(കഴിഞ്ഞ ലക്കം തുടര്‍ച്ച)
തെക്കേ അമേരിക്കന്‍ ഭൂഖണ്ഡത്തിലെ പ്രമുഖ രാഷ്ട്രമാണ് ബ്രസീല്‍; തെക്കേ അമേരിക്കയുടെ ഭൂരിഭാഗവും ഉള്‍ക്കൊള്ളുന്നതാണ് ബ്രസീല്‍. ലോകത്തിലെ ഏറ്റവും വലിയ മഹാനദികളിലൊന്നായ ആമസോണ്‍, ബ്രസീലിനെ മുഴുവന്‍ പരിപോഷിപ്പിക്കുകയും ഫലപുഷ്ടമാക്കുകയും ചെയ്യുന്നു. അറ്റ്‌ലാന്റിക്കില്‍ പതിക്കുന്നിടത്ത് ആമസോണിന്റെ വീതി മുപ്പത്തിമൂന്നു കിലോമീറ്ററാണ്.
വിസ്തൃതി നോക്കിയാല്‍, ബ്രസീല്‍ രാഷ്ട്രം ഇന്ത്യയുടെ മൂന്നിരട്ടിയാണ്; ജനസംഖ്യ പരിഗണിച്ചാല്‍, ഏതാണ്ട് അഞ്ചിലൊന്നാണ് - ഇരുപത്തിയഞ്ചുകോടിയിലേറെ കത്തോലിക്കര്‍ വസിക്കുന്ന ബ്രസീല്‍ ആണ്, ലോകത്തിലെ ഏറ്റവും അംഗസംഖ്യയുള്ള കത്തോലിക്കാരാജ്യം. അങ്ങകലെയുള്ള പോര്‍ട്ടുഗല്‍ രാജ്യത്തിന്റെ കോളനിയായിരുന്ന ബ്രസീല്‍, മതത്തിന്റെയും സംസ്‌കാരത്തിന്റെയും അടിസ്ഥാനത്തില്‍ പോര്‍ട്ടുഗീസ് മയമാണ് - ആസന്നഭാവിയിലെ ഒരു ''സൂപ്പര്‍ പവര്‍'' ആണ് - ഈ തെക്കേ അമേരിക്കന്‍ രാഷ്ട്രം.
റിയോ നഗരവും
മഹാപര്‍വതവും
ബ്രസീലിന്റെ ഏറ്റവും വലിയ നഗരമാണ് റിയോ ഡി ജെനേറോ - ഈ പേരിനും ഒരു പ്രത്യേകതയുണ്ട്; റിയോ എന്നാല്‍ നദി, ജെനേറോ എന്നതിന് ജനുവരിമാസം എന്നാണര്‍ഥം. പോര്‍ട്ടുഗീസ് നാവികര്‍ ആമസോണില്‍ക്കൂടി കപ്പല്‍യാത്ര ചെയ്ത് 'റിയോ' യില്‍ (പതനസ്ഥലത്ത്) വന്നിറങ്ങിയത്, ഒരു ജനുവരിമാസത്തിലാണ് - ഭക്തകത്തോലിക്കര്‍ക്ക് ജനുവരിമാസം മുഴുവന്‍ സെന്റ് സെബാസ്റ്റ്യന്റെ തിരുനാളാഘോഷങ്ങളാണ്. അതിനാല്‍, പോര്‍ട്ടുഗീസ് കത്തോലിക്കര്‍ക്ക്, ജനുവരി മാസം, സെന്റ് സെബാസ്റ്റ്യന്റെ പര്യായമാണ്. റിയോ നഗരത്തിലെ ഒരു സുദീര്‍ഘകടല്‍പ്പാലത്തിന് പന്ത്രണ്ടു കിലോമീറ്ററാണ് നീളം.
റിയോ ബീച്ച്
ലോകത്തിലെ അതിമനോഹരവും സുദീര്‍ഘവും സുരക്ഷിതവുമായ കടല്‍ത്തീരങ്ങളിലൊന്നാണ് റിയോ ബീച്ച്. ബ്രസീലിന്റെ കരഭൂമിയെ ചുംബിച്ചുകൊണ്ട് വടക്കുനിന്നു തെക്കോട്ടു നീണ്ടുകിടക്കുന്ന അറ്റ്‌ലാന്റിക് മഹാസമുദ്രത്തിന്റെ ദാനമാണ് റിയോ ബീച്ച്. മിതോഷ്ണപ്രദേശമായ റിയോയില്‍ തെങ്ങ് അനവധി - അതിനാല്‍, സന്ദര്‍ശകര്‍ക്ക് മിതമായ വിലയ്ക്ക് തേങ്ങായും കരിക്കും സുലഭം. ബീച്ച് മുതല്‍ ഒരു കി.മീ. ഉള്ളിലേക്ക്, കടലില്‍ ആഴക്കുറവും, തെളിഞ്ഞ വെള്ളവും - ശാരദം സലിലവും.
