•  25 Apr 2024
  •  ദീപം 57
  •  നാളം 7
പ്രതിഭ

ഫീനിക്‌സ്പക്ഷിയെപ്പോലെ ഉയിര്‍ത്തെണീറ്റുവന്ന മരിയ

പ്രതിസന്ധികള്‍ എങ്ങനെ തരണം ചെയ്യണമെന്നറിയാതെ ഉഴറുന്നവര്‍ക്ക് ഒരു പാഠമാണ് പിറവം വെളിയനാട് സ്വദേശിനി മരിയ ബിജു. ഇരുപതാം വയസ്സില്‍ അപകടത്തില്‍പെട്ട് നെഞ്ചിനു കീഴ്‌പോട്ട് പൂര്‍ണമായും ചലനശേഷി നഷ്ടപ്പെട്ട മരിയ വിധിയെ പൊരുതിത്തോല്പിച്ച് എം.ബി.ബി.എസ്. ഉയര്‍ന്ന മാര്‍ക്കോടെ വിജയിച്ചിരിക്കുകയാണ്. 
വെളിയനാട് തളിയച്ചിറയില്‍ ബിജു പീറ്ററിന്റെയും സുനിയുടെയും മകള്‍ മരിയ പഠനത്തില്‍ മിടുമിടുക്കിയായിരുന്നു. വിദേശത്താണ് സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്.
തൊടുപുഴ അല്‍ അസ്ഹര്‍ മെഡിക്കല്‍ കോളജില്‍ 2016 ല്‍ എംബിബിഎസിനു പ്രവേശനം ലഭിച്ചു. കോളജ് ഹോസ്റ്റലില്‍ താമസിച്ചായിരുന്നു പഠനം. കലാകായികരംഗത്തെ ബഹുമുഖപ്രതിഭയായിരുന്ന മരിയ വളരെ വേഗംതന്നെ കോളജിലെ ശ്രദ്ധാകേന്ദ്രമായി മാറി.
ഒന്നാം വര്‍ഷ പഠനം പൂര്‍ത്തിയാകാന്‍ ദിവസങ്ങള്‍ ബാക്കിനില്‍ക്കുമ്പോഴാണ് മരിയയുടെ ജീവിതത്തിലെ ആ കറുത്ത ദിവസം എത്തിയത്. ഹോസ്റ്റല്‍ മുറിയില്‍ ഇരിക്കുമ്പോള്‍ അപ്രതീക്ഷിതമായെത്തിയ മഴ. അപ്പോഴാണ് രണ്ടാം നിലയിലെ ബാല്‍ക്കണിയില്‍ തുണി ഉണങ്ങാനായി വിരിച്ചിരുന്ന കാര്യം മരിയ ഓര്‍ത്തത്. ഓടിപ്പോയി അയയില്‍നിന്നു തുണി വലിച്ചെടുത്തപ്പോഴേക്കും ബാല്‍ക്കണിയിലുണ്ടായിരുന്ന വെള്ളത്തുള്ളികളില്‍ തെന്നി മരിയ താഴേക്കു പതിച്ചു.
വീഴ്ചയില്‍ തലയില്‍ ആഴത്തില്‍ മുറിവേറ്റു. ഉടന്‍തന്നെ സുഹൃത്തുക്കളും കോളജധികാരികളും കോലഞ്ചേരി മെഡിക്കല്‍ കോളജില്‍ എത്തിച്ചു. പരിശോധനയില്‍ തുടയിലെ അസ്ഥി ഒടിഞ്ഞതായും നട്ടെല്ലിനും ക്ഷതം സംഭവിച്ചതായും കണ്ടെത്തി. നട്ടെല്ലിനേറ്റ ക്ഷതം ഗുരുതരമായതിനാല്‍ ശരീരത്തിന്റെ ചലനശേഷി നഷ്ടപ്പെട്ടു. ഇതോടെ കൂടുതല്‍ സൗകര്യങ്ങളുള്ള എറണാകുളം അമൃത ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശരീരം മുഴുവന്‍ തളര്‍ന്നുപോയ മരിയയ്ക്ക് പിന്നെ സങ്കീര്‍ണമായ ശസ്ത്രക്രിയകള്‍ നടത്തി.
