക്കടലായ ലഗൂണ്‍ കൊണ്ടു ചുറ്റപ്പെട്ട അറ്റോള്‍, കടല്‍നിരപ്പിനു മുകളിലേക്കുയര്‍ന്നുനില്ക്കുന്ന പാറക്കൂട്ടമോ മണല്‍ത്തിട്ടയോ ആയിത്തീര്‍ന്ന റീഫ്, കടലിനു മുകളിലേക്ക് ഉയര്‍ന്നുനില്ക്കുന്ന കടലിനടിയിലെ മലനിരകളുടെ ഭാഗങ്ങള്‍ എന്നിവ. അറ്റോള്‍വിഭാഗത്തില്‍പ്പെട്ട ദ്വീപുകളാണ് മനുഷ്യവാസത്തിനു ചേര്‍ന്നത്.
ലക്ഷക്കണക്കിനു സൂക്ഷ്മജീവികളുടെ ആവാസവ്യവസ്ഥയായ പവിഴപ്പുറ്റുകളെ കടലിലെ മഴക്കാടുകള്‍ എന്നു വിളിക്കാറുണ്ട്. കാല്‍സ്യം കാര്‍ബണേറ്റാണ് പവിഴപ്പുറ്റുകളില്‍ മുഖ്യമായും അടങ്ങിയിരിക്കുന്നത്. അറബിക്കടല്‍കൂടാതെ പശ്ചിമ അറ്റ്‌ലാന്റിക് സമുദ്രം, ശാന്തസമുദ്രം, ഇന്ത്യന്‍ മഹാസമുദ്രം എന്നിവിടങ്ങളിലും പവിഴപ്പുറ്റുകള്‍ ധാരാളമായുണ്ട്. കടല്‍ജീവികളില്‍ നാലിലൊന്നു വിഭാഗവും പവിഴപ്പുറ്റുകളെയാണ് വീടും നാടുമാക്കി മാറ്റുന്നത്.
ലക്ഷദ്വീപുകാര്‍ ലഗൂണുകളെ 'ബില്ലം' എന്നാണു വിളിക്കുക. വിനോദസഞ്ചാരികളുടെ പ്രിയപ്പെട്ട ഇടങ്ങളാണ് ബില്ലങ്ങള്‍. നിരവധി സമുദ്രജീവികളുടെ ആവാസകേന്ദ്രമായ ലഗൂണുകള്‍ കാഴ്ചകളുടെ സ്വപ്നലോകംതന്നെ. ആഴം കുറവായതിനാല്‍ നീന്താനും ഇതര ജലവിനോദോപാധികള്‍ക്കും അനുയോജ്യം. ലക്ഷദ്വീപസമൂഹത്തില്‍ ഉള്‍പ്പെടുന്ന ചെത്‌ലത്ത്, കില്‍ത്തന്‍, അമിനി, കടമത്ത് എന്നീ ദ്വീപുകളിലെ ലഗുണുകള്‍ക്ക് ശരാശരി രണ്ടരമീറ്റര്‍ ആഴം മാത്രം.
ലഗൂണുകളോടുകൂടിയ ലക്ഷദ്വീപുകളുടെ ചുറ്റും തിരമാലകള്‍ പതഞ്ഞുപൊങ്ങുമ്പോള്‍ ദ്വീപുകള്‍ ഒരു മോതിരത്തിന്റെ ആകൃതിയാര്‍ജിക്കുന്നു. ആകാശക്കാഴ്ചയില്‍ കടലില്‍ ഒരു മോതിരവളയം! ദ്വീപിനെ മോതിരം ചാര്‍ത്തുന്ന ഈ തിരമാലക്കാഴ്ചയെ ''ഫൊട്ടല്‍'' എന്നാണ് ഇന്നാട്ടുകാര്‍ വിളിക്കുക. അറ്റോള്‍ ഇനത്തില്‍പ്പെട്ട ദ്വീപുകളുടെ സവിശേഷതയാണീ മോതിരച്ചന്തം! തിരമാലകള്‍ ഒഴിഞ്ഞുമാറി ശാന്തമായ കടല്‍പ്രദേശമായ ലഗൂണുകളാണ് ദ്വീപുകള്‍ക്കു മോതിരമണിയിക്കുന്നത്. ദ്വീപില്‍നിന്നു കടലിലേക്കു കിലോമീറ്ററുകളോളം ദൂരത്തില്‍ അടിത്തട്ടു കണ്ണാടിപോലെ തെളിഞ്ഞുകാണുന്ന മായാലോകം!
വാസ്തവത്തിനുമുന്നില്‍ മുഖംതിരിച്ചിട്ടു കാര്യമില്ല. ലഗൂണ്‍ബീച്ച് അഗത്തിദ്വീപിലെ ഏറ്റം നല്ല ബീച്ച്. നല്ല പേര്. പ്രകൃതിദത്തമാണിത്. പക്ഷേ, നല്ലൊരു ഉയര്‍ന്ന ടൂറിസം കാഴ്ചപ്പാട് ഇനിയും വരേണ്ടിയിരിക്കുന്നു. അതിനു കേന്ദ്രഗവണ്‍മെന്റ് മുന്‍കൈയെടുക്കണം. ഇത് ലോകോത്തര ബീച്ചുകളുടെ നിലവാരത്തിലേക്കുയരട്ടെ എന്നു പ്രാര്‍ത്ഥിക്കുന്നു.
അഗത്തിദ്വീപിലെ ബാലന്മാര്‍ കടല്‍ത്തീരത്ത് അവരുടേതായ കളികളിലാണ്. തീരത്തെ കുടിലുകള്‍ക്കുമുമ്പില്‍ സ്ത്രീകളുടെ സൊറപറച്ചില്‍. ചായയും തണ്ണിമത്തന്‍ ജൂസുമൊക്കെ സംഘാംഗങ്ങളില്‍ ചിലര്‍ ബീച്ച് സ്റ്റാളുകളില്‍നിന്നും വാങ്ങുന്നുണ്ടായിരുന്നു.
മണി ഏഴു കഴിഞ്ഞു. ഇരുള്‍ അഗത്തിദ്വീപിനെ മൂടുകയാണ്. ഞങ്ങള്‍ക്കു താമസസ്ഥലത്തേക്കു മടങ്ങാനുള്ള നേരമായി. കുളിയും റിസോര്‍ട്ടിലെ ഡിന്നറുമൊക്കെ ബാക്കി. വെള്ളച്ചോറും ചപ്പാത്തിയും ചിക്കന്‍കറിയും ടൂണ ഫ്രൈയുമൊക്കെ വിഭവങ്ങള്‍. ഇവിടെയും ടേബിള്‍ഫ്രൂട്‌സ് വാട്ടര്‍മെലന്‍തന്നെ. ചുവന്ന തണ്ണിമത്തന്‍കഷണങ്ങളില്‍ സ്റ്റീല്‍ ഫോര്‍ക്കുകള്‍ കുത്തിനില്ക്കുന്നു. റിസോര്‍ട്ടിലെ റാന്തല്‍വിളക്കുകളുടെ വെളിച്ചത്തില്‍ ഞങ്ങള്‍ ബീച്ച് ഡിന്നര്‍ കഴിച്ചുകൊണ്ടിരുന്നു.
(തുടരും)