•  25 Apr 2024
  •  ദീപം 57
  •  നാളം 7
സഞ്ചാരം

ഈജിപ്തിലെ പിരമിഡുകള്‍

പിരമിഡ് എന്നു കേള്‍ക്കുമ്പോള്‍ ചതുരക്കോണാകൃതിയിലുള്ള ഒരു വന്‍മലയുടെ രൂപമാണ് മനസ്സിലുയരുക. ചലച്ചിത്രമാധ്യമങ്ങളിലൂടെയും മറ്റു പലതരത്തിലുള്ള ഫോട്ടോകളിലൂടെയും ഇതിന്റെ ചിത്രങ്ങള്‍ കാണാത്തവര്‍ ചുരുക്കം. വടക്കേ ആഫ്രിക്കയിലെ ഒരു രാജ്യമായ ഈജിപ്തിലെ കെയ്‌റോയുടെ അടുത്ത പ്രദേശമായ ഗിസയില്‍ നൈല്‍നദിയുടെ പടിഞ്ഞാറുദിശയിലുള്ള കരയില്‍ പണിതുയര്‍ത്തിയിരിക്കുന്ന പടുകൂറ്റന്‍ സമുച്ചയമാണ് ലോകപ്രസിദ്ധമായ 'ഈജിപ്ഷ്യന്‍ പിരമിഡുകള്‍' എന്നറിയപ്പെടുന്നത്. തറനിരപ്പിലെ ചതുരത്തിലുള്ള നാലുകോണുകളില്‍നിന്ന് മേല്‌പോട്ടുചരിച്ച് മുകളില്‍ ഒന്നിച്ചു ചേര്‍ത്തു യോജിപ്പിച്ച ആകൃതിയിലാണ് പിരമിഡുകള്‍ നാം കാണുന്നത്. ദിക്കുകളെയും നക്ഷത്രങ്ങളെയും അടിസ്ഥാനപ്പെടുത്തി, ശാസ്ത്രസാങ്കേതികമായി ഒട്ടും വികസനമില്ലാത്ത കാലത്ത് ഈജിപ്ഷ്യന്‍ വാസ്തുകലാവൈഭവത്തില്‍ നിര്‍മ്മിച്ചിട്ടുള്ള ഈ പിരമിഡുകള്‍ ആധുനികവാസ്തുകലയെ അതിശയിച്ചുനില്ക്കുന്നു. ഇതിന്റെ നിര്‍മ്മാണരഹസ്യങ്ങള്‍ ചുരുളഴിയാത്ത മഹാവിസ്മയമാണിന്നും. 
ക്രിസ്തുവിനുമുമ്പ് 2630-ലാണ് പിരമിഡുകളുടെ നിര്‍മ്മാണമാരംഭിച്ചത്. അന്നത്തെ ഭരണാധിപന്‍മാരായിരുന്ന ഫറവോമാരുടെ കാലഘട്ടമായിരുന്നത്. ബി.സി. 5000 മുതല്‍ ബി.സി. വരെ 332 വരെ ഈജിപ്റ്റ് ഭരിച്ചിരുന്നത് ഫറവോ രാജവംശമാണ്. 2500 മുതല്‍ എണ്‍പതിനായിരം വരെ കിലോ ഭാരമുള്ള ഇരുപത്തിമൂന്നു ലക്ഷത്തില്‍പരം കല്ലുകള്‍ കൊണ്ടാണ് ഇവ നിര്‍മ്മിച്ചിരിക്കുന്നത്. ഓരോ കല്ലിനും 15, 20 അടി നീളമുണ്ടാകും. ചരിത്രത്തില്‍ രേഖപ്പെടുത്തിയ ആദ്യത്തെ ഈജിപ്ഷ്യന്‍ പിരമിഡ്, ഖുഫു എന്നറിയപ്പെട്ടിരുന്ന ഫറവോയുടെ കാലത്താണ് നിര്‍മ്മിച്ചത്. ഗ്രേറ്റ് പിരമിഡ് എന്ന പേരില്‍ നാനൂറ്റിയെണ്‍പത്തിമൂന്നടി ഉയരത്തില്‍, ലോകാദ്ഭുതങ്ങളിലൊന്നായ ഈ പിരമിഡ് 13 ഏക്കറില്‍ തലയുയര്‍ത്തിനില്‍ക്കുന്നു. 
