•  2 May 2024
  •  ദീപം 57
  •  നാളം 8
വചനനാളം

ക്രിസ്തീയജീവിതത്തിന്റെ അക്ഷരമാല

ജൂണ്‍ 13  ശ്ലീഹാക്കാലം   നാലാം ഞായര്‍
നിയ. 1:16-18   ഏശ. 1:10-20
1 കോറി. 9:19-27 ലൂക്കാ.6:27-36

 ക്രിസ്തീയജീവിതത്തിന്റെ ഭംഗി കാട്ടിത്തരുന്ന വിശേഷമായ സുവിശേഷഭാഗമാണിത്. സുവിശേഷത്തിനുള്ളിലെ സുവിശേഷമാണ് ഇതിലെ ''സുവര്‍ണനിയമം.''
ക്രിസ്തീയജീവിതശൈലിയുടെ അക്ഷരമാലയെന്നു ചിലര്‍ ഈ വചനഭാഗത്തെ വിശേഷിപ്പിക്കുന്നു. മത്തായിയുടെ സുവിശേഷത്തിലെ ഗിരിപ്രഭാഷണത്തിന്റെ സംക്ഷിപ്തരൂപമാണിത്. മലയിറങ്ങി സമതലത്തിലെത്തിയ യേശുവിന്റെ മനുഷ്യജീവിതത്തിന്റെ സമസ്തമേഖലകളെയും സ്പര്‍ശിക്കുന്ന സമതല പ്രഭാഷണമാണിത്. സമതുലിതമായ ക്രിസ്തീയജീവിതത്തിന് അവശ്യം വേണ്ട കാര്യങ്ങള്‍. ക്രിസ്തുവിന്റെ സുവിശേഷത്തിലെ ഉന്നതമായ ധാര്‍മികമൂല്യങ്ങളുടെ രത്‌നച്ചുരുക്കം. മത്തായിയും ലൂക്കായും ഈ സവിശേഷഭാഗം ആരംഭിക്കുന്നത് സുവിശേഷഭാഗ്യങ്ങളോടെയാണ്.
സുവര്‍ണനിയമം
''മറ്റുള്ളവര്‍ നിങ്ങളോട് എങ്ങനെ പെരുമാറണമെന്നു നിങ്ങള്‍ ആഗ്രഹിക്കുന്നുവോ, അങ്ങനെതന്നെ നിങ്ങള്‍ അവരോടും പെരുമാറുവിന്‍'' (ലൂക്കാ 6/31). 
''മനുഷ്യര്‍ നിങ്ങള്‍ക്കു ചെയ്തുതരണമെന്നു നിങ്ങള്‍ ആഗ്രഹിക്കുന്നതെല്ലാം നിങ്ങളും അവര്‍ക്കു ചെയ്യുവിന്‍. ഇതാണു നിയമവും പ്രവാചകന്മാരും'' (മത്തായി. 7/12).
''നിനക്ക് അഹിതമായത് അപരനോടും ചെയ്യരുത്.'' (തോബിത് 4/15).
''അയല്‍ക്കാരന്റെ വികാരത്തെ വിധിക്കുന്നതിനുമുമ്പു സ്വന്തം വികാരത്തെ കണക്കിലെടുക്കണം'' (പ്രഭാഷകന്‍ 31/15).
ക്രിസ്തീയജീവിതത്തിന്റെ ഭംഗി അടിക്കു പകരം തിരിച്ചടിയല്ല. തെറിക്കുത്തരം മുറിപ്പത്തലല്ല. തിന്മയ്ക്കു പകരം തിന്മയല്ല. ശാപത്തിനു പകരം ശാപമല്ല. അത് ശാപത്തിനു പകരം അനുഗ്രഹമാണ്. അടിക്കുന്നവന് അടിക്കാന്‍ മുഖം കാട്ടിക്കൊടുക്കുന്ന സംസ്‌കാരമാണ്, മേലങ്കി എടുത്തവനു കുപ്പായംകൂടി കൂടുതലായി കൊടുത്തുവിടുന്ന ജീവിതശൈലിയാണ്, വിക്ടര്‍ യൂഗോയുടെ 'പാവങ്ങളി'ലെ മെത്രാന്‍ മോഷ്ടാവിന് അവന്‍ എടുത്തിട്ട് മറന്നുവച്ച തിരിക്കാലുകള്‍കൂടി സ്‌നേഹപൂര്‍വം കൊടുത്തുവിടുന്നതുപോലുള്ള സൗമനസ്യമാണ്. അത് സ്‌നേഹിക്കുന്നവരെ മാത്രം സ്‌നേഹിക്കുന്ന, പകരത്തിനു പകരം നല്‍കുന്ന സ്‌നേഹമല്ല. സ്‌നേഹിക്കാത്തവനെയും പകരം തരാന്‍ പറ്റാത്തവരെയും തന്റെ സ്‌നേഹവലയത്തിനുള്ളിലാക്കുന്ന ക്രിസ്തുസ്‌നേഹമാണ്.
