ശബരിമലയിലെ സ്വര്‍ണക്കൊള്ള സര്‍ക്കാരിന്റെ ഉറക്കം കെടുത്തിയിരിക്കുകയാണ്. ത്രിതല പഞ്ചായത്തുതിരഞ്ഞെടുപ്പും തുടര്‍ന്ന് നിയമസഭാതിരഞ്ഞെടുപ്പും നടക്കാനിരിക്കെ ശബരിമലയിലുണ്ടായ സ്വര്‍ണ്ണമോഷണം സര്‍ക്കാരിനെ വെട്ടിലാക്കിയിരിക്കുന്നു. ആഗോള അയ്യപ്പസംഗമം നടത്തി മുഖം മിനുക്കിയിരുന്ന അവസരത്തിലാണ് കവര്‍ച്ചക്കഥ കാട്ടുതീപോലെ പരന്നത്. ദേവസ്വം ബോര്‍ഡ് ഭാരവാഹികളും ഉദ്യോഗസ്ഥരും പ്രതികളായതോടെ സര്‍ക്കാര്‍ പ്രതിരോധത്തിലായിരിക്കുന്നു. അയ്യപ്പസംഗമത്തിന്റെ കാന്തി കുറയ്ക്കാന്‍ എതിരാളികള്‍ കെട്ടിച്ചമച്ചതാണ് സ്വര്‍ണ്ണപ്പാളിവിവാദമെന്ന പാര്‍ട്ടിയുടെ പതിവുവിശദീകരണം വിശ്വസിക്കാന്‍ പാര്‍ട്ടിക്കാര്‍പോലും മടിക്കുന്നു. കാരണം, ശബരിമലപോലെ ജനകോടികള്‍ പവിത്രമായി കരുതുന്ന ഒരു സങ്കേതത്തില്‍ ആസൂത്രിതമായ കൊള്ള നടന്നിരിക്കുന്നു. അതിനെ വെറുമൊരു മോഷണമായി മാത്രം കരുതാനാവില്ല. അതു വിശ്വാസവഞ്ചനയും മതനിന്ദയുമായിരുന്നു. വിശ്വാസികള്‍ അര്‍പ്പിച്ച സ്വര്‍ണമാണ് കൊള്ളയടിക്കപ്പെട്ടത്.
ഭക്തര്‍ സമര്‍പ്പിക്കുന്ന കാഴ്ച വിധവയുടെ കൊച്ചുകാശുപോലെ വിലപ്പെട്ടതാണ്. സമര്‍പ്പണം ദൈവത്തിനാണെങ്കിലും അതിന്റെ പ്രയോജനം മനുഷ്യര്‍ക്കത്രേ. വിശ്വാസപ്രബോധനത്തിനും അതിന്റെ പരിശീലനത്തിനും ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കും മറ്റു വികസനപ്രവര്‍ത്തനങ്ങള്‍ക്കുമായിട്ടാണ് ഭക്തര്‍ കാണിക്ക സമര്‍പ്പിക്കുന്നതും സംഭാവനകള്‍ നല്‍കുന്നതും. അതു കൊള്ളയടിക്കുന്നത് ഹീനമായ പ്രവൃത്തിയാണ്. സ്വര്‍ണ്ണപ്പാളിമോഷണത്തിനു കൂട്ടുനിന്നതും ഒത്താശ ചെയ്തതും ആ നിധിക്കു കാവല്‍നിന്ന ദേവസ്വം ബോര്‍ഡും ഉദ്യോഗസ്ഥരുമാണ്. അതുകൊണ്ടാണ് അവരും പ്രതിപ്പട്ടികയില്‍ ഉള്‍പ്പെട്ടത്. 2019 ലെ ദേവസ്വം ബോര്‍ഡ് എട്ടാം പ്രതിയാണ്.
ശ്രീകോവില്‍ വാതിലിന്റെ കട്ടിളയുടെ സ്വര്‍ണ്ണം കവര്‍ന്ന കേസിലാണ് 2019 ലെ ബോര്‍ഡിന്റെ പ്രസിഡന്റ് എ. പത്മകുമാര്‍, കെ.പി. ശങ്കരദാസ്, എന്‍ വിജയകുമാര്‍ എന്നിവരെ ക്രൈംബ്രാഞ്ച് പ്രതിചേര്‍ത്തത്. ഇവര്‍ സര്‍ക്കാരിന്റെ നോമിനികളായിരുന്നു. ദ്വാരപാലകശില്പപാളികളിലെ സ്വര്‍ണ്ണക്കവര്‍ച്ച, കട്ടിളയിലെ സ്വര്‍ണ്ണക്കവര്‍ച്ച എന്നിവ രണ്ട് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്താണ് അന്വേഷണം. ദ്വാരപാലകശില്പസ്വര്‍ണ്ണപ്പാളി ക്കേസില്‍ പത്തു പ്രതികളും കട്ടിളക്കേസില്‍ എട്ടു പ്രതികളുമുണ്ട്. കവര്‍ച്ച, വ്യാജരേഖ ചമയ്ക്കല്‍, വിശ്വാസവഞ്ചന, ഗൂഢാലോചന എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.
