''ഇന്നത്തെ കഥ ഡെമോസ്തനിസിനെപ്പറ്റിയാണ്.''
ഉണ്ണീരിയമ്മയെ കൗതുകത്തോടെ നോക്കി അമ്മാളു ചോദിച്ചു:
''അതാരാണ് ഉണ്ണിയമ്മേ?''
''അതൊക്കെപ്പറയാം. എന്നാല്‍, കഥ തുടങ്ങട്ടെ.''
എല്ലാവരും ഉണ്ണീരിയമ്മയെ ശ്രദ്ധയോടെ കേട്ടിരുന്നു.
പുരാതന ഗ്രീസിലെ ഏതന്‍സിലാണ് ഡെമോസ്തനിസ് ജനിച്ചത്. അദ്ദേഹത്തിന്റെ പിതാവ് ധനികനായ ഒരു ആയുധനിര്‍മാതാവായിരുന്നു. നിര്‍ഭാഗ്യവശാല്‍ ഡെമോസ്തനിസിന് ഏഴു വയസ്സുള്ളപ്പോള്‍ പിതാവ് മരണപ്പെട്ടു. കുടുംബത്തിന്റെ പൈതൃകസ്വത്തു കണ്ട് ചില ബന്ധുക്കള്‍ ഡെമോസ്തനിസിന്റെ രക്ഷാകര്‍ത്താക്കളായി.
സംസാരവൈകല്യമുള്ള കുട്ടിയായിരുന്നു അവന്‍. വിക്കനായിരുന്ന ആ ബാലന്‍ സംസാരിക്കുന്നതൊന്നും മറ്റുള്ളവര്‍ക്കു മനസ്സിലായില്ല. ദുര്‍ബലമായ ശരീരമായിരുന്നു അവന്. കൂടാതെ, നിരന്തരം ശല്യപ്പെടുത്തുന്ന ശ്വാസംമുട്ടലും. അതുകൊണ്ടുതന്നെ മറ്റു കുട്ടികള്‍ക്കൊപ്പം കളിക്കാനും കൂട്ടുകൂടാനും അവനു കഴിഞ്ഞില്ല. 'വിക്കന്‍' എന്നു വിളിച്ച് മറ്റുള്ളവര്‍ കളിയാക്കുമ്പോള്‍ അവന്‍ വല്ലാതെ സങ്കടപ്പെട്ടു. അങ്ങനെ തന്നിലേക്കുതന്നെ ഒതുങ്ങാന്‍ ആ ബാലന്‍ തീരുമാനിച്ചു. വിരസവും ഏകാന്തവുമായ ബാല്യവും കൗമാരവും.
യൗവനത്തിലേക്കു കടക്കുമ്പോഴാണ് അവന്‍ ഒരു വലിയ സത്യം മനസ്സിലാക്കുന്നത്. രക്ഷിതാക്കളായി തന്റെ ഒപ്പം കൂടിയവര്‍ പൈതൃകസമ്പത്തിന്റെ സിംഹഭാഗവും കൈക്കലാക്കി ക്കഴിഞ്ഞിരുന്നു. അവര്‍ക്കെതിരേ കോടതിയെ സമീപിക്കാന്‍ ഡെമോസ്തനിസ് തീരുമാനിച്ചു.
അന്ന് ഇന്നത്തെപ്പോലെ വക്കീലന്മാരൊന്നുമില്ല. പുരാതന ഏതന്‍സില്‍ കേസ് കൊടുത്ത ആള്‍തന്നെ വേണമായിരുന്നു കേസ് വാദിക്കാന്‍. തന്റെ സംസാരവൈകല്യം കോടതിമുറിയില്‍ ഉണ്ടാക്കുന്ന പൊട്ടിച്ചിരിയെക്കുറിച്ചോര്‍ത്ത് അവന്‍ വ്യസനിച്ചു.
തനിക്കുവേണ്ടി വാദിക്കാന്‍ ഈ ലോകത്ത് താന്‍ മാത്രമേയുള്ളൂ എന്ന് അവന്‍ തിരിച്ചറിഞ്ഞു. ഈ അഗ്‌നിപരീക്ഷയില്‍ തനിക്കു വിജയിച്ചേ മതിയാകൂ. അവന്‍ ദൃഢനിശ്ചയം ചെയ്തു.
താന്‍ പറയുന്നത് ആരും കേള്‍ക്കാതെവന്നപ്പോള്‍ അവന്‍ കടല്‍ക്കരയിലേക്കു പോയി. അലറിവിളിച്ചു വരുന്ന തിരമാലകളോടു വിക്കോടെ ഉച്ചത്തില്‍ അവന്‍ സംസാരിച്ചു. പകലുകളും രാത്രികളും അവന്‍ കടല്‍ത്തീരത്തു ചെലവഴിച്ചു. തൊണ്ടപൊട്ടുമാറുച്ചത്തില്‍ അവന്‍ കടലിനെ നോക്കി സംസാരിച്ചു. പതിയെപ്പതിയെ അവന്റെ വിക്ക് മാറിവന്നു. നാവിന്റെ കനം കുറയ്ക്കാന്‍ കടല്‍ത്തീരത്തെ ഉരുളന്‍കല്ലുകള്‍ അവന്‍ വായിലിട്ടു.
