പ്രണയത്തിന്റെ അഞ്ചിതളുകള്‍ തൊങ്ങല്‍ ചാര്‍ത്താത്ത കുടുംബജീവിതം കേവലം ശൂന്യതാബോധത്തില്‍ എത്തിച്ചേരുന്നു. വിദ്വേഷത്തിന്റെയും ആശങ്കയുടെയും വിഴുപ്പുചുമന്ന് ജീവിതമാകെയും കൂനിപ്പോകാം. ഐതിഹാസികനായ (കഇഛചകഇ ക) ഭര്‍ത്താവ് അവള്‍ തുറക്കുന്ന സമരമുഖങ്ങളെ പല്ലും നഖങ്ങളുമുപയോഗിച്ചെതിര്‍ത്തുകൊണ്ടിരിക്കും. ഭവനത്തില്‍ ആരുടെ പതാക പാറിക്കളിക്കുമെന്നാണ് അയാളുടെ ആശങ്ക. എന്നാല്‍, അവള്‍ക്കു സൈ്വരക്കേടുണ്ടാക്കുന്നത് അത്രത്തോളം പോന്ന ചിന്തയല്ല. അവള്‍ ആഗ്രഹിക്കുന്നതും ആവശ്യപ്പെടുന്നതും തന്റെ അഭിലാഷങ്ങള്‍ പൂചൂടുന്ന സുന്ദരമുഹൂര്‍ത്തങ്ങളെക്കുറിച്ചാണ്. അതിലെ ശരിയുടെ വ്യാപ്തിവിസ്താരങ്ങള്‍ യുക്തിപരമാകുന്നതിനാല്‍, വലിയ വിലകൊടുക്കുമെന്നു പ്രതീക്ഷിക്കുകയും വേണ്ട. അവന്റെ 'ശരിസങ്കല്പ'ങ്ങളുമായി കൊക്കുരുമ്മി നില്‍ക്കുമ്പോള്‍, അവിടെ സ്വര്‍ഗ്ഗവാതിലുകള്‍ തുറക്കുകയായി. അവര്‍ സൗഭാഗ്യവതിയും സൗഭാഗ്യവാനുമായിത്തീരുന്നു.
അവളുടെ ശരികളും അവന്റെ ശരികളും പൊരുത്തപ്പെടാത്ത ശ്രുതിലയങ്ങളാകുന്നെങ്കിലോ? അവള്‍ക്കത് നിരാശയ്ക്കു കാരണമാകുന്നു. തന്റെ മൗലികാവകാശം - പ്രണയം - നിഷേധിക്കപ്പെടുന്നു എന്നു തിരിച്ചറിയുന്നു. പരസ്പരം ഇഴചേരാത്ത സമാന്തരരേഖകളായി അവനും അവളും ജീവിച്ചുതുടങ്ങുന്നു.
ഈ കാലയളവ് അവളുടെ ദൃഷ്ടിയില്‍ ഒറ്റയൊരു ലക്ഷ്യത്തിനു മാത്രമുള്ളതാണ്; തന്റെ അഭിലാഷപൂര്‍ത്തീകരണം. അതില്‍ യാഥാര്‍ത്ഥ്യത്തിന്റെയും കാല്പനികതയുടെയും സ്വപ്നങ്ങളുണ്ട്. വിവാഹാനന്തരം, താന്‍ വിലപ്പെട്ടതെന്നു കരുതിയ സമസ്തവും അയാള്‍ക്കായി സമര്‍പ്പണം നടത്തിയവള്‍. അവളുടെ നിര്‍ബന്ധങ്ങള്‍ക്കും നിബന്ധനകള്‍ക്കും സാധുത തീരെയില്ലെന്നു പറയാമോ?
അതുകൊണ്ട് അവള്‍ വെറുതേയിരിക്കുന്നില്ല. എല്ലാ ചാന്‍സുകളും അവനെ തന്റെ നിശ്ചയധാരയിലേക്കു കൊണ്ടുവരാന്‍ അവള്‍ ഉപയോഗിക്കും. പല സമ്മര്‍ദ്ദതന്ത്രങ്ങള്‍ക്കും അവന്‍ വിധേയനാകാം. അവന്റെ പ്രതികരണങ്ങള്‍ അവളില്‍ ഭയപ്പാടോ പരിഭ്രമമോ അല്ല സൃഷ്ടിക്കുക. ആര്‍ജ്ജവത്തോടെ മുന്നേറാനുള്ള ശേഷിയും ശേമുഷിയും അവള്‍ പ്രയോഗിക്കും. കാരണം മൗലികാവകാശലംഘനമാണവള്‍ നേരിടുന്നത്.
അവനെ സംബന്ധിച്ചിടത്തോളം, അസംഗതമായ അവളുടെ നിര്‍ദ്ദേശങ്ങള്‍ തന്റെ ഈഗോയിലുള്ള കടന്നാക്രമണമായി മാറുന്നു. അവളുടെ ആവശ്യങ്ങളിലെ, നിര്‍ദ്ദേശങ്ങളിലെ നൈതികത എത്രത്തോളമാണെന്നു പഠിക്കാന്‍പോലും അവന് ക്ഷമ നഷ്ടപ്പെടുന്നു. തന്റെ വീഴ്ച കാത്തിരിക്കുന്ന ശത്രുവായി അവളെ കണ്ടില്ലെങ്കിലേ വിസ്മയിക്കേണ്ടതുള്ളൂ. അസ്വീകാര്യരാണെന്നു കരുതിയ ബന്ധുമിത്രാദികളാണല്ലോ ഇതിലും ഭേദം എന്നും അവന്‍ ചിന്തിച്ചേക്കാം.
അങ്ങനെ, ഭര്‍ത്താക്കന്മാര്‍ ചില പ്രത്യേക ദിശകളിലേക്കു പിന്‍വലിയുന്നു.
ഒരു കൂട്ടര്‍ തന്റെ പങ്കാളിയെ തെറ്റിന്റെ പ്രതീകമായിക്കണ്ട്, ജീവിതകാലത്തോളം കീഴ്‌പ്പെടുത്തല്‍ തുടരുന്നു. തന്റെ ശരി അടിച്ചേല്പിക്കുന്നതില്‍ അവര്‍ക്ക് രണ്ടാമതൊന്നാലോചിക്കാനില്ല. വേറൊരു കൂട്ടര്‍, ആരെയൊക്കെയോപ്രതി മനസ്സില്ലാമനസ്സോടെ, അഡ്ജസ്റ്റ് ചെയ്തുപോകാന്‍ നോക്കുന്നു. (ചിലര്‍ ദൈവത്തെയോര്‍ത്താണെന്നും മറ്റുള്ളവര്‍ മക്കളെപ്രതിയാണെന്നും വിചാരിക്കുന്നു) ഇങ്ങനെയുള്ളവര്‍ക്കിടയില്‍ ക്ഷമ കെടുമ്പോള്‍ പൊട്ടിത്തെറികളുണ്ടാകാം. മുകളില്‍ പറഞ്ഞ രണ്ടിനും കഴിവില്ലാത്തവര്‍, താന്‍ ഒരടിമയായി മാറി എന്ന മിഥ്യാബോധത്തില്‍ എത്തിച്ചേരുന്നു. അവസാനത്തെക്കൂട്ടര്‍, ഭാര്യയുടെ നിലപാടുകളെ മനസ്സില്ലാമനസ്സോടെ അംഗീകരിച്ചവരാണ്. പക്ഷേ, അവരുടെ ഉള്‍ബോധങ്ങളില്‍, ഒരു തീക്കടല്‍ രൂപപ്പെട്ടിരിക്കും. അതിന്റെ താപച്ചുഴലികളില്‍ നിന്നു രക്ഷപ്പെടാന്‍ അവര്‍ മൂന്നു മാര്‍ഗ്ഗങ്ങള്‍ കണെ്ടത്താം. ലഹരിയാണ് ഒന്നാംസ്ഥാനത്തുള്ളത്. തൊട്ടുപിന്നാലെ വരുന്നത് പരദൂഷണസ്വഭാവമാണ്. മറ്റുള്ളവരുടെ അവിശ്വസ്തതയെക്കുറിച്ചായിരിക്കും അവര്‍ക്കേറെ പറയുവാനുള്ളത്. മൂന്നാമത്തെ - ഒരുപക്ഷേ, കുടുംബജീവിതത്തിന്റെ അടിത്തറതന്നെ ഇളക്കുന്ന ഒന്ന് - ദാമ്പത്യ അവിശ്വസ്തതയാകുന്നു. അതോടെ അവന്‍ തിരയും തീരവും സംഗമിക്കുന്ന മനോഹരഭൂമികളില്‍നിന്ന്, തിരിച്ചെത്താനാവാത്ത ഉള്‍ക്കടലുകളിലേക്ക്, എന്നന്നേക്കുമായി അപ്രത്യക്ഷനാകുന്നു.
പ്രണയം തന്റെ ജന്മാവകാശമാണെന്ന് അവള്‍ക്ക് അവനെ ബോധ്യപ്പെടുത്താമായിരുന്നില്ലേ? അയാളുടെ ഈഗോ തന്റെയും മഹിമയാണെന്ന് ഒന്നു തുറന്നു പറഞ്ഞുകൂടായിരുന്നോ?
പ്രണയിനിയുടെ സ്വപ്നങ്ങള്‍ക്കു ചിറകുകൊടുക്കേണ്ടത് താന്‍തന്നെയാണെന്ന പുരുഷപാഠം അവനും അറിയേണ്ടതായിരുന്നില്ലേ? ഇണയോടു ചെയ്യാവുന്ന ഏറ്റവും നീചവും പ്രാകൃതവുമായ പ്രവൃത്തി, അവള്‍ക്കു പ്രണയം നിഷേധിക്കുന്നതാണെന്ന് ആരെങ്കിലും അവനെ പഠിപ്പിക്കേണ്ടതല്ലായിരുന്നോ?
പരസ്പരം നോക്കാതെ, വ്യത്യസ്തമായ ചക്രവാളങ്ങളില്‍ തുറിച്ചുനോക്കി, രണഭേരി മുഴക്കുന്ന പോരാളികളുടെ പടുജന്മമാകരുത് കുടുംബജീവിതം. പാഠങ്ങള്‍ പഠിച്ചുകൊണേ്ടയിരിക്കുക; അതാണ് വഴി.