•  21 Nov 2024
  •  ദീപം 57
  •  നാളം 37
ആരോഗ്യവീഥി

കീറ്റോഡയറ്റ് മിഥ്യാധാരണകളും സത്യങ്ങളും

രു ശരാശരി മലയാളിയുടെ ഭക്ഷണത്തിലെ പ്രധാനഘടകം കാര്‍ബോഹൈഡ്രേറ്റ് അഥവാ അന്നജമാണ്. അത് പ്രഭാതഭക്ഷണമോ ഉച്ചഭക്ഷണമോ അത്താഴമോ ആയാലും ഈ അന്നജത്തെ മാറ്റിനിര്‍ത്തി വെറും 5% മാത്രം ഉള്‍പ്പെടുത്തി പ്രധാനമായും കൊഴുപ്പേറിയ ഭക്ഷണങ്ങള്‍ 75% വും 20% മാംസ്യവും ഉള്‍പ്പെടുത്തുന്ന ലോ കാര്‍ബോഹൈഡ്രേറ്റ് ഹൈഫാറ്റ് ഭക്ഷണക്രമമാണ് കീറ്റോഡയറ്റ്.
അന്നജമടങ്ങിയ ഭക്ഷണം കഴിക്കുമ്പോള്‍ ദഹനപ്രക്രിയവഴി ഗ്ലൂക്കോസാണ് ശരീരത്തിനുവേണ്ട ഊര്‍ജം നല്‍കുന്നത്. എന്നാല്‍ കീറ്റോഡയറ്റില്‍ നമ്മുടെ ശരീരത്തില്‍ അടിയുന്ന അല്ലെങ്കില്‍ സൂക്ഷിക്കപ്പെട്ടിരിക്കുന്ന കൊഴുപ്പ് ദഹനപ്രക്രിയവഴി ഉത്പാദിപ്പിക്കുന്ന കീറ്റോണ്‍സ് ആണ് ശരീരത്തിനാവശ്യമായ ഊര്‍ജം നല്‍കുന്നത്.
പെട്ടെന്നുള്ള ശരീരഭാരം കുറയല്‍ എന്നതാണ് കീറ്റോഡയറ്റ് ഭക്ഷണക്രമത്തിലൂടെ പറയപ്പെടുന്ന പ്രധാന ആകര്‍ഷണം. കൊളസ്‌ട്രോള്‍ നിയന്ത്രണം, ഫാറ്റിലിവര്‍ നിയന്ത്രണം, അല്‍ഷിമേഴ്‌സ് അസുഖത്തിന്റെ നിയന്ത്രണം എന്നിവയ്ക്കും കീറ്റോഡയറ്റ് സഹായകമാകുന്നു. 
ശരീരത്തില്‍ അന്നജം എത്താത്ത സാഹചര്യത്തില്‍ ഇന്‍സുലിന്‍ എന്ന ഹോര്‍മോണ്‍ ഉത്പാദിപ്പിക്കപ്പെടുകയില്ല. ഇന്‍സുലിനാണ് ശരീരത്തില്‍ ഗ്ലൂക്കോസിന്റെയും കൊഴുപ്പിന്റെയും അളവ് നിയന്ത്രിക്കാന്‍ സഹായിക്കുന്നത്.
തലച്ചോറിന്റെ പ്രധാന ഊര്‍ജം ഗ്ലൂക്കോസാണ്. ഇതുകൊണ്ടുതന്നെ കീറ്റോഡയറ്റ് ആരംഭിക്കുന്നവര്‍ക്ക് പല വിധ ബുദ്ധിമുട്ടുകള്‍ കണ്ടുവരാറുണ്ട്. ആദ്യദിവസങ്ങളില്‍ തലചുറ്റല്‍, തലവേദന, മനംപുരട്ടല്‍, ക്ഷീണം ഇവയൊക്കെ ഉണ്ടാവുന്നു. ഈ അവസ്ഥയെ കീറ്റോ ഫ്‌ലൂ എന്നുപറയുന്നു. കീറ്റോഡയറ്റ് ആരംഭിച്ച് 3 മുതല്‍ 4 വരെ ആഴ്ചകള്‍ ഈ കീറ്റോ ഫ്‌ലൂ പലരിലും കാണപ്പെടുന്നു. കൊഴുപ്പിന്റെ അളവ് എത്ര കൂടിയാലും കുഴപ്പമില്ല എന്ന രീതിയിലുള്ള പല പ്രചാരണങ്ങളും ഇന്നു നടക്കുന്നു. ഓരോ വ്യക്തിയുടെയും ശരീരം അന്നജത്തിനോടും കൊഴുപ്പിനോടുമൊക്കെ പ്രതികരിക്കുന്നത് വ്യത്യസ്ത രീതികളിലായിരിക്കും. ചിലര്‍ എത്രമാത്രം കൊഴുപ്പ് കുറച്ച് ഉപയോഗിച്ചാലും എത്രമാത്രം വ്യായാമം ചെയ്താലും കൊളസ്‌ട്രോള്‍ കുറയാറില്ല. ഇങ്ങനെയുള്ളവര്‍ അന്നജം കുറച്ച് കൊഴുപ്പ് കൂടുതലായി ഉപയോഗിച്ചാല്‍ പെട്ടെന്നുള്ള ഹൃദയസ്തംഭനം, മസ്തിഷ്‌കാഘാതം എന്നിവ ഉണ്ടായേക്കാം.
