•  2 May 2024
  •  ദീപം 57
  •  നാളം 8
പ്രതിഭ

വൈറസിന്റെ കഥ

മ്പ്യൂട്ടര്‍ വൈറസുകള്‍  ഇന്റര്‍നെറ്റ് ലോകത്ത് ഭീതി പരത്താന്‍ തുടങ്ങിയിട്ട് അധികകാലമായിട്ടില്ല. വിശാലശൃംഖലകളും ചെറുകണ്ണികളുടെ അത്യാധുനികവും അനന്തവുമായ കൂടിച്ചേരലുകളുമായി അന്ന് കമ്പ്യൂട്ടര്‍ നെറ്റ്‌വര്‍ക്ക് രൂപപ്പെടുന്നതിനുമുമ്പ് കംപ്യൂട്ടര്‍വൈറസ്ബാധ ബഹുവിഭാഗത്തെ ക്ലേശിപ്പിക്കാ ത്ത സംഗതിയായി നിലനിന്നു.
എന്നാല്‍, ആഗോളതലത്തില്‍ കോടിക്കണക്കിനു ജനങ്ങളിലേക്കു കമ്പ്യൂട്ടര്‍ സംവിധാനങ്ങളും അവയുടെ പ്രോഗ്രാമിങ്ങും വിപുലീകരണവും മറ്റും വന്നപ്പോള്‍ വൈറസ് ആക്രമണങ്ങളുടെ രൂക്ഷശല്യവും തുടങ്ങി. അതിനാല്‍ത്തന്നെ ചെറിയ തകരാറുകള്‍പോലും അധികജനങ്ങളെ ബാധിച്ചുതുടങ്ങി. 
പ്രോഗ്രാമുകള്‍ നിര്‍മിക്കുന്നവരും അവ വിപുലീകരിക്കുന്നവരും അവരുടെ പക്കലുള്ള വിവരങ്ങള്‍, കോഡുകള്‍ എന്നിവ സോഫ്റ്റ്‌വെയര്‍ രൂപത്തില്‍ ഒരു പാക്കേജാക്കി മാറ്റിയാണ് ഉപഭോക്താക്കള്‍ക്കു നല്‍കുന്നത്. ഇത്തരം സേവനങ്ങള്‍ സൗജന്യമായും ചാര്‍ജ് ഈടാക്കിക്കൊണ്ടും ലഭ്യമാണ്.
ഇത്തരം പ്രോഗ്രാമുകള്‍ അഥവാ ഫയലുകള്‍ തുറന്ന് അവ ഉപയോഗിക്കുക എന്നത് വളരെ സൗകര്യപ്രദവും സ്വീകാര്യവുമാണ്. എന്നാല്‍, ഈ സുപ്രധാനഘട്ടമാണ് വൈറസ് ആക്രമണങ്ങള്‍ ഏറ്റവും പ്രതീക്ഷിക്കേണ്ട, കരുതിയിരിക്കേണ്ട ഘട്ടം.
നിര്‍ദോഷമെന്നു തോന്നാവുന്ന ഒരു 'മെസേജ്' ആയിരിക്കും ഒരുപക്ഷേ, ഒരു സിസ്റ്റം മുഴുവന്‍ തകരാറിലാക്കുന്ന വൈറസ്. പലപ്പോഴും വന്‍ഭീഷണിയുയര്‍ത്തുന്ന ഇത്തരം ഘട്ടങ്ങളിലാണ് ഹാക്കര്‍മാര്‍ വിജയം കാണുന്നത്. പരിചിതമല്ലാത്ത ഒരു ഇ-മെയില്‍ ആവാം, അല്ലെങ്കില്‍ അറ്റാച്ച്‌മെന്റ് ആയി വരുന്ന ഒരു 'ബ്ലാങ്ക് ഡോക്യുമെന്റ്' ആകാം ഇത്തരം വൈറസ് വാഹിനികള്‍.
വളരെ സുരക്ഷിതമാണെന്നു ഒരുകാലത്ത് കരുതപ്പെട്ടിരുന്ന അമേരിക്കന്‍ ഗവണ്‍മെന്റിനെ തുടരെത്തുടരെ ഇത്തരം ഹാക്കര്‍മാര്‍ വൈറസ് ആക്രമണങ്ങളിലൂടെ വെള്ളം കുടിപ്പിച്ചിട്ടുണ്ട്. 1980 കളില്‍ ഹാക്കര്‍മാരുടെ എണ്ണത്തിലുണ്ടായ വര്‍ദ്ധനവായിരുന്നു ആ സുരക്ഷാത്തകര്‍ച്ചകളുടെ കാരണം.
