ചില പദങ്ങളുടെ നിഷ്പത്തി കണ്ടെത്തുക ശ്രമകരമാണ്. മൂലരൂപത്തില്‍നിന്ന് ഏറെ അകന്നതാകാം കാരണം. അത്തരം സന്ദര്‍ഭങ്ങളില്‍ ഊഹിച്ചു പൂര്‍വ്വപദം കണ്ടെത്തുന്ന രീതിയുണ്ട്. ചരിത്രാത്മകവ്യാകരണപഠനങ്ങളില്‍ ഈ സമ്പ്രദായം കാണാം. ലിഖിതരേഖകളുടെ അടിസ്ഥാനത്തിലാണ് മിക്കപ്പോഴും ധാരണയിലെത്തുന്നത്. അനുമാനത്തിന്റെ പിന്നില്‍ വിശ്വസനീയമായ യുക്തികളുണ്ടാകും.
നിഷ്പത്തി സന്ദിഗ്ദ്ധമായ ഒരു വാക്കാണ് അച്ചടക്കം. അച്ച് + അടക്കം എന്നാണ് പിരിച്ചെഴുതേണ്ടതെന്ന് മലയാള മഹാനിഘണ്ടുകാരനായ ശൂരനാട്ടു കുഞ്ഞന്‍പിള്ള സങ്കല്പിക്കുന്നു. അച്ച് എന്നാണോ അച്ചം എന്നാണോ പൂര്‍വ്വപദം എന്ന കാര്യത്തിലും സംശയമുണ്ട്. അച്ചം എന്ന വാക്കിന് ഭയം(ളലമൃ) എന്നര്‍ത്ഥം. അങ്ങനെയെങ്കില്‍ അച്ചംകൊണ്ടുള്ള അടക്കമാകണം അച്ചടക്കം. അടങ്ങിയൊതുങ്ങി കഴിയുന്ന സ്ഥിതി, ഒതുക്കം, വിനയം മുതലായവയാണല്ലോ അച്ചടക്കത്തിന്റെ സ്വഭാവം. 'അച്ചില്‍ അടങ്ങലും' അച്ചടക്കമാകാമെന്നും കുഞ്ഞന്‍പിള്ള ഊഹിക്കുന്നു (അച്ച് ണ്ണ അച്ചം)*
അച്ചടക്കം എന്ന പദത്തിന്റെ നിഷ്പത്തി മറ്റൊരു വിധത്തിലും അന്വേഷിക്കാം. അഞ്ച് + അടക്കം, സന്ധി ചെയ്താല്‍ അച്ചടക്കമാകും. പൂര്‍വപദത്തിന്റെ അന്ത്യത്തിലുള്ള അനുനാസികത്തിന് ഖരാദേശം വരാം. അതിന്‍പ്രകാരം അഞ്ച് - അച്ച് ആകുന്നു (അഞ്+ച് + ച് + അ = അച്ച). ആണ്ട് + പിറന്നാള്‍ = ആട്ടപ്പിറന്നാള്‍, ആണ്ട് + പേറ് = ആട്ടപ്പേറ്. ഇതുപോലെ അഞ്ച് + അടക്കം = അച്ചടക്കം.**
അഞ്ച് ഇന്ദ്രിയങ്ങളുടെ അടക്കമാണ് അച്ചടക്കം. നാവ്, കൈയ്, കാല്, ജനനേന്ദ്രിയം, ഗുദം എന്നിവയാണ് അഞ്ച് കര്‍മ്മേന്ദ്രിയങ്ങള്‍. ഇവയുടെ പ്രവര്‍ത്തനം യഥാക്രമം സംസാരിക്കല്‍, ആദാനപ്രദാനങ്ങള്‍, ഗമനം, ആനന്ദിക്കല്‍, വിസര്‍ജനം എന്നിവയാണല്ലോ. ഇവയെ യഥോചിതം നിയന്ത്രിക്കലാണ് അച്ചടക്കം. അങ്ങനെയെങ്കില്‍ അച്ച് + അടക്കം എന്നു പിരിച്ചെഴുതുന്നതിനെക്കാള്‍ യുക്തിസഹം അഞ്ച് + അടക്കം എന്നു പിരിച്ചെഴുതുന്നതാണ്. ഭയം (അച്ചം) കൊണ്ട് അച്ചടക്കമുണ്ടാകാമെങ്കിലും സ്വയം നിയന്ത്രിത അച്ചടക്കമാണല്ലോ ഏറെ ശ്രേഷ്ഠവും ഫലപ്രദവും; അതില്‍ മനസ്സിന്റെ നിയന്ത്രണവും ഉള്‍പ്പെടുന്നു.
* കുഞ്ഞന്‍പിള്ള, ശൂരനാട്ട്, മലയാള മഹാനിഘണ്ടു, വാല്യം - 1, കേരള സര്‍വകലാശാല, തിരുവനന്തപുരം, 2016, പുറം - 120
** ഗോപി ആദിനാട്, മലയാളഭാഷാവ്യാകരണം ഒരു സമഗ്രപഠനം, രചന, കൊല്ലം, 2009, പുറം - 334.