•  2 May 2024
  •  ദീപം 57
  •  നാളം 8
ലക്ഷദ്വീപ് വിശേഷങ്ങള്‍

വര്‍ണക്കാഴ്ചകളൊരുക്കി കടമത്ത് - കല്‍പ്പേനി ദ്വീപുകള്‍

തിണ്ണക്കരദ്വീപില്‍നിന്ന് അഗത്തിദ്വീപിലേക്കുള്ള മടക്കയാത്രയില്‍ പവിഴപ്പുറ്റുകളുടെ പറുദീസ കണ്ട് ഞങ്ങള്‍ വിസ്മയഭരിതരായി. കണ്ണാടിപോലെ തെളിഞ്ഞ ജലം. ചാഞ്ചാടുന്ന പവിഴപ്പുറ്റുകള്‍. അതിനുള്ളില്‍ നീന്തിനടക്കുന്ന മീനുകള്‍. ബോട്ട് നങ്കൂരമിട്ടിരിക്കുന്ന കടല്‍ഭാഗത്തു കഷ്ടിച്ച് ഒരാള്‍ ആഴമേയുള്ളൂ. കടലിന്റെ  അടിത്തട്ട് നന്നായി കാണാം.
ഓക്‌സിജന്‍ മാസ്‌കും ലൈഫ് ജാക്കറ്റും ധരിച്ചു കടലിലിറങ്ങാം. കടലില്‍ മുങ്ങിത്താണു കാഴ്ചകള്‍ കാണാം. റിസോര്‍ട്ട് ഏര്‍പ്പാടാക്കിയ ഗാര്‍ഡും വോളന്റിയേഴ്‌സും സദാ സഹായത്തിനുണ്ട്.  ബോട്ടിന്റെ സൈഡില്‍ പിടിപ്പിച്ച ചെറുലാഡര്‍വഴി താത്പര്യമുള്ളവര്‍ കടലിലേക്കിറങ്ങി. സ്ത്രീകളടക്കം ചിലര്‍ ആ ജലവിനോദം വേണ്ടെന്നുവച്ചു. ഭയമായിരുന്നു മുന്നില്‍. കടലിലിറങ്ങാത്തവര്‍ക്ക് ബോട്ടിന്റെ ബോട്ടംഗ്ലാസിലൂടെ കടലിനടിയിലെ കാണാക്കാഴ്ചകള്‍ യഥേഷ്ടം കാണാനുള്ള സൗകര്യം വേറേയുണ്ടായിരുന്നു.
ഏതാണ്ട് നൂറു മീറ്ററകലെയായി ഒരു ഫൈബര്‍ ബോട്ടില്‍ കൊച്ചുകുട്ടികളടക്കം സായ്പിന്റെ കുടുംബം ഈസിയായി ജലക്രീഡകളില്‍ ഏര്‍പ്പെട്ടുകൊണ്ടിരിക്കുന്നതു കാണാമായിരുന്നു. ഞങ്ങള്‍ ജലക്രീഡകള്‍ മതിയാക്കി യാത്ര തുടര്‍ന്നപ്പോള്‍ മറ്റൊരു ദുരന്തക്കാഴ്ച! പണ്ടെങ്ങോ മുങ്ങിപ്പോയ കപ്പലിന്റെ അവശിഷ്ടങ്ങള്‍ - കപ്പലിന്റെ അസ്ഥികൂടം - കടലിനുള്ളില്‍ താണുകിടക്കുന്നു. ആ അസ്ഥികൂടത്തിനുള്ളില്‍ മീനുകളും മറ്റു ജലജീവികളും നിര്‍ബാധം തുള്ളിച്ചാടി നടക്കുന്നു, കൂട്ടുകൂടിയും കൂടൊരുക്കിയും.
