•  2 May 2024
  •  ദീപം 57
  •  നാളം 8
ഉണ്ണീരിയമ്മ പറഞ്ഞ കഥ

ഒന്നായി നന്നാകാം

ഇട്ടിണ്ടാന്‍ വലിയ സങ്കടത്തോടെയാണ് ഉണ്ണീരിയമ്മയുടെ അടുത്തേക്കു വന്നത്.
''എവിടെ കുട്ടിപ്പട്ടാളം?''
ഉണ്ണീരിയമ്മയുടെ ചോദ്യത്തിന് ഉത്തരം പറയും മുമ്പേ അവന്‍ വിങ്ങിപ്പൊട്ടി. ''എന്താ കുട്ട്യേ എന്തുപറ്റി?''
''കുഞ്ഞുണ്ണീം അമ്മാളൂം ജോണിക്കുട്ടീം പാടത്ത് ബലൂണ്‍ പറത്തി കളിക്ക്യാ. പിടിവിട്ടാല്‍ ആകാശത്തേക്കു പൊങ്ങിപ്പറക്കണ ബലൂണ്‍. എന്നെ കളിക്കു കൂട്ടിയില്ല. ഞാന്‍ വഴക്കാളി ആണത്രേ... ആണോ ഉണ്ണിയമ്മേ?''
''അങ്ങനെ പറഞ്ഞോ എങ്കില്‍ അതൊന്നു ചോദിക്കണമല്ലോ, അവര് ഇങ്ങു വരട്ടെ.''
ഉണ്ണീരിയമ്മ ഇട്ടിണ്ടാനെ ആശ്വസിപ്പിച്ച് ഒരു ഉണ്ണിയപ്പവും കൊടുത്തു. അത് കഴിച്ചുകൊണ്ടിരിക്കുമ്പോഴാണ് മൂവര്‍സംഘം വലിയ ഉത്സാഹത്തോടെ അവിടേക്കു വരുന്നത്. അന്തരീക്ഷത്തില്‍ പാറിക്കളിക്കുന്ന ബലൂണുകളുമായി വരുന്ന കുഞ്ഞുണ്ണിയെയും അമ്മാളുവിനെയും ജോണിക്കുട്ടിയെയും കണ്ടപാടേ ഇട്ടിണ്ടാന്‍ ചിണുങ്ങിക്കൊണ്ട് പിന്നാമ്പുറത്തേക്കു പോയി. 
''നിങ്ങളെന്താ ഇട്ടിണ്ടാനെ കൂട്ടാത്തത്?'' ഉണ്ണീരിയമ്മ ചോദിച്ചു.
അമ്മാളുവാണ് മറുപടി പറഞ്ഞത്:
''ഇട്ടിണ്ടാന്റെ കൈയില്‍ നിറയെ കുസൃതിയാ. ബലൂണ്‍ പൊട്ടിച്ചുകളയും ഉണ്ണിയമ്മേ.'' ഉണ്ണീരിയമ്മ തന്റെ ചാരുകസേരയില്‍ ഇരുന്നു. മൂവരും ഉണ്ണീരിയമ്മയ്ക്കു ചുറ്റുമിരുന്നു.
''ഈ ബലൂണുകള്‍ ആകാശത്തേക്കു പൊങ്ങിപ്പറക്കുന്നതിന്റെ കാര്യം എന്തെന്ന് അറിയോ?''
''ഹൈഡ്രജന്‍.'' അമ്മാളു ഉത്തരം പറഞ്ഞു. ''അതേ, വായുവിനേക്കാള്‍ സാന്ദ്രത കുറഞ്ഞ ഹൈഡ്രജനാണ് ഈ ബലൂണില്‍ നിറച്ചിരിക്കുന്നത്. അതുകൊണ്ടാണ് പിടിവിട്ടാല്‍ അത് പറന്നു പോകുന്നത്. ഹൈഡ്രജന്റെ എന്തൊക്കെ പ്രത്യേകതകള്‍ നിങ്ങള്‍ക്കറിയാം.''
''സ്വയം കത്തുന്ന വാതകമാണ്.'' കുഞ്ഞുണ്ണി പറഞ്ഞു.
