•  2 May 2024
  •  ദീപം 57
  •  നാളം 8
പ്രതിഭ

ആട്ടിയോടിക്കപ്പെടുന്ന ജനാധിപത്യം

ഗാന്ധിയോടും, നെല്‍സണ്‍ മണ്ടേലയോടും, മാര്‍ട്ടിന്‍ ലൂഥര്‍ കിങ് ജൂനിയറോടും ചേര്‍ത്തു വായിക്കാവുന്ന പേരാണ് ഓങ് സാങ് സൂകിയുടേത്. അവരുടെ പിതാവ് ഓങ് സാങ്ങാണ് ബ്രിട്ടീഷ്‌സാമ്രാജ്യത്വത്തില്‍നിന്ന് മ്യാന്‍മറിനെ (പഴയ ബര്‍മ) മോചിപ്പിച്ചത്. തുടര്‍ന്ന് അധികാരത്തിലെത്തിയ ഓങ് സാങ്ങിനെ 1947 ല്‍ ക്യാബിനറ്റിനിടയില്‍ എതിരാളികള്‍ വധിച്ചു. എങ്കിലും 14 വര്‍ഷം മ്യാന്‍മറില്‍ ജനാധിപത്യഭരണം തുടര്‍ന്നു. 
1962 ലാണ് മ്യാന്‍മറില്‍ പട്ടാളഭരണം ആരംഭിക്കുന്നത്. പതിറ്റാണ്ടുകള്‍ നീണ്ട പട്ടാളഭരണം മ്യാന്‍മറിനെ തളര്‍ത്തി. പട്ടാളഭരണത്തിനെതിരേ നടന്ന പ്രക്ഷോഭങ്ങളുടെ സമയത്താണ് ഓങ് സാങ് സൂകി 1988 ല്‍ തന്റെ അമ്മയെ ശുശ്രൂഷിക്കാന്‍ മ്യാന്‍മറില്‍ എത്തുന്നത്. തുടര്‍ന്ന് സമരനേതൃത്വം സൂകി ഏറ്റെടുത്തു. ഇതിനിടയില്‍ നടന്ന തിരഞ്ഞെടുപ്പില്‍ സൂകിയുടെ പാര്‍ട്ടി വിജയിച്ചു. എന്നാല്‍, പട്ടാളം അത് അംഗീകരിച്ചില്ല. നീï 20 വര്‍ഷം സൂകി വീട്ടുതടങ്കലില്‍ കഴിഞ്ഞു. രോഗിയായ ഭര്‍ത്താവിനെ കാണാന്‍പോലും അവര്‍ക്കു കഴിഞ്ഞില്ല. ഇതേ കാലയളവില്‍ നൊബേല്‍ സമ്മാനം അടക്കമുള്ള പുരസ്‌കാരങ്ങള്‍ സൂകിക്കു ലഭിക്കുകയും ചെയ്തു. 
ദീര്‍ഘകാലത്തെ പട്ടാളഭരണം മ്യാന്‍മറിനെ പിന്നോട്ടടിച്ചു. തുടര്‍ന്ന് നിരവധി സമരങ്ങള്‍ക്കുശേഷം ജനാധിപത്യം പേരിനുമാത്രം പുനഃസ്ഥാപിച്ചു.
2012 ല്‍ സൂകി മത്സരിച്ച് എം.പി. ആകുകയും 2015 ല്‍ സൂകിയുടെ പാര്‍ട്ടി വിജയിക്കുകയും വന്‍ ഭൂരിപക്ഷം നേടുകയും ചെയ്തു. സൂകി മ്യാന്‍മറിന്റെ സ്റ്റേറ്റ് കൗണ്‍സിലറായി സ്ഥാനം ഏറ്റെടുത്തു. ദീര്‍ഘകാലത്തെ സഹനസമരത്തിന്റെ ഫലമായിരുന്നുവത്.
