•  25 Apr 2024
  •  ദീപം 57
  •  നാളം 7
ആരോഗ്യവീഥി

അബ്‌ഡോമിനോപ്ലാസ്റ്റി

വ്യായാമത്തിലൂടെയും ഭക്ഷണക്രമീകരണത്തിലൂടെയും വയറു കുറയ്ക്കാന്‍ ശ്രമിച്ചിട്ടും പരാജയപ്പെട്ടവര്‍ക്കു സര്‍ജറിയിലൂടെയുള്ള പരിഹാരമാര്‍ഗമാണ് അബ്‌ഡോമിനോപ്ലാസ്റ്റി. അടിവയറ്റില്‍ അടിഞ്ഞുകൂടിയ കൊഴുപ്പും അമിതമായി നിലനില്ക്കുന്ന ചര്‍മവും നീക്കം ചെയ്ത് ആകാരവടിവ് വീണ്ടെടുക്കാനുള്ള ചികിത്സാരീതിയാണിത്.  

ഉദരഭാഗത്തെ ചര്‍മാവരണവും അതോടൊപ്പം ദുര്‍ബലാവസ്ഥയിലോ അല്ലാതെയോ ഉള്ള ഉദരമാംസപേശിയും അയഞ്ഞുതൂങ്ങുമ്പോഴാണ് അബ്‌ഡോമിനോപ്ലാസ്റ്റിയുടെ ആവശ്യം വേണ്ടിവരിക. ഗര്‍ഭധാരണത്തിനും പ്രസവത്തിനും ശേഷമുള്ള ഘട്ടങ്ങളിലാണ് ചര്‍മ്മം ഉദരഭാഗത്ത് സാധാരണഗതിയില്‍ അയഞ്ഞുവരുന്നത്. പെട്ടെന്ന് ശരീരഭാരം കുറയുന്നത്, പ്രത്യേകിച്ച് അതിനായി നടത്തുന്ന ശസ്ത്രക്രിയാഫലമായും  സംഭവിക്കാം. ലൈപ്പോസക്ഷന് കൊഴുപ്പിനെയും കൊഴുപ്പുകോശങ്ങളെയും നീക്കം ചെയ്യുക മാത്രമാണു ചെയ്യുന്നത്.  കൂടുതലായി തൂങ്ങിനില്ക്കുന്ന ചര്‍മം നേരേയാക്കാന്‍ ലൈപ്പോസക്ഷന്‍ മാത്രം കൊണ്ടാകില്ല. അപ്പോഴാണ് അബ്‌ഡോമിനോപ്ലാസ്റ്റി നടത്തേണ്ടിവരുന്നത്.
അബ്‌ഡോമിനോപ്ലാസ്റ്റി ചെയ്യുന്നതെങ്ങനെ?
ജനറല്‍ അനസ്‌തേഷ്യ നല്‍കിയതിനുശേഷമാണ് അബ്‌ഡോമിനോപ്ലാസ്റ്റി പെര്‍ഫോം ചെയ്യുന്നത്.
വയറില്‍ ഏതെല്ലാം ഭാഗങ്ങളില്‍ കൊഴുപ്പുപാളികള്‍ ഉണ്ടെന്നു വിലയിരുത്തിയശേഷമാണ് സര്‍ജറി ചെയ്യുക. അടിവയറ്റില്‍ ഒരുവശത്തെ ഹിപ്‌ബോണില്‍നിന്ന് മറ്റേ ഹിപ്‌ബോണ്‍ വരെ നീണ്ടുനില്‍ക്കുന്ന മുറിവുണ്ടാക്കി അതുവഴി കൊഴുപ്പുപാളികള്‍ നീക്കം ചെയ്യും. കൊഴുപ്പുപാളികള്‍ നീക്കുന്നതോടെ അമിതമായി തൂങ്ങിനില്‍ക്കുന്ന ചര്‍മംനീക്കം ചെയ്യുകയും ആവശ്യാനുസരണം പേശികള്‍ വലിച്ചുറപ്പിച്ച് ശക്തമാക്കുകയും ചെയ്യുന്നു. ചര്‍മം വലിച്ചുറപ്പിക്കുമ്പോള്‍ പൊക്കിളിന്റെ സ്ഥാനവും സര്‍ജറിയിലൂടെ മാറ്റിയെടുക്കാറുണ്ട്. ചിലപ്പോള്‍ ഡ്രെയിനേജ് ട്യൂബുകള്‍ ചര്‍മത്തിനു കീഴില്‍ വയ്ക്കുകയും ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ഇവ നീക്കം ചെയ്യുകയും ചെയ്യും. ശസ്ത്രക്രിയയ്ക്കുശേഷം കംപ്രഷന്‍ ഗാര്‍മെന്റ് ധരിക്കാന്‍ ശിപാര്‍ശ ചെയ്യുന്നു. അതോടൊപ്പം ഇരിക്കുമ്പോഴും കിടക്കുമ്പോഴും ഡോക്ടര്‍ തന്നിരിക്കുന്ന നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കേണ്ടതാണ്. സാധാരണമായി നാലു മുതല്‍ ആറ് വരെ ആഴ്ച ദേഹമനങ്ങി ചെയ്യേണ്ട ജോലികള്‍ ഒഴിവാക്കേണ്ടതാണ്.
അബ്‌ഡോമിനോപ്ലാസ്റ്റി ചെയ്യുന്നതിന് മൂന്നാഴ്ച മുന്‍പ് മുതലെങ്കിലും പുകവലി  ഒഴിവാക്കണം.
പാര്‍ശ്വഫലങ്ങളും സങ്കീര്‍ണതകളും:
സര്‍ജറി ചെയ്ത ഭാഗത്തു വീക്കവും വേദനയും ഉണ്ടാകുന്നത് സാധാരണമാണ്. വേദനയ്ക്കുള്ള മരുന്നുകള്‍ ഡോക്ടറുടെ നിര്‍ദേശപ്രകാരം കഴിക്കാം.
വേദന, തരിപ്പ്, മുറിവ് എന്നിവ ഏതാനും ആഴ്ചകള്‍ മുതല്‍ മാസങ്ങള്‍വരെ നീണ്ടുനിന്നേക്കാം.
സാധാരണ കാണപ്പെടുന്ന 
മറ്റു സങ്കീര്‍ണതകള്‍:

മുറിവിന്റെ പാട്, ഹെമറ്റോമ (രക്തസ്രാവം), അണുബാധ, സെറോമ (മരരൗാൗഹമശേീി ീള ളഹൗശറ), മുറിവുണങ്ങുന്നതില്‍ കാലതാമസം, ചര്‍മത്തിന്റെ നഷ്ടം, ചര്‍മത്തിന്റെ നിറത്തില്‍ മാറ്റങ്ങള്‍, ദീര്‍ഘനേരം നീണ്ടുനില്‍ക്കുന്ന വീക്കം, ഫാറ്റ് നെക്രോസിസ് (ചര്‍മത്തില്‍ ആഴത്തില്‍ സ്ഥിതിചെയ്യുന്ന ഫാറ്റിടിഷ്യു നശിക്കുന്ന അവസ്ഥ) വൂണ്ട് സെപറേഷന്‍, അസിമെട്രി, ശരിയല്ലാത്ത രക്തചംക്രമണം. പ്രമേഹം, ഹൃദയം/ശ്വാസകോശം/ കരള്‍ രോഗങ്ങള്‍, പുകവലി എന്നിവയുണ്ടെങ്കില്‍ ഇത്തരം സങ്കീര്‍ണ്ണതകള്‍ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്.  
അബ്‌ഡോമിനോപ്ലാസ്റ്റി ചെയ്തശേഷം നിലനില്ക്കുന്ന മുറിവിന്റെ പാട് അടിവസ്ത്രം ധരിക്കുമ്പോള്‍ത്തന്നെ മറയ്ക്കപ്പെടുമെന്നതിനാല്‍ അത് സൗന്ദര്യത്തിനു പ്രശ്‌നമായി മാറാറില്ല. രൂപമാറ്റം ഉണ്ടാകുന്നതുമായി പൊരുത്തപ്പെടാന്‍ കുറച്ചു സമയം എടുത്തേക്കാം. എന്നാല്‍, ആത്മവിശ്വാസം നിറയ്ക്കുന്ന ഈ മാറ്റങ്ങള്‍ സാധാരണമാണെന്നോര്‍ക്കുക. രൂപം നിലനിര്‍ത്തുന്നതിന് ശരിയായ ഭക്ഷണക്രമവും കൃത്യമായ വ്യായാമവും വളരെ പ്രധാനമാണ് എന്നതും മറക്കരുത്.

 

  • ലേഖകന്‍ പാലാ  മാര്‍ സ്ലീവാ മെഡിസിറ്റിയിലെ  മെഡിക്കല്‍ പ്ലാസ്റ്റിക് സര്‍ജറി  കണ്‍സള്‍ട്ടന്റാണ്‌
Login log record inserted successfully!