ബീച്ചിന്റെ സൗകര്യം പ്രയോജനപ്പെടുത്തിക്കൊണ്ട്, ഒന്നരക്കോടി ജനങ്ങള്‍ വസിക്കുന്ന റിയോ വന്‍നഗരം തൊട്ടടുത്ത്. ബ്രസീല്‍ നഗരത്തോടു ചേര്‍ന്നുകിടക്കുന്ന കൊര്‍ക്കൊവാദോ പര്‍വതം ഒരു സവിശേഷതയാണ്; ഈ പര്‍വതത്തിന്റെ ശൃംഗത്തില്‍ സുദൃശ്യമായ ഭാഗത്ത്, എഴുപതുമീറ്റര്‍ (160 അടി) ഉയരത്തില്‍, സദാ തിളങ്ങി പ്രകാശിച്ചുനില്‍ക്കുന്ന ക്രിസ്തുരാജപ്രതിമ - ഇരുകൈകളും വിരിച്ച്, പ്രേക്ഷകരെയെല്ലാം ആശീര്‍വദിച്ചുകൊണ്ടുനില്‍ക്കുന്ന ക്രിസ്തുസ്വരൂപം, റിയോ നഗരത്തിന്റെ ഒരു പ്രത്യേകതയാണ്. നഗരത്തിന്റെയോ ബീച്ചിന്റെയോ ഏതു ഭാഗത്തുനിന്നു നോക്കിയാലും ലോകരക്ഷകന്‍ മനുഷ്യരെയെല്ലാവരെയും ആശീര്‍വദിച്ചുകൊണ്ടു നില്‍ക്കുന്ന ദൃശ്യം ആശ്വാസദായകമാണ്. കാറില്‍ അരമണിക്കൂര്‍ യാത്ര ചെയ്തപ്പോള്‍, ഞാനും എന്റെ സുഹൃത്തും ക്രിസ്തുരാജസ്വരൂപത്തിന്റെ സമീപമെത്തി - അപ്പോഴാണ് മനസ്സിലാകുന്നത്, ഈ മഹാക്രിസ്തുരൂപത്തിന്റെ അടിഭാഗം ഒരു ആരാധനാലയംകൂടിയാണെന്ന്. മുപ്പതിലേറെപ്പേര്‍, അവിടെ പരിശുദ്ധകുര്‍ബാനയുടെ മുമ്പില്‍ ആരാധനയില്‍ ലയിച്ചിരിക്കുന്നതും ഞങ്ങള്‍ കണ്ടു.
ബ്രസീലില്‍നിന്ന്
കേരളത്തിനു സംഭാവന
പതിനാറാംനൂറ്റാണ്ടില്‍ പോര്‍ട്ടുഗീസ് നാവികര്‍, ബ്രസീലില്‍നിന്ന് കേരളത്തിലെത്തിച്ച വിഭവങ്ങള്‍ നേരിട്ടു കണ്ടു മനസ്സിലാക്കുകയും കൂടിയായിരുന്നു, എന്റെ ബ്രസീല്‍ യാത്രയുടെ ഒരു ലക്ഷ്യം. ബ്രസീലിന്റെയും ദക്ഷിണഭാരതത്തിന്റെയും 'കൊളോണിയല്‍' അധികാരികളായിരുന്ന പോര്‍ട്ടുഗീസ് സഞ്ചാരികള്‍, ഒരു കാര്യം മനസ്സിലാക്കി: 'ബ്രസീലിന്റെ പല ഭാഗത്തുമുള്ള ഉഷ്ണമേഖലാകാലാവസ്ഥതന്നെയാണ് കേരളത്തിലുള്ളത്. അതുകൊണ്ട്, ബ്രസീലില്‍ വളരുന്ന അനേകം വൃക്ഷലതാദികള്‍ കേരളത്തിലും സമൃദ്ധമായി വളരും.' തത്ഫലമായി പോര്‍ട്ടുഗീസ് കപ്പല്‍സഞ്ചാരികള്‍ പതിനാറായിരം കി.