ഒടുവില്‍ കൈകള്‍ ചലിപ്പിക്കാമെന്ന അവസ്ഥയിലെത്തി. തുടര്‍ചികിത്സയ്ക്കായി വെല്ലൂര്‍ മെഡിക്കല്‍ കോളജില്‍ ഫിസിയോതെറാപ്പിയും നടത്തി. ആറു മാസം നീണ്ടï ചികിത്സ കഴിഞ്ഞപ്പോഴാണ് വീല്‍ചെയറില്‍ ഇരിക്കാവുന്ന നിലയായത്. ആശുപത്രിക്കിടക്കയിലായിരുന്നപ്പോളും എങ്ങനെയും എം.ബി.ബി.എസ് എഴുതിയെടുക്കണമെന്ന ആഗ്രഹമായിരുന്നു മരിയയുടെ മനസ്സു നിറയെ.
വീല്‍ച്ചെയറില്‍ ഇരിക്കാമെന്ന സ്ഥിതിയായപ്പോള്‍ ക്ലാസില്‍ വീണ്ടും ചേരണമെന്ന് മരിയ നിര്‍ബന്ധം പിടിച്ചു.  ഡോക്ടര്‍മാരുടെ സമ്മത പ്രകാരവും കോളജധികാരികളുടെ പിന്തുണയോടുംകൂടി 2017 ജനുവരിമുതല്‍ വീണ്ടും ക്ലാസില്‍ പോയി.
കാലുകള്‍ക്കു ചലനശേഷി ഇല്ലാത്തതിനാല്‍ പൂര്‍ണമായി വീല്‍ചെയറിനെ ആശ്രയിക്കേണ്ടിവന്നതോടെ സഹപാഠികളും
അധ്യാപകരും സഹായവുമായെത്തി. 
മാതാവ് സുനി ഇക്കാലമത്രയും കോളജ്‌ഹോസ്റ്റലില്‍ കരുതലായി നിന്നു. ശാരീരിക
ബുദ്ധിമുട്ടുകള്‍മൂലം പരീക്ഷ എഴുതുന്നതിനു സഹായിയെ ആശ്രയിക്കാന്‍ സര്‍വകലാശാല അനുമതി നല്‍കിയെങ്കിലും മരിയ സ്വീകരിച്ചില്ല. കാരണം, 
മെഡിക്കല്‍ ഫീല്‍ഡുമായി ബന്ധമില്ലാത്ത ആള്‍ വേണം സഹായിയായി എത്താന്‍. അപ്പോള്‍ അവര്‍ക്ക് മെഡിക്കല്‍ സംബന്ധമായ വാക്കുകള്‍ എഴുതാന്‍ ബുദ്ധിമുട്ടാകും. അതിനാല്‍ സ്വയം എഴുതാമെന്നു തീരുമാനിക്കുകയായിരുന്നു. പിന്നെ വഴങ്ങാത്ത കൈകളെ തന്റെ ചൊല്‍പ്പടിക്കു നിര്‍ത്താനായി ശ്രമം തുടങ്ങി. പേനയും പെന്‍സിലും കയ്യില്‍ മുറുകെപ്പിടിച്ച് പരിശ്രമം തുടങ്ങി. ചിത്രം വരച്ചാണ് വിരലുകളെ നിലയ്ക്കു നിര്‍ത്താന്‍ മരിയയ്ക്കു കഴിഞ്ഞത്. ഇക്കാലയളവില്‍ മികച്ചൊരു ചിത്രകാരിയാകാനും കഴിഞ്ഞു.
