ഉച്ചയൂണു കഴിഞ്ഞ് തന്റെ ചാരുകസേരയില്‍ വിശ്രമിക്കുകയായിരുന്ന ഉണ്ണീരിയമ്മയുടെ ചുറ്റിനും നാല്‍വര്‍ സംഘം ഒത്തുകൂടി. സംഘത്തിന്റെ നേതാവായ കുഞ്ഞുണ്ണിയുടെ മുഖത്തെ മ്ലാനത കണ്ട് ഉണ്ണീരിയമ്മ ചോദിച്ചു:
''എന്തുപറ്റി കുഞ്ഞുണ്ണ്യേ?''
കുഞ്ഞുണ്ണി സങ്കടത്തോടെ മുഖം താഴ്ത്തിയപ്പോള്‍ അമ്മാളുവാണ് മറുപടി പറഞ്ഞത്:
''കുഞ്ഞുണ്ണി പരീക്ഷയ്ക്കു തോറ്റു.''
''ഉവ്വോ, ഏതു പരീക്ഷ?''
''ഫിസിക്‌സ് പരീക്ഷ. കുഞ്ഞുണ്ണിക്കുവേണ്ടി ടീച്ചര്‍ പ്രത്യേകമായി ഒരു പരീക്ഷകൂടി നാളെ ഇടും. വൈദ്യുതിയുടെ പാഠത്തില്‍നിന്ന്. അതിലും തോറ്റാല്‍ വീട്ടില്‍നിന്ന് വിളിപ്പിക്കുമെന്നാ പറഞ്ഞേ.''
കുഞ്ഞുണ്ണി കരയാന്‍ തുടങ്ങി.
''എനിക്ക് ഫിസിക്‌സ് ഇഷ്ടമല്ല. വൈദ്യുതിയുടെ പാഠം എന്റെ തലയില്‍ കയറില്ല.''
''നീ ഇങ്ങനെ കരയാതെ കുഞ്ഞുണ്ണീ. എല്ലാത്തിനും പരിഹാരമുണ്ടാക്കാം. വൈദ്യുതിയുടെ പിതാവ് ആരാണെന്ന് നിങ്ങള്‍ക്കറിയോ?'' ഉണ്ണീരിയമ്മ ചോദിച്ചു.
''മൈക്കിള്‍ ഫാരഡെ.'' മൂവരും ഒരുമിച്ചാണു പറഞ്ഞത്.
ഇട്ടിണ്ടാനു മാത്രം ഒന്നും മനസ്സിലായില്ല.
''ഫാരഡെയുടെ കഥയാണ് ഞാന്‍ പറയാന്‍ പോകുന്നത്.''
നാലുപേരും ഉണ്ണീരിയമ്മയുടെ ചുറ്റിനും ഇരുന്നു.
''ഒരു ദരിദ്രകുടുംബത്തിലാണ് മൈക്കിള്‍ ഫാരഡെ ജനിച്ചത്. ഇരുമ്പുപണിയായിരുന്നു പിതാവിന്റെ ജോലി. ദാരിദ്ര്യവും അനാരോഗ്യവും ഫാരഡെയുടെ ബാല്യം ദുരിതത്തിലാക്കി. ദരിദ്രകുടുംബത്തിന്റെ ഉത്തരവാദിത്വം കൂടി ഏറ്റെടുക്കേണ്ടിവന്നതിനാല്‍ പ്രാഥമികവിദ്യാഭ്യാസം മാത്രം നേടാനേ കഴിഞ്ഞുള്ളൂ. കലാലയപഠനം വലിയ സ്വപ്നമായിരുന്നെങ്കിലും പട്ടിണിക്കു മുന്നില്‍ അതെല്ലാം ഉപേക്ഷിക്കേണ്ടി വന്നു. ചെറിയ പ്രായത്തില്‍ തന്നെ ഒരു പുസ്തകബയന്റിങ് സ്ഥാപനത്തില്‍ തുച്ഛമായ ശമ്പളത്തില്‍ ഫാരഡെയ്ക്കു ജോലിക്കു കയറേണ്ടിവന്നു. ബൈന്‍ഡ് ചെയ്യാന്‍ എത്തപ്പെടുന്ന പുസ്തകങ്ങള്‍ ആര്‍ത്തിയോടെ അവന്‍ വായിച്ചു. ശാസ്ത്രസംബന്ധിയായ പുസ്തകങ്ങളോടായിരുന്നു അവനു കൂടുതല്‍ പ്രിയം. ശാസ്ത്രത്തോടുള്ള അവന്റെ അത്യഗാധമായ താത്പര്യത്തെ സ്ഥാപനമുടമ പ്രോത്സാഹിപ്പിച്ചുകൊണ്ടിരുന്നു.
