പതിനാലാമെടം
യേശുവിനെ സംസ്‌കരിച്ചു.
അരിമത്യാനിവാസിയും ധനാഢ്യനും സാന്‍ഹെദ്രോണ്‍ സഭയിലെ അംഗവുമായിരുന്ന ജോസഫാണ് സംസ്‌കാരത്തിനു മുന്‍കൈയെടുത്തത്. യഹൂദന്മാരെ ഭയപ്പെട്ടിരുന്ന അവന്‍ യേശുവിന്റെ രഹസ്യശിഷ്യനും ദൈവരാജ്യത്തെപ്രതി പ്രതീക്ഷയുള്ളവനുമായിരുന്നു.
അവന്‍ ധൈര്യപൂര്‍വം പീലാത്തോസിന്റെ പക്കല്‍ചെന്ന് യേശുവിന്റെ ശരീരം വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ടു. പീലാത്തോസ് അപ്രകാരം ചെയ്തു.
അവന്‍ വന്ന് യേശുവിന്റെ ശരീരം എടുത്തുമാറ്റി. അപ്പോള്‍ നിക്കദേമൂസും അവിടെയെത്തി. മീറയും ചെന്നിനായകവും കലര്‍ന്ന, ഏകദേശം ആറു റാത്തലോളം സുഗന്ധദ്രവ്യവും അവന്‍ കൊണ്ടുവന്നിരുന്നു.
അവര്‍ യഹൂദരുടെ നിയമമനുസരിച്ച് യേശുവിന്റെ ശരീരം സുഗന്ധദ്രവ്യങ്ങളോടുകൂടി കച്ചയില്‍ പൊതിഞ്ഞു. തലയോട്ടിമലയുടെ സമീപത്ത് ജോസഫിന് സ്വന്തമായിട്ടുണ്ടായിരുന്ന ഒരു തോട്ടത്തില്‍, പാറയില്‍ വെട്ടിയുണ്ടാക്കിയ, നാളിതുവരെ ആരെയും അടക്കിയിട്ടില്ലാത്ത ഒരു കല്ലറയില്‍യേശുവിനെ സംസ്‌കരിച്ചു. ഒരു കല്ലുരുട്ടിവച്ച് അതിന്റെ പ്രവേശനകവാടം അടയ്ക്കുകയും ചെയ്തു. അവരോടൊപ്പം മഗ്ദലേനയിലെ മേരിയും യോസയുടെ അമ്മയായ മറിയയും ഉണ്ടായിരുന്നു.
സംസ്‌കാരം കഴിഞ്ഞു മടങ്ങുമ്പോഴാണ് മലയിലേക്കുള്ള വഴിയില്‍ അവര്‍ അനനിയാദിന്റെ ശവശരീരം കണ്ടത്. മേരി അവനെ പ്രയാസമില്ലാതെ തിരിച്ചറിഞ്ഞു. എന്തെന്നാല്‍, അനനിയാദിന്റെ ഇടതുകൈയില്‍ അവന്റെ അരുമയായ കുഴല്‍ വിശ്രമിച്ചിരുന്നു.
''ഈ മനുഷ്യനെ എനിക്കറിയാം.'' മേരി പറഞ്ഞു: ''ഇവനും ഒരര്‍ത്ഥത്തില്‍ യേശുവിന്റെ ശിഷ്യന്‍തന്നെ. ഗുരുവിനോടൊപ്പം ഗുരുവിന്റെ കുരിശിനു താഴെ എത്തിപ്പെട്ടു മരിക്കാന്‍ ഭാഗ്യം കിട്ടിയവന്‍. ഇങ്ങനെ സംഭവിക്കണമെങ്കില്‍ ഗുരു ഇവനെ എത്രമേല്‍ സ്‌നേഹിച്ചിരിക്കണം...?''
അനനിയാദിന്റെ ശരീരം എറുമ്പുകള്‍ അരിച്ചുതുടങ്ങിയിരുന്നു. വ്രണങ്ങളില്‍ ചെറുപുഴുക്കള്‍ പുളയ്ക്കുന്നുണ്ടായിരുന്നു. മനംപുരട്ടുന്ന ഒരു ദുര്‍ഗന്ധം അവിടമാകെ വ്യാപരിച്ചിരുന്നു.
അവര്‍ അവന്റെ ശരീരം എടുത്തുമാറ്റി. മേരി ഒരു കുപ്പി പരിമളതൈലം കൊണ്ടുവന്ന് അവന്റെ മേല്‍ പൂശി. ഒരു കച്ചയില്‍ പൊതിഞ്ഞ് യേശുവിന്റെ കല്ലറയ്ക്കു കുറച്ചു ദൂരെയായി ഒരു പഴയ കല്ലറയില്‍ അവനെ സംസ്‌കരിച്ചു. അവനോടൊപ്പം അവന്റെ കുഴലും വച്ചു.