ഇനി കടമത്ത് - കല്‍പ്പേനി ദ്വീപുകളുടെ കാഴ്ചകളിലേക്കാണു യാത്ര. ടൂര്‍ പാക്കേജുപ്രകാരം രണ്ടു ദ്വീപുകളിലേക്കും പ്രവേശനമില്ല. തീരമടിപ്പിച്ചുള്ള കാഴ്ച മാത്രം. ലക്ഷദ്വീപസമൂഹത്തിലെ ഏറ്റവും നീളമുള്ളതും വീതി കുറഞ്ഞതുമായ ദ്വീപാണ് കടമത്ത്. 11 കി.മീ. നീളവും അരക്കിലോമീറ്റര്‍ വീതിയുമേയുള്ളൂ. വിസ്തൃതി 3.30 ച. കിലോമീറ്റര്‍. 37 ച. കിലോമീറ്ററോളം ലഗൂണ്‍ ഉണ്ട്. മനോഹരമായ ലഗൂണ്‍ ദ്വീപാണിത്. സണ്‍ബാത്തിന്റെ നീണ്ട ബീച്ചുകളുണ്ട്. ടൂറിസ്റ്റുകള്‍ക്കു താമസിക്കാന്‍ തെങ്ങോല മേഞ്ഞ കുടിലുകള്‍ കാണാം. കടമത്തു ദ്വീപില്‍ ഒരു കുഷ്ഠരോഗാശുപത്രി പ്രവര്‍ത്തിക്കുന്നുണ്ട്. കടമത്തു ദ്വീപിലെ ചുണ്ണാമ്പുകല്ലുകള്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്കു ധാരാളം ഉപയോഗിക്കുന്നു. 2001 ലെ ജനസംഖ്യപ്രകാരം ഇവിടെ 5319 പേരാണ് താമസക്കാര്‍. മലബാര്‍തീരത്തുനിന്നുള്ള അകലം 407 കി.മീറ്ററാണ്. സാക്ഷരത 90.40 ശതമാനം.
വിനോദസഞ്ചാരത്തിനു പ്രാധാന്യമുള്ള മറ്റൊരു ദ്വീപാണ് കല്‍പ്പേനി. ആന്ത്രോത്തില്‍നിന്ന് 63 കിലോമീറ്റര്‍ അകലെയായി സ്ഥിതിചെയ്യുന്നു. ജനസംഖ്യ 4319. വിസ്തൃതി 2.79 ച.കി.മീറ്റര്‍. സാക്ഷരത 84.72 ശതമാനം. വൈവിധ്യമാര്‍ന്ന ജീവജാലങ്ങള്‍ കല്‍പ്പേനിക്കു സ്വന്തം. സ്വര്‍ണനിറമാര്‍ന്ന മണല്‍പ്പരപ്പും സ്ഫടികംപോലെ തെളിഞ്ഞ വെള്ളവും കല്‍പ്പേനിയെ വിനോദസഞ്ചാരികളുടെ സ്വര്‍ഗമാക്കുന്നു. 30 കി. മീറ്ററിലധികമാണ് ലഗൂണ്‍ സമ്പത്ത്. തനതായ സാമൂഹികസാംസ്‌കാരികസവിശേഷതകളുള്ള ജനങ്ങളാണ് കല്‍പ്പേനിക്കാര്‍. സര്യോംഗ് എന്നു പേരുള്ള മനോഹരമായ പാവാട ധരിച്ചവരാണ് കല്‍പ്പേനി സ്ത്രീകള്‍. പരിചമുട്ടുകളി, കോല്‍ക്കളി തുടങ്ങിയവയിലൊക്കെ വിദഗ്ധരുമാണ്. ആന്ത്രോത്ത്, മിനിക്കോയ് ദ്വീപുകള്‍ക്കു മധ്യത്തിലാണ് കല്‍പ്പേനിയുടെ സ്ഥാനം.
കടലാമകളുടെ കടമത്ത്
 ലക്ഷദ്വീപുകളില്‍ ധാരാളമായി കാണപ്പെടുന്ന ഒരു ജീവിയാണ് കടലാമ. കടമത്തു ദ്വീപിലാണ് ഇവയെ അധികമായി കാണുക. കടലാമയെന്നാണ് പേരെങ്കിലും ഇവ കരയില്‍വന്നാണു മുട്ടയിടുക. പെണ്ണാമകള്‍ കൂട്ടമായി കടല്‍ത്തീരത്തെത്തുന്നു. പിന്നെ കുഴികുത്തി മുട്ടയിട്ട് കടലിലേക്കുതന്നെ തിരിച്ചു യാത്രയാകുന്നു. മുട്ട വിരിയുന്ന കടലാമക്കുഞ്ഞുങ്ങള്‍ തനിയേ കടലിലേക്കു നീങ്ങിപ്പോകുന്നു. ചിലപ്പോള്‍ അത്തരം ചെറു ആമക്കുഞ്ഞുങ്ങള്‍ ഒറ്റയായോ കൂട്ടമായോ കടല്‍ത്തീരം തേടി നീങ്ങിപ്പോയി കടലില്‍ചെന്നു മുങ്ങിപ്പോകുന്ന കാഴ്ച രസകരമായിരിക്കും.