''അക്കാലത്താണ് പ്രസിദ്ധനായ ശാസ്ത്രജ്ഞന്‍ സര്‍ ഹംഫ്രി ഡേവിയുടെ ഒരു പ്രഭാഷണം കേള്‍ക്കുവാന്‍ ഫാരഡെയ്ക്ക് അവസരം ലഭിച്ചത്. ഫാരഡെയുടെ ജീവിതത്തിലെ വലിയ ഒരു വഴിത്തിരിവായിരുന്നു അത്. ഹംഫ്രി ഡേവിയുടെ പ്രഭാഷണത്തില്‍ പ്രചോദിതനായി. ഊര്‍ജതന്ത്രത്തില്‍ കൂടുതല്‍ പഠനങ്ങള്‍ നടത്തി. ഒടുവില്‍, ഹംഫ്രി ഡേവിയുടെ സഹായിയാകാനുള്ള അവസരവും അവനെ തേടിയെത്തി. വൈദ്യുതിയെ ചുറ്റിപ്പറ്റിയുള്ള പരീക്ഷണനിരീക്ഷണങ്ങള്‍ കൂടുതല്‍ക്കൂടുതല്‍ കണ്ടുപിടിത്തങ്ങളിലേക്ക് ഫാരഡെയെ കൊണ്ടെത്തിച്ചു.
ഉന്നതകുലജാതര്‍ക്കു മാത്രം എത്തിപ്പിടിക്കാവുന്ന ശാസ്ത്രലോകത്ത് ഒരു സാധാരണക്കാരന്‍, അതും ഔപചാരികശാസ്ത്രവിദ്യാഭ്യാസം ലഭിക്കാത്തവന്‍ മുന്നേറ്റം നടത്തുന്നത് പലരിലും അലോസരമുണ്ടാക്കി. ഫാരഡെയ്ക്ക് പല അവസരങ്ങളും നിഷേധിക്കപ്പെട്ടു. അപ്പോഴൊക്കെ ശാന്തനായി അയാള്‍ തന്റെ കര്‍മത്തില്‍ മുഴുകി. ശാസ്ത്രലോകത്തിനു വലിയ വഴിത്തിരിവുണ്ടാക്കുന്ന നിരവധി കണ്ടുപിടിത്തങ്ങള്‍ നടത്തി. പരിഹസിച്ചവരെകൊണ്ടുതന്നെ മഹാനായ ശാസ്ത്രജ്ഞന്‍ എന്നു വിളിപ്പിച്ചു. തന്റെ കണ്ടുപിടിത്തങ്ങള്‍ക്ക് പേറ്റന്റ് എടുക്കാന്‍പോലും അദ്ദേഹം കൂട്ടാക്കിയില്ല. പണസമ്പാദനം ആയിരുന്നില്ല അദ്ദേഹത്തിന്റെ ലക്ഷ്യം. ഒരിക്കല്‍ ബ്രിട്ടീഷ് രാജ്ഞി അദ്ദേഹത്തിന് സര്‍ പദവി സമ്മാനിക്കാന്‍ തീരുമാനിച്ചപ്പോള്‍ സ്‌നേഹത്തോടെ ഫാരഡെ അത് നിരാകരിച്ചു. ഒരു സാധാരണക്കാരനായി കഴിയാനായിരുന്നു ഫാരഡെ എന്നും ആഗ്രഹിച്ചത്.
രാസായുധങ്ങള്‍ ഉണ്ടാക്കാന്‍ സഹായിക്കണമെന്ന രാജ്യത്തിന്റെ ആവശ്യം അദ്ദേഹം തള്ളിക്കളയുകയാണുണ്ടായത്. ശാസ്ത്രം മനുഷ്യപുരോഗതിക്കും പരസ്പരസ്‌നേഹത്തിനും വേണ്ടിയുള്ളതാവണമെന്ന് ഫാരഡെ വിശ്വസിച്ചു.
വൈദ്യുതി കൃത്രിമമായി ഉത്പാദിപ്പിക്കാനുള്ള വഴി കണ്ടെത്തിയ ഫാരഡെ മനുഷ്യജീവിതത്തെ മാറ്റിമറിച്ചു നമ്മുടെ ജീവിതത്തെ പ്രകാശമാനമാക്കി, ആയാസരഹിതമാക്കി.
ശാസ്ത്രലോകത്തെ ഏറ്റവും പ്രതിഭാശാലിയായ വ്യക്തിയാണ് മൈക്കിള്‍ ഫാരഡെ. ഏതു മോശമായ സാഹചര്യത്തെയും കഠിനാധ്വാനംകൊണ്ടും ഉത്സാഹംകൊണ്ടും മറികടക്കാം എന്നുള്ളതിന് ഏറ്റവും നല്ല ഉദാഹരണമാണ് വൈദ്യുതിയുടെ പിതാവ് എന്നറിയപ്പെടുന്ന ഈ ശാസ്ത്രജ്ഞന്‍.
ഉണ്ണീരിയമ്മ കഥ പറഞ്ഞ് അവസാനിപ്പിച്ചപ്പോള്‍ എല്ലാവരും പ്രതീക്ഷയോടെ കുഞ്ഞുണ്ണിയുടെ മുഖത്തേക്കാണു നോക്കിയത്. അവന്‍ ആഹ്ലാദവാനായിരുന്നു.
''ഫാരഡെയെപ്പോലെ ഞാനും ഉത്സാഹിക്കും. പഠിക്കും. നല്ല മാര്‍ക്കു വാങ്ങി പരീക്ഷ ജയിക്കുകയും ചെയ്യും.''
കുഞ്ഞുണ്ണി പറയുമ്പോള്‍ എല്ലാവരും അവനെ നോക്കി കയ്യടിക്കുകയായിരുന്നു.