''നിങ്ങളുടെ പിതാവ് കരുണയുള്ളവനായിരിക്കുന്നതുപോലെ നിങ്ങളും കരുണയുള്ളവരായിരിക്കുവിന്‍'' (ലൂക്കാ 6/36).
'ക്രിസ്തുവിന്റെ കരുണയുടെ ഗായകന്‍' എന്നാണ് വിശ്വസാഹിത്യകാരനായ ഡാന്റെ ലൂക്കാസുവിശേഷകനെ വിശേഷിപ്പിച്ചത്. കാരണം, ലൂക്കാസുവിശേഷത്തിലെ പ്രധാന പ്രമേയം കരുണയാണ്. യഹൂദരോടും വിജാതീയരോടുമുള്ള കരുണ. പാപികളോടും പതിതരോടുമുള്ള കരുണ, രോഗികളോടും വിധവകളോടും സ്ത്രീകളോടുമുള്ള കരുണ. കണ്ണിനു കണ്ണും, പല്ലിനു പല്ലും ജീവിതനിയമമാക്കിയിരുന്നെങ്കില്‍ ഈ ലോകം കണ്ണും പല്ലും ഇല്ലാത്തവരുടെ ലോകമായി മാറുമായിരുന്നു. ക്രിസ്തീയജീവിതത്തിന്റെ ഭംഗി അതിനില്ല. ക്രിസ്തുവിന്റെ ഗിരിപ്രഭാഷണവും സമതല പ്രസംഗവുമൊക്കെ നന്നായി ഗ്രഹിച്ചിരുന്ന മഹാകവി രവീന്ദ്രനാഥ ടാഗോര്‍ പറഞ്ഞു: ''ക്രിസ്ത്യാനികളായ നിങ്ങള്‍ക്കു സ്പഷ്ടമായ ധര്‍മോപദേശം ലഭിച്ചിട്ടുണ്ട്. അത് അനുസരിച്ചാല്‍ മാത്രം മതി.'' സമാധാനത്തിന്റെ ഇരിപ്പിടം എന്നര്‍ത്ഥമുള്ള 'ശാന്തിനികേതന'ത്തിലിരുന്ന് യേശുവിന്റെ ശാന്തിദൂതിനെപ്പറ്റി ടാഗോര്‍ ഏറെ ധ്യാനിച്ചിരുന്നു. വ്യക്തിജീവിതങ്ങളെയും ലോകത്തെത്തന്നെയും മാറ്റിമറിക്കാന്‍ പോരുന്ന ക്രിസ്തുവിന്റെ ശാന്തിദൂത്. 
'ദീനബന്ധു' എന്ന പേരില്‍ അറിയപ്പെട്ടിരുന്ന സുവിശേഷപ്രഘോഷകനായ സി.എഫ്. ആന്‍ഡ്രൂസ് 'എനിക്ക് ക്രിസ്തുവിനോടുള്ള കടപ്പാട്' എന്ന തന്റെ ഗ്രന്ഥത്തില്‍ ഇപ്രകാരം എഴുതി: ''മഹാത്മാഗാന്ധിയെ ഞാന്‍ ആദ്യമായി ദക്ഷിണാഫ്രിക്കയില്‍വച്ചാണ് കാണുന്നത്. സഹനത്തില്‍ വിജയം വരിക്കുന്നതിനുള്ള അസാധാരണമായ ശക്തി അദ്ദേഹത്തിനുണ്ടായിരുന്നു. അദ്ദേഹത്തോടുകൂടെ ഇരിക്കുന്നത് എനിക്കുണ്ടായിരുന്ന നല്ല ഗുണങ്ങള്‍ക്കു പുതുജീവന്‍ ഉണ്ടാകുന്നതിനും എന്നില്‍ ഒരു ധൈര്യം ജ്വലിപ്പിച്ചു പ്രകാശിപ്പിക്കുന്നതിനും പര്യാപ്തമായിരുന്നു. ഒരു കഠിന വേനല്‍ദിവസം ഞങ്ങള്‍ രണ്ടുപേരുംകൂടി ഒരു അരുവിക്കരെ ഇരുന്നതു ഞാന്‍ ഓര്‍ക്കുന്നു. ഉയര്‍ന്ന ജീവിതനിലയിലെത്തിയ ജീവികള്‍ താണവയെ ഭക്ഷിക്കുക എന്നതു