''കര്‍ത്താവു മുഖാമുഖം സംസാരിച്ച മോശയെപ്പോലെ മറ്റൊരു പ്രവാചകന്‍ ഇസ്രായേലില്‍ ഉണ്ടായിട്ടില്ല. കര്‍ത്താവിനാല്‍ നിയുക്തനായി ഈജിപ്തില്‍ ഫറവോയ്ക്കും ദാസന്മാര്‍ക്കും രാജ്യത്തിനുമുഴുവനും എതിരായി അവന്‍ പ്രവര്‍ത്തിച്ച അടയാളങ്ങളിലും അദ്ഭുതങ്ങളിലും ഇസ്രായേല്‍ജനത്തിനു മുമ്പില്‍ പ്രകടമാക്കിയ മഹത്തും ഭയാനകവുമായ പ്രവൃത്തികളിലും മോശ അതുല്യനാണ്
രണ്ടായിരാമാണ്ടില്‍ ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പാ വിശുദ്ധനാടുകള്‍ സന്ദര്‍ശിക്കുവാന്‍ വന്നപ്പോള്‍ മൗണ്ട് നെബോയും സന്ദര്‍ശിക്കുകയുണ്ടായി. 2009ല്‍ ബെനഡിക്ട് പതിനാറാമന്‍ പാപ്പായും ഇവിടം സന്ദര്‍ശിച്ചു. മോശയുടെ സ്മാരകമായി നാട്ടിയിരിക്കുന്ന മാര്‍ബിള്‍ശില 2000 ല്‍ സ്ഥാപിച്ചതാണെന്ന് ഞങ്ങളുടെ ഗൈഡ് വിശദീകരിച്ചു. അവിടെനിന്ന് അല്പം മുന്നോട്ടു നീങ്ങിയാല്‍ മലയുടെ ഉച്ചിയായി. നെബോമലയുടെ മുകളില്‍നിന്നുള്ള കാഴ്ച ചേതോഹരമാണ്. വാഗ്ദത്തഭൂമി മുഴുവന്‍ ഒറ്റനോട്ടത്തില്‍ കാണാം. തൊട്ടുതാഴെ കാണുന്നത് മൊവാബ് സമതലമാണ്. മലമുകളിലും പാര്‍ശ്വങ്ങളിലും അങ്ങിങ്ങായി ചില മരങ്ങള്‍ വളരുന്നുണ്ട്. ദൂരേക്കു നോക്കുമ്പോള്‍ കാണുന്നത് ജറീക്കോ സമതലമാണ്. അതിനപ്പുറം നീല നിറത്തില്‍ കാണുന്നത് ചാവുകടല്‍, സ്‌നാപകയോഹന്നാന്‍ മാമ്മോദീസാ നല്‍കിയിരുന്ന ജോര്‍ദ്ദാന്‍ നദീതീരം, പിശാച് ഈശോയെ പരീക്ഷിച്ച പ്രലോഭനത്തിന്റെ മല. അകലെയായി ജറൂസലേം, ഒലിവുമല അങ്ങനെ വിശുദ്ധനാടുകള്‍ മുഴുവനും സമീപപ്രദേശങ്ങളും കാണാന്‍ സാധിക്കും. മലമുകളില്‍ ഒരുഭാഗത്ത് ഒരു ഫലകം സ്ഥാപിച്ചിട്ടുണ്ട്. നെബോമലയില്‍നിന്ന് വിശുദ്ധനാടുകളിലെ പ്രധാന സ്ഥലങ്ങളുടെ നേരേ ഓരോ വര കാണാം. ആ സ്ഥലത്തേക്കുള്ള ദൂരവും അതില്‍ അടയാളപ്പെടുത്തിയിരിക്കുന്നു. ഉദാഹരണമായി, ജറുസലേം 46 കി.മീ., ജറീക്കോ 27 കി.മി., ബത്‌ലഹേം 50 കി.മീ, ഗലീലിക്കടല്‍ 106 കി.മീ.
മലമുകളില്‍ നമ്മുടെ ശ്രദ്ധ പിടിച്ചുപറ്റുന്ന ഒരു കുരിശ് സ്ഥാപിച്ചിട്ടുണ്ട്. 'സെര്‍പ്പന്റൈന്‍ കുരിശ്' എന്നാണ് ഈ കുരിശ് അറിയപ്പെടുന്നത്. മരുഭൂമിയില്‍വച്ച് മോശ ഒരു വടിയില്‍ ഉയര്‍ത്തിയ പിത്തളസര്‍പ്പത്തെ അനുസ്മരിപ്പിക്കുന്ന ഒരു കലാരൂപമാണിത് (സംഖ്യ 21:4-9).