ട്രോജന്‍ ഹോഴ്‌സ്
സൈബര്‍ലോകത്ത് ട്രോജന്‍ ഹോഴ്‌സ് എന്നാല്‍ ഒരു മാല്‍വെയറിന്റെ പേരാണ്. ഒരു കമ്പ്യൂട്ടറോ സര്‍വറോ നശിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെ ചമച്ചുവിടുന്ന സോഫ്റ്റ്‌വെയറുകളെയാണ് മാല്‍വെയര്‍ എന്ന പദം അര്‍ത്ഥമാക്കുന്നത്. ഇത്തരം മാല്‍വെയറുകള്‍ ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിച്ചാണ് അവയുടെ പ്രവര്‍ത്തനത്തില്‍ വിജയം കാണുന്നത്.
ട്രോജന്‍ ഹോഴ്‌സ് എന്ന നാമം ഈ മാല്‍വെയറിനെ സംബന്ധിച്ച് അന്വര്‍ത്ഥമാകുന്നതും ഇക്കാരണത്താലാണ്. പുരാതന ഗ്രീക്ക് കഥയില്‍ ട്രോയ് നഗരം വഞ്ചനയില്‍ പിടിച്ചെടുക്കാന്‍ നിര്‍മിക്കപ്പെട്ട ട്രോജന്‍ കുതിരയില്‍നിന്നുമാണ് രൂപം മാറി എത്തുന്ന വൈറസിനും ഈ പേരു ലഭിച്ചത്. സൗഹൃദരൂപത്തില്‍ എത്തി നഗരം ഒന്നാകെ നശിപ്പിച്ച ട്രോജന്‍ കുതിരപോലെയാണ് നിര്‍ദോഷരൂപത്തിലെത്തി കമ്പ്യൂട്ടര്‍ തകര്‍ക്കുന്ന ട്രോജന്റെയും പ്രവര്‍ത്തനം. സംശയകരമായി തോന്നാത്ത രൂപത്തില്‍ ഇവ നിര്‍മിക്കാന്‍ വൈദഗ്ധ്യം നേടിയ ഒട്ടേറെ ഹാക്കര്‍മാര്‍ ഇന്നുണ്ട്.
ആദ്യ കമ്പ്യൂട്ടര്‍ വൈറസ്
1971 ല്‍ റോബര്‍ട്ട് തോമസ് എന്ന എഞ്ചിനീയറാണ് ആദ്യമായി കമ്പ്യൂട്ടര്‍ വൈറസ് നിര്‍മിച്ചത് എന്നു കരുതപ്പെടുന്നു. ക്രീപര്‍ എന്ന പേരിലാണ് ഈ വൈറസ് പ്രത്യക്ഷപ്പെട്ടത്. ടെലിമെസേജായി പ്രത്യക്ഷപ്പെടുന്ന ഒരു സന്ദേശമായിരുന്നു ഈ വൈറസ്. പക്ഷേ, കമ്പ്യൂട്ടര്‍ വൈറസ് ചരിത്രത്തില്‍ ആദ്യ മാരകവൈറസ് എന്ന വിശേഷണം 'എന്‍ക് ക്ലോണര്‍' വൈറസിനാണ്. 1982 ല്‍ റിച്ചാര്‍ഡ് സ്‌ക്രന്ദ എന്ന കൗമാരക്കാരനായിരുന്നു ഈ വൈറസിനു പിന്നില്‍. ആപ്പിള്‍ കമ്പ്യൂട്ടറുകളെയായിരുന്നു ഈ വൈറസ് ബാധിച്ചത്. ഒരു തമാശയ്ക്കു തയ്യാറാക്കപ്പെട്ടവയായിരുന്നെങ്കിലും ഉപഭോക്താക്കളെയും വിവരസുരക്ഷയെയും മറ്റും എങ്ങനെ മാരകമായി ഇത്തരം പ്രോഗ്രാമുകള്‍ ബാധിക്കാം എന്നതില്‍ ഗൗരവതരമായ ചര്‍ച്ചകള്‍ നടക്കാന്‍ ഇതു കാരണമായി.