ഫറവോമാരെയും രാജ്ഞിമാരെയും അവരുടെ വിലപിടിപ്പുള്ള നിധികളും ആഭരണങ്ങളും അടക്കം ചെയ്യുന്നതിനുള്ള ശവക്കല്ലറകളായിട്ടായിരുന്നു പിരമിഡുകളുടെ നിര്‍മ്മാണം. ഫറവോകള്‍ ദൈവത്തിന്റെ പ്രതിപുരുഷന്മാരാണെന്നും മരണശേഷം അവര്‍ മരിച്ചവരുടെ രാജാക്കന്മാരായി മാറുമെന്നും അവരുടെ ജീവിതം ഒരിക്കലും അവസാനിക്കുന്നില്ലെന്നും ആത്മാവിനു തിരിച്ചുകയറാന്‍ മൃതശരീരം സൂക്ഷിക്കണമെന്നുമുള്ള ഈജിപ്റ്റ് ജനതയുടെ ഉറച്ച വിശ്വാസമാണ്, ഇപ്രകാരം ചെയ്യാനവരെ പ്രേരിപ്പിച്ചിരുന്നത്. മൃതശരീരങ്ങളുടെകൂടെ അടക്കം ചെയ്യുന്ന നിധികളും സ്വര്‍ണ്ണാഭരണങ്ങളും പരലോകജീവിതത്തിന് അത്യന്താപേക്ഷിതമാണെന്ന് അവര്‍ ഉറച്ചുവിശ്വസിച്ചു. മൃതശരീരത്തില്‍നിന്ന് ആന്തരികാവയവങ്ങള്‍ എടുത്തു മാറ്റി ഈജിപ്ഷ്യന്‍ സുഗന്ധതൈലം പൂശി 'മമ്മി' രൂപത്തില്‍ പിരമിഡിനുള്ളില്‍ അടക്കം ചെയ്യുന്നു. രാജാക്കന്മാരുടെ വളര്‍ത്തുമൃഗങ്ങളെപ്പോലും ഇക്കൂട്ടത്തില്‍ സംസ്‌കരിക്കും.
മൃതശരീരങ്ങള്‍ അടക്കം ചെയ്തിരിക്കുന്നതും മനുഷ്യാകൃതിയിലുള്ളതുമായ പലതരം പെട്ടികളും പിരമിഡിനുള്ളില്‍ കാണാം. ഉള്ളിലേക്കുള്ള വഴി ഇടുങ്ങിയതാകയാല്‍ ഇതിനുള്ളില്‍ പ്രവേശിക്കുവാന്‍ വളരെ ബുദ്ധിമുട്ടാണ്. തറനിരപ്പില്‍നിന്ന് ഏതാനും മീറ്റര്‍ മുകളിലാണ് പ്രവേശനകവാടം.
ഇസ്രായേല്യരായ അടിമകളെക്കൊണ്ട് വര്‍ഷങ്ങളോളം രാപകലില്ലാതെ പണിയെടുപ്പിച്ച് ഫറവോ രാജാക്കന്മാര്‍ കെട്ടിപ്പൊക്കിയതാണ് ഈ ശവകുടീരങ്ങള്‍. പലതരത്തിലുള്ള അഞ്ഞൂറോളം പിരമിഡുകള്‍ നൈല്‍നദീതീരത്തുണ്ട്. ഈ കൂറ്റന്‍ കല്ലുകള്‍ മുന്നൂറും നാനൂറും അടി മുകളിലെത്തിക്കുവാന്‍ മനുഷ്യര്‍ സഹിച്ച കഷ്ടപ്പാടുകളും യാതനകളും ഊഹാതീതമാണ്. 
