•  21 Nov 2024
  •  ദീപം 57
  •  നാളം 37
സഞ്ചാരം

സ്മരണകളുണര്‍ത്തി മദബാ മാപ്പ്


മൗണ്ട് നെബോയില്‍നിന്ന് ഞങ്ങള്‍ താഴേക്കിറങ്ങി. മറ്റൊരു വിശിഷ്ടമായ കാഴ്ചകൂടി ജോര്‍ദ്ദാന്‍ ഞങ്ങള്‍ക്കുവേണ്ടി ഒരുക്കിയിട്ടുണ്ട്. ഇപ്പോള്‍ ഞങ്ങള്‍ നീങ്ങുന്നത് മദബായിലുള്ള സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് ദൈവാലയത്തിലേക്കാണ്. അമ്മാന്‍നഗരത്തില്‍നിന്ന് 38 കിലോമീറ്റര്‍ യാത്ര ചെയ്താല്‍ മദബായിലെത്താം. മദബായിലുള്ള സെന്റ് ജോര്‍ജ് ദൈവാലയം ടൂറിസ്റ്റുകള്‍ക്കും തീര്‍ത്ഥാടകര്‍ക്കും ഒരു ആകര്‍ഷണകേന്ദ്രമാണ്.
വര്‍ണ്ണപ്പകിട്ടുള്ള നിരവധി ഐക്കണുകള്‍കൊണ്ട് അലങ്കരിക്കപ്പെട്ടിരിക്കുന്നു എന്നതാണ് ദൈവാലയത്തിന്റെ ഒരു പ്രത്യേകത. ചെറിയ വര്‍ണ്ണക്കല്ലുകള്‍ ചേര്‍ത്ത് ഒട്ടിച്ചു മിനുക്കിയെടുത്താണ് ഇവിടെയുള്ള ഐക്കണുകള്‍ ഉണ്ടാക്കിയിരിക്കുന്നത്. ലോകത്ത് മറ്റൊരിടത്തും ഇത്തരത്തിലുള്ള ഐക്കണുകള്‍ (പ്രത്യേക ശൈലിയിലുള്ള ചിത്രങ്ങള്‍) ഇല്ലതന്നെ. ഈശോമിശിഹായുടെയും പരിശുദ്ധ കന്യകാമറിയത്തിന്റെയും വിശുദ്ധ ഗീവര്‍ഗീസിന്റെയും മറ്റുചില വിശുദ്ധരുടെയും ജീവിതവുമായി ബന്ധപ്പെട്ട സംഭവങ്ങളാണ് സുന്ദരമായ ഇവിടുത്തെ ഐക്കണുകളില്‍ ചിത്രീകരിച്ചിരിക്കുന്നത്. അക്കൂട്ടത്തില്‍ വി. ഗീവര്‍ഗീസിന്റെ സുവര്‍ണചിത്രം പ്രസിദ്ധമാണ്. ദൈവാലയത്തില്‍ സൂക്ഷിക്കപ്പെടുന്ന പരിശുദ്ധ മറിയത്തിന്റെ ചിത്രത്തോടു ബന്ധപ്പെട്ട് നൂറ്റാണ്ടുകള്‍ മുമ്പുണ്ടായ ഒരു അദ്ഭുതം ഇന്നും അനുസ്മരിക്കപ്പെടുന്നു. പരിശുദ്ധ മറിയത്തിന്റെ ഈ ചിത്രത്തിന്റെ നിറം മാറുന്നതായും വെട്ടിത്തിളങ്ങുന്നതായും പള്ളിയുടെ കാവല്‍ക്കാരന്‍ കണ്ടു. വസ്ത്രങ്ങള്‍ നീലനിറംപൂണ്ട് തിളങ്ങി. ഈ ചിത്രത്തിനുമുമ്പില്‍ പ്രാര്‍ത്ഥിക്കാനും അനുഗ്രഹങ്ങള്‍ പ്രാപിക്കാനും നിരവധി ആളുകള്‍ ഇപ്പോഴും എത്താറുണ്ട്.
