കത്തുന്ന മുള്‍പ്പടര്‍പ്പിനു(burning bush)) സമീപംതന്നെയാണ് ആശ്രമത്തിലെ പുരാതനമായ ദൈവാലയം സ്ഥിതിചെയ്യുന്നത്. അതിന് ബസിലിക്ക എന്ന പദവിയുണ്ട്. വലിപ്പത്തില്‍ അസാധാരണത്വമൊന്നുമില്ല. ഞങ്ങള്‍ ദൈവാലയത്തിനുള്ളില്‍ കടന്നു. ബസിലിക്കായ്ക്ക് മൂന്നു ഭാഗങ്ങളുണ്ട്. പ്രവേശനകവാടം, ജനങ്ങള്‍ നില്ക്കുന്ന സ്ഥലം, അള്‍ത്താര സ്ഥിതിചെയ്യുന്ന വിശുദ്ധ സ്ഥലം. ഓരോ ഭാഗവും പ്രതീകാത്മകമായി നിര്‍മ്മിച്ചിരിക്കുന്നു. പള്ളിയുടെ ഇരുവശങ്ങളിലുമുള്ള ഭിത്തികള്‍ അര്‍ദ്ധവൃത്താകൃതിയിലുള്ളതാണ്. മൊത്തത്തില്‍, കിഴക്കോട്ടൊഴുകുന്ന ഒരു ബോട്ടിന്റെ ആകൃതിയാണ് ദൈവാലയത്തിന്. കിഴക്കിന് പൗരസ്ത്യസഭകള്‍ പ്രത്യേക പ്രാധാന്യം നല്‍കുന്നു. നിത്യതയിലേക്കൊഴുകുന്ന സഭയുടെ പ്രതിരൂപമാണീ ദൈവാലയം. തെസലോനിക്കയിലെ വിശുദ്ധ ശിമയോന്റെ വ്യാഖ്യാനമനുസരിച്ച് ദൈവാലയത്തിന്റെ പ്രവേശനകവാടം ഭൂമിയെയും ഉള്‍ഭാഗം ആകാശത്തെയും അവയെക്കാള്‍ ഉയര്‍ന്നുനില്ക്കുന്ന വിശുദ്ധ സ്ഥലം സ്വര്‍ഗ്ഗത്തെയും സൂചിപ്പിക്കുന്നു. അള്‍ത്താര ഈശോമിശിഹായുടെ പ്രതീകമാണ്.
സെന്റ് കാതറൈന്‍ മൊണാസ്ട്രിറിയുടെ കിഴക്കുഭാഗത്തെ ഭിത്തിയില്‍ (മദ്ബഹാഭിത്തിയില്‍) നാലാം നൂറ്റാണ്ടില്‍ വരച്ച മനോഹരമായ ഒരു മൊസെയ്ക് ചിത്രമുണ്ട്. ഈശോമിശിഹായുടെ താബോര്‍മലയിലെ രൂപാന്തരീകരണമാണ് അതില്‍ ചിത്രീകരിച്ചിരിക്കുന്നത് (ലൂക്കാ. 19:28-36, മത്താ 11:1-9). ജനലുകളിലൂടെ അരിച്ചുവരുന്ന നേരിയ വെളിച്ചം ഈ ചിത്രത്തിന് അസാധാരണമായ ചൈതന്യം നല്‍കുന്നു. വിശുദ്ധ മത്തായിയുടെ സുവിശേഷം ആ സംഭവത്തെ വിവരിക്കുന്നത് ഇപ്രകാരമാണ്: ''അവിടുത്തെ മുഖം സൂര്യനെപ്പോലെ പ്രശോഭിച്ചു. അവിടുത്തെ വസ്ത്രങ്ങള്‍ പ്രകാശംപോലെ വെണ്മയുള്ളതായി. മോശയും ഏലിയായും അവിടുത്തോടു സംസാരിക്കുന്നതായി അവര്‍ കണ്ടു'' (മത്താ. 11:1-9).
