•  30 Oct 2025
  •  ദീപം 58
  •  നാളം 34
നേര്‍മൊഴി

കോഴിക്കൂട്ടില്‍ കല്ലെറിഞ്ഞ് മോഷണം നടത്തുന്നവര്‍

  കോഴിക്കൂട്ടില്‍ കല്ലെറിഞ്ഞ് മോഷണം നടത്തുന്ന കള്ളന്മാരെക്കുറിച്ചു കേള്‍ക്കാത്തവരുണ്ടാവുകയില്ല. അതൊരു പഴയ തന്ത്രമാണെങ്കിലും അതിന്റെ കൗശലമൂല്യം തീരെ കുറഞ്ഞിട്ടില്ല. കോഴികള്‍ ബഹളം വയ്ക്കുമ്പോള്‍ വീട്ടുകാരുടെ മുഴുവന്‍ ശ്രദ്ധ അവിടെയാകും. അതിനിടയില്‍ വീട്ടിലെ വിലപ്പെട്ട സ്വര്‍ണവും പണവുമെല്ലാം മോഷ്ടിച്ച് കള്ളന്മാര്‍ കടന്നുകളയും. സര്‍ക്കാരുകള്‍ ഇത്തരം വിലകുറഞ്ഞ പണികള്‍ പലപ്പോഴും ചെയ്യാറുണ്ട്. അതില്‍ വിരുതു തെളിയിച്ചിട്ടുള്ളത് ഇടതുസര്‍ക്കാരുകളാണ്. പ്രധാന വിഷയങ്ങളില്‍നിന്നു ശ്രദ്ധതിരിക്കാന്‍ വൈകാരികസ്വഭാവമുള്ള ചെറിയ വിഷയങ്ങള്‍ കരുതിക്കൂട്ടി സൃഷ്ടിച്ചു മുതലെടുപ്പു നടത്തുന്ന തന്ത്രം സാധാരണക്കാര്‍ പെട്ടെന്നു മനസ്സിലാക്കിയെന്നു വരില്ല. സര്‍ക്കാരിന്റെ ഈ  ഗൂഢതന്ത്രം വിജയിക്കുന്നത് മാധ്യമങ്ങളുടെ സഹായമുണ്ടാകുമ്പോഴാണ്. മാധ്യമങ്ങള്‍ പൊതുവെ ഇടതുചായ്‌വ് പുലര്‍ത്തുന്നുവെന്നത് ആക്ഷേപമല്ല, സത്യമാണെന്നു മാധ്യമസാക്ഷരതയുള്ളവര്‍ക്കു സമ്മതിക്കാതിരിക്കാനാവില്ല.
പറഞ്ഞുവരുന്നത് ഹിജാബ് വിഷയത്തെക്കുറിച്ചാണ്. എറണാകുളം പള്ളുരുത്തി സെന്റ് റീത്താസ് സ്‌കൂളിലെ യൂണിഫോമുമായി ബന്ധപ്പെട്ടാണ് വിവാദമുണ്ടായിരിക്കുന്നത്. സ്‌കൂളില്‍ പല മതവിഭാഗങ്ങളില്‍ വിശ്വസിക്കുന്ന കുട്ടികള്‍ പഠിക്കുക സ്വാഭാവികമാണ്. കുട്ടികള്‍ക്കിടയില്‍ മതത്തിന്റെയോ മറ്റു സാമൂഹികമാനദണ്ഡങ്ങളുടെയോ അടിസ്ഥാനത്തില്‍ വിവേചന പാടില്ല എന്ന ഉറച്ചബോധ്യവും നിലപാടും, ജനാധിപത്യഭരണക്രമവും അതിനു മാര്‍ഗനിര്‍ദേശം നല്‍കുന്ന ഭരണഘടനയും നാട്ടില്‍ ഉണ്ടാകുന്നതിനു മുമ്പുതന്നെ പാലിച്ചുപോന്ന