എന്നാല്‍, പിന്നീടു നടന്ന സംഭവവികാസങ്ങളും, അവര്‍ നടത്തിയ പ്രസ്താവനകളും ഓങ് സാങ് സൂകിയുടെ രാഷ്ട്രീയപ്രതിച്ഛായതന്നെ മാറ്റിമറിക്കുന്നതായിരുന്നു. രോഹിംഗ്യന്‍ ജനതയ്‌ക്കെതിരേ സൈന്യം നടത്തിയ അക്രമങ്ങളെ തടയാനോ അതിനെതിരേ പ്രതികരിക്കാനോ സൂകി
മുതിര്‍ന്നില്ല. മാത്രമല്ല, സൈന്യത്തെ പിന്തുണച്ചുകൊണ്ടും രോഹിംഗ്യന്‍ ജനതയെ അവഹേളിച്ചുകൊണ്ടും സൂകി പ്രസ്താവനകള്‍ നടത്തി. ഇത് അന്താരാഷ്ട്രതലത്തിലുള്ള അവരുടെ പേരിനു മങ്ങലേല്പിച്ചു. എന്നാല്‍, ദേശീയതലത്തില്‍ അവരുടെ ജനപ്രീതി ഒട്ടും കുറഞ്ഞില്ല എന്നതും ശ്രദ്ധേയമാണ്. 
രോഹിംഗ്യരുടെ പലായനത്തെ മ്യാന്‍മര്‍ ജനത പിന്തുണയ്ക്കുന്നതായിരിക്കാം അതിനു കാരണം. സൈന്യത്തെ ഭയന്നിട്ടാണ് സൂകി ഇതിനു കൂട്ടുനിന്നത് എന്ന വാദമുഖവുമുണ്ട്. നാസിസത്തിന്റെ മറ്റൊരു
പതിപ്പാണ് മ്യാന്‍മറില്‍ നടമാടുന്നത്.
ബംഗ്ലാദേശിന്റെ രൂപീകരണത്തോടെയാണ് രോഹിംഗ്യന്‍ജനതയുടെ ദുരിതകാലം ആരംഭിക്കുന്നതെന്നു പറയാം. ബംഗ്ലാദേശിലെ വിമോചനസമരത്തിന്റെ ബാക്കിപത്രം മ്യാന്‍മറിലേക്കും വ്യാപിക്കാമെന്നും അതുവഴി ഭരണം അട്ടിമറിച്ചേക്കാമെന്നു സൈന്യം ഭയപ്പെട്ടിരിക്കണം. എന്നാല്‍, 1962 ല്‍ത്തന്നെ പൗരത്വനിയമം വഴി രോഹിംഗ്യന്‍ ജനതയെ മ്യാന്‍മര്‍ പൗരന്മാരല്ലാതാക്കിയിരുന്നു. ഇറാനില്‍ ഇസ്ലാമികവിപ്ലവം ഉണ്ടായപ്പോള്‍ സദ്ദാം ഹുസൈനുണ്ടായ അതേ ഭയംതന്നെ
യാണ് ഇതും. തദ്ഫലമായി ഓപ്പറേഷന്‍ ഡ്രാഗണ്‍ കിങ് എന്ന സൈനികനീക്കത്തിന് പട്ടാളം തയ്യാറായി. 1978 ല്‍ അത് നടപ്പിലാക്കുകയും ചെയ്തു. ഇങ്ങനെയൊരു ഭയം ഉണ്ടാകാന്‍ കാരണങ്ങള്‍ ഇല്ലായെന്നു തീര്‍ത്തും പറയാനാകില്ല. പാക്കിസ്ഥാന്റെ രൂപീകരണകാലത്ത് പടിഞ്ഞാറന്‍ മ്യാന്‍മറിലെ രോഹിംഗ്യന്‍ മുസ്ലീങ്ങള്‍ ഈ ഭാഗം കിഴക്കന്‍ പാക്കിസ്ഥാനിലേക്ക് (ഇന്നത്തെ ബംഗ്ലാദേശ്) ലയിപ്പിക്കുന്നതുവേണ്ടി ഒരു വിഘടനവാദപ്രസ്ഥാനം രൂപീകരിച്ചിരുന്നു.