തന്റെ ശ്വാസംമുട്ടലില്‍നിന്നു രക്ഷനേടാന്‍, ശ്വാസകോശത്തിനു ശക്തി പകരാന്‍ അവന്‍ കടല്‍ത്തീരത്തുകൂടി വേഗത്തില്‍ നടന്നു. ഉച്ചത്തില്‍ സംസാരിച്ചുകൊണ്ട് മലമുകളിലേക്ക് ഓടിക്കയറി. പലപ്പോഴും അവന്‍ തളര്‍ന്നുവീണെങ്കിലും ശ്രമം ഉപേക്ഷിക്കാന്‍ തയ്യാറായില്ല. ഗ്രീസിലെ വലിയ കെട്ടിടങ്ങളുടെ പടികള്‍ അവന്‍ ഓടിക്കയറി. അങ്ങനെ കാലങ്ങളോളം നീണ്ട കഠിനാധ്വാനത്തിന്റെ ഫലം ലഭിച്ചു തുടങ്ങി. ആള്‍ക്കൂട്ടത്തോടു സംസാരിക്കുവാനുള്ള ആദ്യശ്രമങ്ങളൊക്കെ പരാജയപ്പെട്ടു. ആ പരാജയങ്ങളില്‍ പതറാതെ വീണ്ടും അവന്‍ കടല്‍ത്തീരത്തു വന്ന് തിരമാലകളോടു സംസാരിച്ചുകൊണ്ടേയിരുന്നു.
''ഞാന്‍ ഈ ലോകത്തെ ഏറ്റവും വലിയ പ്രഭാഷകനാവും'' അവന്‍ ഓരോ തിരമാലയോടും പറഞ്ഞു. അവസാനം അതു സത്യമായി.
കോടതിയില്‍ തന്റെ വാദങ്ങള്‍ വിദഗ്ധവും വാചാലവുമായി അവന്‍ അവതരിപ്പിച്ചു. കേസില്‍ ഡെമോസ്തനിസ് ജയിച്ചു. കോടതിയിലെ അവന്റെ സംസാരം ഏതന്‍സ് മുഴുവന്‍ ചര്‍ച്ച ചെയ്യപ്പെട്ടു. പിന്നീട് ആള്‍ക്കൂട്ടങ്ങളോട് ഡെമോസ്തനിസ് സംസാരിക്കുവാന്‍ തുടങ്ങി. ഡെമോസ്തനിസിന്റെ പ്രസംഗങ്ങള്‍ കേള്‍ക്കാന്‍ ആളുകള്‍ കൂട്ടംകൂട്ടമായി എത്തി. ജനാധിപത്യത്തെക്കുറിച്ചും ദേശസ്‌നേഹത്തെക്കുറിച്ചും സ്വാതന്ത്ര്യത്തെക്കുറിച്ചും അവകാശങ്ങളെക്കുറിച്ചും അദ്ദേഹം സംസാരിച്ചുകൊണ്ടേയിരുന്നു. ലോകം മുഴുവന്‍ ഡെമോസ്തനിസ് എന്ന പേര് ഏറ്റുപറഞ്ഞു.
''പ്രഭാഷണം പ്രവര്‍ത്തനമായി മാറുന്നില്ലെങ്കില്‍ അത് വ്യര്‍ത്ഥവും ശൂന്യവുമാണ്'' ഡെമോസ്തനിസ് പറഞ്ഞു.
''ഓരോ ഏകാധിപതിയും സ്വാതന്ത്ര്യത്തിന്റെ ശത്രുവാണ്, നീതിയുടെ എതിരാളിയാണ്.'' ഡെമോസ്തനിസിന്റെ വാക്കുകള്‍ ഭരണകൂടങ്ങളെ വിറപ്പിച്ചു.
ഞാന്‍ ലോകപൗരനാണ് എന്നു വിളിച്ചുപറഞ്ഞ ഡെമോസ്തനിസ് ലോകചരിത്രത്തിലെ മികച്ച വാഗ്മിയായി മാറി.
''എങ്ങനെയുണ്ട് കഥ?'' ഉണ്ണീരിയമ്മ ചോദിച്ചു.
''കഥ ഉഷാര്‍.'' എല്ലാവരും ഒന്നിച്ചാണ് മറുപടി പറഞ്ഞത്.
ഉണ്ണീരിയമ്മ എല്ലാരോടുമായി പറഞ്ഞു:
''പരിമിതികളെ കഠിനാധ്വാനം കൊണ്ട് മറികടക്കുക. വിജയം നിങ്ങള്‍ക്കൊപ്പം ഉണ്ടാവും.''