1983 ല്‍ ഫ്രഡ് കോഹന്‍ എന്ന സതേണ്‍ കാലിഫോര്‍ണിയ സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥിയാണ് കമ്പ്യൂട്ടര്‍ വൈറസിനു കൃത്യമായ നിര്‍വചനം നല്‍കിയത്. അദ്ദേഹത്തിന്റെ ഗവേഷണത്തോടുകൂടിയാണ് വൈറസിനെ പ്രതിരോധിക്കാന്‍ കമ്പ്യൂട്ടര്‍വിദഗ്ധരുടെ ശ്രമങ്ങള്‍ക്കു തുടക്കമായത്. എങ്കിലും 1990 കളിലാണ് പൊതുജനങ്ങള്‍ക്ക് തങ്ങളുടെ കമ്പ്യൂട്ടറുകളെ സംരക്ഷിക്കുന്നതിനായി ആന്റിവൈറസുകള്‍ ഒഴിവാക്കാനാവാത്ത ഘടകമാണ് എന്നു ബോധ്യപ്പെട്ടത്. ആന്റിവൈറസ്  സോഫ്റ്റ്‌വെയറുകള്‍ നിര്‍മിക്കുന്ന കമ്പനികളും പിന്നോട്ടു നിന്നില്ല. അതീവസുരക്ഷ ഉറപ്പുവരുത്താനാകുന്ന സോഫ്റ്റ്‌വെയര്‍ സംവിധാനങ്ങള്‍ കണ്ടെത്തുന്നതിനായി വൈറസുകള്‍ക്കെതിരേ അവരും പടപൊരുതാന്‍ തുടങ്ങി. അനന്തരഫലമായി 1995 ല്‍ ഒട്ടനേകം സുരക്ഷാസോഫ്റ്റ്‌വെയറുകള്‍ ഡൗണ്‍ലോഡ് ചെയ്യപ്പെടുകയും ഇന്റര്‍നെറ്റ് മേഖലയില്‍ വന്‍കുതിപ്പ് സംഭവിക്കുകയും ചെയ്തു.
ഇത്തരം വൈറസുകളില്‍ പ്രധാനിയായിരുന്നു 1999 മാര്‍ച്ച് 26 ന് പുറത്തിറക്കപ്പെട്ട മെലീസ വൈറസ്. ഇ -മെയില്‍ മുഖാന്തരം പടര്‍ത്തപ്പെട്ട ഈ വൈറസാണ് ഇന്നുവരെ ഏറ്റവും വേഗത്തില്‍ പടര്‍ന്ന വൈറസ്. ഇ-മെയില്‍ മെസ്സേജില്‍ എത്തുന്ന ഒരു അറ്റാച്ച് (ഫയല്‍) രൂപത്തിലാകും ഇവ എത്തുക. വളരെവേഗത്തില്‍ അവ പടര്‍ന്ന് ആ യന്ത്രസംവിധാനത്തെത്തന്നെ തകരാറിലാക്കും. ഡേവിഡ് എല്‍സ്മിത്ത് എന്ന വ്യക്തിയായിരുന്നു ഈ വൈറസിനു പിന്നില്‍. മണിക്കൂറുകള്‍ക്കുള്ളില്‍ ആയിരക്കണക്കിനു കമ്പ്യൂട്ടറുകളെ തകരാറിലാക്കിയ മാരകമായ ഈ വൈറസ് നിര്‍മിച്ചു പടര്‍ത്തുകമൂലം എണ്‍പതു മില്യണ്‍ ഡോളറിന്റെ നഷ്ടം വരുത്തിയ ഈ സൈബര്‍ കുറ്റവാളിക്ക് ഇരുപതുമാസം തടവും അയ്യായിരം ഡോളര്‍ പിഴയുമാണ് ശിക്ഷ ലഭിച്ചത്.
2001 - 2003 കാലയളവില്‍ മറ്റനേകം കുപ്രസിദ്ധവൈറസുകളും പൊതുസൈബര്‍ ഇടത്തില്‍ പ്രത്യക്ഷപ്പെടുകയും നാശനഷ്ടങ്ങള്‍ വരുത്തുകയും ചെയ്തു. അവയില്‍ പലതും ഡൗണ്‍ലോഡ് ചെയ്യാവുന്ന ചിത്രങ്ങളുടെ രൂപത്തിലും ഇ-മെയില്‍ അറ്റാച്ച്‌മെന്റുകളുടെ രൂപത്തിലുമായിരുന്നു. കോഡ് റെഡ് വേം, നിംഡ വൈറസ്, ക്ലെസ് വേം എന്നിവ അവയില്‍ ചിലതാണ്. അതിപ്രശസ്ത കമ്പനികളെയും വ്യക്തിഗതകമ്പ്യൂട്ടറുകളെയുമാണ് ഇവ റെക്കോഡ് വേഗത്തില്‍ ആക്രമിച്ചത്.