പ്രകാശമാനമായ ഒരു മേഘം വന്ന് അവരെ ആവരണം ചെയ്തു. മേഘത്തില്‍നിന്ന് ഒരു സ്വരമുണ്ടായി... ''ഇവന്‍ എന്റെ പുത്രനാകുന്നു. ഇവനില്‍ ഞാന്‍ പ്രസാദിച്ചിരിക്കുന്നു. ഇവനെ ശ്രവിക്കുവിന്‍.'' ഈ സംഭവത്തിന്റെ ഒരു നേര്‍ചിത്രീകരണമാണ് ഭിത്തിയിലെ മൊസെയ്ക് ചിത്രം. മോശയും ഏലിയായും സീനാമലയുമായി അടുത്തു ബന്ധപ്പെട്ടവരാണെന്നത് ഈ ചിത്രത്തിന്റെ പ്രസക്തി വര്‍ദ്ധിപ്പിക്കുന്നു. താബോര്‍സംഭവത്തിനു സാക്ഷ്യംവഹിക്കുവാന്‍ തിരഞ്ഞെടുക്കപ്പെട്ട മൂന്നു ശ്ലീഹന്മാര്‍-പത്രോസും യാക്കോബും യോഹന്നാനും - ചിത്രത്തിനു താഴെയായി സ്ഥാനം പിടിച്ചിട്ടുണ്ട്. ഏറ്റവും മുകളിലായി ഒരു മെഡല്‍മാലയുടെ ആകൃതിയില്‍ പ്രവാചകന്മാര്‍, ശ്ലീഹന്മാര്‍, സുവിശേഷകന്മാര്‍ തുടങ്ങിയവരെയും ചിത്രീകരിച്ചിരിക്കുന്നു. വലതുവശത്ത് കത്തുന്ന മുള്‍പ്പടര്‍പ്പിനുമുമ്പില്‍ മുട്ടുകുത്തി നില്ക്കുന്ന മോശയും ഇടതുവശത്ത് ദൈവകല്പനകള്‍ എഴുതിയ പലകയുമായി നില്ക്കുന്ന മോശയും ചിത്രീകരിക്കപ്പെട്ടിരിക്കുന്നു. രൂപാന്തരീകരണത്തിന്റെ ഈ ഐക്കണ്‍ ഇവിടുത്തെ സന്ന്യാസികളെ സംബന്ധിച്ച് വളരെ അര്‍ത്ഥവത്താണ്. രൂപാന്തരപ്പെടുവാനുള്ള നിരന്തരപരിശ്രമമാണ് ആശ്രമത്തിലെ ഓരോ സന്ന്യാസിയുടെയും ജീവിതം. പച്ചമനുഷ്യനില്‍നിന്നു രൂപാന്തരപ്പെട്ട് ദൈവികഭാവം നേടിയെടുത്ത് ആത്മീയവ്യക്തികളായി മാറുവാനുള്ള കഠിനപരിശ്രമമാണ് ഇവിടെ ഓരോ സന്ന്യാസിയും നടത്തുന്നത്. പൂര്‍ണതയുടെ അവസ്ഥയില്‍ ദുഃഖങ്ങളും വേദനകളും കടന്നുപോകും. ആന്തരികവിശുദ്ധി, ദാരിദ്ര്യം, സ്‌നേഹം എന്നിവയുടെ ഉന്നതശ്രേണികളില്‍ അവര്‍ എത്തിച്ചേരുന്നു.
പള്ളിയുടെ ഉള്ളിലെ സംവിധാനങ്ങളും ശ്രദ്ധേയമാണ്. ഹൈക്കല(ജനങ്ങള്‍ നില്ക്കുന്ന ഭാഗം)യില്‍ ഇരുവശത്തുമായി ഓരോ നിര തൂണുകളുണ്ട്. ഓരോ വശത്തും ആറു തൂണുകള്‍ വീതമാണുള്ളത്. ഓരോന്നും ഓരോ മാസങ്ങളെയാണു സൂചിപ്പിക്കുന്നത്. എല്ലാ തൂണുകളിലും വിശുദ്ധരുടെ തിരുശേഷിപ്പുകള്‍ വച്ചിട്ടുണ്ട്. വിശുദ്ധരുടെ തിരുനാളുകള്‍ വരുന്ന ക്രമമനുസരിച്ചാണ് അവ വച്ചിരിക്കുന്നത്. തൂണുകളുടെ മുമ്പിലൂടെ കടന്നുപോകേണ്ടിവരുമ്പോള്‍ ആശ്രമത്തിലുള്ള സന്ന്യാസികള്‍ കുമ്പിട്ടു വണങ്ങുകയും തൂണുകളെ ചുംബിക്കുകയും ചെയ്യുന്ന പതിവുണ്ട്. ഓരോ തൂണിലും വിശുദ്ധരുടെ ചിത്രങ്ങളും വരച്ചിട്ടുണ്ട്.