ഒടുവില്‍, രണ്ടാം വര്‍ഷക്ലാസുകളില്‍ പങ്കെടുക്കുന്നതിനൊപ്പം ആദ്യവര്‍ഷം നഷ്ടപ്പെട്ട പരീക്ഷയും സ്വന്തം കൈകള്‍കൊണ്ട് എഴുതിയെടുത്തു. ഇതോടെ ആത്മവിശ്വാസം ഏറെ വര്‍ദ്ധിച്ചു. പിന്നെ ഒരു കുതിപ്പായിരുന്നു. നിലച്ചുപോയ കാലുകള്‍ക്കുപകരം സുഹൃത്തുക്കള്‍ കൂട്ടായി എത്തിയതോടെ ഈ ലോകംതന്നെ കീഴ്‌പ്പെടുത്താന്‍ തനിക്കു കഴിയുമെന്ന ആത്മവിശ്വാസം മരിയയെ എത്തിച്ചത് എം.ബി.ബി.എസിലെ വിജയത്തിലേക്കായിരുന്നു.
കഴിഞ്ഞ നവംബറില്‍ ആരംഭിച്ച അവസാനവര്‍ഷ പരീക്ഷയ്ക്കു കൂടുതല്‍ സമയം ഇരുന്നു പഠിച്ചതോടെ ശരീരത്തില്‍ മുറിവുണ്ടായി. സ്‌ട്രെച്ചറില്‍ കിടന്നായിരുന്നു തുടര്‍പഠനം. ഒടുവില്‍ കാത്തിരുന്ന എംബിബിഎസ് ബിരുദം കയ്യില്‍. വീണുപോയി എന്ന് കരുതിയിടത്തുനിന്ന് ഉയിര്‍ത്തെണീല്പിച്ചത് മരിയയുടെ എം.ബി.ബി.എസിനോടുള്ള അടങ്ങാത്ത ആഗ്രഹവും മുടങ്ങാതെയുള്ള പ്രാര്‍ത്ഥനയുമായിരുന്നു. വീല്‍ച്ചെയറില്‍ ഒതുങ്ങിയിരിക്കാന്‍ സുഹൃത്തുക്കള്‍ അവളെ അനുവദിച്ചിരുന്നില്ല. പുറത്തുകൊണ്ടു പോകാനും പരിപാടികളില്‍ പങ്കെടുപ്പിക്കാനും അവര്‍ ഒപ്പമുണ്ടായിരുന്നു.
കോളജ് പ്രോഗ്രാമുകളില്‍ വീല്‍ച്ചെയറില്‍ ഇരുന്ന് സുഹൃത്തുക്കള്‍ക്കൊപ്പം ആടിത്തിമിര്‍ക്കുകയും ചെയ്തു. ഫാഷന്‍ ഷോ, വിസിലിങ്, ബോഡി പെയിന്റിങ്, പെയിന്റിങ് എന്നു തുടങ്ങി ചെയ്യാന്‍ കഴിയുന്നതിനപ്പുറമുള്ള എല്ലാ കലാപരിപാടികള്‍ക്കും മരിയ പങ്കെടുക്കുകയും സമ്മാനം വാങ്ങുകയും ചെയ്തിട്ടുണ്ട്. സ്‌കൂള്‍കാലഘട്ടത്തില്‍ കായിക മത്സരങ്ങളിലെ പ്രതിഭയായിരുന്നു. സ്‌കൂള്‍ ക്യാപ്റ്റന്‍ വരെയായിരുന്നു. നിരവധി മെഡലുകളും ട്രോഫികളും പ്രശംസാപത്രങ്ങളും സ്വന്തമാക്കിയിട്ടുണ്ട്. അന്നത്തെ അതേ സ്‌പോര്‍ട്‌സ്മാന്‍സ്പിരിറ്റ്തന്നെയാണ് വീഴ്ചയില്‍നിന്നു മരിയയെ പിടിച്ചുയര്‍ത്തിയത്.
