വ്യാഴാഴ്ച ഞങ്ങള്‍ക്കു തിരക്കുള്ള ദിവസമായിരുന്നു. വെള്ളിയാഴ്ച മടങ്ങാനുള്ളതാണ്. പ്രഭാതഭക്ഷണം കഴിഞ്ഞതോടെ ഞങ്ങള്‍ റിസോര്‍ട്ട് ബീച്ചിലെത്തി. അവിടെ കടല്‍ബോട്ട് സജ്ജമായിക്കിടന്നിരുന്നു. പരിശീലനം സിദ്ധിച്ച ലൈഫ്ഗാര്‍ഡുകളും വോളന്റിയേഴ്‌സുമുണ്ട്. ഞങ്ങളെ കടല്‍കായികവിനോദങ്ങളിലേക്കു കൊണ്ടുപോകുകയാണ്. നാലുപേരെ ടേണ്‍ വച്ചാണുകൊണ്ടുപോകുന്നത്. ബീച്ചില്‍നിന്നു നാലഞ്ചു കിലോമീറ്റര്‍ ദൂരെ കടലിലേക്ക്.
സീബോട്ടം ഗ്ലാസിലൂടെ കടലിനടിയിലെ കാഴ്ചകള്‍ അത്യന്തം മനോജ്ഞമാകുന്നു. പിന്നെ സ്‌കൂബാ ഡൈവിങ്, കാനോയിങ്, സ്‌നോര്‍ക്കിങ്, റിസോര്‍ട്ട് വോളന്റിയറും ലൈഫ് ഗാര്‍ഡുമൊക്കെ കടലിലേക്കിറങ്ങി. ഓക്‌സിജന്‍ മാസ്‌ക്, ലൈഫ് ജാക്കറ്റ്, കാലില്‍ ഫിന്‍സ് തുടങ്ങിയവയൊക്കെ അവര്‍ ധരിച്ചിരുന്നു. സ്‌കൂബാ ഡൈവിങ്ങിന്റെ ഡെമോണ്‍സ്‌ട്രേഷന്‍ നടന്നു. പ്രകടനക്കാര്‍ കടലില്‍ മുങ്ങാംകുഴിയിട്ടു. സ്‌കൂബാ ഡൈവിങ് എങ്ങനെ ഈസിയായി ചെയ്യാമെന്നും ഓക്‌സിജന്‍ ശ്വസിച്ചുകൊണ്ട് കടലിനടിയിലെ കാണാക്കാഴ്ചകള്‍ എങ്ങനെയെന്നുകണ്ട് മത്സ്യത്തെപ്പോലെ നീന്തി നടക്കാമെന്നുമൊക്കെ പ്രകടനക്കാര്‍ കാണിച്ചുതന്നു. സ്‌കൂബാ ഡൈവിങ്ങിനു തയ്യാറായ സംഘാംഗത്തിനു ലൈഫ് ഗാര്‍ഡ് സെക്യൂരിറ്റി ഒരുക്കും. ചുരുക്കംപേര്‍ മാത്രമേ ആ ഉദ്യമത്തില്‍ വിജയകരമായി പങ്കെടുത്തുള്ളൂ. സ്‌കൂബാ ഡൈവിങ് നല്ലൊരു ദൃശ്യാനുഭവംതന്നെയായിരുന്നു. ഡൈവിങ്ങിന്റെ വ്യത്യസ്ത മാനങ്ങളും ടെക്‌നിക്കുകളും ഹൃദിസ്ഥമാക്കാനുള്ള സുവര്‍ണാവസരം.
ഇതിനിടയില്‍ റിസോര്‍ട്ടു വോളന്റിയേഴ്‌സ് ഞങ്ങളെ ചില വിചിത്ര കടല്‍ജീവികളെ പരിചയപ്പെടുത്താതിരുന്നില്ല. ബോട്ടംഗ്ലാസിലൂടെയും ഓപ്പണ്‍ വ്യൂവിലൂടെയും ഞങ്ങള്‍ ആ അപൂര്‍വദൃശ്യം കണ്ടു. നീരാളികളുടെ കാഴ്ച!