അതേസമയം ഇതു ക്രൂശിതനായ ഈശോയുടെ ഒരു പ്രതിരൂപവുംകൂടിയാണ്. സര്‍പ്പദംശനമേറ്റ ഇസ്രയേല്‍ക്കാര്‍ പിത്തളസര്‍പ്പത്തെ നോക്കിയപ്പോള്‍ സുഖംപ്രാപിച്ചു. ക്രൂശിതനായ ഈശോയെ നോക്കുന്നവനും പാപത്തിന്റെ മാരകമായ ദംശനമേറ്റാലും രക്ഷനേടാന്‍ കഴിയും എന്നാണ് ഈ കുരിശ് സൂചിപ്പിക്കുന്നത്. ഇറ്റാലിയന്‍ കലാകാരനായ ജിയോവാനി ഫന്റോണിയാണ് ഇതു നിര്‍മ്മിച്ചത്. കുരിശിന് ഉദ്ദേശം മുപ്പത് അടി ഉയരം വരും. ഒറ്റനോട്ടത്തില്‍ ഒരു സര്‍പ്പം മുള്ളുകള്‍ നിറഞ്ഞ ഒരു വടിയില്‍ ചുറ്റിയിരിക്കുന്നതുപോലെ തോന്നും. സൂക്ഷിച്ചുനോക്കിയാല്‍ മൂന്നാണികളില്‍ കുരിശില്‍ തൂങ്ങിമരിക്കുന്ന ഈശോയെ അതില്‍ കാണാന്‍ സാധിക്കും.
മലയുടെ ഏറ്റവും ഉയര്‍ന്ന ഭാഗത്തായി ഒരു പുരാതന ദൈവാലയത്തിന്റെ അവശിഷ്ടങ്ങളുണ്ട്. അവ നശിച്ചുപോകാതെ കൂടാരസമാനമായ ഒരു മേല്‍ക്കൂരകൊണ്ടു സംരക്ഷിച്ചിരിക്കുകയാണ്. നാലാം നൂറ്റാണ്ടില്‍ പണിയപ്പെട്ട ബൈസന്റൈന്‍ ദൈവാലയത്തിന്റെ ഭാഗങ്ങളാണ് ഇവിടെയുള്ളത്. തൂണുകളുടെ ഭാഗങ്ങളും തറയിലെ മൊസെയ്ക്കുകളും കേടുകൂടാതെ നിലനില്ക്കുന്നു. ചെറിയ വര്‍ണ്ണക്കല്ലുകള്‍ ചേര്‍ത്തുവച്ച് തറയിലുറപ്പിച്ചാണ് മനോഹരമായ മൊസൈയിക് ചിത്രങ്ങള്‍ ഉണ്ടാക്കിയിരിക്കുന്നത്. എത്തേരിയ എന്ന തീര്‍ത്ഥാടക ക്രിസ്തുവര്‍ഷം 374 ല്‍ ഈ ദൈവാലയം കണ്ടതായി രേഖപ്പെടുത്തിയിട്ടുണ്ട്. അഞ്ചാം നൂറ്റാണ്ടിന്റെ അന്ത്യത്തില്‍ ഈ പള്ളി കുറെക്കൂടി വലുതാക്കി പണിതു. തറയിലെ മൊസെയ്ക്കില്‍ വേട്ടക്കാരനും വേട്ടമൃഗവും മുന്തിരിച്ചെടിയും മുന്തിരിക്കുലകളും പക്ഷികളും മൃഗങ്ങളും എല്ലാം മിഴിവോടെ ചിത്രീകരിക്കപ്പെട്ടിരിക്കുന്നു. മലമുകളിലായി വളരെ വലുതും വൃത്താകൃതിയിലുള്ളതുമായ ഒരു കല്ല് കാണാനുണ്ട്. പള്ളിയുടെ വാതിലായി ഉപയോഗിച്ചിരുന്ന കല്ലാണത്രേ ഇത്. ഒരു വണ്ടിച്ചക്രത്തിന്റെ ആകൃതിയിലുള്ള ഈ കല്ല് ഉരുട്ടിനീക്കിയാണ് പള്ളി തുറക്കുകയും അടയ്ക്കുകയും ചെയ്തിരുന്നത്. മുകളില്‍ കാണുന്ന ദൈവാലയത്തിനുള്ളില്‍ വിശുദ്ധകുര്‍ബാന അര്‍പ്പിക്കുവാനുള്ള സൗകര്യമുണ്ട്.
