•  21 Nov 2024
  •  ദീപം 57
  •  നാളം 37
കാര്‍ഷികം

നാലുമണിച്ചെടി

''ഫോര്‍ ഓ ക്ലോക്ക് പ്ലാന്റ്'' എന്ന് കൊച്ചുകുട്ടികള്‍ക്കുപോലും അറിയാവുന്ന നാലുമണിച്ചെടി ഏത് ഉദ്യാനത്തിനും പുഷ്പസമൃദ്ധി പകര്‍ന്നുനല്കും. അരമീറ്ററോളം ഉയര്‍ന്നുവരുന്ന ഈ ചെടിയില്‍ ഓരോ സായാഹ്നത്തിലും പൂക്കള്‍ ഇടതിങ്ങി വിരിഞ്ഞു നില്ക്കുന്നത് കാണാന്‍ നല്ല ഭംഗിയാണ്.
നാലുമണിയാകുമ്പോള്‍ പുഷ്പസുന്ദരിമാരൊക്കെ മിഴിതുറക്കാന്‍ പാകത്തിന് പ്രകൃതിതന്നെ അലാം കൊടുത്തുനിര്‍ത്തിയ ഉദ്യാനസുന്ദരിയാണ് ''മിറാബിലിസ്  ജലാപ്പ്'' എന്ന് സസ്യശാസ്ത്രകാരന്മാര്‍ വിളിക്കുന്ന നാലുമണിച്ചെടി.
മാര്‍വെല്‍ ഓഫ് പെറു, ബ്യൂട്ടി ഓഫ് ദി നൈറ്റ് എന്നൊക്കെ ഇതിനു പേരുണ്ട്. നിറയെ ഇലകളും ശിഖരങ്ങളുമുള്ള കുറ്റിച്ചെടിയാണ് നാലുമണിച്ചെടി. ചെടിച്ചുവട്ടില്‍ കിഴങ്ങുണ്ട്. ഇതിന്റെ പൂവ് നീണ്ട് കുഴല്‍പോലെയിരിക്കും. നേരിയ സുഗന്ധമുള്ള പൂക്കള്‍ ഒറ്റയ്‌ക്കോ കൂട്ടായോ ഉണ്ടാകും. പൂക്കള്‍ക്ക് ചുവപ്പോ, മജന്തയോ, പിങ്കോ, മഞ്ഞയോ, വെള്ളയോ നിറമാകാം. ചിലപ്പോള്‍ ഒന്നിലേറെ നിറമുള്ള പൂക്കള്‍ ഒരേ ചെടിയിലുണ്ടാവും. ഇരട്ടനിറമുള്ള പൂക്കളും വിടരാറുണ്ട്. വേനലായാലും വര്‍ഷമായാലും ചെടിയില്‍ നിറയെ പൂക്കളുണ്ടാകും. ഉച്ചതിരിഞ്ഞ് നാലുമണിയോടെ വിടരുന്ന പൂക്കള്‍ രാത്രി മുഴുവന്‍ വിടര്‍ന്നുനില്‍ക്കും. രാവിലെയാകുമ്പോള്‍ കൂമ്പുകയും ചെയ്യും. 
ദക്ഷിണ അമേരിക്കയാണ് നാലുമണിച്ചെടിയുടെ ജന്മസ്ഥലം. ബൊഗെയിന്‍വില്ല എന്ന കടലാസുചെടി ഉള്‍പ്പെടുന്ന സസ്യകുലമായ നിക്റ്റാജിനേസിയിലെ അംഗമാണ് നാലുമണിച്ചെടി. ഏതാണ്ട് എല്ലാത്തരം മണ്ണിലും ചെടി വളരും. ഏറ്റവുമധികം പൂക്കള്‍ വിടര്‍ത്തുന്നത് നല്ല സൂര്യപ്രകാശം കിട്ടുന്ന സമയത്താണ്. ഭാഗികമായ തണലത്തും ചെടി തരക്കേടില്ലാതെ വളരും.
ചെടിച്ചട്ടിയിലോ തടത്തിലോ ഇതു വളര്‍ത്താം. വിത്തുപാകിയും ചുവട്ടിലെ കിഴങ്ങുനട്ടും ചെടി വര്‍ധിപ്പിക്കാം.
തേന്‍ കുടിക്കാന്‍ എത്തുന്ന കിളികളുടെയും നിശാശലഭങ്ങളുടെയും ആകര്‍ഷണകേന്ദ്രമാണ് നാലുമണിച്ചെടി.
നാലുമണിച്ചെടിക്ക് സവിശേഷമായ ചില ഔഷധസിദ്ധികളുണ്ട്. ഇതിന്റെ വേരിന് ഔഷധമേന്മയുണ്ട്. വ്രണങ്ങള്‍ ഉണക്കാനുള്ള മരുന്നായും വിരേചനൗഷധമായും തൊലിപ്പുറത്ത്, ചൊറി, ചിരങ്ങ് മുതലയാവ ശമിപ്പിക്കാനും ഇതുപയോഗിക്കാറുണ്ട്. ഒരിക്കല്‍ നട്ടാല്‍ ഒരിക്കലും ഉദ്യാനം വിട്ടുപോകാത്ത ഒരു ചെടികൂടിയാണ് നാലുമണിച്ചെടി.

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)