നീരാളി അഥവാ ഒക്‌ടോപസ് ഒരു പോരാളിതന്നെ. ഒളിപ്പോരാളിയെപ്പോലെ ചുറ്റുപാടുകള്‍ക്കിടയില്‍ ഒളിച്ചിരിക്കും. നിറംമാറ്റി ശത്രുക്കളെ കബളിപ്പിക്കും. ശത്രുക്കളെ വരിഞ്ഞുമുറുക്കാന്‍ കാലുകള്‍ എട്ട്. പോതുകളില്‍ പതുങ്ങിയിരുന്നു മീനുകള്‍, ഞണ്ടുകള്‍, ഷെല്‍ജീവികള്‍ തുടങ്ങിയവയ്ക്കു നേരേ ചാടിവീണ് അവയെ വായിലാക്കും. ''അപ്പല്‍'' എന്നു ലക്ഷദ്വീപുകാര്‍ വിളിപ്പേരിട്ടിരിക്കുന്ന നീരാളികള്‍ ധാരാളമാണ്.
പിന്നെ കണ്ടതു നക്ഷത്രമത്സ്യമാണ്. സ്റ്റാര്‍ഫിഷ്, നക്ഷത്രംപോലെ സുന്ദരം. എന്നാല്‍, പവിഴപ്പുറ്റുകളെ കുഴപ്പങ്ങളില്‍ ചാടിക്കലാണ് പണി. പവിഴപ്പുറ്റുകളുടെ പ്രധാന ശത്രുവാണ് നക്ഷത്രമത്സ്യമെന്നു സാരം. കാരണം സൂക്ഷ്മജീവികളായ കോറലുകളാണ് ഇവയുടെ ആഹാരം. പവിഴപ്പുറ്റുകളുടെ സാന്നിധ്യമുള്ളതുകൊണ്ട് ലക്ഷദ്വീപ് കടലുകളില്‍ ഇവയെ ധാരാളമായിക്കാണാം.
ഉച്ചകഴിഞ്ഞ് ഞങ്ങള്‍ അഗത്തിമാര്‍ക്കറ്റ് കാണാന്‍ പോയി. കേരളത്തിലെ ഒരു ഗ്രാമക്കവലയില്‍ കാണാവുന്ന കടകളേയുള്ളൂ. ടെറസ് ബില്‍ഡിങ് ഒന്നുമേയില്ല. ടാര്‍ഷീറ്റോ ആസ്ബസ്റ്റോസോ ഓടിട്ടതോ ആയ ചെറിയ കടകള്‍. പലചരക്കും ചായക്കടയും മൊബൈല്‍ഫോണ്‍ കടയുമൊക്കെയുണ്ട്. ചായക്കടയില്‍ക്കയറി ഞങ്ങള്‍ ചായയും പഴംപൊരിയും കഴിച്ചു.
കായല്‍ അവസാനിക്കുന്നിടത്തൊരു കാനറാ ബാങ്കുണ്ട്. മുമ്പത് സിന്‍ഡിക്കേറ്റ് ബാങ്കായിരുന്നു. ഇപ്പോള്‍ അത് കാനറാ ബാങ്കില്‍ മേര്‍ജു ചെയ്തുകഴിഞ്ഞല്ലോ. ഇവിടെ ആകെക്കൂടിയുള്ളൊരു ബാങ്ക്. കേന്ദ്രഗവണ്‍മെന്റിന്റെ എല്ലാ ആനുകൂല്യങ്ങളും അതേ ബാങ്കുവഴിയാണ് ലക്ഷദ്വീപുനിവാസികള്‍ക്കു ലഭ്യമാകുക.
ഞങ്ങള്‍ അവസാനറൗണ്ട് കാഴ്ചകളുടെ തിരക്കിലായിരുന്നു. നാളെ രാവിലെ കേരളത്തിലേക്കുള്ള മടക്കത്തിന്റെ ഒരുക്കദിവസം. ഉച്ചയ്ക്കുമുമ്പ് കപ്പലില്‍ കയറണം. കപ്പല്‍യാത്ര പലര്‍ക്കും പുത്തന്‍ അനുഭവമായിരിക്കും. മുമ്പൊരിക്കലും വലിയ കപ്പലില്‍ യാത്ര ചെയ്യാത്തവരുണ്ട്. യാത്രാസംഘത്തിലെ ചില സ്ത്രീകള്‍ ഇവിടെ വന്നപ്പോഴാണ് ഇത്രയും വലിയ കപ്പല്‍ കണ്ടതു തന്നെ.
