റിസോര്‍ട്ട് ബീച്ചിലെ റാന്തല്‍വിളക്കുകളുടെ നേര്‍ത്ത വെളിച്ചത്തില്‍ ഞങ്ങളുടെ ആദ്യദിനഡിന്നര്‍ കഴിഞ്ഞിരുന്നു. കടല്‍ത്തീരത്തു നിരത്തിയിട്ട കസേരകളില്‍ ഞങ്ങളിരുന്നു സൊറ പറഞ്ഞു. യാത്രാനുഭവങ്ങളും കുടുംബകാര്യങ്ങളും പങ്കുവച്ചു. കടലോളങ്ങള്‍ ശാന്തമായി ഞങ്ങളോടു പ്രതികരിച്ചുകൊണ്ടിരുന്നു. ചുളുചുളുപ്പന്‍കാറ്റ് കടലില്‍നിന്നടിക്കുന്നു. സംസാരിച്ചിരുന്നു സമയം പോയതറിഞ്ഞില്ല. മണി പത്തായിരിക്കുന്നു. ഇനി ഉറക്കം.
പിറ്റേന്നു പ്രഭാതഭക്ഷണം കഴിഞ്ഞ് ഒന്‍പതുമണിയോടെ ഞങ്ങള്‍ വെസ്റ്റേണ്‍ ജെട്ടിയിലെത്തി. അവിടെ കടലില്‍ യാത്ര ചെയ്യുന്ന ഒരു ബോട്ട് ഞങ്ങളെ കാത്തുകിടന്നു. ബോട്ടിലേക്കു ചേര്‍ത്തിട്ട മരപ്പലകയിലൂടെ ബോട്ടിലെ സീറ്റുകളില്‍ സ്ഥാനം പിടിച്ചു. നീലജലാശയത്തിലൂടെ ബോട്ടു ചീറിപ്പാഞ്ഞു. വെസ്റ്റേണ്‍ ജെട്ടിയും ലഗൂണ്‍ ബീച്ചുമൊക്കെ കടന്നു ബംഗാരംദ്വീപു ലക്ഷ്യമാക്കി ഓളങ്ങളെ അനായാസേന മുറിച്ച് ആ ജലവാഹനം പാഞ്ഞു.
ടൂറിസം വികസനത്തില്‍ ലക്ഷദ്വീപില്‍ ഒന്നാമതു നില്‍ക്കുന്ന ദ്വീപാണ് ബംഗാരം. വിദേശ ടൂറിസ്റ്റുകള്‍ വന്നാല്‍ അവിടെയുള്ള റിസോര്‍ട്ടിലാണു താമസിക്കുക. അവിടെ ഹെലിപ്പാഡ് സൗകര്യമുണ്ട്. ജലക്രീഡാമാര്‍ഗങ്ങളുണ്ട്. വിദേശത്തുനിന്നും വടക്കേയിന്ത്യയില്‍നിന്നും ധാരാളം ടൂറിസ്റ്റുകള്‍ വരാറുള്ള ഡെസ്റ്റിനേഷന്‍.
