ഈ വിഭാഗക്കാര്‍ വീട്ടില്‍ ഒതുങ്ങിക്കൂടാനിഷ്ടപ്പെടുന്നില്ല. ആള്‍ക്കൂട്ടമാണ് അവര്‍ക്കു പ്രചോദനം. പൊതുവേദികളില്‍ എങ്ങനെയെങ്കിലും വന്നെത്തിയിരിക്കും.
തുറന്നിടപഴകുക, ധാരാളം സംസാരിക്കുക, തമാശ പറയുക, ശുഭാപ്തിവിശ്വാസം പുലര്‍ത്തുക ഇതൊക്കെയാണ് ശൈലി. എപ്പോഴുംതന്നെ സന്തോഷഭരിതരായി കാണപ്പെടുന്നു. പത്താളു കൂടുന്നിടത്ത് അവര്‍ ഊര്‍ജം കണ്ടെത്തുന്നു.
സ്ഥലത്തെ പ്രധാനപയ്യന്‍സായിരിക്കുന്നതോടൊപ്പം, സ്വന്തം മേല്‍ക്കൈ സ്ഥാപിച്ചെടുക്കാനുള്ള ശ്രമവും ഉണ്ടാകും. തന്റെ സ്വാധീനം, കാര്യക്ഷമത ഇതൊക്കെ ആവര്‍ത്തിച്ചുകൊണ്ടേയിരിക്കും; ഒന്നല്ലെങ്കില്‍ മറ്റൊരു വിധത്തില്‍.
പല കാര്യങ്ങളില്‍ ഒരേസമയം ഇടപെടുമെങ്കിലും മിക്കപ്പോഴും അതെല്ലാം ഉപരിപ്ലവമായിരിക്കും. വിഷയത്തിന്റെ ആഴത്തിലേക്കിറങ്ങി ച്ചെല്ലുന്ന പതിവില്ല. എന്നാലും എല്ലാവര്‍ക്കും വേണ്ടപ്പെട്ടവരുടെ പട്ടികയില്‍ എത്തിപ്പെടുകയും ചെയ്യും.
പങ്കാളിയെ സംബന്ധിച്ചിടത്തോളം ഇയാള്‍ ഒരു കിട്ടാക്കനിയാണ്. വീട്ടിലിരിക്കാറില്ലല്ലോ. നൂറുകൂട്ടം കാര്യങ്ങളുമായി തിരക്കോടു തിരക്ക്. എന്നാല്‍, അതിനുള്ള പ്രയോജനം കുടുംബത്തുണ്ടോ? മിക്കപ്പോഴും ഇല്ല; അതാണു വാസ്തവം.
കുടുംബാംഗങ്ങളുടെ ക്ഷേമം, കുട്ടികളുടെ വിദ്യാഭ്യാസം, വരുമാനം ഇതൊക്കെ കണ്ണില്‍പ്പെടാതെ പോവുക സ്വാഭാവികം. ഇവിടെ പങ്കാളിയുടെ സ്ഥിതി പറയേണ്ടതില്ലല്ലോ. പ്രശ്‌നങ്ങള്‍ക്കിടയില്‍പ്പെട്ട് നട്ടം തിരിയുന്ന അവള്‍ക്കെന്തു പ്രണയം? നിരാശയും അസംതൃപ്തിയും വിഷാദവും അവളുടെ സ്വപ്നങ്ങള്‍ക്കു ചരമക്കുറിപ്പെഴുതുന്നു.
ബഹിര്‍മുഖത്വം ഗുണപരമായിത്തീരണമെങ്കില്‍, മറ്റു മുദ്രിതവ്യക്തിത്വങ്ങളില്‍നിന്ന്, ചിലതെല്ലാം സ്വാംശീകരിച്ചേ മതിയാകൂ. പ്രത്യേകിച്ച് കണിശപ്രകൃതക്കാരന്റെ പ്രതിബദ്ധത. അപ്പോള്‍ അത് സമ്യക്കായി പരിണമിക്കുന്നു. ചങ്കൂറ്റവും സങ്കോചമില്ലായ്മയുമൊക്കെ അതിനു തൊങ്ങല്‍ ചാര്‍ത്തുന്നു.
''നാട്ടുകാര്‍ക്കൊക്കെ വേണം ... തന്റെയും കുടുംബത്തിന്റെയും കാര്യം ഓര്‍ക്കാറുപോലുമില്ലല്ലോ...'' ഇങ്ങനെ പറയാന്‍ ജീവിതപങ്കാളിക്ക് അവസരം ഉണ്ടാക്കാതിരിക്കുക. അവിടെയാണ് ബഹുമുഖികള്‍ വിജയിക്കുന്നത്.