സംസ്‌കരിക്കുംമുമ്പ് മേരി അവന്റെ പാദങ്ങളില്‍ ചുംബിച്ചുകൊണ്ട് ഹൃദയം നുറുങ്ങി ഇപ്രകാരം അടക്കം പറഞ്ഞു:
''നീ ഗുരുവിനോടൊപ്പം ദൈവത്തിന്റെ വലതുഭാഗത്തിരിക്കുമ്പോള്‍ എന്നെയും ഓര്‍മിക്കണമേ..?''
യേശുവിന്റെ മരണത്തെ പ്രതി മനസ്സ് കലങ്ങിയിരുന്നതിനാല്‍ ആരും അവളോട് ഇപ്രകാരം ചെയ്തതെന്ത് എന്ന് അന്വേഷിച്ചില്ല. അവളും അവരോട് ഒന്നും പറഞ്ഞതുമില്ല.
അപ്പോള്‍ ഏതാണ്ട് അസ്തമയമടുത്തിരുന്നു. പക്ഷേ, സൂര്യന്‍ അസ്തമിച്ചിരുന്നില്ല. ചന്ദ്രന്‍ ഉദിക്കുകയും ആകാശത്ത് പകല്‍ നക്ഷത്രങ്ങള്‍ തെളിയുകയും ചെയ്തിരുന്നു.
സംസ്‌കാരം കഴിഞ്ഞ് അവര്‍ മലയിറങ്ങുകയായിരുന്നു. അപ്പോഴാണ് മേരി ഒരു കുഴല്‍വിളി കേട്ടത്. അവള്‍ തിരിഞ്ഞുനോക്കുമ്പോള്‍ അനനിയാദിന്റെ കല്ലറയ്ക്കു മുമ്പില്‍ ഒരു മേഘപാളി കണ്ടു. യൂദയായിലെ സകലപുഷ്പങ്ങളാലും അലങ്കരിക്കപ്പെട്ട ഒരു മേഘക്കീറ്. തങ്കനിറമാര്‍ന്ന ഒരു മേഘപാളി.
ഒരു മാതളക്കാറ്റ് മെല്ലെ വീശാന്‍ തുടങ്ങി...
സൈത്ത് മരങ്ങളിലും ഒലിവുചില്ലകളിലും കാറ്റുലഞ്ഞു...
ഇലവംഗവും ജടാമഞ്ചിയും കാറ്റില്‍ സുഗന്ധം വിതറി...
കാരാമണിച്ചെടികള്‍ നൃത്തമാടി.
മേഘത്തിനു ചുറ്റും ചിത്രശലഭങ്ങളും മീവല്‍പ്പക്ഷികളും പറന്നുനടക്കുന്നു. അവയ്‌ക്കൊപ്പം ഒരു വൃന്ദം മാലാഖമാരും...
അവള്‍ അനനിയാദിനെ കണ്ടു.
മേഘപാളികള്‍ക്കു മുകളില്‍ അസ്തമിക്കാത്ത സൂര്യനെപ്പോലെ...
അവന്റെ വസ്ത്രങ്ങള്‍ക്കു ചന്ദ്രകാന്തി...
അവന്റെ കണ്ണുകളില്‍ പകല്‍ നക്ഷത്രങ്ങള്‍...
അവന്‍ കുഴല്‍ വായിച്ചുകൊണ്ടിരുന്നു...
അലൗകികവും മന്ദ്രമുഗ്ധവും മധുരതരവുമായ സംഗീതം...
അത് മാലാഖമാരുടെ തപ്പുതാളങ്ങളുമായി വിലയം പ്രാപിക്കുന്നു.
അനനിയാദും മാലാഖമാരും മീവല്‍പ്പക്ഷികളും ചിത്രശലഭങ്ങളും മേഘശകലങ്ങളും മുകളിലേക്ക്, കൂടുതലുയരത്തിലേക്ക്, അനന്തതയിലേക്ക് ഉയര്‍ന്നുപോകുന്നതു മേരി കണ്ടു.
അവള്‍ മുട്ടിന്മേല്‍നിന്ന് ആ കാഴ്ച കണ്ടു.
മേരി... മേരി മാത്രം അനനിയാദിന്റെ ആരോഹണം കണ്ടു.
(അവസാനിച്ചു)
അടുത്ത ലക്കംമുതല്‍ ദീപനാളം വാരികയില്‍
ഒരു കാറ്റുപോലെ
ആകാശത്തിന്റെ നിറങ്ങള്‍, മണിമുഴക്കം, മഞ്ഞുപെയ്യുന്ന താഴ്‌വരകള്‍, പുഴയ്ക്കു നടുവിലെ വീട്, ഇടയരാഗം, കുടുംബം, ബ്രിജീത്താവില്ല എന്നീ നോവലുകള്‍ക്കുശേഷം വിനായക് നിര്‍മ്മല്‍ എഴുതുന്ന പുതിയ നോവല്‍.
ചിലപ്പോള്‍ ഈ കാറ്റ് നമ്മുടെ കണ്ണുകളെ ഈറനാക്കും. മറ്റുചിലപ്പോള്‍ കണ്ണീരിനപ്പുറമുള്ള മഴവില്ലുകളെ കാണിച്ചുതരും. എന്തായാലും ഈ നോവല്‍ ഒരു അനുഭവമായിരിക്കുമെന്ന് ഉറപ്പ്.