ക്രൈസ്തവപാരമ്പര്യമനുസരിച്ച് മോശ നെബോമലയില്‍വച്ചാണു മരിച്ചത്. അദ്ദേഹത്തെ ആരു സംസ്‌കരിച്ചു എന്ന് നമുക്കറിഞ്ഞുകൂടാ. മാലാഖമാരാണ് അതു ചെയ്തതെന്നു പറയുന്നവരുമുണ്ട്. നെബോമല ജറമിയാ പ്രവാചകനുമായും ബന്ധപ്പെട്ടിരിക്കുന്നു. ഈ മലയിലാണത്രേ ജറമിയാ പ്രവാചകന്‍ വാഗ്ദാനപേടകവും കൂടാരവും ധൂപപീഠവും ഒളിച്ചുവച്ചത്. ഇസ്രായേല്‍ജനത്തെ മുഴുവന്‍ ബാബിലോണിലെ അടിമത്തത്തിലേക്കു കൊണ്ടുപോയപ്പോള്‍ ജറമിയാ പ്രവാചകന്‍ അവ വിജാതീയരുടെ കൈകളില്‍പെടാതിരിക്കുവാനും നിത്യമായി നഷ്ടപ്പെടാതിരിക്കുവാനുമായിട്ടാണ് ഈ മലയില്‍കൊണ്ടുവന്ന് ഒളിച്ചുവച്ചത്. അതേപ്പറ്റിയുള്ള വിവരണം വിശുദ്ധ ബൈബിളില്‍ കാണാം (2 മക്കബായര്‍ 2:4-7). ''ദൈവത്തിന്റെ അരുളപ്പാടനുസരിച്ച് കൂടാരവും പേടകവും തന്റെ പിന്നാലെ കൊണ്ടുവരാന്‍ പ്രവാചകന്‍ കല്പിച്ചു. ദൈവം നല്‍കുന്ന അവകാശഭൂമി കാണുവാന്‍ മോശ കയറിയ മലയിലേക്ക് അവന്‍ പോയി. അവിടെ ജറമിയ ഒരു ഗുഹ കണ്ടു. കൂടാരവും പേടകവും ധൂപപീഠവും അതില്‍വച്ച് പ്രവേശനദ്വാരം അടച്ചു ഭദ്രമാക്കി. അനുയായികളില്‍ ചിലര്‍ അങ്ങോട്ടുള്ള വഴി അടയാളപ്പെടുത്താന്‍ മുതിര്‍ന്നെങ്കിലും വഴി കണ്ടുപിടിക്കാന്‍ കഴിഞ്ഞില്ല. ജറമിയ ഇതറിഞ്ഞ് ശകാരിച്ചുകൊണ്ടു പറഞ്ഞു: ദൈവം തന്റെ ജനത്തെ വീണ്ടും ഒരുമിച്ചുകൂട്ടുകയും അവരോടു കരുണ കാണിക്കുകയും ചെയ്യുന്നതുവരെ ഈ സ്ഥലം അജ്ഞാതമായിരിക്കും. അന്നു കര്‍ത്താവ് ഇതു വെളിപ്പെടുത്തും (2 മക്ക 2:4-7).
നെബോയില്‍നിന്നു തിരിച്ചുപോകുവാനുള്ള സമയമായിരിക്കുന്നു. ഞങ്ങള്‍ ഒരിക്കല്‍ക്കൂടി വിശാലമായ കാനാന്‍ദേശത്തേക്കു ഞങ്ങളുടെ കണ്ണുകള്‍ തിരിച്ചു. ഇവിടെനിന്നുകൊണ്ട് കാനാന്‍ദേശം കണ്ട് ആനന്ദാശ്രുക്കള്‍ പൊഴിച്ച മോശയെപ്പറ്റിയായിരുന്നു ഞങ്ങളുടെ ചിന്ത. 40 ല്‍പരം വര്‍ഷം ഇസ്രായേല്‍ ജനത്തെ മരുഭൂമിയിലൂടെ നയിച്ച് കാനാന്‍ദേശത്തിന്റെ അതിര്‍ത്തിവരെ എത്തിച്ച ജനനേതാവും പ്രവാചകനുമായിരുന്നല്ലോ മോശ. ദൈവത്തിനു നേരേയുള്ള അദ്ദേഹത്തിന്റെ മനോഭാവം എന്തായിരുന്നിരിക്കാം. അകമഴിഞ്ഞ നന്ദിയോ ആഴമായ സ്‌നേഹമോ നേരിയ പരിഭവമോ... നമുക്കറിഞ്ഞുകൂടാ. മോശയെപ്പറ്റി വിശുദ്ധ ബൈബിളില്‍ കാണുന്ന ഒരു വാചകമുണ്ട്: ''കര്‍ത്താവു മുഖാമുഖം സംസാരിച്ച മോശയെപ്പോലെ മറ്റൊരു പ്രവാചകന്‍ ഇസ്രായേലില്‍ ഉണ്ടായിട്ടില്ല. കര്‍ത്താവിനാല്‍ നിയുക്തനായി ഈജിപ്തില്‍ ഫറവോയ്ക്കും ദാസന്മാര്‍ക്കും രാജ്യത്തിനുമുഴുവനും എതിരായി അവന്‍ പ്രവര്‍ത്തിച്ച അടയാളങ്ങളിലും അദ്ഭുതങ്ങളിലും ഇസ്രായേല്‍ജനത്തിനു മുമ്പില്‍ പ്രകടമാക്കിയ മഹത്തും ഭയാനകവുമായ പ്രവൃത്തികളിലും മോശ അതുല്യനാണ് (നിയമാവര്‍ത്തനം 34:10-12).