•  21 Nov 2024
  •  ദീപം 57
  •  നാളം 37
ആരോഗ്യവീഥി

റോഡപകടങ്ങള്‍: ശ്രദ്ധിക്കേണ്ടതെന്തെല്ലാം?

കൊവിഡ്-19 എന്ന പകര്‍ച്ചവ്യാധി വരുത്തിവച്ച ആഘാതങ്ങളില്‍ ലോകമാകെ പകച്ചുനിന്ന ഒരു വര്‍ഷം കടന്നുപോയി. ലക്ഷങ്ങളുടെ ജീവനാണ് കൊറോണ വൈറസ് അപഹരിച്ചത്. എന്നാല്‍, നമ്മുടെ റോഡുകളില്‍ ദിവസവും പൊലിയുന്ന മനുഷ്യജീവനുകളുടെ കണക്കുകള്‍ കൊവിഡ് മരണങ്ങളെക്കാള്‍ വളരെ വലുതാണ് എന്ന വസ്തുത നമ്മള്‍ തിരിച്ചറിയണം. WHO കണക്കുകള്‍പ്രകാരം പ്രതിവര്‍ഷം 1.3 മില്യണ്‍ മരണങ്ങളാണ് റോഡപകടങ്ങളില്‍ സംഭവിക്കുന്നത്. ഇരുചക്രവാഹനങ്ങളില്‍ സഞ്ചരിക്കുന്നവരും വഴിയാത്രക്കാരുമാണ് ഇതില്‍ ഭൂരിപക്ഷവും. 5 മുതല്‍ 29 വയസ്സുവരെയുള്ളവരുടെയിടയിലെ മരണങ്ങള്‍ക്ക് അധികകാരണവും റോഡപകടങ്ങളാണ്. 20 മുതല്‍ 50 മില്യണ്‍വരെ ആളുകള്‍ക്ക് റോഡപകടങ്ങളില്‍ പരിക്കേല്‍ക്കുന്നതായാണ് കണക്ക്. റോഡപകടങ്ങള്‍ വരുത്തിവയ്ക്കുന്ന സാമ്പത്തികാഘാതം ഇതിലും വലുതാണ്. 
റോഡപകടങ്ങള്‍: പ്രധാന കാരണങ്ങള്‍
1. അമിതവേഗം
2. മദ്യം-ലഹരി ഉപയോഗിച്ചുള്ള ഡ്രൈവിംഗ്. 
3.ഹെല്‍മറ്റ്, സീറ്റ്‌ബെല്‍റ്റ്, ചൈല്‍ഡ്‌റീസ്ട്രയിന്റ് എന്നിവ ഉപയോഗിക്കാതെയുള്ള യാത്രകള്‍.
4.അശ്രദ്ധമായ ഡ്രൈവിംഗ് (വാഹനം ഓടിക്കുമ്പോള്‍ മൊബൈല്‍ഫോണ്‍ ഉപയോഗിക്കുന്നത്)
5. റോഡുകളിലെ കുഴികളും മറ്റു പോരായ്മകളും. 
6. സുരക്ഷിതമല്ലാത്ത വാഹനങ്ങള്‍ - (സീറ്റ്‌ബെല്‍റ്റ്, എയര്‍ബാഗ് എന്നിവയില്ലാതെ) അപകടത്തെ തരണം ചെയ്യാന്‍ ശേഷിയില്ലാത്ത വാഹനനിര്‍മിതി
7. അപകടം നടന്നശേഷം ചികിത്സ വൈകുന്നത്. 
8. ട്രാഫിക്‌നിയമങ്ങള്‍ കാര്യക്ഷമമായി നടപ്പാക്കുന്നതിലെ അപാകത.
നമുക്കു ചെയ്യാവുന്നത് എന്തെല്ലാം?
"Prevention is better than cure'  എന്നാണല്ലോ പറയുന്നത്. റോഡപകടങ്ങള്‍ക്കു കാരണമായ കാര്യങ്ങള്‍ കണ്ടെത്തി അവ പരിഹരിക്കാന്‍ പരിശ്രമിക്കുക. അശ്രദ്ധവും അമിതവേഗത്തിലുള്ളതുമായ ഡ്രൈവിംഗ് ഒഴിവാക്കുക. മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത് വാഹനത്തില്‍ പ്രവേശിക്കുക. റോഡുകളുടെ പോരായ്മകള്‍ പലപ്പോഴും  കാരണമാണെങ്കിലും മെച്ചപ്പെട്ട റോഡുകളില്‍കൂടി അമിതവേഗത്തില്‍ യാത്ര ചെയ്യുന്നതും  അപകടകരമാണ്. വാഹനങ്ങള്‍ നല്ല രീതിയില്‍ മെയിന്റൈന്‍ ചെയ്യുക. ഹെല്‍മെറ്റ് ധരിക്കുന്നതും മദ്യപിച്ചു വാഹനം ഓടിക്കാത്തതും നിയമപാലകരില്‍നിന്നു രക്ഷപ്പെടാനുള്ള മാര്‍ഗങ്ങളായി കാണാതെ, സ്വന്തം ജീവന്‍ രക്ഷിക്കാനുള്ള അവസരങ്ങളായി കാണണം. ട്രാഫിക് സിഗ്‌നലുകളും നിയമബോര്‍ഡുകളും അനുസരിക്കുക. 
അപകടം നടന്നുകഴിഞ്ഞാല്‍
