•  21 Nov 2024
  •  ദീപം 57
  •  നാളം 37
പ്രണയ പാഠാവലി

വാ തുറന്ന് പറയരുതോ?

ഴിഞ്ഞ ഏതാനും ലക്കങ്ങളിലായി  മനസ്സിന്റെ പ്രതിരോധതന്ത്രങ്ങളെക്കുറിച്ചും അവ എപ്രകാരമാണ് ദാമ്പത്യപ്രണയത്തില്‍ അസ്വാരസ്യങ്ങള്‍ സൃഷ്ടിക്കുന്നതെന്നും കാണുകയുണ്ടായി.
പ്രണയത്തിന്റെ താളക്രമം നിലനിറുത്തുന്നതില്‍ ശരിയായ ആശയവിനിമയത്തിനുള്ള പങ്കു നിസ്സാരമല്ല. തികച്ചും നിസ്സാരമായ കാരണങ്ങളാലാണ് ഭാര്യാഭര്‍ത്താക്കന്മാര്‍ക്കിടയില്‍ അകല്‍ച്ച തുടങ്ങുക. ഒരേ പദവിയിലുള്ള രണ്ടുപേര്‍ പരസ്പരം മനസ്സിലാക്കാതെപോയാല്‍, അതിന്റെ ഭവിഷ്യത്ത് ചെറുതായിരിക്കില്ല. അവിടെ പ്രണയം അന്യമാകും.
ഇന്ന് നാം ചര്‍ച്ച ചെയ്യുന്നത് 'വാ തുറന്ന്' പറയേണ്ടതിന്റെ ആവശ്യമാണ്. അതായത്, കാര്യം മനസ്സിലിരുന്നാല്‍ പോരാ, പറയേണ്ട ആളോട്, പറയേണ്ട സമയത്തു പറയണം.
പതിവിലും താമസിച്ച് ഭര്‍ത്താവ് വീട്ടിലെത്തി. ഭാര്യ മുഖം വീര്‍പ്പിച്ചു നില്‍ക്കുന്നു. അതു കണ്ടപ്പോള്‍ അയാള്‍ക്ക് അടക്കാനാവാത്ത ദേഷ്യം വന്നു. താന്‍ കള്ളുകുടിക്കാന്‍ പോയതൊന്നുമല്ലല്ലോ. ഭര്‍ത്താവിനെ മനസ്സിലാക്കണം. അതിനുള്ള മര്യാദയെങ്കിലും വേണം. ഇതാണ്, അയാളുടെ വാദം. ചെറിയ കശപിശ തത്കാലത്തേക്ക് അവസാനിച്ചു.
ഇതിന്റെ വല്ല കാര്യവുമുണ്ടായിരുന്നോ? 
മകന്റെ അഡ്മിഷനുമായി ബന്ധപ്പെട്ട് ഒരാളെ കാണാന്‍ പോയി. അങ്ങനെയാണ് വൈകിയത്. അക്കാര്യം 'വാ തുറന്ന്' ഭാര്യയോടു പറഞ്ഞാല്‍ പോരായിരുന്നോ?
കാത്തിരുന്നു മടുത്ത ഭാര്യയ്ക്ക്, അയാളുടെ ഉള്ളിലിരുപ്പ് ഗ്രഹിക്കാനുള്ള അതീന്ദ്രിയ സിദ്ധിയൊന്നുമില്ല. അവള്‍ക്കു സങ്കടമായി, വഴക്കായി.
പദ്ധതികളും അതിനുള്ള നീക്കങ്ങളും പങ്കാളിക്കു പകര്‍ന്നു നല്‍കിക്കൊണ്ടേയിരിക്കണം. അത് എത്ര നന്മയുമായിക്കൊള്ളട്ടെ. എപ്പോഴും ഇതൊക്കെ പറഞ്ഞോണ്ടിരിക്കാന്‍ പറ്റുമോ എന്ന് ചിലര്‍ ചിന്തിക്കും. ഓര്‍ക്കണം: മേലുദ്യോഗസ്ഥനും കീഴ്ജീവനക്കാരുമുള്ള ഒരു ഓഫീസല്ല വീട്. ഇവിടെ പങ്കാളികള്‍ക്ക് തുല്യപദവിയാണുള്ളത്. ഒരാളുടെ ഹൃദയസ്പന്ദനം, അടുത്തയാള്‍ അറിയണം. പ്രണയത്തില്‍ ആവര്‍ത്തനവിരസതയില്ലല്ലോ. ഐ ലവ് യൂ എന്ന് കാമുകിയോട് പതിനായിരം വട്ടം പറഞ്ഞാലും പുതുമ നഷ്ടപ്പെടുന്നില്ല.
ഉള്ളിലിരുപ്പ് മനസ്സിലാക്കാതെ വരുമ്പോള്‍ തെറ്റുധാരണയുണ്ടാകും, അത് അവിശ്വാസത്തിലേക്കും അകല്‍ച്ചയിലേക്കും നയിക്കാം. അതുകൊണ്ട് ഹൃദയഗതങ്ങള്‍ കൈമാറുന്ന കാര്യത്തില്‍ പിശുക്ക് പാടില്ല. അത് നിരന്തരപ്രക്രിയയായി തുടരുകതന്നെ വേണം.

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)