പ്രണയക്കേട് വന്നുഭവിക്കുന്നതിനുള്ള മറ്റൊരു കാരണം ദമ്പതിമാര്‍ തമ്മിലുള്ള പൂരകത്വം(Complimentarity) നഷ്ടപ്പെടുന്നതാണ്. ദമ്പതിമാര്‍ ഒരേപോലെ സര്‍വ്വസിദ്ധിസമ്പൂര്‍ണ്ണരാകണമെന്നില്ല. കുറവുകളും അതേപോലെ മികവുകളും അവര്‍ക്കുണ്ടാകാം.
ഭാര്യ സര്‍ക്കാര്‍ സര്‍വ്വീസില്‍ നല്ല ശമ്പളം പറ്റുന്ന ഉദ്യോഗസ്ഥയാണ്. പൊതുക്കാര്യങ്ങളിലൊക്കെ താത്പര്യമുണ്ട്. നല്ല ബന്ധങ്ങള്‍ ഉണ്ടാക്കിയെടുക്കാനും നിലനിര്‍ത്താനും അവള്‍ക്കറിയാം.
സങ്കോചപ്രകൃതക്കാരനായ ഭര്‍ത്താവാകട്ടെ നലംതികഞ്ഞൊരു കര്‍ഷകനാണ്. ബാഹ്യലോകവുമായി എടുത്തു പറയത്തക്ക ഇടപാടുകളൊന്നും അങ്ങേര്‍ക്കില്ല. കന്നും കാര്‍ഷികവിളകളുമാണ് ലോകം.
ഇനി ഓരോരുത്തരും പരസ്പരമെങ്ങനെ നോക്കിക്കാണുന്നു എന്നു നോക്കാം. ഭര്‍ത്താവിന്റെ കാര്യങ്ങളില്‍ നല്ല കരുതലുള്ളവളാണ് അവള്‍. ആരോഗ്യം, ഭക്ഷണം എല്ലാറ്റിലും അവളുടെ കണ്ണുണ്ട്. എന്നാല്‍, അയാളുടെ കാര്‍ഷികവൃത്തിയെക്കുറിച്ച് അത്ര മതിപ്പില്ല. തുറന്നടിച്ചു പറയാറില്ല; അത്രമാത്രം.
അയാളെ സംബന്ധിച്ച്, ഉദ്യോഗസ്ഥയായ ഭാര്യ ഒരു മുതല്‍ക്കൂട്ടാണ്. എത്ര അഭിമാനത്തോടെയാണ് അവളെക്കുറിച്ചു ചിന്തിക്കുന്നതുപോലും! പക്ഷേ, കരുതലിന്റെ കാര്യത്തില്‍ ഏറെക്കുറെ ഒരു പരാജയമാണ്. സ്വന്തംകാലില്‍ നില്‍ക്കാനറിയാമല്ലോ എന്നോ മറ്റോ വിചാരിക്കുന്നുണ്ടാവാം.
ഈ കുടുംബത്തെക്കുറിച്ച് ദുരന്തപര്യവസായിയായ ഒരു കഥ മെനഞ്ഞെടുത്താല്‍ അതില്‍ രണ്ടു പഞ്ച് ഡയലോഗുകള്‍ ഉണ്ടാകാതിരിക്കില്ല.
- ആ കിഴങ്ങനല്ലേ കെട്ടിയോന്‍. അവള്‍ക്ക് വല്യ ആള്‍ക്കാരുമായാ ഇടപാട്.
- അവരു വിവരോം വിദ്യാഭ്യാസോം ഉള്ള നല്ല ഒരു സ്ത്രീ. അയാള്‍ക്കവരെ സംശയമാ.
ഇങ്ങനെയൊരു തകര്‍ച്ചയ്ക്കു കാരണം ജീവനറ്റ പ്രണയമല്ലാതെ മറ്റെന്താണ്? ഈ പ്രത്യേക കേസില്‍ - ഭര്‍ത്താവ് അംഗീകാരം നല്‍കുന്നു; പക്ഷേ, കരുതലില്ല. ഭാര്യയാകട്ടെ കരുതലുള്ളവളാണ്; പക്ഷേ, അംഗീകരിക്കാന്‍ വിമുഖത കാട്ടുന്നു.
ഇവിടെയാണ് ആദ്യം പറഞ്ഞ പൂരകത്വം ഇടം തേടേണ്ടത്.
തനിക്കുള്ളതും ഇണയ്ക്കില്ലെന്നു വിശ്വസിക്കുന്നതുമായ ഗുണം അവനേകി നിലനിര്‍ത്തുക. അതുപോലെ തനിക്കില്ലാത്ത, അവനുണെ്ടന്നു വ്യക്തമായ ബോദ്ധ്യമുള്ള ഗുണത്തെ ഹൃദയംതുറന്നഭിനന്ദിക്കുക. അതിന്റെ തണലില്‍ അഭയം തേടുക. ആരുമതു നിഷേധിക്കാന്‍ പോകുന്നില്ല. ഇത് പ്രണയനീതിയുടെ പാഠമാണ്. പ്രണയനീതി സര്‍വ്വസജ്ജമാകുമ്പോഴാണ് ഇവരുടെ ജീവിതം സ്വര്‍ഗ്ഗതുല്യമാകുക.
അവള്‍ തിരിച്ചറിയുന്നു - വിദ്യാഭ്യാസമോ, ആകര്‍ഷണീയമായ ശമ്പളമോ ഇല്ലെങ്കിലും തന്റെ ഭര്‍ത്താവ് എത്ര ആത്മാര്‍ത്ഥമായി കഷ്ടപ്പെടുന്നു, നന്നായി ജോലി ചെയ്യുന്നു!
അവനും മനസ്സിലാക്കി - വരുമാനസ്ഥിരതയും, സാമൂഹികാന്തസ്സുമൊക്കെ ഉണെ്ടങ്കിലും, തന്റെ ഒരു ശ്രദ്ധ അവള്‍ക്ക് നല്‍കുന്നില്ലെങ്കില്‍, മറ്റ് ആരില്‍നിന്നാണ് അവള്‍ക്കതു സ്വപ്നം കാണാനാവുക!
പ്രണയപുഷ്പത്തിന്റെ ഒരു ദളംപോലും കരുതല്‍ശേഖരമായി പൂഴ്ത്തിവയ്ക്കപ്പെടേണ്ടതല്ല. എല്ലാം കിട്ടണം, എനിക്കാദ്യം കിട്ടണം എന്ന കമ്പോളത്തിന്റെ ലാഭഗണിതത്തിലേക്കു പ്രണയം അധഃപതിക്കാതിരിക്കട്ടെ...
- എല്ലാം കൊടുക്കണം.
- ഞാനാദ്യം കൊടുക്കണം.
പ്രണയനീതിയുടെ ഈ മന്ത്രം, തകര്‍ച്ചയുടെ വക്കില്‍ നില്‍ക്കുന്ന ബന്ധങ്ങളെ കരകയറ്റുമാറാകട്ടെ.