•  2 May 2024
  •  ദീപം 57
  •  നാളം 8
പ്രതിഭ

ആശങ്കകള്‍ ഉണര്‍ത്തുന്ന വിദ്യാഭ്യാസനയം

ന്ത്യന്‍ വിദ്യാഭ്യാസരംഗത്ത് നിര്‍ണായകപരിവര്‍ത്തനങ്ങള്‍ക്കു തുടക്കം കുറിക്കാനുതകുന്ന പുതിയ വിദ്യാഭ്യാസനയം പുറത്തുവന്നിട്ട് അധികകാലമായില്ല. ഈ വിദ്യാഭ്യാസനയം പല ആശങ്കകളുമുയര്‍ത്തുന്ന ഒന്നാണ്. ലോകത്തിലെതന്നെ ഏറ്റവും വലിയ ജനാധിപത്യരാജ്യമാണ് ഇന്ത്യ. ഈ രാജ്യത്തെ വിദ്യാഭ്യാസനയത്തില്‍ ഭരണഘടനാമൂല്യങ്ങളെപ്പറ്റി ഒരു വാക്കുപോലും പ്രതിപാദിക്കുന്നില്ല. അത് അതില്‍ത്തന്നെ ഒരു വൈരുദ്ധ്യമാണ്. ഈ നയത്തില്‍ മറ്റുപല മൂല്യങ്ങളും പഠിപ്പിക്കണമെന്നു പരാമര്‍ശിക്കുന്നുണ്ടെങ്കിലും ഭരണഘടനാമൂല്യങ്ങള്‍ പഠിപ്പിക്കണമെന്നോ അവയ്ക്കു കൂടുതല്‍ ഊന്നല്‍ നല്‍കണമെന്നോ ഒരിടത്തും പറയുന്നില്ല. ഇതുവഴി ഇന്ത്യയുടെ തന്മയെത്തന്നെ ഇല്ലായ്മ ചെയ്യാനാണ് നയസ്രഷ്ടാക്കളുടെ ശ്രമമെന്നു തോന്നുന്നു.
ഇന്ത്യന്‍ ഭരണഘടനാനിര്‍മിതിയുടെ കാലത്ത് നെഹ്‌റു ഒരു പ്രഭാഷണത്തില്‍ ഇപ്രകാരം പറയുകയുണ്ടായി: ''ഇന്ത്യയില്‍ ഭൂരിപക്ഷമതാത്മകത ദേശീയമായും ന്യൂനപക്ഷമതാത്മകത തീവ്രവാദമായും തെറ്റിദ്ധരിക്കപ്പെടാനുള്ള സാധ്യതയുണ്ട്.'' ഇന്നത്തെ സാഹചര്യങ്ങള്‍ പരിശോധിക്കുമ്പോള്‍ ഈ പ്രസ്താവം അന്വര്‍ത്ഥമായിത്തീരുകയാണോയെന്നു സംശയിക്കണം. ഭൂരിപക്ഷത്തെ പ്രതിനിധീകരിക്കുന്ന ഹൈന്ദവചിന്തകളെ ദേശീയതയായി ചിത്രീകരിക്കുന്ന പല സംഭവവികാസങ്ങളും അടുത്തിടെ നമ്മുടെ രാജ്യത്തു നടക്കുകയുണ്ടായി. ഈ വിദ്യാഭ്യാസനയം ന്യൂനപക്ഷവിഭാഗങ്ങളെക്കുറിച്ച് ഒന്നും പരാമര്‍ശിക്കാതിരിക്കുമ്പോള്‍ ഇന്ത്യയുടെ മതേതരമൂല്യങ്ങളില്‍ വിശ്വസിക്കുന്നവരെ സംബന്ധിച്ചിടത്തോളം അത് ആശങ്കയുളവാക്കുന്നതാണ്.
ഇന്ത്യാരാജ്യത്തിന്റെ ഏറ്റവും വലിയ സവിശേഷത നാനാത്വത്തിലെ ഏകത്വമാണ്. കാശ്മീര്‍ മുതല്‍ കന്യാകുമാരി വരെ വിവിധ സംസ്‌കാരങ്ങളാലും ഭാഷാരീതികളാലും ആചാരങ്ങളാലും അനുഷ്ഠാനങ്ങളാലും സമ്പന്നമാണ് ഇന്ത്യ. ഇങ്ങനെയുള്ള രാജ്യത്ത് ഏകീകൃതവിദ്യാഭ്യാസനയം എത്രത്തോളം പ്രസക്തമാണെന്നു നാം ചിന്തിക്കണം. വികേന്ദ്രീകരണത്തിന്റെ ഈ കാലഘട്ടത്തില്‍ എല്ലാം കേന്ദ്രീകരിക്കുവാനാണ് സര്‍ക്കാര്‍ ശ്രമിച്ചിരിക്കുന്നത്. വാസ്തവം പറഞ്ഞാല്‍ ഇന്ത്യയുടെ ബഹുസ്വരതയ്ക്കുമേലുള്ള കടന്നുകയറ്റമാണിത്.