ബസിലിക്കയില്‍ ഒരു പ്രത്യേക സ്ഥലത്ത് ഒരു വെള്ള മാര്‍ബിള്‍ ശവകുടീരം കാണാം. അവിടെയാണ് വിശുദ്ധ കാതറൈനിന്റെ ശരീരം സംസ്‌കരിച്ചിരിക്കുന്നത്. വിശുദ്ധ കാതറൈന്‍ കന്യകയും രക്തസാക്ഷിയുമാണ്. പാരമ്പര്യമനുസരിച്ച് നാലാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ ഈജിപ്തിലെ അലക്‌സാണ്ര്ടിയായിലായിരുന്നു അവളുടെ ജനനം. അവള്‍ ഒരു രാജകുമാരിയായിരുന്നു. പതിന്നാലാമത്തെ വയസ്സില്‍ കാതറൈന്‍ ക്രിസ്തുമതം സ്വീകരിക്കുകയും നൂറുകണക്കിനാളുകളെ ക്രിസ്തുമാര്‍ഗ്ഗത്തിലേക്കു കൊണ്ടുവരികയും ചെയ്തു. മാക്‌സെന്റിയൂസ് ( (Maxentius) ചക്രവര്‍ത്തി കാതറൈനെ വധിക്കുവാന്‍ കല്പന കൊടുത്തു. പതിനെട്ടാമത്തെ വയസ്സില്‍ അവള്‍ രക്തസാക്ഷിയായി. അവളുടെ ശരീരം സീനാമലയിലെ ഏറ്റവുമുയര്‍ന്ന കൊടുമുടിയില്‍ സീനാതാഴ്‌വരയില്‍ താമസിക്കുന്ന സന്ന്യാസിനികള്‍ കണെ്ടത്തുകയാണുണ്ടായത്. പാരമ്പര്യവിശ്വാസമനുസരിച്ച് കാതറൈനിന്റെ ശരീരം മാലാഖമാര്‍ സംവഹിച്ച് സീനാമലയില്‍ കൊണ്ടുവന്നതാണത്രേ. 2602 മീറ്റര്‍ ഉയരമുള്ള ഈ കൊടുമുടിക്ക് ജബല്‍ കത്രീന (കാതറൈന്‍ കൊടുമുടി) എന്നാണു പേര്. സന്ന്യാസിനികള്‍ അവളുടെ ശരീരം താഴെയുള്ള ആശ്രമത്തില്‍ കൊണ്ടുവന്നു സംസ്‌കരിച്ചു. അന്നുമുതല്‍ (9-ാം നൂറ്റാണ്ട്) ആശ്രമത്തിന്റെ പേര് സെന്റ് കാതറൈന്‍ മൊണാസ്ട്രി എന്നായി.
