•  8 Jan 2026
  •  ദീപം 58
  •  നാളം 43
നേര്‍മൊഴി

വികസനത്തിന്റെ വണ്ടി ലക്ഷ്യസ്ഥാനത്ത് എത്തട്ടെ

   അവസാനം ചര്‍ച്ചകള്‍ക്കും തര്‍ക്കങ്ങള്‍ക്കും നറുക്കെടുപ്പിനുമൊടുവില്‍ തദ്ദേശസ്ഥാപനങ്ങള്‍ ആരു ഭരിക്കുമെന്ന ചിത്രം വ്യക്തമായിരിക്കുന്നു. യുഡിഎഫ് 528 ഗ്രാമപഞ്ചായത്തുകളും 81 ബ്ലോക്കു പഞ്ചായത്തുകളും 54 മുനിസിപ്പാലിറ്റികളും  നാലു കോര്‍പറേഷനുകളും ഭരിക്കും. 359 ഗ്രാമപഞ്ചായത്തുകളിലും 63 ബ്ലോക്കു പഞ്ചായത്തുകളിലും ഏഴു ജില്ലാപഞ്ചായത്തുകളിലും 29 മുനിസിപ്പാലിറ്റികളിലും ഒരു കോര്‍പറേഷനിലും എല്‍ഡിഎഫ് സാരഥികള്‍ ഭരണം നിയന്ത്രിക്കും. 25 ഗ്രാമപഞ്ചായത്തുകളും മൂന്നു മുനിസിപ്പാലിറ്റികളും ഒരു കോര്‍പറേഷനും ബിജെപിയുടെ കൂടെ നിന്നു.
     ഒപ്പത്തിനൊപ്പംവന്ന 46 പഞ്ചായത്തുകളില്‍ നറുക്കിട്ട് ഭരണം നിശ്ചയിച്ചപ്പോള്‍ ഭാഗ്യം എല്‍ഡിഎഫിനെ തുണച്ചു. 19 സ്ഥാനങ്ങള്‍ എല്‍ഡിഎഫിനും 18 പഞ്ചായത്തുകള്‍ യുഡിഎഫിനും 7 സ്ഥാനങ്ങള്‍ എന്‍ഡിഎയ്ക്കും അനുകൂലമായി. ബ്ലോക്കുപഞ്ചായത്തുകളില്‍ ആറെണ്ണം എല്‍ഡിഎഫിനും നാലെണ്ണം യുഡിഎഫിനും ലഭിച്ചു. ഇതു കുറിക്കുമ്പോള്‍ 19 ഇടങ്ങളില്‍ അനിശ്ചിതത്വം തുടരുകയാണ്.
കഴിഞ്ഞ ദിവസം തിരഞ്ഞെടുപ്പുകമ്മിഷന്‍ പുറത്തുവിട്ട കണക്കുകള്‍ യുഡിഎഫിനു പ്രതീക്ഷ നല്‍കുന്നതാണ്. യുഡിഎഫിന് 41.20 ശതമാനം  വോട്ടുവിഹിതം ലഭിച്ചു. എല്‍ഡിഎഫിന് 35.95 ശതമാനവും. എന്‍ഡിഎയുടെ വോട്ടുവിഹിതം  15.05 ശതമാനമാണ്. എന്‍ഡിഎയ്ക്കു കാര്യമായ വോട്ടുനഷ്ടമുണ്ടായില്ല. 2020 ല്‍ അവര്‍ക്ക് 14.31 ശതമാനം വോട്ടു ലഭിച്ചിരുന്നു. എന്നാല്‍, കഴിഞ്ഞ ലോക്‌സഭാതിരഞ്ഞെടുപ്പില്‍ അവര്‍ക്കു ലഭിച്ച 19.2 ശതമാനം നിലനിര്‍ത്താനായില്ല. ബിജെപിയുടെ അവകാശവാദം വോട്ടുശതമാനം 25 ആയി ഉയര്‍ത്തുമെന്നായിരുന്നു.
  യുഡിഎഫിന് എല്‍ഡിഎഫിനെക്കാള്‍ 28.79 ലക്ഷം വോട്ട് കൂടുതല്‍ കിട്ടി. ത്രിതലം, മുനിസിപ്പല്‍, കോര്‍പറേഷന്‍ വാര്‍ഡുകളില്‍ ആകെ രേഖപ്പെടുത്തിയത് 5,48,68,290 വോട്ടുകളായിരുന്നു. അതില്‍ യുഡിഎഫിന്റെ ഓഹരി 2,26,04,339 ഉം എല്‍ഡിഎഫിന്റേത് 1,97,25,218 ഉം എന്‍ഡിഎയുടേത് 85,58,87 ഉം ആയിരുന്നു. മുനിസിപ്പാലിറ്റികളില്‍ മാത്രം യുഡിഎഫിന് എല്‍ഡിഎഫിനേക്കാള്‍ 9.12 ശതമാനം കൂടുതല്‍ വോട്ടു ലഭിച്ചു. ഗ്രാമീണവോട്ടുകളേക്കാള്‍ പട്ടണത്തിലെ വോട്ടുകള്‍ക്കു കൂടുതല്‍ മൂല്യം കല്പിക്കാനാവില്ലെങ്കിലും അതു നല്‍കുന്ന സൂചന വിലപ്പെട്ടതാണ്. കൂടുതല്‍ വിദ്യാഭ്യാസമുള്ളവരും ഉദ്യോഗസ്ഥരും കച്ചവടക്കാരുമടങ്ങുന്നതാണ് പട്ടണത്തിലെ വോട്ടുസമൂഹം. സര്‍ക്കാരിനു നേര്‍ക്കുള്ള അവരുടെ മനോനില വ്യക്തമാക്കുന്നതാണ് വോട്ട്. 