കൊച്ചി രാജ്യാന്തരസ്റ്റേഡിയത്തിനടുത്താണ് മരിയയും കുടുംബവും ഇപ്പോള്‍ താമസിക്കുന്നത്. ആരുടെയും സഹായമില്ലാതെ പുറത്തേക്കിറങ്ങി കറങ്ങി നടക്കണമെന്നാണ് മരിയയുടെ ആഗ്രഹം. പക്ഷേ, അതിന് തടസ്സമായി നില്‍ക്കുന്നത് പബ്ലിക് ട്രാന്‍സ്‌പോര്‍ട്ട് സര്‍വീസുകളില്‍ അംഗപരിമിതരായവര്‍ക്കു യാത്ര ചെയ്യാനുള്ള 
സൗകര്യം ഇല്ല എന്നതാണ്.
കൊച്ചി മെട്രോയില്‍ മാത്രമാണ് ഇപ്പോള്‍ അതിനുള്ള സൗക
ര്യമുള്ളത്.
കെ.എസ്.ആര്‍.ടി.സി. ലോ ഫ്‌ളോര്‍ ബസില്‍ സൗകര്യമുണ്ടെങ്കിലും വീല്‍ച്ചെയര്‍ കയറ്റാനുള്ള സംവിധാനങ്ങള്‍ ഇല്ല. കൂടാതെ, ഇപ്പോള്‍ വീല്‍ച്ചെയറില്‍ എത്തുന്നവര്‍ക്കായി ഒരുക്കിയ സ്ഥലങ്ങളില്‍ അധികസീറ്റുകൂടി വച്ചുപിടിപ്പിച്ചിരിക്കുകയാണ്. അതു മാത്രമല്ല, കൊച്ചി നഗരത്തില്‍ വീല്‍ചെയറില്‍ സഞ്ചരിക്കാനുള്ള സൗകര്യമില്ല. പനമ്പള്ളി നഗറില്‍ ഉണ്ടെങ്കിലും അവിടെ വരെ എത്താനുള്ള സൗകര്യമില്ല. അതിനാല്‍, വീല്‍ച്ചെയറില്‍ സഞ്ചരിക്കുന്നവര്‍ക്കുവേണ്ടിയുള്ള യാത്രാസൗകര്യം കൊച്ചിയില്‍ ഒരുക്കണമെന്ന ആവശ്യം ഉന്നയിച്ച് സര്‍ക്കാരിനു
നിവേദനം നല്‍കാനൊരുങ്ങുകയാണ് മരിയ. ഒപ്പം ഒരു വര്‍ഷത്തെ ഹൗസ്
സര്‍ജന്‍സി കഴിഞ്ഞ് എം.ഡി. എടുക്കാനുള്ള ഒരുക്കത്തിലും. 
മാതാപിതാക്കളായ ബിജു പീറ്ററും സുനി ബിജുവും മകള്‍ക്കു വേണ്ടത് എന്തെന്നുവച്ചാല്‍ ചെയ്തുകൊടുക്കാന്‍ മുന്‍പന്തിയില്‍തന്നെയുണ്ട്. എം.ബി.ബി.എസ് രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിനിയായ സഹോദരി മേരിയോണ്‍ ബിജുവും എല്ലാ പിന്‍തുണയോടും ഒപ്പമുണ്ടï്. കോളജ് ഹോസ്റ്റലില്‍ നടന്ന അപകടമായതിനാല്‍ മുഴുവന്‍ ചികിത്സാച്ചെലവും കോളജധികൃതര്‍തന്നെയാണു നടത്തുന്നത്.
ഫീനിക്‌സ്പക്ഷിയെപ്പോലെ ഉയിര്‍ത്തെണീറ്റുവന്ന മരിയ നമുക്കോരുത്തര്‍ക്കും ഒരു വലിയ പാഠമാണ്.

 

Login log record inserted successfully!