തകരാറിലായ ട്യൂബ്‌ലൈറ്റുമാറ്റി പുതിയത് മച്ചില്‍ പിടിപ്പിച്ചുകൊണ്ടിരിക്കുമ്പോഴാണ് ഭാര്യയുടെ വരവ്. അവളൊരു ചെറിയ കമന്റ് പാസാക്കി. അവളെക്കൂടാതെയെടുക്കുന്ന തീരുമാനങ്ങളൊക്കെ പാതിവഴിയില്‍ പരാജയപ്പെടും എന്നതായിരുന്നു സാരാംശം.
കുറെക്കാലമായി കടിച്ചമര്‍ത്തിയ ദേഷ്യമാണ്. സകല നിയന്ത്രണവും നഷ്ടപ്പെട്ടുപോയി. അയാള്‍ കൈയിലിരുന്ന ട്യൂബ് വലിച്ചൊരേറു വച്ചുകൊടുത്തു!
ആകപ്പാടെ ബഹളം. അവിശ്വസനീയത, പരിഭ്രാന്തി...
ഇത് കടുംകൈപ്രയോഗമെന്ന പ്രതിരോധതന്ത്രമാണ്.
കാലങ്ങളായി ഉള്ളിലൊതുക്കിവച്ച വിഷമത്തെ ഒരു ദുര്‍ബലനിമിഷത്തില്‍ ഒറ്റയടിക്കു പുറന്തള്ളുക! തന്റെ ഹൃദയവേദനയ്ക്കു കാരണക്കാരായവരിലേക്കാകണമെന്നില്ല ഈ പ്രതികരണം. അതിനുള്ള ആത്മവിശ്വാസമോ ധൈര്യമോ കാണണമെന്നുമില്ല. അതുകൊണ്ട്, പ്രതികരിക്കില്ലെന്നുറപ്പുള്ള വ്യക്തിയുടെ നേര്‍ക്കോ വസ്തുക്കളിലേക്കോ ആയിരിക്കും പരാക്രമം. അതില്‍ നശീകരണത്തിന്റെ ഒരു പ്രവണതയും ഉണ്ട്. ചൂടേറിയ വാദപ്രതിവാദത്തിനിടെ ചട്ടിയും കലവും എറിഞ്ഞുടയ്ക്കുന്നവര്‍ പയറ്റുന്നത് ഇതേ തന്ത്രംതന്നെ.
അത്യന്തം വിനാശകാരിയായ ഒരു രീതിയാണ്, സ്വയം ഹാനി വരുത്തല്‍. ചിലര്‍ മൂര്‍ച്ചയുള്ള വസ്തുക്കള്‍കൊണ്ട് സ്വയം കുത്തി മുറിവേല്പിക്കാം. തല ഭിത്തിയിലിടിക്കാം.
പങ്കാളിയില്‍ ഘനീഭവിച്ചു കിടക്കുന്ന എന്തു പ്രശ്‌നമാണുള്ളത്? അന്വേഷിച്ചു കണ്ടെത്തണം. അവിടെ പ്രശ്‌നക്കാരന്‍ താന്‍തന്നെയാണോ? അതോ മൂന്നാമതൊരാളോ? ഇനി ആ മൂന്നാമന്റെ മനസ്സാക്ഷിവിരുദ്ധമായ പ്രവൃത്തിക്ക് അറിഞ്ഞോ അറിയാതെയോ താന്‍ വളംവച്ചുകൊടുത്തിട്ടുണ്ടോ?
ക്ഷമയോടെ, ശ്രദ്ധയോടെ സര്‍വോപരി കാരുണ്യത്തോടെ, ഈ സമസ്യകള്‍ക്കുത്തരം കണ്ടെത്താന്‍ ശ്രമിക്കുക. ഒരു പുതുജീവിതത്തിലേക്കുള്ള വാതില്‍ തുറന്നുകിട്ടുവാന്‍ പങ്കാളിക്കു തുണയാകുന്നതില്‍പ്പരം എന്നു സമ്മാനമാണ് നമുക്കു നല്‍കാനുള്ളത്?