•  21 Nov 2024
  •  ദീപം 57
  •  നാളം 37
സഞ്ചാരം

കാനാന്‍ ദേശത്തിനരികെ



് കാതറൈന്‍ മൊണാസ്ട്രിയോടു വിടപറയേണ്ട സമയമായി. 'നീ നില്ക്കുന്ന സ്ഥലം വിശുദ്ധമാണ്. നിന്റെ ചെരുപ്പുകള്‍ അഴിച്ചുമാറ്റുക' എന്ന് ദൈവം മോശയോട് അരുള്‍ചെയ്ത സ്ഥലത്താണ് ഈ ആശ്രമം സ്ഥിതിചെയ്യുന്നത്. 1600 വര്‍ഷം പഴക്കമുള്ളതും ആദിമസഭയുടെ ചൈതന്യം കാത്തുസൂക്ഷിക്കുന്നതുമായ ഒരു സന്ന്യാസാശ്രമം കണ്ട സംതൃപ്തി ഞങ്ങള്‍ക്കെല്ലാവര്‍ക്കും ഉണ്ടായിരുന്നു. ഇന്നുതന്നെ ഞങ്ങള്‍ക്കു വിശുദ്ധനാട്ടില്‍ എത്തേണ്ടതുണ്ട്. ദൈവികവെളിപാടുകളുടെ മലയായ സീനാമല അടുത്തുതന്നെ തലയുയര്‍ത്തിനില്പുണ്ട്. ഞങ്ങള്‍ താമസിയാതെ ബസില്‍ക്കയറി യാത്രയുടെ അടുത്ത ഘട്ടമാരംഭിച്ചു.
സീനായില്‍നിന്ന് 270 കിലോമീറ്റര്‍ സഞ്ചരിച്ചാലേ ഇസ്രായേലിന്റെ അതിര്‍ത്തിയായ താബായില്‍ എത്തുകയുള്ളൂ. സെന്റ് കാതറൈന്‍ മൊണാസ്ട്രി ഞങ്ങളുടെ ദൃഷ്ടിയില്‍നിന്നു മറഞ്ഞു. സീനാമലയുടെ ഉയര്‍ന്ന കൊടുമുടികള്‍ മഞ്ഞിന്റെ മകുടമണിഞ്ഞുനില്ക്കുന്നത് അകലെയായി കുറെ നേരത്തേക്കുള്ള ദൃശ്യമായിരുന്നു. അതിനുശേഷം ഇരുവശവും പച്ചപ്പില്ലാത്ത വരണ്ട മരുഭൂമിയാണ്. ഉയര്‍ന്ന കുന്നുകളും അവയുടെ താഴ്‌വരയുമെല്ലാം കടന്നുപൊയ്‌ക്കൊണ്ടിരുന്നു. സീനായില്‍നിന്ന് മോശയുടെ നേതൃത്വത്തില്‍ ഇസ്രായേല്‍ജനം കാനാന്‍ദേശത്തേക്കു സഞ്ചരിച്ചത് ഞങ്ങള്‍ ഇപ്പോള്‍ സഞ്ചരിച്ചുകൊണ്ടിരിക്കുന്ന വഴിയില്‍നിന്നു കുറെ മാറിയാണ് എന്നാണ് ബൈബിളിന്റെ വിവരണങ്ങളില്‍നിന്നു മനസ്സിലാകുന്നത്. ഇസ്രായേല്‍ക്കാര്‍ നീങ്ങിയത് ദൈവസാന്നിധ്യമുള്ള മേഘത്തിന്റെ സഞ്ചാരം നോക്കിയായിരുന്നു. അങ്ങനെ സഞ്ചരിച്ച് അവര്‍ പാരാന്‍ (ഫാരാന്‍) മരുഭൂമിയില്‍ എത്തി (സംഖ്യ 10:12). പാരാന്‍, സീനാഉപദ്വീപിന്റെ തെക്കുഭാഗത്തുള്ള മണലാരണ്യമാണെന്നു കരുതപ്പെടുന്നു. ഈ സ്ഥലമിപ്പോള്‍ അറേബ്യയുടെ പടിഞ്ഞാറുഭാഗത്തു സ്ഥിതിചെയ്യുന്ന മണലാരണ്യപട്ടണമായ ഹിജാസ് (Hijaz) ആണെന്നു ചിലര്‍ അഭിപ്രായപ്പെടുന്നു. പാരാസില്‍നിന്ന് മോശ കാനാന്‍ദേശം നിരീക്ഷിക്കാനായി ഇസ്രായേലിലെ ഓരോ ഗോത്രത്തില്‍നിന്ന് ഓരോരുത്തരെവീതം തിരഞ്ഞെടുത്തയച്ചു. ഏതാനും ദിവസങ്ങള്‍ രഹസ്യമായി ദേശം നിരീക്ഷിച്ചതിനുശേഷം അവര്‍ തിരിച്ചെത്തി. അസാധാരണവലുപ്പമുള്ള ഒരു മുന്തിരിക്കുലയും മറ്റു ചില പഴങ്ങളും ശേഖരിച്ചാണ് അവരെത്തിയത്. അവര്‍ പറഞ്ഞു. കാനാന്‍ദേശം തേനും പാലുമൊഴുകുന്ന സ്ഥലം തന്നെ. എന്നാല്‍, ജനങ്ങള്‍ അതികായന്മാരും അവരുടെ പട്ടണങ്ങള്‍ കോട്ടകളാല്‍ സുരക്ഷിതവുമാണ്. അവരില്‍ കാലെബും ജോഷ്വായുമൊഴികെയുള്ളവര്‍ പറഞ്ഞു: അവിടം കീഴടക്കുക അസാധ്യമാണ്. അതികായന്മാരായ അനാക്കിമിന്റെ മക്കള്‍ നമ്മളെ തകര്‍ത്തുകളയും. ഈ വാര്‍ത്തയാണ് ജനങ്ങളുടെയിടയില്‍ പരന്നത്. ജനങ്ങള്‍ ഭയചകിതരായി.