ബുദ്ധമതക്കാര്‍ക്കു ഭൂരിപക്ഷമുള്ള ഒരു രാജ്യത്തെക്കുറിച്ച് രോഹിംഗ്യന്‍ജനത ഭയപ്പെട്ടിരുന്നു എന്നതും ഒരു വസ്തുതയാണ്. മ്യാന്‍മറിലെ മയൂ പ്രവിശ്യ പാക്കിസ്ഥാനിലേക്കു ലയിപ്പിക്കുന്നതിന് മുഹമ്മദലി ജിന്നയോട് അന്നവര്‍ സഹായം അഭ്യര്‍ത്ഥിച്ചിരുന്നു. എന്നാല്‍, പല കാരണങ്ങള്‍കൊണ്ടും ജിന്നയ്ക്ക് അതു പരിഗണിക്കാന്‍ കഴിഞ്ഞില്ല. പിന്നീട് പലപ്പോഴായി രോഹിംഗ്യന്‍ജനത അക്രമങ്ങള്‍ നേരിട്ടു. 2012 ല്‍ ഒരു റായൈന്‍ സ്ത്രീ കൊല്ലപ്പെടുന്നു. അതിന് ഉത്തരവാദികള്‍ രോഹിംഗ്യകളാണെന്ന് ആളുകള്‍ വാദിച്ചു.
ഇതിനെത്തുടര്‍ന്ന് ഒരു വംശീയകലാപം
തന്നെ ഉടലെടുത്തു. ഏകദേശം ഒരു ലക്ഷത്തോളം ആളുകളാണ് അന്ന് പലായനം ചെയ്തത്. അടിച്ചമര്‍ത്തപ്പെടുന്ന ഒരു ന്യൂനപക്ഷജനതയുടെ ചെറുത്തുനില്‌പെന്നോണം, ARSAഎന്ന സായുധസംഘത്തിന് ഒരുകൂട്ടം രോഹിംഗ്യകള്‍ രൂപം നല്കി. 2016 ല്‍ ARSA  മ്യാന്‍മറിലെ ഒരു പട്ടാളപോസ്റ്റ് അക്രമിച്ചു. ഇതിന്റെ പ്രത്യാഘാതങ്ങളെ ഭയന്ന് അന്നും ലക്ഷക്കണക്കിനാളുകള്‍ പലായനം ചെയ്തു. അതിനുശേഷം 2017 ലാണ് ARSA യുടെ ആക്രമണമുണ്ടാകുന്നത്. ഇതിനെത്തുടര്‍ന്ന് മ്യാന്‍മര്‍ സൈന്യം അതിശക്തമായ ആക്രമണമാണ് രോഹിംഗ്യന്‍ ജനതയ്ക്കു നേരേ അഴിച്ചുവിട്ടത്. അവരുടെ വീടുകള്‍ നശിപ്പിച്ചു. കൂട്ടക്കൊലകള്‍ നടത്തി, അക്രമങ്ങള്‍ അതിരുകടന്നു. ഏഴുലക്ഷത്തോളം ആളുകള്‍ അന്ന് അഭയാര്‍ത്ഥികളായി മാറി. ലോകം അറിയപ്പെടുന്ന നേതാവായ ഓങ് സാങ് സൂകി അപ്പോഴും തണുത്ത മട്ടിലാണ് അതിനോടു പ്രതികരിച്ചത്. എന്നിരുന്നാലും സൂകിയുടെ ജനപ്രീതിക്ക് മ്യാന്‍മറില്‍ കോട്ടം തട്ടിയില്ല. അതിന്റെ ഏറ്റവും വലിയ തെളിവാണ് 2020 ലെ ഇലക്ഷനില്‍ എന്‍.എല്‍.ഡി. വന്‍ഭൂരിപക്ഷത്തോടെ വിജയിച്ചത്. ജനാധിപത്യമെന്നത് മ്യാന്‍മറിനെ സംബന്ധിച്ചിടത്തോളം വിദേശശക്തികളോട് അടുക്കാനുള്ള ഒരു ഉപാധി മാത്രമാണ്. അതുകൊണ്ടാണ് 
സൂകിയുടെ വര്‍ദ്ധിച്ചുവരുന്ന ജനപ്രീതിയെ സൈന്യം ഭയന്നതും ഭരണ അട്ടിമറി നടപ്പിലാക്കിയതും. 2020 ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ ക്രമക്കേടുണ്ടെന്ന് സൈന്യം തിരഞ്ഞെടുപ്പു കമ്മീഷനെ അറിയിച്ചിരുന്നു. എന്നാലത് കമ്മീഷന്‍ അംഗീകരിച്ചില്ല. ഇതിനെത്തുടര്‍ന്നാണ് രാജ്യം സൈനികഭരണത്തിലേക്കു മാറിയത്.
