ത്യാഗരാജസ്വാമികള്‍
സംഗീതത്രിമൂര്‍ത്തികളില്‍ അഗ്രഗണ്യനാണ് ത്യാഗരാജസ്വാമികള്‍. മുത്തുസ്വാമി ദീക്ഷിതര്‍, ശ്യാമശാസ്ത്രികള്‍ എന്നിവരാണു മറ്റു രണ്ടുപേര്‍. തിരുവാരൂരിലെ രാമബ്രഹ്മം എന്ന വൈദികബ്രാഹ്മണന്റെ മകനായി 1767 ല്‍ ത്യാഗരാജന്‍ ജനിച്ചു. തിരുവാരൂരിലെ മുഖ്യദേവനായ ശിവന് ത്യാഗരാജന്‍ എന്നാണു പേര്. രാമബ്രഹ്മം, തന്റെ മകന് അതുകൊണ്ടാണ് ആ പേരിട്ടത്.
രാമബ്രഹ്മം കുടുംബസമേതം തിരുവയ്യാറിലേക്കു താമസം മാറ്റി. പുത്രന്റെ സംഗീതത്തിലുള്ള താത്പര്യം മനസ്സിലാക്കി സംഗീതവിദ്വാന്‍ സൊണ്ടി വെങ്കിടരമണയ്യായുടെ ശിഷ്യനാക്കി.
അച്ഛന്‍ മരിച്ചപ്പോള്‍ ത്യാഗരാജനും ജ്യേഷ്ഠനും മാത്രമായി കുടുംബത്തില്‍. സ്വത്തു വീതിച്ചപ്പോള്‍ കിട്ടിയത് തുച്ഛമായ ധനവും ശ്രീരാമവിഗ്രഹവുമായിരുന്നു. ഇതിനിടയില്‍ പാര്‍വ്വതി എന്ന ഒരു സ്ത്രീയെ വിവാഹവും കഴിച്ചു. ജീവിക്കാന്‍ മാര്‍ഗ്ഗമില്ലാതെവന്നപ്പോള്‍ ഉഞ്ഛവൃത്തി (ഭിക്ഷാടനം) നടത്തി കഴിയേണ്ടിവന്നു. ആയിടയ്ക്ക് രാമകൃഷ്ണയതീന്ദ്രന്റെ ഉപദേശപ്രകാരം രാമമന്ത്രം 96 കോടി ജപിക്കുകയും ശ്രീരാമദേവനെ പ്രത്യക്ഷനാക്കുകയും ചെയ്തതായി പറയപ്പെടുന്നു. അഠാണരാഗത്തിലുള്ള 'ഏല നീ ദയരാദു' എന്ന കീര്‍ത്തനമാണ് അദ്ദേഹത്തിന്റെ ആദ്യകൃതിയെന്നും പറയപ്പെടുന്നു. നാരദമഹര്‍ഷി ദര്‍ശനം നല്കി 'സ്വരാര്‍ണവം' എന്ന ഗ്രന്ഥം സമ്മാനമായി കൊടുത്തതായും കഥയുണ്ട്.
ത്യാഗരാജന്റെ കീര്‍ത്തി ലോകമെങ്ങും പരന്നു. പല സ്ഥലത്തുനിന്നും ധാരാളം വിദ്വാന്മാര്‍ അദ്ദേഹത്തെ സന്ദര്‍ശിച്ചു. തിരുവിതാംകൂറില്‍നിന്ന് സ്വാതിതിരുനാളിന്റെ സദസ്സിലെ വിദ്വാന്‍ ഗോവിന്ദമാരാര്‍ അദ്ദേഹത്തെ സന്ദര്‍ശിക്കുകയും ആറു കാലങ്ങളില്‍ പാടാനുള്ള തന്റെ കഴിവ് അവതരിപ്പിക്കുകയും ഷഡ്കാലഗോവിന്ദമാരാര്‍ എന്ന ബഹുമതിക്കു പാത്രമാവുകയും ചെയ്തു. ഷഡ്കാലഗോവിന്ദമാരാരെ ഉദ്ദേശിച്ചാണത്രേ 'എന്ദരോ മഹാനുഭാവുലു' എന്ന പഞ്ചരത്‌നകൃതി അദ്ദേഹം രചിച്ചത്.
പല രാജാക്കന്മാരും പ്രഭുക്കന്മാരും ത്യാഗരാജനെ തങ്ങളുടെ ആസ്ഥാനവിദ്വാനായി ക്ഷണിച്ചു. ധനം വാഗ്ദാനം ചെയ്തുകൊണ്ട് തങ്ങളെക്കുറിച്ചു ഗാനങ്ങള്‍ രചിക്കുവാനുള്ള അപേക്ഷയും അദ്ദേഹം നിരസിച്ചു. നരസ്തുതിയെക്കാളും നല്ലത് നാരായണസ്തുതിയാണെന്നു പറഞ്ഞ്, 'നിധിചാലസുഖമാ' എന്ന കല്യാണരാഗകൃതി മറുപടിയായി കൊടുത്തുവിടുകയും ചെയ്തു. ഈ വിവരമറിഞ്ഞ അദ്ദേഹത്തിന്റെ ജ്യേഷ്ഠന്‍ ഏറെ കുപിതനായി ത്യാഗരാജന്‍ പൂജിച്ചിരുന്ന രാമവിഗ്രഹം എടുത്ത് കാവേരി നദിയില്‍ എറിഞ്ഞു. പ്രാര്‍ത്ഥിച്ചുതന്നെ ആ വിഗ്രഹം വീണെ്ടടുത്തതായി ഐതിഹ്യം. ശ്രീരംഗം, കാഞ്ചീപുരം, തിരുപ്പതി, തിരുവറ്റിയൂര്‍, കോവൂര്‍, നാഗപട്ടണം എന്നിവിടങ്ങളിലെ ദൈവാലയങ്ങള്‍ സന്ദര്‍ശിച്ച് തിരുപ്പതിയില്‍ എത്തിയപ്പോള്‍ ക്ഷേത്രം അടഞ്ഞുകിടന്നിരുന്നു. 'ഗളിപന്തു' രാഗത്തില്‍ 'തെരതീയഗരാദ' (തിരശീല നീങ്ങട്ടെ) എന്നു പാടി ദേവനെ ദര്‍ശിച്ചതായും, 'ശ്രീരാമപാദവാ' എന്ന് അമൃതവര്‍ഷിണിരാഗത്തില്‍ പാടി, അന്തരിച്ച ഒരു ബ്രാഹ്മണക്കുട്ടിയെ ജീവിപ്പിച്ചതായും കഥയുണ്ട്. 2500 ല്‍പ്പരം കൃതികള്‍ രചിച്ച ഇദ്ദേഹത്തിനുണ്ടായ ശിഷ്യസമ്പത്ത് ആര്‍ക്കുമില്ല. 1847 ല്‍ പുഷ്യബഹുളപഞ്ചമിദിവസം അദ്ദേഹം സമാധിയടഞ്ഞു.