•  18 Apr 2024
  •  ദീപം 57
  •  നാളം 6
പ്രതിഭ

കൊയ്യാം നൂറുമേനി

ലിറ്റില്‍ ഫ്‌ളവര്‍ ഹൈസ്‌കൂള്‍, ചെമ്മലമറ്റം

മഗ്രവിദ്യാഭ്യാസപരിശീലനത്തിലൂടെ പത്താംക്ലാസ് വിദ്യാര്‍ഥികള്‍ക്കു മികവാര്‍ന്ന അക്കാദമികനേട്ടം കൈവരിക്കാനായി ചെമ്മലമറ്റം ലിറ്റില്‍ ഫ്‌ളവര്‍ ഹൈസ്‌കൂള്‍ നടപ്പിലാക്കുന്ന ''കൊയ്യാം നൂറുമേനി'' എന്ന പദ്ധതി ശ്രദ്ധേയമാകുന്നു. വ്യത്യസ്തമായ പഠനപരിശീലനങ്ങളിലൂടെ ഉയര്‍ന്ന ഗ്രേഡ് നേടുവാന്‍ കുട്ടികളെ സജ്ജരാക്കുകയാണ് പ്രസ്തുത പരിപാടിയുടെ ലക്ഷ്യം.
കൊവിഡ് മഹാമാരിയുടെ ഇക്കാലത്ത് അധ്യാപക-വിദ്യാര്‍ത്ഥിബന്ധം ഊഷ്മളമാക്കുന്നതിനും രക്ഷിതാക്കളുടെ പൂര്‍ണസഹകരണത്തോടെ പഠനപ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുന്നതിനും പ്രത്യേക ഊന്നല്‍ നല്‍കുന്നു. പ്രഥമാധ്യാപകര്‍, ക്ലാസ് അധ്യാപകര്‍ എന്നിവരുടെ നേതൃത്വത്തില്‍ എല്ലാ ആഴ്ചയിലും യോഗം ചേര്‍ന്ന് പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുകയും നടപ്പിലാക്കുകയും ചെയ്യുന്നു. പ്രത്യേക പരിഗണന ആവശ്യമായ കുട്ടികള്‍ക്കായി പഠനകൂടാരം, കൗണ്‍സലിംഗ് എന്നിവയും ഈ പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കുന്നു. അധ്യാപകര്‍ ഭവനസന്ദര്‍ശനം നടത്തി പഠനപ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയും ആവശ്യമായ പഠനപിന്തുണ ഉറപ്പാക്കുകയും ചെയ്യുന്നു.
'ഞങ്ങള്‍ ഇതാ നിങ്ങളുടെ അരികില്‍' എന്ന സാന്ത്വനം പരിപാടിയും ഇതോടൊപ്പം നടത്തിവരുന്നു. പഠനത്തോടൊപ്പം പാഠ്യേതരപ്രവര്‍ത്തനങ്ങള്‍ ഓണ്‍ലൈനായി നടപ്പിലാക്കുന്നു. കുട്ടികളുടെ സര്‍ഗവാസനകള്‍ കണ്ടെത്തുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും പരിപോഷിപ്പിക്കുന്നതിനും നൂതനസാങ്കേതികവിദ്യ പൂര്‍ണതോതില്‍ പ്രയോജനപ്പെടുത്തുകയും ചെയ്യുന്നു. സമൂഹത്തിന്റെ മുഖ്യധാരയിലേക്കു കുട്ടികളെ എത്തിക്കാന്‍ ഈ പദ്ധതി സഹായിക്കുന്നു.
ലിറ്റില്‍ കൈറ്റ്‌സ്, സ്‌കൗട്ട് ആന്‍ഡ് ഗൈഡ്, ജൂണിയര്‍ റെഡ്‌ക്രോസ്, പരിസ്ഥിതിക്ലബ് എന്നിവ മികച്ച രീതിയില്‍ പ്രവര്‍ത്തിച്ചുവരുന്നു. ബോധവത്കരണക്ലാസ്സുകള്‍, ദിനാചരണങ്ങള്‍, കലാമത്സരങ്ങള്‍ എന്നിവയും ഓണ്‍ലൈനായി നടത്തുന്നുണ്ട്.
കേന്ദ്രഗവണ്‍മെന്റ് സഹായത്തോടെ ആരംഭിച്ച അടല്‍ ടിങ്കറിംഗ് ലാബിന്റെ പ്രവര്‍ത്തനങ്ങളിലൂടെ വിദ്യാര്‍ത്ഥികളെ ശാസ്ത്രഗവേഷണരംഗത്തു പ്രതിഭകളായി വളര്‍ത്തിയെടുക്കുന്നതിനുള്ള പദ്ധതികള്‍ നടപ്പിലാക്കിവരുന്നു.
പാലാ കോര്‍പറേറ്റ് എഡ്യൂക്കേഷണല്‍ ഏജന്‍സിയുടെ ബെസ്റ്റ് സ്‌കൂള്‍ അവാര്‍ഡ് 2013 ലും 2017 ലും ലഭിച്ചിട്ടുണ്ട്. പൂഞ്ഞാര്‍ നിയോജകമണ്ഡലത്തിലെ മികച്ച ഹൈസ്‌കൂളിനുള്ള എം.എല്‍.എ.യുടെ എക്‌സലന്‍സ് അവാര്‍ഡ് രണ്ടു തവണ ലഭിച്ചിട്ടുണ്ട്. കെ.സി.എസ്.എല്‍. സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് രൂപത-സംസ്ഥാനതലങ്ങളില്‍ നിരവധി പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്. 2019-20 വര്‍ഷത്തില്‍ നടപ്പിലാക്കിയ പ്രവര്‍ത്തനങ്ങളുടെ അടിസ്ഥാനത്തില്‍ കെ.സി.എസ്.എല്‍. സംസ്ഥാനതലത്തില്‍ മൂന്നാംസ്ഥാനം കരസ്ഥമാക്കി. സ്‌കൂള്‍ മാനേജര്‍ ഫാ. സഖറിയാസ് ആട്ടപ്പാട്ടിന്റെയും ഹെഡ്മാസ്റ്റര്‍ പോള്‍ തോമസിന്റെയും നേതൃത്വത്തില്‍ അധ്യാപകര്‍, മാനേജുമെന്റ്, പി.ടി.എ., എം.പി.റ്റി.എ. പ്രതിനിധികളും ഒരു മനസ്സോടെ 'കൊയ്യാം നൂറുമേനി' പദ്ധതിയില്‍ അണിചേരുന്നു.

 

Login log record inserted successfully!