പറക്കുംമത്സ്യം
കടല്‍യാത്രയ്ക്കിടയില്‍ മറ്റൊരു രസകരമായ കാഴ്ച! വായുവില്‍ പറക്കുന്ന മീന്‍! വെള്ളത്തിലെ ശത്രുക്കളില്‍നിന്നു രക്ഷപ്പെടാന്‍ വായുവില്‍ പറക്കുന്ന പറക്കുംമത്സ്യങ്ങള്‍! ഇത്തരം അപൂര്‍വയിനം മീനുകള്‍ ലക്ഷദ്വീപില്‍ കാണാനാവും. ജലപക്ഷികളെപ്പോലെ പറക്കാനൊന്നും ഈ പറവമത്സ്യത്തിനാവില്ല. വെള്ളത്തില്‍നിന്നു കുതിച്ചുയര്‍ന്ന് കുറേദൂരം വായുവിലൂടെ തെന്നിനീങ്ങലാണു ഇതിന്റെ പറക്കല്‍. അതുകൊണ്ടാണ് ഇതിനു പറക്കുംമത്സ്യം എന്നു പേരു കിട്ടിയത്. ഇവയുടെ മുന്‍ചിറകുകള്‍ വെള്ളത്തില്‍ തുഴയാനും വായുവില്‍ പറക്കാനും ഒരേപോലെ സഹായകമാകുന്നു. മണിക്കൂറില്‍ 60 കിലോമീറ്റര്‍വരെ വേഗമുണ്ടത്രേ ഇവയുടെ പറക്കലിന്.
സീബോട്ട് സ്പീഡ് കുറച്ച് ഓടിക്കൊണ്ടിരുന്നു. ഞങ്ങള്‍ താമസിക്കുന്ന റിസോര്‍ട്ടുള്ള അഗത്തിദ്വീപ് ലക്ഷ്യമാക്കിയാണിപ്പോള്‍ യാത്ര. ശാന്തമായ ആഴംകുറഞ്ഞ കടല്‍ജലക്കാഴ്ചകള്‍ അപ്പോഴും ദൃശ്യവിരുന്നൊരുക്കുന്നുണ്ട്. വര്‍ണഭംഗിയാര്‍ന്ന ജലജീവികള്‍ മനോഹരമായ കാഴ്ചയാവുന്നു. അടിഭാഗം ചില്ലിട്ട ബോട്ടില്‍ വിസ്മയക്കാഴ്ചകളില്‍ മുഴുകിയിരിക്കുകയാണ് യാത്രികര്‍. പറവമത്സ്യം, പൂമ്പാറ്റമത്സ്യം, ലയണ്‍ ഫിഷ്, സന്ന്യാസി ഞണ്ട് മുതലായവയൊക്കെ നിറക്കാഴ്ചയാവുന്നു. നല്ല കടല്‍ക്കാറ്റ് വീശുന്നുണ്ട്. റിസോര്‍ട്ടിലെത്തി ഒരു കടല്‍ക്കുളി പാസാക്കി വിശ്രമിക്കാന്‍ മനസ്സിനു തിടുക്കം. കടമത്തു ദ്വീപിലെ സ്വത്ത് കണക്കാക്കുന്ന രീതി വിചിത്രമാണ്. അക്കാര്യങ്ങള്‍ ഓര്‍ത്തിരുന്നുപോയി. അവിടെ സ്വത്ത് കണക്കാക്കുന്ന രീതി ഇപ്പോഴും ഭൂമിയിലുള്ള അവകാശത്തിന്മേലല്ല, മറിച്ച് ഒരാള്‍ക്ക് എത്ര തെങ്ങ് സ്വന്തമായുണ്ട് എന്നതിന്റെ അടിസ്ഥാനത്തിലാണ്. സീബോട്ട് പശ്ചിമജട്ടിയോടടുക്കുകയാണ്.
(തുടരും)

 

Login log record inserted successfully!