ബി.സി. 2780-ാമാണ്ടില്‍ ഭരിച്ചിരുന്ന ജോസര്‍ എന്ന ഫറവോയുടെ ശവകുടീരമാണ് സ്റ്റെപേ പിരമിഡ്. നൂറു വര്‍ഷംകൊണ്ട് പൂര്‍ത്തിയായ ഈ പിരമിഡിന് നാനൂറ്റിപ്പതിമൂന്നടി നീളവും മുന്നൂറ്റിനാല്പത്തിനാലടി വീതിയും 200 അടി ഉയരവുമുണ്ടായിരുന്നു. രണ്ടാമത്തെ പിരമിഡ് ഖുഫുവിന്റെ പുത്രനായ പെഫ്രേയുടെതാണ് 609.5 അടി സമചതുരത്തിലാണ് ഇതിന്റെ അടിഭാഗം തുടങ്ങുന്നത്. മൂന്നാമത്തെ പിരമിഡ് പെഫ്രേയുടെ പുത്രന്‍ ജസറീനസിന്റേതാണ്. സിംഹത്തിന്റെ ഉടലും മനുഷ്യന്റെ തലയുമുള്ള ഭീമാകാരമായ ഒറ്റക്കല്ലില്‍ തീര്‍ത്ത ഈ പിരമിഡ് സ്ഫിങ്‌സ് എന്ന പേരിലാണറിയപ്പെടുന്നത്. ശരീരത്തിന് 240 അടി നീളവും പൊക്കം 66 അടിയും. പെഫ്രേയോടു സാമ്യമുളള ഇതിന്റെ മുഖത്തിന് പതിന്നാല് അടിയോളം വീതിയുമുണ്ട്. ഇതിനെ നൈല്‍നദിയുടെ രക്ഷകനായി കരുതിയിരുന്നു. മണലില്‍ പുതഞ്ഞു മൂടിക്കിടന്ന ഇതു കണെ്ടത്തുന്നത്, 1816ലാണ്. അടുത്തുകാണുന്ന ചെറിയ പിരമിഡുകളില്‍ ഫറവോയുടെ ഭാര്യമാരായിരുന്ന രാജ്ഞിമാരെ അടക്കം ചെയ്തിരുന്നതാണ്.
ഈജിപ്ഷ്യന്‍സംസ്‌കാരത്തിന്റെ പതനത്തോടെ ഇതിനുള്ളില്‍ നിക്ഷേപിച്ചിരുന്ന നിധിയും മറ്റു വിലപ്പിടിപ്പുള്ള സാധനങ്ങളും കൊള്ളയടിക്കപ്പെട്ടിട്ടുണ്ട്. നെപ്പോളിയനും അലക്‌സാണ്ടറും നിധിതേടി വന്നെങ്കിലും വെറും കയ്യോടെ തിരിച്ചുപോയതിന്റെ ചരിത്രവുമുണ്ട്. പിരമിഡിനുള്ളില്‍ സൂക്ഷിച്ചിരുന്ന മൃതശരീരങ്ങളില്‍ പലതും ഇപ്പോള്‍ ഈജിപ്റ്റ് മ്യൂസിയത്തില്‍ സൂക്ഷിച്ചിട്ടുണ്ട്. പുരാവസ്തുഗവേഷണമന്ത്രാലയത്തിന്റെ അനുമതിയോടെ, 2500 വര്‍ഷം മുന്‍പ് ജീവിച്ചിരുന്ന ഒരു ഫറവോയുടെ കല്ലറ, ഡിസ്‌കവറി, സയന്‍സ് എന്നീ ചാനലുകളില്‍ രാത്രിയില്‍ ലൈവായി കാണിച്ചത് ലോകമെങ്ങുമുള്ള കോടിക്കണക്കിനാളുകള്‍ ടി.വിയില്‍ കാണുകയുണ്ടായി. ദിവസേന ആയിരക്കണക്കിനാളുകള്‍ പിരമിഡുകള്‍ സന്ദര്‍ശിക്കുന്നുണ്ട്. അനേകരുടെ വിയര്‍പ്പുതുള്ളികളും രക്തവും വീണു കുതിര്‍ന്ന ഈ മരുഭൂമിയിലെ ഓരോ മണല്‍ത്തരികള്‍ക്കും നിരവധി കഥകള്‍ പറയുവാനുണ്ടാകും. ഇതൊന്നുമറിയാത്ത മട്ടില്‍ ഈജിപ്തിലെ പിരമിഡുകള്‍ തലയുയര്‍ത്തിത്തന്നെ നില്‍ക്കുന്നു.

 

Login log record inserted successfully!