പ്രകൃതിയില്‍ സാധാരണമായി കണ്ടുവരുന്ന ഒന്നായതുകൊണ്ട് മനുഷ്യന്‍ ഭക്ഷണത്തിനായി ഹിംസിക്കുന്നതില്‍ തെറ്റില്ല എന്നു ഞാന്‍ വാദിച്ചു. അദ്ദേഹം എന്നോടു ചോദിച്ചു: ''ഒരു ക്രിസ്ത്യാനി ആയിരിക്കെ അങ്ങനെ വാദിക്കുന്നതു ശരിയാണോ? കര്‍ത്താവു ലോകത്തില്‍ പിറന്നതു ജീവനെ നശിപ്പിക്കാനല്ല; രക്ഷിക്കാനാണ്. ക്രിസ്തുവിന്റെ ജീവന്‍തന്നെ നിങ്ങള്‍ക്കും മറ്റുള്ളവര്‍ക്കുമായി ത്യജിച്ചതിനാല്‍ സത്യം കണ്ടെത്തി എന്നു നിങ്ങള്‍ വിശ്വസിക്കുന്നു എന്നു ഞാന്‍ വിചാരിച്ചു. ദൈവികമായ സ്വഭാവം ജീവനെ എടുക്കുകയല്ല, ജീവനെ കൊടുക്കുകയാണ്.'' ഗിരിപ്രഭാഷണത്തില്‍നിന്ന് അഹിംസയുടെ പാഠമുള്‍ക്കൊണ്ട ഗാന്ധിജിയുടെ നിരീക്ഷണമായിരുന്നു ഇത്. മഹാകവിയായ രവീന്ദ്രനാഥ ടാഗോറിന്റെ ജ്യേഷ്ഠസഹോദരനായിരുന്നു ദ്വിജേന്ദ്രനാഥ ടാഗോര്‍. ശാന്തിനികേതനില്‍വച്ച് യേശുവചനങ്ങളെപ്പറ്റി അദ്ദേഹം സംസാരിച്ചിരുന്നു. തന്റെ ആയുസ്സിന്റെ അവസാനദിവസങ്ങളിലും പലപ്പോഴും അദ്ദേഹം യേശുവിന്റെ പര്‍വതപ്രസംഗത്തെപ്പറ്റി ഓര്‍ക്കുകയും അതിലെ അതിപ്രധാന വാക്യങ്ങള്‍ ധ്യാനിക്കുകയും പതിവായിരുന്നു.
അദ്ദേഹം പറഞ്ഞു: ''അവ എന്റെ ആഹാരവും പാനീയവുമാണ്. ഒരു കുഞ്ഞിനുപോലും മനസ്സിലാകത്തക്കവിധം അത് എത്ര ലളിതമാണ്. അതേസമയംതന്നെ അവയുടെ അന്തരാര്‍ത്ഥം അത്യഗാധമാണ്. അത് മനുഷ്യവര്‍ഗത്തിന്റെ അതിവിശിഷ്ടമായ സ്വത്താണ്. ദിവസംപ്രതി ഞാനതു ധ്യാനിക്കുന്നു. രാത്രി ഉറക്കമില്ലാതെ കിടക്കുന്ന നാഴികകളില്‍ ഞാന്‍ അവയെപ്പറ്റി ഓര്‍ക്കുന്നു. അതു മനസ്സിലാക്കുന്നതിന് ഒരു വ്യാഖ്യാനഗ്രന്ഥവും ആവശ്യമില്ല. അവയെപ്പറ്റിയുള്ള ധ്യാനത്തില്‍ എനിക്ക് ഒരിക്കലും മുഷിച്ചില്‍ തോന്നിയിട്ടില്ല. അവയുടെ അര്‍ത്ഥം മുഴുവന്‍ ഞാന്‍ ഗ്രഹിച്ചുകഴിഞ്ഞു എന്നുള്ള വിചാരവും എനിക്ക് ഒരിക്കലും ഉണ്ടാകുന്നില്ല. ഒരു മനുഷ്യന് അവസാനംവരെയും മരണവേളയില്‍ത്തന്നെയും ശക്തിയും ധൈര്യവും നല്കുന്ന സത്യങ്ങള്‍ അവയില്‍ അടങ്ങിയിരിക്കുന്നു.''

Login log record inserted successfully!