മദബായിലെ ദൈവാലയത്തിന്റെ ഏറ്റവും വലിയ സവിശേഷത അതിനുള്ളിലായി തറയില്‍ ചിത്രീകരിച്ചിരിക്കുന്ന വിശുദ്ധനാടുകളുടെ ഒരു മൊസെയ്ക് മാപ്പാണ്. ആറാം നൂറ്റാണ്ടിലെ വിശുദ്ധനാടുകളുടെ ആധികാരികമായ ചിത്രീകരണമാണ് മദബാ മാപ്പ്. അതുകൊണ്ടുതന്നെ ഈ മൊസെയ്ക് മാപ്പ് ലോകപ്രസിദ്ധമാണ്. ചെറിയ വര്‍ണക്കല്ലുകള്‍ ചേര്‍ത്തൊട്ടിച്ച് പള്ളിയുടെ തറയില്‍ ഉണ്ടാക്കിയിരിക്കുന്ന മാപ്പില്‍ അന്നത്തെ വിശുദ്ധനാടുകള്‍ മുഴുവന്‍ കാണാനുണ്ട്. വടക്ക് ലബനോന്‍മുതല്‍ തെക്ക് നൈല്‍ സമതലംവരെയും, പടിഞ്ഞാറ് മെഡിറ്ററേനിയന്‍ സമുദ്രംമുതല്‍ വിശാലമായ ജോര്‍ദ്ദാന്‍ നദിയുടെ മീന്‍പിടിത്തവള്ളങ്ങളോടുകൂടിയ തടാകങ്ങള്‍വരെ മാപ്പില്‍ പെടുത്തിയിരിക്കുന്നു. ജോര്‍ദ്ദാന്‍ നദിയുടെ ഇരുകരകളെയും ബന്ധിപ്പിച്ച് അക്കാലത്തുണ്ടായിരുന്ന പാലങ്ങള്‍പോലും കാണാം. ജോര്‍ദ്ദാന്‍നദിയില്‍ നീന്തിത്തുടിക്കുന്ന മത്സ്യങ്ങളെയും മൊവാബ് മരുഭൂമിയില്‍ ഇരപിടിക്കുന്ന കൂറ്റന്‍ സിംഹങ്ങളെയും മാപ്പില്‍ ചിത്രീകരിച്ചിട്ടുണ്ട്. ഈശോമിശിഹായുടെ ജീവിതവുമായി ബന്ധപ്പെട്ട എല്ലാ തീര്‍ത്ഥാടനസ്ഥലങ്ങളും പേരുസഹിതം ഉള്‍പ്പെടുത്തിയിരിക്കുന്നു. പട്ടണങ്ങളും ഗ്രാമങ്ങളുമായി അക്കാലത്ത് അറിയപ്പെട്ടിരുന്ന 150 സ്ഥലങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഗ്രീക്കുഭാഷയില്‍ അവയുടെ പേരുകളും ഉള്‍ക്കൊള്ളിച്ചിരിക്കുന്നു.