മാത്രമല്ല, മോശയെയും അഹറോനെയും അവര്‍ നിശിതമായി വിമര്‍ശിക്കുകയും ഒരു നേതാവിനെ തിരഞ്ഞെടുത്ത് ഈജിപ്തിലേക്കു തിരിച്ചുപോകുവാന്‍ തീരുമാനിക്കുകയും ചെയ്തു. കര്‍ത്താവിനെ അവിശ്വസിച്ചതിനു ലഭിച്ച ശിക്ഷ കഠിനമായിരുന്നു. കര്‍ത്താവു പറഞ്ഞു: കാലെബും ജോഷ്വായുമൊഴികെ മറ്റാരും വാഗ്ദത്തഭൂമിയില്‍ പ്രവേശിക്കുകയില്ല. ഈ തലമുറ മുഴുവന്‍ മരുഭൂമിയില്‍ മരിച്ചുവീഴുന്നതുവരെ നാല്പതുവര്‍ഷം മരുഭൂമിയില്‍ അവര്‍ അലഞ്ഞുതിരിയണം. ഇസ്രായേല്‍ജനം വീണ്ടും മരുഭൂമിയിലേക്കു മടങ്ങി. കഷ്ടപ്പെട്ട് ആ ജനതയെ നയിച്ച മോശയ്ക്കുപോലും കാനാന്‍ദേശത്തു പ്രവേശിക്കാന്‍ ദൈവം ഇടവരുത്തിയില്ല. നാല്പതുവര്‍ഷങ്ങള്‍ക്കുശേഷം നെബോമലയില്‍ നിന്നുകൊണ്ട് കാനാന്‍ദേശം ഒരു നോക്കു കാണുവാന്‍ മാത്രമേ മോശയ്ക്കു സാധിച്ചുള്ളൂ. കാലെബും ജോഷ്വയും മാത്രമാണ് നാല്പതുവര്‍ഷങ്ങള്‍ക്കുശേഷം അടുത്ത തലമുറയെയും നയിച്ചുകൊണ്ട് കാനാന്‍ദേശത്തു പ്രവേശിച്ചത്.
ഞങ്ങളുടെ യാത്രാസംഘം താബാ അതിര്‍ത്തിയെ സമീപിക്കുകയാണ്. സീനായില്‍നിന്നുള്ള ഞങ്ങളുടെ യാത്ര പൂര്‍ണമായി ഈജിപ്തിന്റെ അധീനതയിലുള്ള സ്ഥലത്തുകൂടി ആയിരുന്നു. ഈജിപ്തും ഇസ്രായേലും തമ്മില്‍ നടന്ന ആറുദിനയുദ്ധത്തില്‍ ഈ പ്രദേശങ്ങള്‍ മുഴുവന്‍ ഇസ്രായേല്‍ പിടിച്ചെടുത്തിരുന്നതാണ്. എന്നാല്‍, പിന്നീടുണ്ടായ ഉടമ്പടിപ്രകാരം താബാവരെയുള്ള പ്രദേശങ്ങളില്‍നിന്ന് ഇസ്രായേല്‍ പിന്മാറുകയും ആ സ്ഥലങ്ങള്‍ ഈജിപ്തിനു വിട്ടുകൊടുക്കുകയും ചെയ്തു. ചെങ്കടല്‍തീരത്തുകൂടിയാണ് ഞങ്ങളുടെ യാത്ര. വിശാലമായ താഴ്‌വരകളും കുന്നുകളുമെല്ലാംകടന്ന്, ഞങ്ങളുടെ യാത്രാബസ് താബായിലെത്തി. രാത്രിയായി. രേഖകളെല്ലാം കാണിച്ച് ഇസ്രായേലിലേക്കു പ്രവേശിക്കാനുള്ള അനുമതി കിട്ടാന്‍ കുറേസമയമെടുത്തു. പിന്നീടുള്ള യാത്ര ഇസ്രായേലിന്റെ സ്ഥലത്തുകൂടിയായിരുന്നു. രാത്രി ഒന്‍പതുമണിയോടെ ജറൂസലേമിനു സമീപത്തുള്ള ഞങ്ങളുടെ താമസസ്ഥലത്തെത്തിച്ചേര്‍ന്നു. പിറ്റേ ദിവസംമുതല്‍ ഈശോമിശിഹായുടെ ജീവിതവുമായി ബന്ധപ്പെട്ട സ്ഥലങ്ങള്‍ സന്ദര്‍ശിക്കുകയാണ്. ആ സന്തോഷത്തില്‍ യാത്രാക്ഷീണമെല്ലാം മറന്നു രാത്രിയില്‍ ഞങ്ങള്‍ വിശ്രമിച്ചു.


(തുടരും)

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)