സെന്റ് കാതറൈന്‍ മൊണാസ്ട്രിയിലെ ലൈബ്രറി ലോകപ്രസിദ്ധമാണ്. അവിടെ സൂക്ഷിക്കപ്പെടുന്ന അമൂല്യമായ കൈയെഴുത്തുപ്രതികളുടെ സാന്നിധ്യമാണ് ഇതിനു കാരണം. 3000ല്‍ അധികം വാള്യങ്ങള്‍ ലൈബ്രറിക്കുണ്ട്. അഞ്ഞൂറു കൈയെഴുത്തുപ്രതികള്‍ ഗ്രീക്കുഭാഷയിലും മറ്റു പൗരസ്ത്യഭാഷകളിലുമായുണ്ട്. ലോഹംകൊണ്ടു പുറംചട്ട പിടിപ്പിച്ച്, ബൈബിളിന്റെ, സുവിശേഷങ്ങളുടെ കൈയെഴുത്തുപ്രതികളും തുകല്‍ച്ചുരുളുകളും സൂക്ഷിച്ചിരിക്കുന്നു. പലതും കൈകൊണ്ടു വരച്ച് അലങ്കരിച്ചിട്ടുള്ളവയാണ്. വിശുദ്ധ ബൈബിളിന്റെ കുത്തഴിഞ്ഞു ചിതറിക്കിടന്ന, നാലാം നൂറ്റാണ്ടിലെ ഒരു ഗ്രീക്കുപ്രതി ടിച്ചെന്‍ഡോഫ് (ഠശരെവലിറീൃള), എന്ന പണ്ഡിതന്‍ ഈ ലൈബ്രറിയില്‍നിന്ന് കണെ്ടടുക്കുകയുണ്ടായി. അതിന്റെ ഒരു ഭാഗമാണ് കോഡെക്‌സ് സിനായിറ്റിക്കൂസ് എന്ന പേരില്‍ അറിയപ്പെടുന്ന അമൂല്യമായ ബൈബിള്‍ കൈയെഴുത്തുപ്രതി. 1859 ല്‍ ഇത് റഷ്യയിലെ സാര്‍ചക്രവര്‍ത്തി വാങ്ങുകയും പിന്നീടത് ബ്രിട്ടീഷ് മ്യൂസിയം വിലയ്ക്കു വാങ്ങുകയും ചെയ്തു.
ലൈബ്രറിയുടെ സമീപത്തായി നാലാം നൂറ്റാണ്ടുമുതല്‍ വിരചിതമായ പെയിന്റിംഗുകളുടെ ഒരു അമൂല്യശേഖരമുണ്ട്. രക്ഷകനായ ക്രിസ്തുവാണ് അതില്‍ പ്രശസ്തിയില്‍ ഒന്നാമതുള്ളത്. 'തെയോതോക്കോസ്' (ദൈവമാതാവ്) എന്ന പ്രസിദ്ധമായ ചിത്രവും അവിടെ സൂക്ഷിക്കപ്പെടുന്നു. ലൈബ്രറിയും പെയിന്റിംഗുകളും ഒന്നും കാണുവാനുള്ള സമയവും അനുവാദവും ഞങ്ങള്‍ക്കുണ്ടായിരുന്നില്ല. ആശ്രമപരിസരത്ത് ഒരു സിമിത്തേരിയും അവിടെ സംസ്‌കരിക്കപ്പെട്ട എല്ലാ സന്ന്യാസികളുടെയും അസ്ഥികളും ഭൗതികാവശിഷ്ടങ്ങളും സൂക്ഷിക്കുന്ന ഒരു മുറിയുമുണ്ട്. ആശ്രമം തുടങ്ങിയപ്പോള്‍മുതല്‍ സംസ്‌കരിക്കപ്പെട്ട എല്ലാ വിശ്വാസികളുടെയും അസ്ഥികള്‍ അവിടെ സൂക്ഷിക്കപ്പെടുന്നു.
ആശ്രമത്തിലെ സന്ന്യാസിമാരുടെ അനുദിനജീവിതക്രമവും ശ്രദ്ധേയമാണ്. 8 മണിക്കൂര്‍ പ്രാര്‍ത്ഥന, എട്ടു മണിക്കൂര്‍ ജോലി, എട്ടു മണിക്കൂര്‍ വിശ്രമം എന്നതാണ് ആശ്രമത്തിലെ ജീവിതക്രമം. വിശുദ്ധഗ്രന്ഥങ്ങളില്‍നിന്നുള്ള വായന, വിശുദ്ധകുര്‍ബാനയുടെ പരികര്‍മ്മം, മരുഭൂമിയില്‍ ജീവിച്ചുമരിച്ച മരുഭൂമി പിതാക്കന്മാരുടെ കൃതികളുടെ വായന തുടങ്ങിയവയാണ് പ്രാര്‍ത്ഥനയുടെ ഭാഗങ്ങള്‍.
(തുടരും)