മദബാ മാപ്പില്‍ ജറുസലേം നഗരം വളരെ വിശദമായി ഉള്‍പ്പെടുത്തിയിരിക്കുന്നത് ചരിത്രപരമായി വളരെ പ്രധാനപ്പെട്ട കാര്യമാണ്. ആറാം നൂറ്റാണ്ടില്‍ ജറുസലേം നഗരം (ബൈസന്റയിന്‍ കാലം) എപ്രകാരമായിരുന്നു വെന്നു കാണിക്കുന്ന മറ്റു കൃത്യമായ ചരിത്രരേഖകള്‍ ഒന്നുമില്ല. ജറുസലേംനഗരത്തിലെ അക്കാലത്തെ പ്രധാന നിര്‍മ്മിതികളും മാപ്പില്‍ കാണാം. ഡമാസ്‌കസ് ഗേറ്റ്, ലയണ്‍സ് ഗേറ്റ്, ഗോള്‍ഡന്‍ ഗേറ്റ്, സിയോന്‍ ഗേറ്റ് എന്നിവയ്ക്കു പുറമേ തിരുക്കല്ലറ ദൈവാലയം, ദാവീദിന്റെ ഗോപുരം, ആറാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ നിര്‍മ്മിച്ച ദൈവമാതാവിന്റെ (തെയോനോക്കോസ്) പുതിയ ദൈവാലയം എന്നിവയും വ്യക്തമായിക്കാണാം. ദൈവമാതാവിന്റെ നാമത്തിലുള്ള പുതിയ ദൈവാലയം വെഞ്ചരിച്ചു സമര്‍പ്പിച്ചത് ക്രിസ്തുവര്‍ഷം 542 നവംബര്‍ 20 നാണ്. 570 നു ശേഷമുള്ള നിര്‍മ്മിതികളൊന്നും മാപ്പില്‍ ഇല്ല. അതുകൊണ്ട്, ഈ വര്‍ഷങ്ങള്‍ക്കിടയിലാണ് മദബാ മാപ്പ് വരച്ചത് എന്നു വ്യക്തമാണ്. ജറുസലേത്തിനു പുറമേ നെയാപ്പോലീസ്, അസ്‌കലോണ്‍, ഗാസാ ചെലൂസിയ തുടങ്ങിയ മറ്റു നഗരങ്ങളും മാപ്പില്‍ ചിത്രീകരിച്ചിട്ടുണ്ട്. ജറുസലേം നഗരത്തിന്റെ നടുവിലൂടെ ഉണ്ടായിരുന്ന ഒരു വിശാലമായ വഴിയും മാപ്പില്‍ കാണാം. അടുത്തകാലത്തു നടന്ന പല ഉദ്ഘനനപഠനങ്ങളിലും മാപ്പില്‍ ചിത്രീകരിച്ചിരിക്കുന്ന നിര്‍മ്മിതികളില്‍ പലതിന്റെയും സ്ഥാനം കണെ്ടത്താന്‍ കഴിഞ്ഞിട്ടുണ്ട്. ജറുസലേം നഗരത്തിന്റെ നടുവിലൂടെ ഉണ്ടായിരുന്ന വിശാലമായ വഴി ഇപ്പോഴത്തെ തറനിരപ്പില്‍ നിന്നു നാലുമീറ്റര്‍ താഴെയായി കണെ്ടത്തുകയുണ്ടായി. വലിയ കല്‍പ്പാളികള്‍ പതിച്ച ഒരു രാജവീഥിയായിരുന്നു അത്. മദബാ മാപ്പ് തയ്യാറാക്കിയ കാലത്ത് മാപ്പിന് 21 മീറ്റര്‍ നീളവും 7 മീറ്റര്‍ വീതിയുമുണ്ടായിരുന്നു. ഇപ്പോഴാകട്ടെ 16 മീറ്റര്‍ നീളവും 5 മീറ്റര്‍ വീതിയുമാണുള്ളത്. സാധാരണ മാപ്പുകള്‍പോലെ തെക്കുവടക്കായിട്ടല്ല, മറിച്ച്, അള്‍ത്താരയിലേക്കു തിരിച്ചാണ് മാപ്പ് ഉണ്ടാക്കിയിരിക്കുന്നത്. അതായത്, കിഴക്കിന് അഭിമുഖമായാണ് മാപ്പിന്റെ ചിത്രീകരണം. ചരിത്രത്തിന്റെ മുമ്പോട്ടുള്ള ഗതിയില്‍ ആക്രമണങ്ങളും അധിനിവേശങ്ങളും ഉണ്ടായിട്ടുണ്ട്. അങ്ങനെയാണ് മാപ്പിനു കേടുപാടുകള്‍ സംഭവിച്ചത്. എ.ഡി. 614 ല്‍ സസാനിയന്‍ സാമ്രാജ്യം മദബാ ആക്രമിക്കുകയുണ്ടായി. എട്ടാംനൂറ്റാണ്ടില്‍ ഉമയാദ് മുസ്ലീം കലിഫേറ്റിന്റെ കീഴില്‍ മാപ്പിലെ ചില ചിത്രങ്ങള്‍ നീക്കംചെയ്തു.