വിദ്യാഭ്യാസകാര്യനിര്‍വഹണത്തിനായി പുതുതായി ആരംഭിച്ചിരിക്കുന്ന യൂണിവേഴ്‌സിറ്റി എന്‍ട്രന്‍സ് പരീക്ഷകള്‍ക്കായുള്ള നാഷണല്‍ ടെസ്റ്റിങ് ഏജന്‍സിയും (എന്‍.റ്റി.എ.), നാഷണല്‍ അലയന്‍സ് ഫോര്‍ ടെക്‌നോളജിയും ഗവേഷണാംഗീകാരവുമായി ബന്ധപ്പെട്ട നാഷണല്‍ റിസേര്‍ച്ച് ഫൗണ്ടേഷനും കേന്ദ്ര വിദ്യാഭ്യാസമന്ത്രി അധ്യക്ഷത വഹിക്കുന്ന രാഷ്ട്രീയ ശിക്ഷാ ആയോഗും (ആര്‍.എസ്.എ.) എല്ലാം കേന്ദ്രസര്‍ക്കാരിലാണു കേന്ദ്രീകരിച്ചിരിക്കുന്നത്. ഈ സാഹചര്യങ്ങളില്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് അവരവരുടെ ആവശ്യങ്ങളനുസരിച്ച് തീരുമാനങ്ങള്‍ എടുക്കാന്‍ സാധിക്കാതെവരും. സ്വാതന്ത്ര്യാനന്തരകാലഘട്ടംമുതല്‍ വിദ്യ ആര്‍ജിച്ചെടുക്കുക എന്ന മുഖ്യലക്ഷ്യത്തിനനുസൃതമായാണ് ദേശീയനയം രൂപപ്പെടുത്തിയിരുന്നത്. എന്നാല്‍, പുതിയ വിദ്യാഭ്യാസനയത്തിലുടനീളം നൈപുണികള്‍ക്കും പ്രാവീണ്യത്തിനുമാണ് ഊന്നല്‍ നല്‍കിയിരിക്കുന്നത്. ഈ സ്ഥിതിയില്‍ മാര്‍ക്കറ്റിനാവശ്യമായ തൊഴില്‍ശക്തികളെ സൃഷ്ടിക്കുന്ന കേന്ദ്രങ്ങളായി വിദ്യാഭ്യാസസ്ഥാപനങ്ങള്‍ മാറും എന്ന കാര്യം തീര്‍ച്ച.
വിദ്യാലയസമുച്ചയങ്ങള്‍ ഈ വിദ്യാഭ്യാസനയത്തിന്റെ ഒരു സവിശേഷതയാണ്. ഇവ നിര്‍മിക്കുന്നത് ഫിലാന്ത്രോപിക് സംഘടനകളാണ്. മലയാളത്തില്‍ ഇതിന്റെയര്‍ത്ഥം മനുഷ്യസ്‌നേഹികള്‍, ജീവകാരുണ്യപ്രവര്‍ത്തകര്‍ എന്നൊക്കെയാണ്. എന്നാല്‍, സര്‍ക്കാരിന് ഈ മനുഷ്യസ്‌നേഹികള്‍ അംബാനിയും അദാനിയും അടങ്ങുന്ന കോര്‍പ്പറേറ്റുകളാണ്. ചുരുക്കത്തില്‍, കോര്‍പ്പറേറ്റുകള്‍ വിദ്യാഭ്യാസമേഖല പിടിച്ചടക്കുന്ന സ്ഥിതിവിശേഷം സംജാതമാകുന്നു. അവര്‍തന്നെ അവിടത്തെ ഫീസും മറ്റും നിശ്ചയിക്കുന്നു. അങ്ങനെ, വിദ്യാഭ്യാസം പണമുള്ളവന്റെയും സമൂഹത്തില്‍ നിലയും വിലയും ഉള്ളവന്റെയും മാത്രമായിത്തീരുന്നു.
വിദ്യാലയസമുച്ചയങ്ങള്‍ നഗരകേന്ദ്രിതമായിരിക്കും. ഈ നഗരകലാലയങ്ങളിലേക്ക് ഗ്രാമങ്ങളിലുള്ള എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും എത്തിച്ചേരുവാന്‍ സാധിക്കാതെവരും. അവിടെ നിരാലംബരായിത്തീരുവാന്‍ പോകുന്നത് ആദിവാസിജനതകളും ഉള്‍ഗ്രാമങ്ങളില്‍ താമസിക്കുന്നവരുമായിരിക്കും.

 

Login log record inserted successfully!