    2020 ല്‍ എല്‍ഡിഎഫിന് യുഡിഎഫിനുമേല്‍ ആധികാരികവിജയമാണുണ്ടായത്. എന്നാല്‍, അതിന് ആനുപാതികമായ വോട്ടുവിഹിതം ആ സമയത്ത് അവര്‍ക്കു ലഭിച്ചിരുന്നില്ല. 1.66 ശതമാനം വോട്ടിന്റെ വ്യത്യാസമായിരുന്നു ഇരുമുന്നണികളും തമ്മിലുണ്ടായിരുന്നത്.
കോണ്‍ഗ്രസിന് എല്ലാ തദ്ദേശസ്ഥാപനങ്ങളിലുമായി 7,817 സീറ്റുകള്‍ കിട്ടി. സിപിഎമ്മിന് 7445 സീറ്റുകള്‍ നേടാനായി. മുസ്ലീംലീഗ് 2844 സ്ഥാനങ്ങള്‍ പിടിച്ചു. ബിജെപിക്കു സ്വന്തമായത് 1914 സീറ്റുകളാണ്. കേരളാകോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിന് 332 ഉം മാണി വിഭാഗത്തിന് 246 ഉം വാര്‍ഡുകള്‍ ലഭിച്ചു. 332 സീറ്റു പിടിക്കാനായ വിഭാഗം 246 വാര്‍ഡു മാത്രം സ്വന്തമാക്കിയ വിഭാഗത്തേക്കാള്‍ ശക്തമാണെന്നു കരുതാനാവില്ല. സീറ്റുകള്‍ മുന്നണിബന്ധത്തെ ആശ്രയിച്ചിരിക്കുന്ന കാര്യമാണ്.
   യുഡിഎഫിന് അനുകൂലമായി ചിന്തിച്ചത് അവരുടെ നന്മ കൊണ്ടാണോ നിലവിലുള്ള ഭരണസംവിധാനത്തോടുള്ള അതൃപ്തികൊണ്ടാണോ എന്നു പരിശോധിക്കേണ്ടത് അതിന്റെ ഗുണഫലം അനുഭവിക്കുന്നവര്‍തന്നെയാണ്. ജനം മാറ്റം ആഗ്രഹിച്ചുവെന്നതിന്റെ തെളിവാണ് ഈ തിരഞ്ഞെടുപ്പുഫലം. സമ്മതിദായകരുടെ ആഗ്രഹങ്ങള്‍ നിറവേറ്റുക എന്നത്  ജയിച്ചവരുടെ കടമയാണ്. ആ നിലയില്‍ തിരഞ്ഞെടുപ്പുജയത്തെ ആഘോഷമായിട്ടല്ല, ഉത്തരവാദിത്വമായിട്ടാണ് കാണേണ്ടത്.
    പ്രതീക്ഷയോടെ ഏല്പിച്ച ഉത്തരവാദിത്വം നിറവേറ്റുന്നതില്‍ പരാജയപ്പെട്ടാല്‍ ജനം നിരാശരാകും. ജനത്തിനു മോഹഭംഗം സംഭവിച്ചാല്‍ അതിന്റെ തിരിച്ചടി അതിശക്തമായിരിക്കും. ഇത്തവണത്തെ പ്രത്യേകത ആ തിരിച്ചടി ഉടനുണ്ടാകുമെന്നതാണ്. കാരണം, ആറു മാസത്തിനുള്ളില്‍ നിയമസഭാതിരഞ്ഞെടുപ്പു നടക്കുകയാണ്. ജനത്തിനാവശ്യം സ്ഥിരതയുള്ള ഭരണസംവിധാനമാണ്. ജനക്ഷേമം ഉറപ്പാക്കണമെന്ന കാര്യത്തില്‍ ജനങ്ങള്‍ വിട്ടുവീഴ്ചയ്ക്കില്ല. പണ്ടൊക്കെ പാര്‍ട്ടിക്കാരോടു സഹിഷ്ണുത കാണിക്കുമായിരുന്നു. ഇന്നു ജനത്തിനു ക്ഷമ നഷ്ടപ്പെട്ടിരിക്കുന്നു.

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)