വിദ്യാഭ്യാസമാനേജുമെന്റാണ് ക്രൈസ്തവരുടേത്. കീഴ്ജാതിക്കാര്‍ക്കു സംസ്‌കൃതപഠനവും പൊതുവിദ്യാഭ്യാസവും നിഷിദ്ധമെന്നു കരുതപ്പെട്ടിരുന്ന കാലത്ത് സംസ്‌കൃതസ്‌കൂള്‍ സ്ഥാപിച്ചും വിദ്യാര്‍ഥികളുടെ ജാതിയും മതവും വര്‍ഗവും വര്‍ണവും പരിഗണിക്കാതെ ഒരേ ബഞ്ചിലിരുത്തി പഠിപ്പിച്ചും മതേതരത്വത്തിന്റെയും മതമൈത്രിയുടെയും ഉദാത്തമൂല്യങ്ങള്‍ ലോകത്തിനുമുമ്പില്‍ അവതരിപ്പിച്ച ക്രൈസ്തവസമൂഹത്തിന്റെ സംഭാവനകളെ ഭരണകൂടങ്ങള്‍ മനസ്സിലാക്കുകയോ അംഗീകരിക്കുകയോ ചെയ്തിട്ടുണ്ടോ എന്ന വിലയിരുത്തേണ്ടത് പൊതുസമൂഹമാണ്. കേരളസംസ്ഥാനത്തിന്റെ വികസനത്തിലും സാംസ്‌കാരികപുരോഗതിയിലും ക്രൈസ്തവസമുദായം വഹിച്ചിട്ടുള്ള പങ്ക് ആര്‍ക്കും തമസ്‌കരിക്കാനാവാത്തവിധം വലുതാണ്.
പള്ളുരുത്തി സെന്റ് റീത്താസ് സ്‌കൂളിലെ ശിരോവസ്ത്രധാരണപ്രശ്‌നം സ്‌കൂള്‍ അച്ചടക്കവുമായി ബന്ധപ്പെട്ട ഒരു പ്രശ്‌നമെന്ന നിലയില്‍ അവിടെ തീരേണ്ടതാണ്. സ്‌കൂള്‍ അധികാരികളും വിദ്യാഭ്യാസവകുപ്പിലെ ഉദ്യോഗസ്ഥരും പിറ്റിഎ ഭാരവാഹികളും ചേര്‍ന്നു രമ്യമായി പരിഹരിക്കേണ്ടിയിരുന്ന പ്രശ്‌നമാണ് ഇന്നു സാമുദായികസ്പര്‍ദ്ധയിലേക്കും രാഷ്ട്രീയവെല്ലുവിളികളിലേക്കും രാഷ്ട്രീയമുതലെടുപ്പിലേക്കുംവരെ എത്തിനില്ക്കുന്നത്.
സ്‌കൂള്‍യൂണിഫോമിനെ സംബന്ധിച്ച് സ്‌കൂളിനു പ്രത്യേക നിയമങ്ങളുണ്ട്. ഓരോ സ്‌കൂളിനും വ്യത്യസ്തങ്ങളായ നിയമങ്ങളാണ്. സ്‌കൂളുകള്‍ക്ക് ഇഷ്ടമുള്ള യൂണിഫോം തിരഞ്ഞെടുക്കാം. അതിന്റെ നിറം സ്‌കൂള്‍മാനേജ്‌മെന്റിനു നിശ്ചയിക്കാം. അതിനുള്ള അവകാശവും അധികാരവും സ്‌കൂളിനുണ്ടെന്നു 2018 ല്‍ ബഹു. കേരള ഹൈക്കോടതിയില്‍നിന്നുണ്ടായ വിധിയില്‍നിന്നു വ്യക്തമാണ്. ഹിജാബ് ധരിക്കാന്‍ അനുവദിക്കണമെന്നുള്ള ഹര്‍ജിയില്‍ ഹൈക്കോടതി പറഞ്ഞത് ഹിജാബ് അനുവദിക്കണമെന്നു വിധിക്കാനാവുകയില്ലെന്നാണ്. ഇക്കാര്യം വിദ്യാഭ്യാസമന്ത്രിക്ക് അറിവുള്ളതാണ്; അല്ലെങ്കില്‍ അറിയാന്‍ ബാധ്യസ്ഥനാണ്. ഇക്കാര്യം അറിയാത്തവനെപ്പോലെയാണ് വിദ്യാഭ്യാസമന്ത്രി പ്രതികരിച്ചത്.  