ദ്വാരപാലകരുടെ സ്വര്‍ണ്ണപ്പാളിയിലെ നിറം മാറിയുണ്ടായ കേടുപാടുകള്‍ പരിഹരിക്കണം എന്ന തന്ത്രിയുടെ കത്തിലെ പരാമര്‍ശത്തിന്റെ മറപിടിച്ചാണ് സ്വര്‍ണ്ണപ്പാളികള്‍ പൂശി മോടിപിടിപ്പിക്കുന്നതിന് ചെന്നൈയില്‍ കൊണ്ടുപോകാന്‍ അഴിച്ചുമാറ്റിയത്. അതു സംബന്ധിച്ചുള്ള രേഖ തയ്യാറാക്കിയപ്പോള്‍ സ്വര്‍ണ്ണപ്പാളികള്‍ ചെമ്പുപാളികള്‍ എന്നാക്കി മാറ്റി. ഇങ്ങനെ മാറ്റിയെഴുതിയത് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറാണ്. കട്ടിളപ്പടിയിലെ സ്വര്‍ണ്ണപ്പാളികള്‍ ചെമ്പുപാളികള്‍ എന്നു തിരുത്തിയെഴുതി കേസിലെ ഒന്നാംപ്രതി ഉണ്ണിക്കൃഷ്ണന്‍ പോറ്റിക്കു കൈമാറിയത് ബോര്‍ഡ് അംഗങ്ങളുടെ അറിവോടെയാണെന്ന കണ്ടെത്തലാണ് ഉദ്യോഗസ്ഥരും ദേവസ്വം ബോര്‍ഡും പ്രതികളാകാന്‍ കാരണം. ഇ.ഡിയുടെ അന്വേഷണംകൂടി പൂര്‍ത്തിയാകുമ്പോള്‍ സ്വര്‍ണക്കവര്‍ച്ചയുടെയും മറ്റു സാമ്പത്തികതിരിമറികളുടെയും യഥാര്‍ഥരൂപം വെളിച്ചത്തുവരും. കണ്ടത് മഞ്ഞുമലയുടെ ചെറിയ ഭാഗം മാത്രമാണെന്നു വിശ്വസിക്കുന്നവരുണ്ട്.
വിശുദ്ധ ഇടങ്ങളിലെ കവര്‍ച്ചകളും തുടര്‍ച്ചകളും ഭക്തജനങ്ങള്‍ക്കു താങ്ങാനാവുകയില്ല. ഓരോ വര്‍ഷവും ശബരിമല സന്ദര്‍ശകരായ ഭക്തരുടെ എണ്ണം പെരുകുകയാണ്. വളരെയേറെ ത്യാഗങ്ങള്‍ സഹിച്ചാണ് അവര്‍ അയ്യപ്പസന്നിധിയിലെത്തുന്നത്. ശാരീരികമാനസികശുദ്ധിക്കുവേണ്ടി നോമ്പെടുത്ത് മണിക്കൂറുകളോളം ക്യൂവില്‍നിന്ന് അയ്യപ്പ ദര്‍ശനത്തിനെത്തുന്ന ഭക്തന്മാര്‍ എല്ലാവരും നിര്‍മലമനസ്സുള്ളവരായിരിക്കണമെന്നാഗ്രഹിക്കുന്നു. കേരളത്തിന്റെ മൊത്തം ജനസംഖ്യയെക്കാള്‍ അധികം ഭക്തരാണ് ആണ്ടുതോറും ശബരിമലയിലെത്തുന്നത് എന്നാണ് കണക്ക്. എത്തുന്ന ഭക്തര്‍ക്ക് ആവുന്നത്ര സൗകര്യങ്ങള്‍ ഒരുക്കാന്‍ എല്ലാ ശ്രമങ്ങളും നടത്തുന്ന സര്‍ക്കാര്‍ അവിടെ അരങ്ങേറിയ വന്‍കൊള്ളകള്‍ നിയന്ത്രിക്കാന്‍ പരാജയപ്പെട്ടത് ശ്രദ്ധക്കുറവുകൊണ്ടോ അനാസ്ഥകൊണ്ടോ അതോ വേണ്ടപ്പെട്ടവര്‍ക്ക് അതില്‍ ഓഹരി കിട്ടുമെന്നതുകൊണ്ടോ? ഭക്തകേന്ദ്രങ്ങളിലെ ഇത്തരം അഴിമതികള്‍ കര്‍ശനമായി അമര്‍ച്ച ചെയ്യണം. മതവും ജാതിയും സമുദായവും രാഷ്ട്രീയചായ്‌വുകളുമൊന്നും പരിഗണനാവിഷയമാകരുത്. ദൈവം ദൈവത്തിന്റെ മുതല്‍ സംരക്ഷിച്ചുകൊള്ളുമെന്നു സര്‍ക്കാര്‍ ചിന്തിക്കാന്‍ പാടുള്ളതല്ല. ഇതുപോലെ ഗുരുതരമായ ഒരു വീഴ്ചയെക്കുറിച്ചുള്ള അന്വേഷണം കടലാസില്‍ ഒതുങ്ങിയാല്‍ പോരാ. കുറ്റവാളികളെ അഴിക്കുള്ളിലാക്കി ഭക്തര്‍ക്കു പ്രതീക്ഷ നല്‍കണം.