മീ. അകലെ ബ്രസീലില്‍നിന്ന് അനേകം വിഭവങ്ങള്‍ ഇങ്ങ് ഇവിടെ കേരളത്തിലും ഗോവയിലും എത്തിച്ചു. ബ്രസീലിനെക്കുറിച്ച് ഒട്ടുംതന്നെ ഭൂമിശാസ്ത്രജ്ഞാനം ഇല്ലാതിരുന്ന നമ്മുടെ പൂര്‍വികര്‍ ആ വിഭവങ്ങളില്‍ പലതിനും 'കപ്പല്‍മാര്‍ഗം ഇവിടെ എത്തിച്ചത്' എന്നു പേരുകൊടുത്തു. അങ്ങനെയാണ്, 'കപ്പല്‍ക്കിഴങ്ങ്' അഥവാ കപ്പ (മരച്ചീനി),'കപ്പല്‍മാവ്' അഥവാ കശുമാവ്, കപ്പളം (കപ്പപളം), കടലാവണക്ക്, കടല അഥവാ നിലക്കടല, എന്നീ പേരുകള്‍ ഇവിടെ രൂപംകൊണ്ടത്. കപ്പലണ്ടിക്ക് ചിലയിടങ്ങളില്‍ 'പറങ്കിയണ്ടി' (ഫ്രാങ്കന്മാര്‍, ഫ്രഞ്ച്-പോര്‍ട്ടുഗീസുകാര്‍ ഇവിടെയെത്തിച്ചത്) എന്നും പേരുണ്ട്. കപ്പലണ്ടിക്ക് അഥവാ പറങ്കിയണ്ടിക്ക് 'കശുവണ്ടി' എന്നും പേരുണ്ടല്ലോ-കപ്പലണ്ടിയുടെ ജന്മനാടായ ബ്രസീലില്‍, അവിടത്തെ ആദിവാസികള്‍ അവരുടെ ഭാഷയില്‍ 'അക്കാഷു' എന്നാണ്, കപ്പലണ്ടിക്ക് പേരു പറയുന്നത്; ബ്രസീലിയന്‍ ആദിവാസികളുടെ 'അക്കാഷു' ആണ് നമ്മുടെ ക്യാഷുനട്ട്.
'കോവയ്ക്ക'യുടെ നാമോത്പത്തിയും രസകരമാണ്. പോര്‍ട്ടുഗീസുകാര്‍, ബ്രസീലില്‍നിന്നു കൊണ്ടുവന്ന കോവയ്ക്ക ആദ്യം കൃഷി ചെയ്തത്, ഗോവയിലാണ്. 'ഗോവയ്ക്ക' എന്നു നാട്ടുകാര്‍ അതിനു പേരുകൊടുത്തു. എന്നാല്‍, തമിഴന് 'ഗോവ' എന്ന പദം 'കോവൈ' എന്നായി. കൊവൈയില്‍നിന്നു വന്ന കായ് ആണ് മലയാളിക്ക് കോവയ്ക്ക ആയി മാറിയത്.
അതുപോലെ, ബ്രസീലില്‍നിന്ന്, പോര്‍ട്ടുഗീസുകാര്‍ വഴി നമുക്കു കിട്ടിയതാണ്, സപ്പോട്ട, ടൊമാറ്റോ അഥവാ തക്കാളി, പൊട്ടറ്റോ അഥവാ ഉരുളക്കിഴങ്ങ്, റബര്‍ എന്നിവയും. റ്റൊമാറ്റോ എന്നു പോര്‍ട്ടുഗീസ് പദത്തിന് 'കൊച്ചുതൊമ്മന്‍' എന്നാണര്‍ഥം. പൊട്ടറ്റോയുടെ അര്‍ത്ഥം പോര്‍ട്ടുഗീസുരാജ്യത്തെ നാണയത്തിന്റെ പേരാണ്. നമ്മുടെ നാട്ടില്‍ കിട്ടുന്ന പൊട്ടറ്റോ, ഉരുണ്ടതാണെങ്കിലും നീണ്ടതും വളഞ്ഞതുമായ പൊട്ടറ്റോയും ഞാന്‍ ബ്രസീലില്‍ ധാരാളമായി കണ്ടു. റബറും ബ്രസീല്‍ സ്വദേശിയാണ്. ബ്രിട്ടീഷുകാര്‍, റബര്‍ ആദ്യം മലേഷ്യയിലെത്തിച്ചു. മലേഷ്യയില്‍നിന്ന് കേരളത്തിലേക്കും. റബ് ചെയ്യാന്‍ (മായ്ക്കാന്‍) കൊള്ളാവുന്നത് എന്നാണ് റബറിന്റെ യഥാര്‍ത്ഥ മൂലാര്‍ഥം. ഈ വിഭവങ്ങളെല്ലാം ഇന്ത്യയിലെത്തിച്ച പോര്‍ട്ടുഗീസുകാര്‍ക്കു നന്ദി.