സൂകിയെയും, നേതാക്കളെയും തടവിലാക്കുകയും വൈസ് പ്രസിഡന്റ് മൈന്റ് സേയെ പ്രസിഡന്റാക്കുകയും ചെയ്തു. രാജ്യത്ത് പ്രസിഡന്റ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഇതിനെത്തുടര്‍ന്ന് സൈനികമേധാവി മിന്‍ ഓംഗ് ലായിങ്ങിന്റെ ഭരണം നിലവില്‍ വരുകയും ചെയ്തു. ലോകരാജ്യങ്ങളും വിദേശസംഘടനകളും മ്യാന്‍മറിലെ സ്ഥിതിഗതികള്‍ നിരീക്ഷിക്കുകയാണ്. അമേരിക്ക മ്യാന്‍മറിന് മുന്നറിയിപ്പു നല്കിയിട്ടുണ്ടെങ്കിലും സൈനികനീക്കം ഉണ്ടാകുമെന്നു കരുതാനാവില്ല. എന്നാല്‍, രാജ്യത്തിനകത്ത് വിമതഗ്രൂപ്പുകളെ സൃഷ്ടിക്കാനുള്ള സാഹചര്യം ഉണ്ടോയെന്നു പരിശോധിക്കേണ്ടിയിരിക്കുന്നു. അമേരിക്ക ഇതിനുമുമ്പും മ്യാന്‍മറിന് ഉപരോധം ഏര്‍പ്പെടുത്തിയിട്ടുള്ളതാണ്.
ജനങ്ങള്‍ തെരുവുകളില്‍ ശക്തമായ പ്രതിഷേധങ്ങള്‍ നടത്തുന്നില്ല. ഹോണ്‍ മുഴക്കിയും സോഷ്യന്‍ മീഡിയകളിലെ പ്രൊഫൈലുകള്‍ ചുവന്ന നിറത്തിലാക്കി ബാഡ്ജുകള്‍ ധരിച്ചും പ്രതിഷേധങ്ങള്‍ അറിയിക്കുന്നു. മ്യാന്‍മര്‍ ഭരണകൂടം ഒരിക്കലും ജനാധിപത്യത്തെ മാനിക്കുന്നില്ല. ഫാസിസ്റ്റ് ചിന്താഗതിതന്നെയാണ് അധികാരത്തിന്റെ ഇടനാഴികളില്‍ ഇപ്പോഴും നിലനില്ക്കുന്നത്. സൈനികഭരണംതന്നെയാണ് ഒരര്‍ത്ഥത്തില്‍ അല്ലെങ്കില്‍ മറ്റൊരര്‍ത്ഥത്തില്‍ രാജ്യത്ത് നിലനിന്നിരുന്നത്. ഓങ് സാങ് സൂകിയുടെ വര്‍ദ്ധിച്ചുവരുന്ന ജനപ്രീതിയും എന്‍.എല്‍.ഡി യുടെ വന്‍ ഭൂരിപക്ഷവിജയവും സൈനികനിയന്ത്രണങ്ങളെ വെല്ലുവിളിക്കാന്‍ കെല്പുള്ളതാണെന്ന് സൈന്യം മനസ്സിലാക്കി. അതിന്റെ പരിണതഫലമാണ് മ്യാന്‍മറിലെ ഈ സൈനിക അട്ടിമറി.

 

Login log record inserted successfully!