ഹായ്! എന്തു ഭംഗി!... കണ്ണാടിപോലെ തെളിഞ്ഞ ജലത്തില്‍ മത്സ്യങ്ങളും ജലജീവികളും പവിഴപ്പുറ്റുകളും. കടലില്‍ കിലോമീറ്ററുകളോളം അടിത്തട്ട് തെളിഞ്ഞുകാണാം. ലക്ഷദ്വീപ് സമൂഹത്തിലെ കവരത്തി, കല്‍പേനി, മിനിക്കോയ്, കടമത്ത്, അഗത്തി, ബംഗാരം ദ്വീപുകളാണ് പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങള്‍. ഒക്‌ടോബര്‍ മുതല്‍ മേയ് പകുതിവരെയാണ് ലക്ഷദ്വീപുകള്‍ സന്ദര്‍ശിക്കാന്‍ പറ്റിയ കാലം. മെയ് പകുതിയോടെ കാലവര്‍ഷം തുടങ്ങും. ദ്വീപിലെ റിസോര്‍ട്ടുകള്‍ വര്‍ഷം മുഴുവനും സഞ്ചാരികളെ സ്വീകരിക്കുമെങ്കിലും കവരത്തി, കടമത്ത്, മിനിക്കോയ് ദ്വീപുകളില്‍ വര്‍ഷകാലത്ത് എത്തിച്ചേരുക ദുഷ്‌കരംതന്നെ. എന്നാല്‍, ബംഗാരം, അഗത്തി ദ്വീപുകളില്‍ കാലവര്‍ഷമായാലും ഏറെക്കുറെ ശാന്തമായ കാലാവസ്ഥയാണ്. മഴക്കാലത്ത് അഗത്തിയില്‍നിന്ന് ഹെലികോപ്ടര്‍ മാര്‍ഗമാണ് ബംഗാരത്തിലെത്തുക. എല്ലാക്കാലത്തും ലക്ഷദ്വീപിലേക്കു വിമാനസര്‍വ്വീസുകളുണ്ട്. പക്ഷേ, മഴക്കാലത്ത് മിക്കവാറും ദ്വീപുനിവാസികള്‍ക്കു മാത്രമാണ് കപ്പലില്‍ യാത്രാനുമതി. കൊച്ചിയില്‍നിന്നും കോഴിക്കോടുനിന്നും കപ്പല്‍ സര്‍വീസുകളുണ്ട്. പതിനാറുമുതല്‍ പതിനെട്ടു മണിക്കൂര്‍വരെയാണ് യാത്രയ്ക്കു വേണ്ടിവരുന്ന സമയം.
ഡിസ്‌പോസിബിള്‍ ഗ്ലാസ്സുകളില്‍ സുലൈമാനി (കട്ടന്‍ചായ) വിതരണം ചെയ്യപ്പെട്ടു. ചൂടുള്ള സുലൈമാനി അല്പാല്പം മോന്തിക്കുടിച്ചുകൊണ്ട് ഞാന്‍ വിദൂരത്തേക്കു മിഴിയിട്ടു. ബംഗാരം ദ്വീപ് ക്രമേണ വലുതായി വരുന്നു. അഗത്തിദ്വീപ് ഓടിയകലുന്നു. തൂവെള്ള മണല്‍ത്തരികള്‍ നിറഞ്ഞ വൃത്തിയുള്ള കടല്‍ത്തീരം. നീലത്തടാകംപോലെ ആഴംകുറഞ്ഞ തെളിഞ്ഞ കടല്‍, തീരത്തെങ്ങും തണല്‍വിരിച്ചു നില്‍ക്കുന്ന ഇടതൂര്‍ന്ന തെങ്ങിന്‍ തോപ്പുകള്‍, മണല്‍പ്പരപ്പിന്റെ വിജനമായ സ്വകാര്യത, കടലിന്റെ അടിത്തട്ടില്‍, പൂന്തോട്ടങ്ങള്‍, വര്‍ണങ്ങളുടെ കാണാക്കാഴ്ചകള്‍ തീര്‍ത്തുകൊണ്ടു പവിഴപ്പുറ്റുകള്‍, പൂമ്പാറ്റകള്‍പോലെ പവിഴപ്പുറ്റുകള്‍ക്കിടയില്‍ നീന്തിത്തുടിക്കുന്ന വര്‍ണമീനുകള്‍, അപൂര്‍വങ്ങളായ കടല്‍പ്പക്ഷികള്‍, ഓരോന്നും വിനോദസഞ്ചാരികളുടെ മനംകവരുന്നു. സ്വസ്ഥമായി സണ്‍ബാത്ത് നടത്താനും സുരക്ഷിതമായി സാഹസികകടല്‍വിനോദങ്ങളില്‍ ഏര്‍പ്പെടാനും അവര്‍ക്കു സാധിക്കുന്നു. ഇന്ത്യാഗവണ്‍മെന്റിന്റെ പ്രമുഖ വിനോദസഞ്ചാരകേന്ദ്രങ്ങളിലൊന്നാണ് ലക്ഷദ്വീപ്. ദ്വീപിലെത്തുന്ന സഞ്ചാരികള്‍ക്കാവശ്യമായ സൗകര്യങ്ങള്‍ സര്‍ക്കാര്‍ ഒരുക്കുന്നുണ്ട്. (തുടരും)