''അതെ, വലിയ സ്‌ഫോടന സ്വഭാവം ഹൈഡ്രജനുണ്ട്. ഉയര്‍ന്ന കലോറികമൂല്യമുള്ള ഇന്ധനമാണ് ഹൈഡ്രജനെങ്കിലും അപകടസാധ്യത ഉള്ളതിനാല്‍ സാധാരണയായി അത് ഉപയോഗിക്കുന്നില്ല.''
''അപ്പോ ഈ ഹൈഡ്രജന്‍ ഒരു കുഴപ്പക്കാരനാണ് അല്ലേ ഉണ്ണിയമ്മേ?''
അമ്മാളു ചോദിച്ചു.
ഉണ്ണീരിയമ്മയുടെ മുഖത്ത് ഒരു ചിരി വിടര്‍ന്നു.
''ആട്ടെ, നിങ്ങള്‍ക്ക് ഇനി ഓക്‌സിജനെപ്പറ്റി എന്തറിയാം?''
ഉണ്ണീരിയമ്മയുടെ ചോദ്യം കേട്ടപാടെ ജോണിക്കുട്ടിയാണ് എല്ലാവരെയും കടത്തിവെട്ടി ഉത്തരം പറഞ്ഞത്:
''ഓക്‌സിജന്‍ നമ്മുടെ പ്രാണവായു അല്ലേ. ശ്വസിക്കാനും നമുക്ക് ജീവിക്കാനും ഓക്‌സിജന്‍ കൂടിയേതീരൂ.'' 
''ശരിയാണ് കുട്ടികളേ, ഓക്‌സിജന്‍ ഇല്ലാതെ ജീവന്‍ അസാധ്യം. കത്താന്‍ സഹായിക്കുന്ന വാതകവും ഓക്‌സിജനാണ്.''
മൂവര്‍സംഘം സന്തോഷത്തോടെ പരസ്പരം നോക്കി. ഉണ്ണീരിയമ്മ തുടര്‍ന്നു. ''എങ്കില്‍ നിങ്ങളോട് ഒരു ചോദ്യം: ഹൈഡ്രജനും ഓക്‌സിജനും ചേര്‍ന്നാല്‍ എന്തുണ്ടാകും?''
കൂട്ടത്തില്‍ മുതിര്‍ന്നവനായ കുഞ്ഞുണ്ണിയാണ് അതിന് ഉത്തരം നല്‍കിയത്, ''ജലം.'' ഉണ്ണീരിയമ്മ മൂവരോടുമായി പറഞ്ഞു:
''നോക്കൂ, സ്വയം കത്തുന്ന സ്‌ഫോടനസ്വഭാവമുള്ള ഹൈഡ്രജനൊപ്പം ജീവവായുവായ ഓക്‌സിജന്‍ ചേര്‍ന്നപ്പോള്‍ അത് ജലമായി മാറി. ജീവന്റെ നിലനില്പിന് ആധാരമായ ജലം, ജലമില്ലാതെ ജീവിതമില്ല. പച്ചപ്പില്ല. നോക്കൂ ഇങ്ങനെയാണ് നല്ല സൗഹൃദവും. നല്ല സുഹൃത്തുക്കളോടൊപ്പം ചേരുമ്പോള്‍ നല്ല കൂട്ടായ്മകള്‍ ഉണ്ടാവുന്നു. ജലംപോലെ മുന്നോട്ട് ഒഴുകാന്‍ സാധിക്കുന്നു.''
ഇട്ടിണ്ടാന്റെ കാര്യമാണ് ഉണ്ണീരിയമ്മ പറയുന്നതെന്ന് മൂവര്‍ക്കും മനസ്സിലായി. അവര്‍ക്കു സങ്കടം തോന്നി.
''സാരമില്ല, അവനെയും നിങ്ങളോടൊപ്പം ചേര്‍ത്താല്‍ മതി.'' ഉണ്ണീരിയമ്മ പറഞ്ഞു. പറക്കുംബലൂണുകള്‍ പാടത്ത് പറത്തിക്കളിക്കാനായി ഇട്ടിണ്ടനെ വിളിക്കാന്‍ മൂവര്‍സംഘം പിന്നാമ്പുറത്തേക്കു പോയി.
(തുടരും)

 

Login log record inserted successfully!