വിടപറയല്‍ എവിടെയായിരുന്നാലും നൊമ്പരംതന്നെ. ദിവസങ്ങളുടെ ബന്ധം. കാണാക്കാഴ്ചകളുടെ സ്വര്‍ഗ്ഗവാതിലുകള്‍! റിസോര്‍ട്ടിനോടും ലക്ഷദ്വീപിനോടും ഞങ്ങള്‍ യാത്ര പറയുന്നു. ലഗേജുകളുമായി ഞങ്ങള്‍ ട്രാവലറില്‍ കയറി. അകലെയല്ലാത്ത ഈസ്റ്റേണ്‍ ജെട്ടിയിലേക്കു പോകണം. എം.വി. കവരത്തിയില്‍ യാത്ര ചെയ്യാനുള്ളവരും യാത്രയാക്കാന്‍ വന്നവരും. ലക്ഷദ്വീപു നിവാസികളും മലയാളികളുള്‍പ്പെടെ ഇന്ത്യക്കാരും വിദേശികളുമൊക്കെയുണ്ട്.എം.വി. കവരത്തി എന്ന കൂറ്റന്‍കപ്പല്‍ ഒരു കിലോമീറ്ററകലെ ഞങ്ങളെ നോക്കിക്കിടന്നിരുന്നു. വലിയ കപ്പലായതിനാല്‍ ഞെട്ടിയിലേക്ക് അടുത്തുവരില്ല. ഇവിടെ കടലിന് ആഴംകുറവാണ്. സ്വിമ്മിങ് പൂളും ഇതര സൗകര്യങ്ങളുമുള്ള കവരത്തിക്കപ്പലില്‍ കയറണമെങ്കില്‍ ചെറുബോട്ടില്‍ യാത്ര ചെയ്യണം. ഇരുപതു പേരെ വീതം ചെറുബോട്ടിലാക്കി കവരത്തിയില്‍ കൊണ്ടാക്കുന്ന കാഴ്ച.
ഫൈബര്‍ ബോട്ടില്‍ കയറിയപ്പോള്‍ പേടി തോന്നാതിരുന്നില്ല. ആ വലിയ ഫൈബര്‍ സ്പീഡ് ബോട്ട് കടലിലൂടെ തെന്നിത്തെന്നി നീങ്ങി. ഞങ്ങളൊക്കെ കവരത്തിയുടെ ഫസ്റ്റ് ഡെക്കില്‍ കയറിയതോടെ കപ്പലിന്റെ വലിയ ഡോര്‍ തുറക്കപ്പെട്ടു. ഞങ്ങള്‍ കപ്പലിലിലേക്കു പ്രവേശിച്ചു. പല ഡെക്കുകളിലായി വിശാലമായ ഹാളുകളിലായി മുറികളിലായി, ഇടനാഴികളിലായി കവരത്തി അങ്ങനെ നീണ്ടുനിവര്‍ന്നു കിടക്കുന്നു. യാത്രക്കാര്‍ അവരവരുടെ വഴിക്കു നീങ്ങി. ഞങ്ങള്‍ ഒരു ഗ്രൂപ്പായി എത്തിയെങ്കിലും പിന്നീടതു മുറിഞ്ഞു. പലരും പല വഴികള്‍.
കപ്പല്‍ സാവധാനം നീങ്ങിക്കഴിഞ്ഞു. യാത്രയുടെ കപ്പല്‍ച്ചാല്‍ തെളിഞ്ഞില്ല. അതിനിടയില്‍ അടുത്ത കടമ്പ! യാത്രക്കാരൊക്കെ കപ്പലിന്റെ ഇരുവശങ്ങളിലായി ഉദ്വേഗമണിഞ്ഞു നിലയുറപ്പിച്ചുകഴിഞ്ഞു.
ഇനി?... കടലലകള്‍ ഉയരുന്നു! ഉത്കണ്ഠയും! അതിലേറെ വിശപ്പും.
(തുടരും)