മാംസഭക്ഷണങ്ങള്‍ കൂടുതലായി ഉള്‍പ്പെടുത്തുന്നതിനാല്‍ പ്രോട്ടീന്‍ കൂടുതലായി ഉല്‍പാദിപ്പിക്കപ്പെടുന്നു. ഇതുമൂലം രക്തം, മൂത്രം എന്നിവ അസിഡിക് ആവുകയും യൂറിക് ആസിഡിന്റെ അളവുകൂടി മൂത്രാശയക്കല്ല് ഉണ്ടാവാനുള്ള സാധ്യതകള്‍ കൂടുകയും ചെയ്യുന്നു.
ശരീരത്തില്‍ അസിഡിറ്റി കൂടുന്ന തിനാല്‍ ശരീരത്തില്‍നിന്ന് കാല്‍സ്യം കൂടുതലായി നഷ്ടപ്പെടുകയും ഇത് എല്ലുകളുടെ  കട്ടി കുറയ്ക്കുന്ന ഒരവസ്ഥയിലേക്കു നയിക്കുകയും ചെയ്യുന്നു. പെട്ടെന്നുള്ള ഒടിവുകള്‍ക്ക് ഇത് കാരണമാവുന്നു.
കീറ്റോഡയറ്റില്‍ നാരുകളുടെ ഉപയോഗം വളരെ കുറവായതിനാല്‍ മലശോധന കൃത്യമായി നടക്കാതെ വരികയും ഇത് കുടല്‍കാന്‍സര്‍, മലബന്ധംപോലെയുള്ള ദോഷഫലങ്ങളിലേക്കു നയിക്കുകയും ചെയ്യുന്നു. ഈ നാരുകള്‍തന്നെ കുടലിലെ നല്ല അണുക്കളുടെ വളര്‍ച്ചയ്ക്കു സഹായകമാണ് എന്നതിനാല്‍ത്തന്നെ അവയുടെ അഭാവം ദഹനപ്രക്രിയയെയും പ്രതികൂലമായി ബാധിക്കുന്നു. 
ധാതുക്കളുടെയും ലവണങ്ങളുടെയും അഭാവം കൂടുതലായി കാണപ്പെടുകയും അവയുടെ അപര്യാപ്തത രോഗങ്ങളിലേക്കു നയിക്കുകയും ചെയ്യുന്നു. 
കീറ്റോഡയറ്റ് ഭക്ഷണക്രമം അപസ്മാരം എന്ന അസുഖത്തിനു നല്ല പരിഹാരം തന്നെയാണ്. എന്നാല്‍ ശരീരഭാരം കുറയ്ക്കാനുള്ള ചികിത്സയ്ക്കായി ഉപയോഗിക്കണമെങ്കില്‍ ശ്രദ്ധിക്കുക. ഒരു ഡോക്ടറുടെ നിര്‍ദേശപ്രകാരം പൂര്‍ണ്ണമായും രക്തപരിശോധനകള്‍ നടത്തി നമ്മുടെ ശരീരം കീറ്റോഡയറ്റ് പാലിക്കാന്‍ തയ്യാറാണെന്ന് ഉറപ്പു വരുത്തുക. ഒരു കുടുംബത്തിലെയാണെങ്കിലും ഓരോ വ്യക്തിയിലും കീറ്റോഡയറ്റ് പാലിക്കുമ്പോള്‍ രക്തത്തിലുണ്ടാകുന്ന വ്യത്യാസങ്ങള്‍ പലവിധമായിരിക്കും. അതുകൊണ്ടുതന്നെ മറ്റൊരു വ്യക്തിക്ക് കീറ്റോഡയറ്റ് ഫലപ്രദമായി എന്നതുകൊണ്ട് തനിക്കും അങ്ങനെയാവും എന്നാശ്വസിക്കാതിരിക്കുക.
നമ്മുടെ ആഹാരത്തില്‍ ആരോഗ്യകരമായ മാറ്റങ്ങള്‍ വരുത്തുന്നതു വഴി ശരീരഭാരം നിയന്ത്രിക്കുകയും കുറയ്ക്കുകയും ചെയ്യുക. ഇതുതന്നെയാണ് ആരോഗ്യകരമായ രീതി എന്നു മറക്കാതിരിക്കുക.

ലേഖിക പാലാ മാര്‍ സ്ലീവാ മെഡിസിറ്റിയിലെ ക്ലിനിക്കല്‍ ന്യൂട്രീഷന്‍ ആന്‍ഡ് ഡയറ്ററ്റിക്‌സ് വിഭാഗത്തിലെ ക്ലിനിക്കല്‍ ഡയറ്റീഷ്യനാണ്‌

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)