716 ലുണ്ടായ ശക്തമായ ഭൂചലനത്തില്‍ മദബാനഗരം തകര്‍ന്നടിഞ്ഞു. അങ്ങനെ, കഴിഞ്ഞ നൂറ്റാണ്ടുവരെ മദബാ മാപ്പ് ഉപേക്ഷിക്കപ്പെട്ടനിലയില്‍ കിടന്നു. 1884 ല്‍ ഒരു ഗ്രീക്ക് ഓര്‍ത്തഡോക്‌സ് ദൈവാലയം പണിയാനായി ഈ സ്ഥലം നിരപ്പാക്കിയപ്പോള്‍ പഴയ ദൈവാലയത്തിന്റെ തറ തെളിഞ്ഞുവന്നു. എങ്കിലും ചരിത്രപരമായി ഈ മാപ്പിന്റെ പ്രാധാന്യം ആരും ശ്രദ്ധിച്ചില്ല. പുതിയ ദൈവാലയം പണിതപ്പോഴും മാപ്പിന്റെ ചില ഭാഗങ്ങള്‍ നഷ്ടമായി. 1964 ല്‍ ജര്‍മ്മനിയിലെ വോക്‌സ് വാഗന്‍ ഫൗണേ്ടഷന്‍ ഈ ചരിത്രസ്മാരകത്തിന്റെ സംരക്ഷണത്തിനായി ഒരു വലിയ തുക ജര്‍മ്മന്‍ സൊസൈറ്റിഫോര്‍ എക്‌സ്‌പ്ലൊറേഷന്‍ ഓഫ് പാലസ്തീന്‍ എന്ന സൊസൈറ്റിക്കു നല്‍കി. മദബാ സെന്റ് ജോര്‍ജ് ദൈവാലയത്തിലെ ഈ മൊസെയ്ക് മാപ്പ് വിലയേറിയ ഒരു ചരിത്രസ്മാരകമായി ഇപ്പോള്‍ സംരക്ഷിക്കപ്പെടുന്നു.
ദൈവാലയത്തിലെ ഐക്കണുകളും വിശുദ്ധനാടിന്റെ മാപ്പുംകണ്ട് ഞങ്ങള്‍ പുറത്തിറങ്ങി. ഞങ്ങളുടെ പത്തുദിവസത്തെ തീര്‍ത്ഥാടനം അവസാനഘട്ടത്തിലേക്കു കടക്കുകയായിരുന്നു. ഗ്രൂപ്പിലുള്ള എല്ലാവരും മടക്കയാത്രയ്ക്കു തയ്യാറെടുത്തു. ബസില്‍ ഞങ്ങള്‍ കിംഗ് അലിയ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലെത്തി. സെക്യൂരിറ്റി ചെക്കപ്പിനു കാര്യമായ താമസം നേരിട്ടില്ല. രണ്ടു ഘട്ടമായിട്ടാണ് തിരികെയുള്ള യാത്ര ക്രമീകരിച്ചിരുന്നത്. ആദ്യഘട്ടം ഷാര്‍ജയിലേക്ക്. അവിടെയുള്ള ഡ്യൂട്ടി ഫ്രീ ഷോപ്പുകളില്‍ നിന്ന് എല്ലാവരും ധാരാളം സാധനങ്ങള്‍ വാങ്ങി. അര്‍ദ്ധരാത്രിയോടെ ഞങ്ങളുടെ വിമാനം ഷാര്‍ജ എയര്‍പോര്‍ട്ടില്‍നിന്നു യാത്ര തുടങ്ങി. നേരം വെളുത്തപ്പോള്‍ നെടുമ്പാശേരിയില്‍ ഇറങ്ങി. പരസ്പരം യാത്ര പറഞ്ഞ് സഹയാത്രികര്‍ എല്ലാവരും തങ്ങളുടെ സ്ഥലങ്ങളിലേക്കു തിരിച്ചു. വിശുദ്ധനാടുകളിലൂടെയുള്ള ഈ തീര്‍ത്ഥാടനം ജീവിതത്തിലെ അവിസ്മരണീയമായ അനുഭവമായി അവശേഷിക്കുന്നു.

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)