•  5 Dec 2024
  •  ദീപം 57
  •  നാളം 39
സഞ്ചാരം

കഥകളുറങ്ങുന്ന കൊളോസിയം

വിനോദോപാധികള്‍ക്കായി പുരാതന വാസ്തുശില്പഭംഗിയോടെ റോമാസാമ്രാജ്യത്തിന്റെ ഹൃദയഭാഗത്തു നിലവിലിരുന്ന ഒരു വലിയ തിയേറ്ററാണ് കൊളോസിയം എന്നറിയപ്പെടുന്ന ഫ്‌ളാവിയന്‍ ആംഫി തിയേറ്റര്‍. ഇതു പുരാതനറോമിലെ ഏറ്റവും വലിയ ഉല്ലാസകേന്ദ്രമായിരുന്നു. എ.ഡി.72-ല്‍ വെസ്പാനിയന്‍ ചക്രവര്‍ത്തി തുടങ്ങിവച്ച നിര്‍മ്മാണം അദ്ദേഹത്തിന്റെ പുത്രന്‍ ടൈറ്റസ് എ.ഡി. 80-ല്‍ പൂര്‍ത്തിയാക്കി. പിന്നീട് ഡൊമിനീഷ്യന്‍ ചക്രവര്‍ത്തിയുടെ കാലത്ത് കുറെയേറെ മിനുക്കുപണികളും നടത്തി. റോമിലെ പ്രൊഫഷണല്‍ ശില്പകലാകാരന്മാര്‍, ചിത്രകാരന്മാര്‍, നിര്‍മ്മാതാക്കള്‍ എന്‍ജിനീയര്‍മാര്‍ എന്നിവര്‍ ഉള്‍പ്പെട്ട ഒരു വലിയ ടീമാണ് ഇതു നിര്‍മ്മിച്ചത്. ചുണ്ണാമ്പുകല്ല് ടഫ് (അഗ്നിപര്‍വ്വതപാറ) മോര്‍ട്ടാര്‍, കടുപ്പമേറിയ കരിങ്കല്ല്, വലിയ മാര്‍ബിള്‍ ശിലകള്‍, സിമന്റ് (സിമന്റ് കണ്ടുപിടിച്ചത് ഇറ്റലിയാണ്) എന്നിവ നിര്‍മ്മാണത്തിനുപയോഗിച്ചിരിക്കുന്നു. 
65000-ല്‍പരം കാണികളെ ഒരേസമയം ഉള്‍ക്കൊള്ളാനുള്ള സൗകര്യം ഈ തിയേറ്ററിനുണ്ടായിരുന്നു. 50 മീറ്ററോളം ഉയരവും 188 മീറ്റര്‍ നീളവും 156 മീറ്റര്‍ വീതിയുമുള്ള വൃത്താകൃതിയിലുള്ള ഒരു വമ്പന്‍ സ്റ്റേഡിയമാണിത്. മൂന്നു നിലകളിലായി 240 ഓളം വാതിലുകള്‍. നടുഭാഗത്തു വേദിയും ചുറ്റിലും ഇരിപ്പിടങ്ങളുമുള്ള ഈ തിയേറ്ററിനു മേല്‍ക്കൂരയില്ല. മല്ലയുദ്ധങ്ങള്‍ക്കു യോജിച്ച രീതിയിലാണ് ഇതിന്റെ നിര്‍മ്മാണം. ഇതിലെ ഗ്യാലറിയുടെ ഏറ്റവും പിറകില്‍ സാധാരണക്കാര്‍ക്കും അതിനു മുമ്പില്‍ പൗരപ്രമാണിമാര്‍ക്കും ഏറ്റവും മുകളില്‍ ഭരണാധിപന്മാര്‍ക്കുമായി ഇരിപ്പിടങ്ങള്‍ ക്രമീകരിച്ചിരിക്കുന്നു. നാടകങ്ങള്‍ക്കും മറ്റു വിനോദപരിപാടികള്‍ക്കുമായി നിര്‍മ്മിച്ച ഈ കൊളോസിയം ക്രമേണ പ്രഭുക്കന്മാര്‍, ചക്രവര്‍ത്തിമാര്‍ എന്നിവരുടെ ക്രൂരവിനോദങ്ങള്‍ക്കുള്ള ഒരു വേദിയായി മാറി. എണ്ണമറ്റ മനുഷ്യരുടെയും മൃഗങ്ങളുടെയും രക്തക്കറപുരണ്ട ചാവുനിലം. റോമിലെ ഭരണാധിപനായിരുന്ന നീറോയുടെ ഭീമാകാരമായ പ്രതിമ സ്ഥാപിച്ചിരിക്കുന്ന അതേ സ്ഥലത്തുതന്നെയാണ് കൊളോസിയം പണിതുയര്‍ത്തിയിരിക്കുന്നത്. കൊളോസിയം എന്ന വാക്കിനര്‍ത്ഥം ഭീമാകാരമെന്നാണ്. പേരിനു യോജിച്ച രീതിയില്‍ത്തന്നെ കൊളോസിയം നിലകൊള്ളുന്നു. 