റിപ്പോര്‍ട്ടനുസരിച്ച് വിവാദവിഷയമായ സ്‌കൂളില്‍ 140 ലേറെ മുസ്ലീം വിദ്യാര്‍ഥികള്‍ പഠിക്കുന്നുണ്ട്. സ്‌കൂള്‍ തുറന്ന് ആറുമാസം പിന്നിട്ടിരിക്കുന്നു. സ്‌കൂളില്‍ ചേരുമ്പോള്‍ പാലിക്കേണ്ട അച്ചടക്കത്തെക്കുറിച്ചും പൊതുമര്യാദകളെക്കുറിച്ചും സ്‌കൂള്‍ പ്രോസ്‌പെക്ടസില്‍നിന്നു കുട്ടികളും രക്ഷിതാക്കളും മനസ്സിലാക്കുന്നതാണ്. സ്‌കൂള്‍ നിയമമനുസരിച്ച് എല്ലാ വിദ്യാര്‍ഥികളും ഒരേ യൂണിഫോമാണ് ധരിക്കേണ്ടത്. എല്ലാവരും തുല്യരാണെന്ന ഭരണഘടനയുടെ പതിന്നാലാം ഖണ്ഡികയുടെ ആദര്‍ശത്തെയാണ് യൂണിഫോം പ്രതിഫലിപ്പിക്കുന്നത്. എല്ലാവരും യൂണിഫോം അണിയുമ്പോള്‍ ഒരു കുട്ടിമാത്രം ഒരു ദിവസം ഞാന്‍ ഹിജാബേ ധരിക്കുകയുള്ളൂ എന്നു ശഠിച്ചാല്‍ അതിനെ ധിക്കാരമെന്നാണു വിളിക്കേണ്ടത്. ശാഠ്യം കുട്ടിയുടേതല്ല, മറ്റാരുടേതെങ്കിലുമാണെന്നു വ്യക്തമാണ്. ഈ വിഷയം വിദ്യാഭ്യാസമന്ത്രി ഏറ്റുപിടിച്ചതാണ് വഷളാകാന്‍ കാരണം. തര്‍ക്കമുണ്ടായാല്‍ അത് തീര്‍ക്കേണ്ടയാള്‍ പക്ഷം ചേരാന്‍ പാടുള്ളതല്ല. റഫറിയാകേണ്ട മന്ത്രി ഒരു ടീമിന്റെ കൂടെക്കൂടി ഗോളടിച്ചു എന്നതാണ് പ്രശ്‌നം. അതുപക്ഷേ, സെല്‍ഫ് ഗോളായി എണ്ണപ്പെടാന്‍ പോവുകയാണ്. സര്‍ക്കാരിന്റെ നിരവധിയായ പ്രശ്‌നങ്ങളില്‍നിന്നു മാധ്യമശ്രദ്ധതിരിക്കാനുള്ള ശ്രമമായി ഈ വിഷയത്തെ സര്‍ക്കാര്‍ കണ്ടെങ്കില്‍ തെറ്റുപറ്റി എന്നോര്‍ത്തു ദുഃഖിക്കേണ്ടി വരും. ഹിജാബ് ശബരിമലയിലെ സ്വര്‍ണമോഷണത്തെയോ ഭിന്നശേഷി സംവരണമറവില്‍ നടത്തുന്ന അധ്യാപകപീഡനത്തെയോ ഒന്നും മറയ്ക്കില്ല, തീര്‍ച്ച!

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)