എത്രയുംവേഗം രോഗിയെ അടുത്തുള്ള ട്രോമാ സെന്ററില്‍ എത്തിക്കുന്നതിനോടൊപ്പംതന്നെ അപകടം നടന്ന സ്ഥലത്തു ചെയ്യുന്ന പ്രാഥമികചികിത്സയും ആശുപത്രിയിലേക്കുള്ള യാത്രയും പ്രധാനമാണ്. 
1. രോഗിയെ അപകടം നടന്ന സ്ഥലത്തുനിന്നു സുരക്ഷിതമായ മറ്റൊരു സ്ഥലത്തേക്കു മാറ്റുക. 
2.ആംബുലന്‍സിനും വൈദ്യസഹായത്തിനുമായി ഉടനെ ബന്ധപ്പെടുക. 
3. രോഗിയെ ഉച്ചത്തില്‍ തട്ടിവിളിച്ച് പ്രഥമശുശ്രൂഷകന്റെ വാക്കുകള്‍ക്കു കൃത്യമായി പ്രതികരിക്കുന്നുണ്ടോ എന്നു പരിശോധിക്കുക. 
4. രോഗി പ്രതികരിക്കുന്നെങ്കില്‍ ഉടനടി ആശുപത്രിയിലേക്കു മാറ്റുക. കൂടെ രോഗിക്ക് ധൈര്യംകൊടുക്കുക. 
5. രോഗി പ്രതികരിക്കുന്നില്ലെങ്കില്‍ കഴുത്തിലെ രക്തധമനികളില്‍ ((carotid artery)  ഹൃദയമിടിപ്പ് സ്പര്‍ശിച്ചറിയുവാന്‍ കഴിയുന്നുണ്ടോ എന്നു പരിശോധിക്കുക. (പരമാവധി 10 സെക്കന്റ്). 
6. മിടിപ്പ് കിട്ടുന്നില്ലെങ്കില്‍ കൃത്രിമശ്വാസോച്ഛ്വാസം നല്‍കുക. (30 തവണ നെഞ്ചില്‍ അമര്‍ത്തി ഹൃദയത്തിന്റെ മിടിപ്പ് പുനഃസ്ഥാപിക്കുവാന്‍ പരിശ്രമിക്കുക. 2 തവണ കൃത്രിമ ശ്വാസംനല്‍കുക. ഈ പ്രവൃത്തി രോഗിയെ ആശുപത്രിയില്‍ എത്തിക്കുന്നതുവരെ നിറുത്താതെ തുടരുക) രോഗിയെ വേഗം ആശുപത്രിയില്‍ എത്തിക്കുക. 
7. ആശുപത്രിയിലേക്കു യാത്ര ചെയ്യുമ്പോള്‍ അപകടത്തില്‍പെട്ടയാളുടെ നട്ടെല്ലുകള്‍ നിവര്‍ന്നിരിക്കാനും നട്ടെല്ലുകള്‍ക്കു ക്ഷതങ്ങള്‍ ഉണ്ടാകാതെയും സൂക്ഷിക്കുക. 
8. അമിതരക്തസ്രാവമുള്ള ഭാഗങ്ങള്‍ ബലത്തില്‍ കെട്ടിവച്ച് ബ്ലീഡിങ് കുറയ്ക്കുക.
9. കൈകാലുകളിലെ ഒടിവുകള്‍ ദൃഢമായ വസ്തുക്കള്‍ കൊണ്ട് കെട്ടി സപ്പോര്‍ട്ട് ചെയ്യുക. 
10. ഹെല്‍മറ്റ് എടുത്തുമാറ്റുമ്പോള്‍ കഴുത്തിലെ നട്ടെല്ല് വളയാതെ നിവര്‍ന്നിരിക്കെത്തന്നെ മാറ്റുക. 
11. പ്രഥമശുശ്രൂഷകന്‍ രോഗിയുടെ രക്തം ഉള്‍പ്പെടെയുള്ള സ്രവങ്ങളുമായി നേരിട്ട് സ്പര്‍ശനം ഒഴിവാക്കാന്‍ പരമാവധി ശ്രമിക്കുക. 
12.അപകടങ്ങളില്‍ കൂടുതലാളുകള്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ മരിച്ചവരെയും സാരമായ പരിക്കുകള്‍ ഇല്ലാത്തവരെയും ഒഴിവാക്കി വേഗത്തില്‍ വൈദ്യസഹായം വേണ്ടവരെ ശ്രദ്ധിക്കുക.
13. വേര്‍പെട്ടുപോയ അവയവഭാഗങ്ങള്‍ നനഞ്ഞ നേര്‍ത്ത തുണികൊണ്ടു പൊതിഞ്ഞ് പ്ലാസ്റ്റിക് കവറില്‍ ഇട്ട് അത് ഐസ് ബാഗിലാക്കി ആശുപത്രിയില്‍ എത്തിക്കുക (ഐസ്‌ക്യൂബുകളില്‍ നേരിട്ടു തൊടുന്നത് ഒഴിവാക്കുക)

ലേഖകന്‍ പാലാ  മാര്‍ സ്ലീവാ മെഡിസിറ്റിയിലെ  
എമര്‍ജന്‍സി മെഡിസിന്‍ വിഭാഗം കണ്‍സള്‍ട്ടന്റാണ്‌

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)