സ്റ്റേഡിയത്തിനു നടുവിലായി സജ്ജീകരിച്ചിരിക്കുന്ന സ്ഥലത്ത് അടിമകളും മറ്റു കുറ്റവാളികളും, സിംഹം, കടുവ, പുലി തുടങ്ങിയ ജന്തുക്കളുമൊത്ത് ഏറ്റുമുട്ടും. ശക്തന്മാരായ മല്ലന്മാര്‍ ചിലപ്പോള്‍ മണിക്കൂറുകളോളം പോരാടും. വധശിക്ഷയ്ക്കു വിധിക്കപ്പെട്ടവരും ഇക്കൂട്ടത്തിലുണ്ടാവും. ആയിരക്കണക്കിനടിമകള്‍ ഇങ്ങനെ ദിവസവും മരിക്കുന്നു. വിജയിക്കുന്നവര്‍ക്ക് രാജകീയസ്വീകരണം നല്‍കി ആദരിക്കുകയും സമ്മാനങ്ങള്‍ നല്‍കുകയും സൈന്യത്തില്‍ ചേര്‍ക്കുകയും ചെയ്തിരുന്നു. രംഗസജ്ജീകരണങ്ങള്‍ യഥാര്‍ത്ഥമായി തോന്നുവാന്‍ വന്‍വൃക്ഷങ്ങള്‍ പിഴുതെടുത്ത് കൊളോസിയത്തിനുള്ളില്‍ നട്ട് ഘോരവനത്തിന്റെ അന്തരീക്ഷം സൃഷ്ടിച്ചിരുന്നു.
കൊളോസിയത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ചു നടത്തിയ 123 ദിവസത്തെ ആഘോഷപരിപാടികള്‍ ചരിത്രപ്രസിദ്ധമാണ്. ഈ ദിവസങ്ങളില്‍ 9000 മൃഗങ്ങളും ഒട്ടേറെ മനുഷ്യരും കൊളോസിയത്തില്‍ പിടഞ്ഞുമരിച്ചു. 
മതപീഡനകാലത്ത് ക്രൈസ്തവരെ വന്യമൃഗങ്ങള്‍ക്കിരയായി നല്‍കിയിരുന്നു. അവരെ സ്റ്റേജിന്റെ നടുവില്‍ നിറുത്തി സിംഹത്തിന്റെയും കടുവയുടെയും കൂടുകള്‍ തുറന്നുവിടും. നിമിഷനേരംകൊണ്ട് അവ മനുഷ്യരുടെ പച്ചമാംസം ഭക്ഷണമാക്കും. മൃഗങ്ങള്‍ മനുഷ്യരെ കടിച്ചുകീറി കൊലപ്പെടുത്തുന്നതു കണ്ടുരസിച്ച് ആനന്ദിക്കുവാന്‍ പതിനായിരക്കണക്കിനാളുകള്‍ കൊളോസിയത്തില്‍ തിങ്ങിനിറയും. ക്രിസ്തുവര്‍ഷം 399-ല്‍ കൊറോണിയോസ് ചക്രവര്‍ത്തി ഗ്ലാഡിയേറ്റര്‍ വിനോദങ്ങള്‍ നിര്‍ത്തലാക്കുവാന്‍ ശ്രമമാരംഭിച്ചു. എ.ഡി. 404-ല്‍ ഇത് പൂര്‍ണ്ണമായും നിറുത്തല്‍ ചെയ്തു. വമ്പിച്ച ജനാവലിയുടെ മുമ്പില്‍ അടിമകളെയും കുറ്റവാളികളെയും തമ്മില്‍ പൊരുതിച്ചു നടത്തിയിരുന്ന ഈ ക്രൂരവിനോദം കണ്ടുരസിക്കുവാന്‍ ആവേശത്തോടെ മുന്‍നിരയില്‍ ഇരിപ്പിടങ്ങള്‍ സ്വന്തമാക്കിയവര്‍ക്കു നിരാശ പകര്‍ന്നുകൊണ്ട് 1948-ല്‍ ഇറ്റലിയില്‍ വധശിക്ഷ നിറുത്തല്‍ ചെയ്തു. ഇതിന്റെ പ്രതീകമായി കൊളോസിയം നിലകൊള്ളുന്നു. വധശിക്ഷ നിറുത്തലാക്കാന്‍ ഒരു കാരണമുണ്ട്. ഒരിക്കല്‍ ടെലിമാക്കസ് എന്നൊരു സന്ന്യാസി കൊളോസിയത്തില്‍ അരങ്ങേറിയ ഈ കാഴ്ച കണ്ടു സഹികെട്ട് അങ്കത്തട്ടിലേക്കു പാഞ്ഞുവന്ന് പൊരുതിക്കൊണ്ടിരിക്കുന്നവരെ പിടിച്ചുമാറ്റാന്‍ ശ്രമിച്ചു. അക്രമാസക്തരായ കാണികള്‍ ടെലിമാക്കസിനെ കല്ലെറിഞ്ഞുകൊന്നു. ഈ രംഗം നേരില്‍ക്കണ്ട ചക്രവര്‍ത്തി കൊറോണിയോസ് അന്നുതന്നെ മല്ലയുദ്ധം നിയമവിരുദ്ധമായി പ്രഖ്യാപിക്കുകയും ക്രൂരവിനോദങ്ങള്‍ ഇനിമേല്‍ പാടില്ലെന്നു വിളംബരം ചെയ്യുകയും ചെയ്തു. 
ആദിമക്രിസ്ത്യാനികള്‍ രക്തസാക്ഷിത്വം വരിച്ച പുണ്യസ്ഥലമായി കൊളോസിയത്തെ ബനഡിക്ട് 16-ാമന്‍ മാര്‍പാപ്പാ അംഗീകരിച്ചിട്ടുണ്ട്. റോമന്‍കത്തോലിക്കാസഭയുമായി ഇതിനു ബന്ധമുള്ളതിനാല്‍ ദുഃഖവെള്ളിയാഴ്ചകളില്‍ കൊളോസിയത്തിന്റെ ചുറ്റുമുള്ള പ്രദേശങ്ങളില്‍ മാര്‍പാപ്പാ നയിക്കുന്ന കുരിശിന്റെ വഴി നടത്തിയിരുന്നു. ലോകത്തിലെ ഏറ്റവും ജനപ്രിയ വിനോദസഞ്ചാരകേന്ദ്രമായ ഈ സ്ഥലത്ത് വര്‍ഷം 75 ലക്ഷം സന്ദര്‍ശകര്‍ വന്നുപോകുന്നു. 5 സെന്റ് യൂറോനാണയത്തിന്റെ മൂല്യമുള്ള ഇറ്റാലിയന്‍ നാണയത്തില്‍ കൊളോസിയം ചിത്രീകരിച്ചിട്ടുണ്ട്. ലോകത്തിലെ പുതിയ ഏഴ് അദ്ഭുതങ്ങളില്‍ ഒന്നായി ഇതിനെ അംഗീകരിച്ചിരിക്കുന്നു. നരഹത്യകളുടെ ഗന്ധം മാറാത്ത, അവസാനമില്ലാത്ത ഓര്‍മ്മകളുമായി കൊളോസിയത്തിന്റെ അവശിഷ്ടങ്ങള്‍ പൊട്ടിപ്പൊളിഞ്ഞ നിലയില്‍ ഇപ്പോഴും തലയുയര്‍ത്തിനില്‍ക്കുന്നു. ഈ ചാവുനിലത്തിലെ ഓരോ മണല്‍ത്തരിക്കും ശാപംപേറിയ നിരവധി കഥകള്‍ പറയുവാനുണ്ടാകും. 2000-ല്‍ പുറത്തിറങ്ങിയ ഗ്ലാഡിയേറ്റര്‍ എന്ന സിനിമയില്‍ ഇതിന്റെ ഭീകരാവസ്ഥ ചിത്രീകരിച്ചിട്ടുണ്ട്.

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)