കമ്പ്യൂട്ടറുകളെ വൈറസ് ആക്രമണത്തില്‍നിന്ന് എങ്ങനെ സംരക്ഷിക്കാം?
വിശ്വസിക്കാവുന്ന ആന്റിവൈറസ് ഉപയോഗിക്കുന്നതില്‍ വീഴ്ച വരുത്താതിരിക്കുക എന്നതാണ് വൈറസുകളില്‍നിന്നു രക്ഷപ്പെടാന്‍ ചെയ്യേï ഏറ്റവും പ്രധാനമായ കാര്യം. ഇങ്ങനെ ആന്റിവൈറസുകള്‍ ലഭ്യമാണെങ്കിലും ഇവയെപ്പറ്റി എല്ലാവര്‍ക്കുംതന്നെ അറിവുണ്ടെങ്കിലും സമയത്ത് കമ്പ്യൂട്ടറില്‍ ഇത്തരം ആന്റിവൈറസുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നതിലും അവയുടെ കാലാവധി തീരുന്നതിനനുസൃതം പുതുക്കി ഉപയോഗിക്കുന്നതിലും പലരും പിന്നിലാണ്. ഉപയോഗിച്ചു തഴക്കവും പഴക്കവും വരുമ്പോള്‍ സംഭവിക്കുന്ന ഉദാസീനതതന്നെ കാരണം.
അനാവശ്യമായ പരസ്യങ്ങളുടെ ചിത്രങ്ങളിലും മറ്റും ക്ലിക്ക് ചെയ്യാതിരിക്കുക എന്നതാണ് മറ്റൊരു നിയമം. വ്യാജമായ, എന്നാല്‍ ആകര്‍ഷണീയമായ പരസ്യങ്ങളുടെ രൂപത്തില്‍ വരുന്ന വൈറസുകള്‍ ഇന്ന് സൈബറിടങ്ങളില്‍ സര്‍വസാധാരണമായി പ്രത്യക്ഷപ്പെടുന്നു.
ഇ-മെയില്‍ ആയി വരുന്ന അറ്റാച്ച്‌മെന്റ് ഫയലുകള്‍ പലരും വളരെ അശ്രദ്ധമായാണ് കൈകാര്യം ചെയ്തുകാണുന്നത്. മള്‍ട്ടിനാഷണല്‍ കമ്പനികളില്‍ ഇത്തരം ഫയലുകള്‍ തുറക്കാനോ മറ്റാര്‍ക്കെങ്കിലും അയയ്ക്കാനോ പാടില്ലെന്ന് കര്‍ശനനിര്‍ദേശം നല്‍കാറുണ്ട്. കാരണം, വളരെ ഗുരുതരമായ വിവരമോഷണത്തിനുള്ള സാധ്യതയാകും ഇത്തരം ഒരു ഫയല്‍ തുറക്കുന്നതുവഴി സംഭവിക്കുക. സ്വകാര്യകമ്പ്യൂട്ടറുകളില്‍ ഇത്തരം ഇ-മെയില്‍ തുറക്കുന്നതിനുമുമ്പ് എല്ലായ്‌പോഴും സ്‌കാന്‍ ചെയ്യുക. സംശയകരമായി തോന്നുന്നപക്ഷം വിദഗ്ധാഭിപ്രായം തേടുക. ഇങ്ങനെ ഡൗണ്‍ലോഡ് ചെയ്യുന്ന ഫയലുകളും സ്‌കാന്‍ ചെയ്ത് സുരക്ഷ ഉറപ്പുവരുത്തിയശേഷം മാത്രം തുറക്കുക.
അശ്രദ്ധമായും നിസാരവത്കരിച്ചും സാങ്കേതികസംവിധാനങ്ങള്‍ ഉപയോഗിക്കാതിരിക്കുക എന്നതുതന്നെയാണ് സൈബര്‍സുരക്ഷയ്ക്ക് പരമപ്രധാന ഘടകം.

 

Login log record inserted successfully!